Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സിനെ വലച്ച കൊൽക്കത്തയെ നിലം തൊടീക്കാതെ പുണെ; വിജയം 4–1ന്

Marcelinho പുണെയ്ക്കായി ഇരട്ടഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മാഴ്സലീ‍ഞ്ഞോ.

കൊൽക്കത്ത ∙ ഐഎസ്എൽ നാലാം സീസണിലെ ഉദ്ഘാടന മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ വെള്ളം കുടിപ്പിച്ച അമർ തൊമാർ കൊൽക്കത്തയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് പുണെ സിറ്റി എഫ്സിയുടെ ‘ഞെട്ടിക്കുന്ന’ പ്രകടനം. നലവിലെ ചാംപ്യൻമാരായ കൊൽക്കത്തയുടെ ഹോം മൈതാനത്തു നടന്ന മൽസരത്തിലാണ് ഗോൾമഴ സൃഷ്ടിച്ച് പുണെ ‍ഞെട്ടിച്ചത്. രണ്ടു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബ്രസീലിയൻ താരം മാഴ്സലീഞ്ഞോയുടെ തകർപ്പൻ പ്രകടനമാണ് പുണെയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.

13, 60 മിനിറ്റുകളിലായിരുന്നു മാഴ്സലീഞ്ഞോയുടെ ഇരട്ടഗോളുകൾ. രോഹിത് കുമാർ (51), എമിലിയാനോ അൽഫാരോ (88) എന്നിവർ പുണെയുടെ ഗോള്‍ പട്ടിക പൂർത്തിയാക്കി. കൊൽക്കത്തയുടെ ആശ്വാസ ഗോൾ ബിപിൻ സിങ് (50) നേടി. ഐഎസ്എല്ലിൽ കൊൽക്കത്തയുടെ ഏറ്റവും വലിയ തോൽവിയാണത്. ഐഎസ്എല്ലിൽ പുണെയ്ക്കെതിരെ ഏഴു മൽസരങ്ങൾ കളിച്ചതിൽ കൊൽക്കത്തയുടെ നാലാം തോൽവി കൂടിയാണിത്.

സീസണിലെ ആദ്യ മൽസരത്തിൽ ഡൽഹി ഡൈനാമോസിനോട് വാശിയേറിയ പോരാട്ടത്തിൽ തോൽവി സമ്മതിച്ച പുണെ സിറ്റി എഫ്സി, അതിന്റെ വിഷമമൊക്കെയും മറക്കുന്ന പ്രകടനമാണ് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയ്ക്കെതിരെ പുറത്തെടുത്തത്. വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം, ആദ്യ മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങിയ കൊൽക്കത്ത ഒരു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.

മൂന്നു മാറ്റങ്ങളുമായാണ് പുണെ പരിശീലകൻ‌ റാങ്കോ പോപോവിച്ച്‌ ടീമിനെ ഇറക്കിയത്. സാര്‍ത്തക്ക്‌, ജൊനാഥന്‍ ലൂക്ക, ജുവല്‍ രാജ എന്നിവര്‍ക്കു പകരം ബല്‍ജിത്‌ സാഹ്‌നി, ഐസക്ക്‌ എന്നിവർ ഇറങ്ങി. ഒരു മാറ്റവുമായിറങ്ങിയ കൊൽക്കത്ത റൂപര്‍ട്ടിനു പകരം ബിപിന്‍ സിങ്ങിനെ കൊണ്ടുവന്നു.

ആദ്യ അഞ്ച്‌ മിനിറ്റിനുള്ളില്‍ രണ്ടു ടീമുകള്‍ക്കും ഓരോ കോര്‍ണറുകള്‍ ലഭിച്ചുവെങ്കിലും ഗോള്‍ നീക്കങ്ങള്‍ ഒന്നും വന്നില്ല. ആറാം മിനിറ്റില്‍ പുണെയുടെ ബോക്‌സിനു 30 വാര മുന്നില്‍ കൊൽക്കത്തയ്ക്കു കിട്ടിയ ഫ്രീകിക്ക്‌്‌ ഗോള്‍ മുഖത്ത്‌ ഫാന ഹെഡ്ഡ്‌ ചെയ്‌തു അപകടം ഒഴിവാക്കി. എട്ടാം മിനിറ്റില്‍ ലിങ്‌ദോയുടെ ദുര്‍ബലമായ ഷോട്ട്‌ പുണെ ഗോളി അനായാസം കരങ്ങളിലൊതുക്കി.

