Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യൂമേട്ടൻ സൂപ്പർ ഫാസ്റ്റ് ! 1-0 വിജയവുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത്

hume ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ ആഹ്ലാദം പ്രകടിപ്പിക്കുന്നു ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

‘‘ഹമാരാ പാസ് ഹ്യൂം ഹെ..’’ (ഞങ്ങളുടെ പക്ഷത്ത് ഹ്യൂമുണ്ട്) – ദീവാർ സിനിമയിൽ അമിതാഭ് ബച്ചനോട് ശശി കപൂർ പറഞ്ഞ ‘മേരാ പാസ് മാ ഹെ’ ഡയലോഗ് പോലെ ബ്ലാസ്റ്റേഴ്സ് ആരാധകർ മുംബൈയുടെ മുഖത്തു നോക്കി പറഞ്ഞു. ഹ്യൂമിന്റെയും പെക്കുസന്റെയും അതിബുദ്ധിയിൽ വിരിഞ്ഞ ഗോളിൽ മുംബൈ സിറ്റി എഫ്സിയെ 1–0നു തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോളിൽ ആറാം സ്ഥാനത്തേക്കു കയറി.

വിവാദത്തിന്റെ അകമ്പടിയോടെയാണ് 23–ാം മിനിറ്റിൽ ഹ്യൂം മുംബൈ വലയിൽ പന്തെത്തിച്ചത്. ഫ്രീകിക്കിനായി വിളിച്ച റഫറി വിസിലെടുക്കും മുൻപ് കിക്കെടുത്ത പെക്കുസനും മിന്നൽ വേഗത്തിൽ അതു പിടിച്ചെടുത്ത് ഗോളിലേക്കു വിട്ട ഹ്യൂമും ബ്ലാസ്റ്റേഴ്സിനു സമ്മാനിച്ചത് തുടർച്ചയായ രണ്ടാം ജയം.  14 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കു കയറിയപ്പോൾ അത്രയും തന്നെ പോയിന്റുള്ള മുംബൈ ഗോൾശരാശരിയിൽ അഞ്ചാം സ്ഥാനത്തു തുടരുന്നു. 17ന് ജംഷഡ്പുർ എഫ്സിക്കെതിരെ അവരുടെ ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം. 

ISL

∙ കളിയിൽ എ ഗ്രേഡ് 

കലോൽസവമായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ എ ഗ്രേഡ് ലഭിച്ചേനെ. മുൻ മൽസരങ്ങളിൽ നിന്നു വ്യത്യസ്തമായി മികച്ച പാസുകൾ, മുന്നേറ്റങ്ങൾ. ജാക്കിചന്ദിന്റെ ഓട്ടവും റിനോയുടെ കുതിപ്പും കിസിത്തോയുടെ ഇന്റർസെപ്ഷനുകളും ഹ്യൂമിന്റെ ഡ്രിബിളുകളും ഒന്നാന്തരം. പക്ഷേ മുന്നേറ്റത്തിൽ സിഫ്നിയോസ് അമ്പേ പരാജയമായി. മുംബൈയുടെ കരുത്തരായ ഡിഫൻഡർമാർക്ക് ഒപ്പം നിൽക്കാനുള്ള ശേഷി സിഫ്നിയോസിന് ഇല്ലാതെപോയി.

അവരെ ഓടിത്തോൽപ്പിക്കാനുള്ള വേഗവും ഡച്ച് താരം കാണിച്ചില്ല. കിസിത്തോയുടെ പ്രതിരോധം പിളർത്തിയുള്ള കില്ലിങ് പാസുകൾ പലവട്ടം സിഫ്നിയോസിനെ തേടിയെത്തിയെങ്കിലും മുംബൈ ഡിഫൻഡർമാർ അനായാസം ചെറുത്തു. ബ്ലാസ്റ്റേഴ്സിന്റെ ‘പ്രദർശനക്കളി’ അപകടമേഖലയിലേക്കു കയറിവരാതെ ലൂസിയൻ ഗോയനും ജെഴ്സൺ വിയേരയും കാത്തു. ഒടുവിൽ ഹ്യൂം മുന്നോട്ടുകയറി കളിച്ചതാണ് ബ്ലാസ്റ്റേഴ്സിനു തുണയായത്. ഹ്യൂമിന്റെ കുതറിയോടലിനു മുന്നിൽ പലവട്ടം മുംബൈ വിയർത്തു. 

isl-1

∙ ഗോളിൽ അപ്പീൽ 

ബ്ലാസ്റ്റേഴ്സ് ഗോളടിച്ചത് ടിവി ക്യാമറകൾ പോലും കണ്ടില്ല എന്നതാണു വാസ്തവം. 23–ാം മിനിറ്റിൽ കിസിത്തോ തുടങ്ങിയ കൗണ്ടർ അറ്റാക്കിൽ പന്ത് മുംബൈ ഗോൾമുഖത്ത്. ബോക്സിനു പുറത്ത് ഫ്രീകിക്കിനായി റഫറി വിസിലൂതിയതോടെ മുംബൈ താരങ്ങൾ കിക്കിനായി കാത്തുനിന്നു. പെക്കുസന്റെയും ഹ്യൂമിന്റെയും സൂപ്പർ കംപ്യൂട്ടർ ബുദ്ധി ഉടനെ പ്രവർത്തിച്ചു. മുംബൈ താരങ്ങൾ അമ്പരന്നുനിൽക്കെ പെക്കുസൻ അതിവേഗം പന്ത് ഹ്യൂമിനു നീട്ടിക്കൊടുത്തു. ഓടിക്കയറിയ ഹ്യൂം അനായാസം അമരീന്ദർ സിങ്ങിനെ മറികടന്നു.

