Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയഭാഗ്യം കുറിക്കാൻ പുണെ; എതിരാളികൾ ഡൽഹി

Delhi-Dynamos-Practice ഐഎസ്എല്ലിൽ ഇന്ന് പുണെ സിറ്റി എഫ്സിയെ നേരിടുന്ന ഡൽഹി താരങ്ങൾ പരിശീലനത്തിൽ.

പുണെ ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് എഫ്സി പുണെ സിറ്റിയും ഡൽഹി ഡൈനമോസും നേർക്കു നേർ. ആറുതവണ പരസ്പരം കണ്ടുമുട്ടിയതിൽ ഒരു ജയം മാത്രം എന്ന ജാതകം മാറ്റാനാണ് പുണെ സ്വന്തം തട്ടകമായ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. സെർബിയൻ മാനേജർ റാൻകോ പൊപോവിച്ചിന്റെ ശിക്ഷണത്തിലുള്ള ടീമിന്റെ കരുത്ത് രണ്ട് മുൻ ഡൽഹി താരങ്ങൾ തന്നെ– കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ മാഴ്സലീഞ്ഞോയും കീൻ ലൂയിസും. രണ്ടുപേരും കൂടി 14 ഗോളുകളാണ് കഴിഞ്ഞ വർഷം നേടിയത്.

സ്പെയിനുകാരൻ മിഗ്വേൽ ഏഞ്ചൽ പോർച്ചുഗൽ പരിശീലിപ്പിക്കുന്ന ഡൽഹിയുടെ കുന്തമുന നൈജീരിയൻ സ്ട്രൈക്കർ കാളു ഉച്ചെയാണ്. ഹോളണ്ട് സ്ട്രൈക്കർ ഗുയോൺ ഫെർണാണ്ടസ് കൂട്ടുണ്ട്.

പ്രതീക്ഷയോടെ പുണെ

പുതിയ പരിശീലകന്‍ റാൻകോ പൊപോവിച്ചിന്റെ കീഴില്‍ പുണെ സിറ്റി ഏറെ പ്രതീക്ഷയിലാണ്‌. ആദ്യ മത്സരം കളിക്കുന്നതിന്റെ ആവേശത്തിലാണ്‌ താനെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തിനു തയ്യാറെടുക്കാന്‍ ആവശ്യത്തിനു സമയം ലഭിച്ചു. കളിക്കാരും ആവേശത്തിമര്‍പ്പിലാണ്‌. ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ആദ്യ മത്സരം സ്വന്തം ഗ്രൗണ്ടില്‍ കളിക്കുവാന്‍ കഴിയുന്നതിന്റെ ആനുകൂല്യം ലഭിക്കുമോ എന്ന ചോദ്യത്തിന്, ഹോം ഗ്രൗണ്ടില്‍ കളിക്കാനാവുന്നത്‌ ഒരു ആനുകൂല്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എവിടെയാണെങ്കിലും നന്നായി കളിച്ചേ മതിയാകൂ. അതേസമയം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യത്തെയും അദ്ദേഹം തള്ളിക്കളയുന്നില്ല. ആദ്യം തന്നെ മൂന്നു പോയിന്റ്‌ നേടാന്‍ വേണ്ട പിന്തുണ ലഭിക്കുന്നത്‌ നല്ല കാര്യമാണ്‌. പക്ഷേ, തങ്ങളുടെ കളിയില്‍ ഈ ആനുകൂല്യം പ്രത്യേകിച്ചു ഒരു മാറ്റം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അൻപതുകാരനായ പൊപോവിച്ചിന് ഇന്ത്യയില്‍ ഇത്‌ ആദ്യമായി ലഭിക്കുന്ന പരിശീലന ദൗത്യമാണെങ്കിലും പരിശീലന വഴികളില്‍ തന്റെ മികവ്‌ പൊപോവിച്ച്‌ ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്‌. സ്‌പാനിഷ്‌ ക്ലബ്ബായ റയല്‍ സരഗോസയിലായിരുന്നു അദ്ദേഹം തന്റെ ആദ്യ സീസണില്‍ പരിശീലന ദൗത്യം നിര്‍വഹിച്ചത്‌. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റയല്‍ സരഗോസയെ പ്ലേ ഓഫിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം തായ്‌ലൻഡിലെ ബുരിയാം യുണൈറ്റഡ്‌ എഫ്‌സിയുടെ പരിശീലകനായും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ തായ്‌ കപ്പ്‌ ബുരിയാം യുണൈറ്റഡിനു നേടിക്കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ ഈ സെര്‍ബിയന്‍ പരിശീലകന്‍ പുണെ സിറ്റി എഫ്‌സിയുടെ ജാതകം മാറ്റിക്കുറിക്കുമെന്ന വിശ്വാസത്തിലാണ്‌ ആരാധകര്‍.

