Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശാനും പിള്ളേരും ‘ചതിച്ചു’; ബ്ലാസ്റ്റേഴ്സിന് സീസണിലെ മൂന്നാം തോൽവി

hume-goal-save ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമിന്റെ ഹെഡ്ഡർ ഗോൾലൈനിൽ ലുമ്നം രാജു രക്ഷപ്പെടുത്തുന്നു ചിത്രം: സലിൽ ബേറ ∙ മനോരമ

തുടർച്ചയായ മൂന്നാം ജയം കൊതിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സിനു ജംഷഡ്പുരിന്റെ ഉരുക്കുപൂട്ട്. ഇന്ത്യയുടെ  ഉരുക്കുനഗരത്തിൽ ‘കൊപ്പലാശാ’ന്റെ  ചുണക്കുട്ടികളുടെ ഇരട്ട പ്രഹരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ചിറകൊടിഞ്ഞു. ഇൻജുറി ടൈമിൽ (94’) മാർക്ക് സിഫ്നിയോസിലൂടെ ഒരു ഗോൾ മടക്കിയെന്ന ആശ്വാസം മാത്രം സന്ദർശകർക്കു ബാക്കി. ബ്ലാസ്റ്റേഴ്സിന്റെ തോൽവി 2–1ന്. ഗാലറി നിറഞ്ഞ ആരാധകർക്കു മുന്നിൽ സ്വന്തം നാട്ടിലെ ആദ്യജയം ജംഷഡ്പുർ എഫ്സിക്കു സ്വന്തം. തോൽവിയോടെ 14  പോയിന്റുമായി മഞ്ഞപ്പട ആറാം സ്ഥാനത്തുതന്നെ. 13 പോയിന്റുമായി കൊപ്പലിന്റെ നിര ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴിലേക്കു കയറി. ലോങ് വിസിൽ മുഴങ്ങിയപ്പോൾ ആതിഥേയരുടെ ആരാധകവൃന്ദമായ ചെമ്പടക്കൂട്ടം ബ്ലാസ്റ്റേഴ്സിനോടു പറഞ്ഞു: ടാറ്റാ, ബൈ ബൈ... കേരളത്തിന്റെ അടുത്ത കളി ഞായറാഴ്ച കൊച്ചിയിൽ എഫ്സി ഗോവയ്ക്കെതിരെ.  

∙ സംഭവിച്ചത്

ആദ്യ ഇലവനിൽ നാലു മാറ്റങ്ങളുമായി ഇറങ്ങിയ കേരളത്തിന് ആ മാറ്റങ്ങളൊന്നും പ്രയോജനപ്പെട്ടില്ല. പിൻനിരയിലിറങ്ങിയ സാമുവൽ ഷദപിനെ രണ്ടാം പകുതിയിൽ വലിക്കേണ്ടിയും വന്നു. 22–ാം മിനിറ്റിലെ ഹെഡ്‌ഡർ മാറ്റനിർത്തിയാൽ ഇയാൻ ഹ്യൂം തികഞ്ഞ പരാജയമായി. രണ്ടാം പകുതിയിൽ ഹ്യൂമിനെയും തിരിച്ചുവിളിച്ചു. വിങ്ങുകളിലൂടെ പന്തുമായി പായാൻ ആരുമുണ്ടായില്ല. മധ്യനിരയിൽ കറേജ്  പെക്കുസനും കെസിറോൺ കിസിത്തോയ്ക്കും വെറുതെ ഓടി നടക്കേണ്ടി വന്നു. കിസിത്തോ പരുക്കേറ്റ് കയറുകയും ചെയ്തു. മുൻനിരയ്ക്കു പന്തു സപ്ലൈ ചെയ്യാൻ വിനീതിനും മിലൻ സിങ്ങിനും കഴിയാതെ പോയി. ഇതാദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടി സ്ട്രൈക്കറുടെ റോൾ ഏറ്റെടുത്ത കരൺ സോഹ്നിക്കു യാതൊരു ചലനവുമുണ്ടാക്കാനായില്ല. മറുവശത്ത്, ഗോളടിക്കണമെന്ന് ഉറച്ചിറങ്ങിയ ജംഷഡ്പുർ നിര ആദ്യ അരമണിക്കൂറിൽതന്നെ കളി കയ്യിലൊതുക്കി. 

