ബെംഗളൂരു ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ബ്രണ്ടൻ മക്കല്ലമെന്ന വമ്പനടിക്കാരന്റെ ‘മാർക്കറ്റ്’ ഇടിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 3.6 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. മക്കല്ലത്തെ ടീമിലെടുത്തതോ, ക്രിസ് ഗെയ്‌ലിന്റെ അഭാവം നികത്താൻ കഴിവുള്ളൊരു താരത്തെ അന്വേഷിച്ചു നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും.
കഴിഞ്ഞ സീസണിൽ ഗുജറാത്ത് ലയൺസിന്റെ താരമായിരുന്നു മക്കല്ലം. അവിടെ നിന്നാണ് ബാംഗ്ലൂർ ടീം മക്കല്ലത്തെ സ്വന്തം പാളയത്തിലെത്തിച്ചത്. ഗെയ്‍ൽ പോയെങ്കിലും കോഹ്‍ലി, ഡിവില്ലിയേഴ്സ് തുടങ്ങിയവർക്കൊപ്പം മക്കല്ലം കൂടി എത്തുന്നതോടെ ഇത്തവണയും പോരാട്ടം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂർ ആരാധകർ.
ഈ പ്രതീക്ഷയ്ക്ക് കൂടുതൽ തിളക്കമേകിയാണ് കഴിഞ്ഞ ദിവസം മക്കല്ലത്തിന്റെ ട്വീറ്റ് എത്തിയത്. റോയൽ ചലഞ്ചേഴ്സിനൊപ്പം ചേരുന്നതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ മക്കല്ലം മറ്റൊരു കാര്യം കൂടി കുറിച്ചു. കോഹ്‍ലിക്കും ഡിവില്ലിയേഴ്സിനുമൊപ്പം കളിക്കുന്നത് എക്കാലവും സ്വപ്നം കണ്ടിരുന്ന കാര്യമാണത്രെ!
എന്തായാലും ക്രിസ് ഗെയ്‌ലിന്റെ അഭാവം മക്കല്ലത്തിന്റെ വരവോടെ നികത്താമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂർ ആരാധകർ. ഐപിഎൽ ആദ്യ സീസണിലെ ഉദ്ഘാടന മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മക്കല്ലം പുറത്തെടുത്ത സെഞ്ചുറി പ്രകടനത്തിന്റെ ഓർമ ഇപ്പോഴും ആരാധകരുടെ മനസ്സുകളിലുണ്ട്. സമാനമായ പ്രകടനം ഇത്തവണയും ആ കരുത്തുറ്റ കരങ്ങളിൽനിന്ന് അവർ പ്രതീക്ഷിക്കുന്നു.