കളിച്ചത്‌ കൊല്‍ക്കത്തയാണെങ്കിലും ആദ്യ ഗോള്‍ നേടിയത്‌ പുണെ. തുടരെ വന്ന കൊല്‍ക്കത്തയുടെ ആക്രമണങ്ങള്‍ക്കു കിട്ടിയ മറുപ്രഹരമായിരുന്നു പുണെ സിറ്റിയുടെ ഗോള്‍. 12-ാം മിനിറ്റില്‍ പ്രത്യാക്രമത്തിലൂടെയായിരുന്നു ഈ ഗോള്‍. ഗോളി നീട്ടി നല്‍കിയ പന്ത്‌ ടോം തോര്‍‌പ്പിനു ക്ലിയര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പ്‌ കവര്‍ന്നെടുത്ത എമിലിയാനോ അല്‍ഫാരോ ബോക്‌സിലേക്ക് ഓടിയെത്തിയ മാഴ്സലീഞ്ഞോയ്ക്ക് മറിച്ചു നൽകി. ബോക്സിനു മുന്നിൽ തുറന്നു കിട്ടിയ സ്ഥലത്ത് കിറുകൃത്യമായി പന്ത്‌ എടുത്ത മാഴ്സലീഞ്ഞോ വലംകാലനടിയിലൂടെ കൊല്‍ക്കത്തയുടെ വല കുലുക്കി (1-0). ടോം തോര്‍പ്പിന്റെ പിഴവില്‍, മജീഷ്യന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പുണെ ക്യാപ്‌റ്റന്‍ കൂടിയായ മാഴ്സലീഞ്ഞോയുടെ ഗോള്‍ തിങ്ങിനിറഞ്ഞ ഗാലറിയെ നിശബ്ദമാക്കി.

24-ാം മിനിറ്റില്‍ സെക്യൂഞ്ഞയിലൂടെ ഒരു കൗണ്ടര്‍ അറ്റാക്കിനുള്ള കൊല്‍ക്കത്തയുടെ ശ്രമം പുണെ ഗോള്‍ കീപ്പറിന്റെ കരങ്ങളില്‍ അവസാനിച്ചു. 27-ാം മിനിറ്റില്‍ സെക്യൂഞ്ഞ പുണെ പ്രതിരോധനിരക്കാരെ ഒന്നൊന്നായി മറികടന്നു നടത്തിയ സോളോ അറ്റാക്ക് പുണെ ഗോളി കമല്‍ജിത്‌ സിങ് തടുത്തിട്ടു. റീബൗണ്ടു ലഭിച്ച ഹിതേഷിനാകട്ടെ ഒന്നും ചെയ്യാനും കഴിഞ്ഞില്ല. അതിനിടെ കൊല്‍ക്കത്തയുടെ യൂജിന്‍സന്‍ ലിങ്‌ദോയ്‌ക്കു പരുക്കന്‍ അടവിനു മഞ്ഞക്കാര്‍ഡും വാങ്ങേണ്ടി വന്നു.

രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ മടക്കി. 49–ാം മിനിറ്റില്‍ മാഴ്‌സലീഞ്ഞോ കൊല്‍ക്കത്തയുടെ സെക്യൂഞ്ഞയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീകിക്കാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. പെനൽറ്റി ബോക്‌സിനു 30 വാര അകലെ കിട്ടിയ ഫ്രീകിക്ക്‌ എടുത്ത മണിപ്പൂര്‍ താരം ബിപിന്‍ സിങ്ങാണ് കൊൽക്കത്തയ്ക്കു സമനില ഗോൾ സമ്മാനിച്ചത്. ബിപിന്‍ സിങ്ങിന്റെ കിക്ക്‌ പുണെ കളിക്കാരുടെ തലയ്‌ക്കു മുകളിലൂടെ വളഞ്ഞ് ക്രോസ്‌ബാറില്‍ ഇടിച്ചു വലയിലേക്കു ഊളയിട്ടു. സ്കോർ 1-1.