ഗോൾ വീണു എന്നു മനസ്സിലായത് മൂന്നു പേർക്കു മാത്രം – ഹ്യൂം, റഫറി, പിന്നെ ഗാലറിയിലെ മഞ്ഞപ്പട. മുംബൈ താരങ്ങൾ റീകിക്കിനും ഓഫ്സൈഡിനും തർക്കിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഗോൾ വഴങ്ങിയതോടെ മുംബൈ ഒന്നിച്ച് ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്കു കയറിത്തുടങ്ങി. തുടക്കത്തിൽ ബൽവന്തിനെയും തിയാഗോ സാന്റോസിനെയും മാത്രം ചെറുക്കേണ്ടിവന്ന ജിങ്കാനും വെസ് ബ്രൗണിനും പണി കൂടി. റിനോ അതോടെ പിന്നോട്ടിറങ്ങി അവരെ സഹായിച്ചു. 

isl-2

∙ ചെസ്റ്റ് നമ്പർ 13

സിഫ്നിയോസിനെ വലിച്ച് കോച്ച് രണ്ടാം പകുതിയിൽ 13–ാം നമ്പർ വിനീതിനെ ഇറക്കിയതോടെ ഹ്യൂമിനു കൂട്ടായി. മുംബൈ അപ്പോഴേക്കും പ്രതിരോധം മാറ്റിവച്ച് ഒന്നിച്ച് ഗോളടിക്കാനിറങ്ങി. തിയാഗോ സാന്റോസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റം ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് തത്തിക്കളിച്ചെങ്കിലും ബൽവന്ത് ഷോട്ടെടുക്കാൻ അമാന്തിച്ചു നിന്നത് ബ്ലാസ്റ്റേഴ്സിനു തുണയായി. തൊട്ടു പിന്നാലെ അധ്വാനിച്ചു കളിച്ച കാമറൂൺ താരം ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തിച്ചെങ്കിലും ലൈൻസ്മാൻ ഓഫ്സൈഡ് കൊടിയുയർത്തി.

വാശിയോടെ മുംബൈ കളി പിടിച്ചതോടെ ഹ്യൂമിനും വിനീതിനും പന്തു കിട്ടുന്നത് കുറഞ്ഞു. 78–ാം മിനിറ്റിൽ വിനീതിനെ ഗോയൻ വലിച്ചിട്ടതിന് ബോക്സിന് തൊട്ടു പുറത്ത് ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക്. വിനീത് ഓടി മാറിയ വിടവിലൂടെ ഹ്യൂം പന്ത് കടത്തിയെങ്കിലും മുംബൈ ഗോൾകീപ്പർ അമരീന്ദർ നിലത്തു വീണു തടഞ്ഞു. ഇൻജുറി ടൈമിൽ ഗോളിനായി കിണഞ്ഞു ശ്രമിച്ച മുംബൈയുടെ  ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്സിന്റെ ഉള്ളൊന്നുലച്ചെങ്കിലും അപ്പോഴേക്കും ലോങ് വിസിൽ മുഴങ്ങി.

ബെംഗളൂരുവിനെ വീഴ്ത്തി ഡൽഹി

ന്യൂഡൽഹി∙ അവസരങ്ങൾ ഗോളാക്കുന്നതിൽ പരാജയപ്പെട്ട ബെംഗളൂരു എഫ്സിയെ 2–0നു പരാജയപ്പെടുത്തി ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസിന്റെ വിജയക്കുതിപ്പ്. ലാലിയൻസ്വാല ചങ്തെയും ഗുയോൺ ഫെർണാണ്ടസുമാണു ഡൽഹിയുടെ ഗോളുകൾ നേടിയത്. ബെംഗളൂരു പ്രതിരോധനിരയിലെ സുഭാഷ് ബോസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. പത്തു കളികളിൽനിന്നു പതിനെട്ടു പോയിന്റുമായി ബെംഗളൂരു ലീഗിൽ രണ്ടാമതാണ്. രണ്ടാം പകുതിയിലാണു രണ്ടു ഗോളുകളും പിറന്നത്. ആദ്യപകുതിയിൽ ബെംഗളൂരുവിനായിരുന്നു വ്യക്തമായ മേധാവിത്വവും തുറന്ന അവസരങ്ങളും ലഭിച്ചത്.

related stories