ഒരു അത്ഭുതം സൃഷ്ടിക്കാന്‍ വേണ്ട വെടിക്കോപ്പുകളെല്ലാം ഇതിനകം തന്റെ ടീമില്‍ നിറച്ചുവെക്കാന്‍ പൊപോവിച്ചിനു കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ സീസണിലെ ടോപ്‌ സ്‌കോറര്‍ ആയിരുന്ന മാഴ്‌സിലീഞ്ഞോയെ ഡല്‍ഹിയുടെ പക്കല്‍ നിന്നും റാഞ്ചിയെടുക്കാന്‍ കഴിഞ്ഞു. മാഴ്സിലീഞ്ഞോയുടെ കൂടെ മിഡ്‌ഫീല്‍ഡ്‌ ജനറല്‍ കീന്‍ ലൂയിസും എമിലിയാനോ അല്‍ഫാരോയും കൂടി ചേരുമ്പോള്‍ പുണെ സിറ്റി എഫ്‌സിയില്‍ നിന്നും അത്ഭുതം പ്രതീക്ഷിക്കാം.

ചരിത്രം ഡൽഹിക്കൊപ്പം

പക്ഷേ, ചരിത്ര പുസ്‌തകത്തിലെ കണക്കുകളാണ്‌ പുണെയ്‌ക്ക്‌ തിരിച്ചടി. അതുകൊണ്ടു തന്നെ ഫുട്‌ബോള്‍ വിദഗ്‌ദര്‍ പുണെ സിറ്റി - ഡല്‍ഹി ഡൈനാമോസ്‌ മത്സരത്തില്‍ മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്‌ ഡല്‍ഹി ഡൈനാമോസിനാണ്‌. ഇതിനു മുന്‍പ്‌ ഇരു ടീമുകളും ഏറ്റുമുട്ടിയ ആറ്‌ മത്സരങ്ങളില്‍ പുണെ ഒരു മത്സരത്തില്‍ മാത്രമാണ്‌ ജയിച്ചത്‌. ഡല്‍ഹി മൂന്നെണ്ണത്തില്‍ ജയിച്ചു. രണ്ടു മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. 10 ഗോളുകള്‍ ഇതിനകം ഡല്‍ഹി പുണെയ്ക്കെതിരെ നേടി. വഴങ്ങിയത്‌ ഏഴ്‌ ഗോളുകളും.

ആദ്യ സീസണില്‍ ഡല്‍ഹിക്കെതിരെ ഒരു ഗോളുപോലും പുണെ സിറ്റിക്കു നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അതിനുശേഷം കഴിഞ്ഞ രണ്ട്‌ സീസണുകളില്‍ ഏഴു ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ്‌ ക്ലീന്‍ഷീറ്റുകളുള്ള ടീമാണ്‌ പുണെ സിറ്റി. ആകെ രണ്ടെണ്ണം. അതേസമയം, കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ടീമാണ്‌ ഡല്‍ഹി. 29 ഗോളുകള്‍.