എന്നാൽ കൊല്‍ക്കത്തയുടെ സന്തോഷത്തിന് അല്‍പ്പായുസായിരുന്നു. അടുത്ത മിനിറ്റില്‍ (51-ാം മിനിറ്റില്‍) പുണെ ലീഡ് വീണ്ടെടുത്തു. മാഴ്‌സിലീഞ്ഞോ എടുത്ത കോര്‍ണറിന് ചാടി ഉയര്‍ന്ന് തലവച്ച രോഹിത്‌ കുമാര്‍ പന്ത്‌ കൊല്‍ക്കത്തയുടെ നെറ്റിലേക്കു ചെത്തിയിട്ടു. സ്കോർ 2-1. ഗോള്‍ മടക്കിയ സന്തോഷത്തില്‍ കൊല്‍ക്കത്ത കോര്‍ണര്‍ കിക്ക്‌ എടുക്കുമ്പോള്‍ എതിര്‍ കളിക്കാരെ കാര്യമായി മാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിച്ചിരുന്നില്ല. ഇത്‌ പുണെ മുതലെടുത്തു.

59-ാം മിനിറ്റില്‍ ഹിതേഷിനു പകരം കൊല്‍ക്കത്ത റോബിന്‍ സിങ്ങിനെ കൊണ്ടുവന്നു. ഇതിനു പിന്നാലെ 60-ാം മിനിറ്റില്‍ പുണെ ലീഡുയര്‍ത്തി. ഡീഗോ കാര്‍ലോസ്‌, മാഴ്സലീഞ്ഞോ, അല്‍ഫാരോ, മാര്‍ക്കോസ്‌ ടെബാര്‍ എന്നിവരുടെ സംയുക്ത ശ്രമാണ്‌ ഗോളായി മാറിയത്‌. കൊല്‍ക്കത്തയുടെ കുത്തഴിഞ്ഞ പ്രതിരോധം പുണെ മുതലെടുത്തു. കാര്‍ലോസിന്റെ പാസ്‌ ബോക്‌സിനകത്തു നിന്ന ടെബാര്‍ ഹെഡ്ഡറിലുടെ മാഴ്സലീഞ്ഞോയ്ക്ക് മറിച്ചു. മാഴ്സലീഞ്ഞോയുടെ വെടിയുണ്ട ഷോട്ട്‌ മുന്നില്‍ നിന്ന കൊല്‍ക്കത്ത ക്യാപ്‌റ്റന്റെ കാലില്‍ത്തട്ടി വലയിൽ കയറി. സ്കോർ 3-1.

72-ാം മിനുറ്റില്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത എന്‍ജാസിക്കു മഞ്ഞക്കാര്‍ഡ് കിട്ടി‌. പുണെ പരിശീലകൻ പോപോവിച്ച്‌ ഉടന്‍ രോഹിതിനേയും കാര്‍ലോസിനെയും മാറ്റി. പകരമെത്തിയത് കരുത്തരായ ജൊനാഥന്‍ ലൂക്കയും കീന്‍ ലൂയിസും. പോപോവിച്ചിന്റെ തന്ത്രം വിജയകരമായി. മാഴ്‌സലീഞ്ഞോ-അല്‍ഫാരോ സഖ്യം അരങ്ങു തകര്‍ക്കാന്‍ രണ്ടുപേരുടെയും വരവ്‌ സഹായമായി.

80-ാം മിനിറ്റില്‍ പുണെ നാലാം വെടിപൊട്ടിച്ചു. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ഗോള്‍. പന്തുമായി കുതിച്ച മാഴ്സലീഞ്ഞോ ബോക്‌സിനകത്ത് അല്‍ഫാരോയ്‌ക്കു പന്തു നല്‍കുമ്പോള്‍ തടയാന്‍ ആരും ഉണ്ടായിരുന്നില്ല. വെടിയുണ്ടപോലുള്ള അല്‍ഫാരോയുടെ ഷോട്ട്‌ മജുംദാറിനെ തകര്‍ത്തു നെറ്റിലേക്ക്‌ (4-1).