∙ ചരിത്രഗോൾ

കളത്തിലേക്കു  നോക്കിത്തുടങ്ങും മുൻപേ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ആദ്യഗോൾ പിറന്നു. ആതിഥേയരുടെ ഫസ്റ്റ് ടച്ചിൽ പന്ത് പിൻനിരയിൽ ആന്ദ്രേ ബിക്കെയ്ക്ക്. ബിക്കെയുടെ ലോങ് പാസ്സുമായി അസിം ബിശ്വാസിന്റെ കുതിപ്പ്. ബോക്സിനുള്ളിലേക്ക് അസിം നീട്ടിയ പന്ത് ജെറി റാഞ്ചി. ഗോളി പോൾ റെച്ചുക്കയെ അനായാസം വെട്ടിച്ച് ജെറിയിലൂടെ ജംഷഡ്പൂർ ആദ്യ വെടി പൊട്ടിച്ചപ്പോൾ വെറും 22 സെക്കൻഡ്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ. ജെറി മാൻതാങ്‍വയുടെ പേര് റെക്കോർഡ് ബുക്കിൽ. കാലുറപ്പിക്കും മുൻപേ ബ്ലാസ്റ്റേഴ്സ് ഉരുണ്ടുവീണു. 

 ∙ രണ്ടാം പ്രഹരം 

31–ാം മിനിറ്റ്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവ് വീണ്ടും കൊപ്പലിന്റെ കുട്ടികൾ മുതലെടുത്തു. ഇടതുവിങ്ങിൽനിന്ന് ബികാഷ് ജൈറുവിന്റെ ക്രോസ്. കാത്തുനിന്ന ജെറിക്കു പിഴച്ചു, ജെറിയെ മാർക്ക് ചെയ്തുനിന്ന സന്ദേശ് ജിങ്കനും പിഴച്ചു. ഒഴിഞ്ഞുനിന്ന അസിം ബിശ്വാസിന്റെ കാലിലേക്കു പന്ത്. അസിമിന്റെ ഷോട്ട് നോക്കിനിൽക്കാനേ ഗോളി പോളിനു കഴിഞ്ഞുള്ളൂ. ‘ഉരുക്കുമനുഷ്യർ’ രണ്ടടി മുന്നിൽ. 

∙ ആതിഥേയരുടെ ആദ്യപകുതി

രണ്ടുഗോളിൽ ജംഷഡ്പുർ ആദ്യപകുതി പിടിച്ചു. 22–ാം മിനിറ്റിൽ ഹ്യൂമിന്റെ ഉഗ്രൻ ഹെഡ്‌ഡർ ഗോൾവരയ്ക്കു മുന്നിൽ യുംനം രാജു തടുത്തില്ലായിരുന്നുവെങ്കിൽ ‌ബോർഡിൽ ബ്ലാസ്റ്റേഴ്സിന് ഗോൾ ചേർക്കാമായിരുന്നു. റിനോയ്ക്കു പകരമെത്തിയ സാമുവൽ ഷദപ് തീരെ നിരാശപ്പെടുത്തി. പരുക്കേറ്റ കിസിറ്റോയ്ക്കു പകരം 43–ാം മിനിറ്റിൽ ലോകെൻ മീട്ടെയ് വന്നു. രണ്ടാം പകുതിക്ക് ഇറങ്ങിയപ്പോൾ ഷദപിനെ വലിച്ച് നെമാന്യ പെസിച്ചും ഇറങ്ങി. 

∙ വിനീത് വന്നു, റിനോ പുറത്ത്

പരുക്കിൽനിന്നു തിരിച്ചെത്തിയ സി.കെ.വിനീത് കളി തുടങ്ങിയപ്പോൾ മാർക്ക് സിഫ്നിയോസ് പകരക്കാരുടെ ബെഞ്ചിലേക്കെത്തി. പരുക്കേറ്റ റിനോ ആന്റോയ്ക്കു പകരം സാമുവൽ ഷദപ് വിങ്ങിലിറങ്ങി. സുഭാശിഷ് ചൗധരിക്കു പകരം വലയ്ക്കു മുന്നിൽ പോൾ റെച്ചൂക്ക വന്നു. മധ്യനിരയിൽ ജാക്കിചന്ദ് സിങ്ങിനു പകരം കരൺ സോഹ്നി ഇറങ്ങി. 

related stories