Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോമൾ തട്ടാൽ കേരളത്തിലേക്ക്? കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടേക്കും

komal-thattal

കൊച്ചി ∙ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മൽസരം കളിച്ച കോമൾ തട്ടാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിളി കാത്തുനിൽക്കുന്നു. ഐ ലീഗിൽ മൽസരിക്കുന്ന ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 19 താരങ്ങളടങ്ങിയ ഇന്ത്യൻ ആരോസ് ടീമിൽ കോമളിനെ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണിത്.

ഐ ലീഗിൽ ഇന്ത്യൻ ആരോസ് കഴിഞ്ഞ ദിവസം മികച്ച വിജയത്തോടെ അരങ്ങേറ്റം നടത്തിയിരുന്നു. എടികെ, എഫ്സി പുണെ സിറ്റി ടീമുകൾ കോമൾ തട്ടാലിനെ സമീപിച്ചിരുന്നു. ഐ ലീഗിൽ കുറഞ്ഞതു 10 മൽസരത്തിലെങ്കിലും അവസരം ഉറപ്പു നൽകാമെന്ന വാഗ്ദാനവുമായി മിനർവ പഞ്ചാബ് എഫ്സിയും രംഗത്തുവന്നതാണ്. എന്നാൽ കൗമാര താരത്തിന്റെ ഏജന്റ് കേരള ബ്ലാസ്റ്റേഴ്സിനോടു താൽപര്യം അറിയിച്ചെന്നാണു സൂചനകൾ.

ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. തുർക്കിയിൽ നിന്നൊരു രണ്ടാം ഡിവിഷൻ ക്ലബും തട്ടാലിനെ സമീപിച്ചിരുന്നതായി അറിയുന്നു. അണ്ടർ 17 ലോകകപ്പ് ടീമിന്റെ പരിശീലകനായിരുന്ന ലൂയിസ് നോർട്ടൻ ഡി മാറ്റോസ് തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ആരോസിന്റെ കോച്ച്.

ലോകകപ്പിലെ ഉദ്ഘാടന മൽസരം കളിച്ച കോമളിനെ മറ്റു മൽസരങ്ങളിൽ പകരക്കാരനായിപ്പോലും ഇറക്കിയില്ല. ലോകകപ്പ് ടീമിനെ ഒരുമിച്ചു നിലനിർത്തുന്നതിന്റെ ഭാഗമായി ‘ഇന്ത്യൻ ആരോസ്’ രൂപീകരിച്ചപ്പോൾ അതിലും കോമൾ ഉൾപ്പെട്ടില്ല. ഫുട്ബോ‍ൾ ഭാഷയിൽ ക്ലബുകളൊന്നുമില്ലാതെ, ‘ഫ്രീഏജന്റ്’ ആണിപ്പോൾ തട്ടാൽ.

ലോകകപ്പിൽ ആദ്യ മാച്ചിനു ശേഷം കോമൾ തട്ടാലിനെ മാറ്റിനിർത്തിയതിനെക്കുറിച്ച് ഡി മാറ്റോസ് പറഞ്ഞത് ഇങ്ങനെ: ‘ശാരീരികമായി വളരെയധികം കരുത്തുള്ള എതിരാളികളുമായി പോരാടി ജയിക്കാൻ കോമളിനു കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അതുതന്നെയാണു മാറ്റിനിർത്താൻ കാരണം.’ ഇപ്പറഞ്ഞതിനപ്പുറം ചില പൊരുത്തക്കേടുകൾ കോച്ചും കളിക്കാരനുമായുണ്ടെന്നത് ആരോസ് ടീം രൂപീകരണം തെളിയിക്കുന്നു.

എന്നാൽ ഇന്ത്യൻ ആരോസിലേക്കില്ല എന്നതു തന്റെ തീരുമാനമാണെന്നും തഴയപ്പെട്ടില്ലെന്നും കോമൾ പറയുന്നു. കോമളിനു താൽപര്യം കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാനാണെന്ന് ഏജന്റ് സൂചന നൽകുന്നു. മികച്ച വേഗവും പന്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്താനുള്ള കഴിവും ഈ കോമളിനുണ്ട്. വിളിക്കുമോ ബ്ലാസ്റ്റേഴ്സ്?

related stories