മറുവശത്ത്‌ പുണെ സിറ്റി കഴിഞ്ഞ മൂന്നു സീസണുകളിലുമായി ആകെ 12 മത്സരങ്ങള്‍ മാത്രം ജയിച്ചു. നേടിയത്‌ 42 ഗോളുകളും. പുണെ സിറ്റി ഇതുവരെ ഗ്രൂപ്പ്‌ റൗണ്ടിനപ്പുറം കടന്നിട്ടുമില്ല.ല ഡല്‍ഹിയാകട്ടെ, ആദ്യ സീസണില്‍ നോക്കൗട്ടില്‍ കളിക്കാന്‍ കഴിയാതെ പുറത്തായി (അഞ്ചാം സ്ഥാനം). എന്നാല്‍ അടുത്ത രണ്ടു സീസണുകളിലും അവസാന നാല്‌ ടീമുകളിൽ ഇടംപിടിച്ചു. രണ്ടാം സീസണില്‍ നാലാം സ്ഥാനവും കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനവും. പക്ഷേ, ഇതുവരെ ഫൈനലില്‍ കടക്കുവാന്‍ ഡല്‍ഹിക്കു കഴിഞ്ഞിട്ടില്ല എന്നതാണ്‌ പ്രധാന കുറവ്‌.

എന്നാല്‍ ഇത്തവണ ടീമിന്റെ പരിശീലകനായി എത്തിയിരിക്കുന്ന സ്‌പാനിഷ്‌ മാനേജര്‍ മിഗ്വേൽ ഏഞ്ചൽ പോര്‍ച്ചുഗല്‍ ഡല്‍ഹിയെ സെമിഫൈനലിനപ്പുറം എത്തിച്ചിട്ടു തന്നെ എന്ന ദൃഢനിശ്ചയത്തിലാണ്‌. തുടക്കം ആണ്‌ വളരെ പ്രധാനം. ആദ്യ മത്സരം പരീക്ഷണം തന്നെയായിരിക്കും. മത്സരത്തിനു യോജിച്ച വളരെ സന്തുലിതമായ ഒരു ടീമിനെ ഒരുക്കാന്‍ കഴിഞ്ഞുവെന്ന വിശ്വാസം തനിക്ക്‌ ഉണ്ടെന്നും മിഗ്വേൽ ഏഞ്ചൽ പറഞ്ഞു.

സാക്ഷാല്‍ റയല്‍ മാഡ്രിഡിന്റെ ബി ടീമിനെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ്‌ മിഗ്വേല്‍ വരുന്നത്‌. ടീമില്‍ അടിമുടി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്‌. നൈജീരിയന്‍ താരം കാലു ഉച്ചെ ആയിരിക്കും ആക്രമണനിരയുടെ കുന്തമുന. ഹോളണ്ടിൽനിന്നുള്ള ഗയോണ്‍ ഫെര്‍ണാണ്ടസും ഉച്ചെയോടൊപ്പം മുന്‍ നിരയിലുണ്ടാകും.

പുണെയ്ക്കെതിരായി നടക്കുന്ന ആദ്യ മത്സരത്തെ വളരെ ഗൗരവത്തോടെയാണ്‌ മിഗ്വേൽ ഏഞ്ചൽ എടുത്തിരിക്കുന്നത്‌. പുണെ മികച്ച ടീം ആണെന്ന സര്‍ട്ടിഫിക്കറ്റും അദ്ദേഹം നല്‍കി. മാഴ്‌സലിഞ്ഞോയെയും അല്‍ഫാരോയെയും പോലുള്ള വളരെ നല്ല കളിക്കാര്‍ അവരുടെ പക്കലുണ്ട്‌. എന്നാലും ഞങ്ങള്‍ തന്നെ ജയിക്കും. എന്നെ സംബന്ധിച്ചും ജയം വളരെ പ്രധാനമാണ്‌. പക്ഷേ ഇത്‌ ആദ്യ മത്സരം ആയതിനാല്‍ എങ്ങനേയായിരിക്കുമെന്നു കണ്ടറിയേണ്ടതുണ്ട്‌. മിഗ്വേൽ ഏഞ്ചല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു.