Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു, പുണെ.. ഇനിയാരു വരും? പ്ലേഓഫ് സാധ്യതകൾ ഇങ്ങനെ

isl-teams

മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗിലെ ‘മാഞ്ചസ്റ്റർ സിറ്റി’യാണു ബെംഗളൂരു എഫ്സി. ടൂർണമെന്റിന്റെ തുടക്കം മുതലേ അവരുടെ കുതിപ്പിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പ്ലേഓഫിലേക്ക് ആദ്യം കാലുവച്ചതും സുനിൽ ഛേത്രിയുടെ ടീം തന്നെ. 17 കളികളിൽ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പുണെയെക്കാളും എട്ടു പോയിന്റ് മുന്നിലാണു ബെംഗളൂരു ഇപ്പോൾ. പുണെയും അവസാന നാലിൽ ഇടം പിടിച്ചുകഴിഞ്ഞു. ടൂർണമെന്റ് ചരിത്രത്തിൽ അവരുടെ ആദ്യ പ്ലേഓഫ് സ്ഥാനം. മൂന്നാം സ്ഥാനത്തുള്ള ചെന്നൈയും സെമിഫൈനൽ തൊണ്ണൂറു ശതമാനം ഉറപ്പിച്ചു. പുണെയെപ്പോലെ 29 പോയിന്റാണ് അവർക്കും ഉള്ളതെങ്കിലും ഗോൾശരാശരിയിൽ മാത്രം പിന്നിൽ. പ്ലേഓഫിലെ നാലാം സ്ഥാനത്തിനു വേണ്ടിയാണു ശരിക്കും മൽസരം. ജംഷഡ്പുർ, ബ്ലാസ്റ്റേഴ്സ്, ഗോവ, മുംബൈ എന്നിവരാണ് അതിനുവേണ്ടി ‘കസേര കളിക്കുന്നത്’. 

∙ സാധ്യത ഇങ്ങനെ 

18 മൽസരങ്ങൾ പൂർത്തിയാകുമ്പോൾ നാലു ടീമുകൾ 29 പോയിന്റിൽ എത്താനുള്ള സാധ്യത നിലനിൽക്കുന്നു. അതിങ്ങനെ: 

1) പുണെ ഡൽഹിയോട് തോറ്റാൽ പുണെയ്ക്ക് 29 പോയിന്റ് തന്നെ

2) ചെന്നൈ മുംബൈയോടു തോറ്റാൽ ചെന്നൈ 29 പോയിന്റിൽ നിലനിൽക്കും 

3) ഗോവയോടു ജയിച്ചാൽ ജംഷഡ്പുരിന് 29 പോയിന്റ് 

4) മുംബൈ ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ അവർക്ക് 29 പോയിന്റ് 

പോയിന്റിന്റെ കാര്യത്തിൽ ടീമുകൾ ടൈ ആയാൽ പരസ്പരമുള്ള മൽസര റെക്കോർഡാണു പരിഗണിക്കുക. അങ്ങനെ വന്നാലും പുണെ പുറത്താകില്ല. 

മുംബൈയ്ക്കെതിരെയും ജംഷഡ്പുരിനെതിരെയുമായി നാലു ജയങ്ങൾ അവർക്കുണ്ട്. ഇതേ സാഹചര്യത്തിൽ ചെന്നൈയും ജംഷഡ്പുരും കൂടി കടക്കും. മുംബൈ പുറത്താകും. 

ബ്ലാസ്റ്റേഴ്സിന്റെ നിർഭാഗ്യം 

ഒരു സമനിലകൂടി ഉണ്ടായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിനും ‘29 ക്ലബിൽ’ കടക്കാമായിരുന്നു. പക്ഷേ, ബെംഗളൂരുവിനെതിരെ ഇനി ജയിച്ചാലും 28 പോയിന്റേ ആവുകയുള്ളൂ. അതിനാൽ മറ്റുള്ളരുടെ മൽസരഫലങ്ങൾക്കു കൂടി മുട്ടിപ്പായി പ്രാർഥിക്കണം. അതിങ്ങനെ. 

1) കൊൽക്കത്ത ഗോവയെ തോൽപിക്കണം അല്ലെങ്കിൽ സമനില പിടിക്കണം  

2) ഗോവ ജംഷഡ്പുരിനോടു ജയിക്കണം അല്ലെങ്കിൽ സമനില പിടിക്കണം  

3) മുംബൈ ഇനിയുള്ള രണ്ടു കളികളും ജയിക്കരുത്. 

ഇക്കൂട്ടത്തിൽ, മറ്റുള്ളവരുടെ മൽസരഫലങ്ങൾക്കു കാത്തുനിൽക്കാതെ സ്വന്തം നിലയ്ക്കു കടക്കാവുന്ന ഏകടീം ഗോവയാണ്. ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ അവർക്കു 30 പോയിന്റാകും. കണക്കുകൂട്ടലുകൾക്കൊന്നും നിൽക്കാതെ അവർക്കു മുന്നേറാം.