Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സ് ഇനിയും വൈകരുത്; ടീമിന് ഒത്തിണക്കമില്ല, മധ്യനിര ഫലപ്രദമാകുന്നില്ല

Miku-Scores കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സി താരം മിക്കു ഗോൾ നേടിയപ്പോൾ. ചിത്രം: റോബർട്ട് വിനോദ്

കൊച്ചി ∙ ഈ ആരാധകർ ഇതിൽക്കൂടുതൽ അർഹിക്കുന്നുണ്ട്. കപ്പ് എടുക്കലും കലിപ്പ് അടക്കലുമൊക്കെ തൽക്കാലം മാറിനിൽക്കട്ടെ. മഞ്ഞയണിഞ്ഞെത്തുന്ന, ചങ്കു പറിച്ചു നൽകുന്ന കാണികൾക്കു കളി കഴിഞ്ഞു തല ഉയർത്തി മടങ്ങാനുള്ള അവസരമൊരുക്കൂ. അതിന് ഈ പ്രകടനം പോരാ. ബ്ലാസ്റ്റേഴ്സ് ഒരു ടീം തന്നെയാകണം.

ഗോൾ അടിക്കുന്ന ടീം. മധ്യനിരയുള്ള ടീം. പദ്ധതിയും ആസൂത്രണവുമുള്ള ടീം. മാറ്റത്തിന്റെ പന്ത് ബ്ലാസ്റ്റേഴ്സിന്റെ കോർട്ടിലാണ്. നീക്കങ്ങൾ തുടങ്ങാൻ വൈകിക്കേണ്ട. ഇനിയും വൈകിയാൽ ഐഎസ്എൽ കാത്തുനിൽക്കുകയില്ല.

∙ ഇനിയും ഒത്തിണങ്ങാതെ

ഈ ടീം അത്ര മോശമൊന്നുമല്ല. എതിരാളികൾ ഭയപ്പെടുന്നുണ്ട് ഈ ലൈനപ്പ്. കരുത്തരായ ബെംഗളൂരു എഫ്സി തങ്ങളുടെ സ്വതസിദ്ധ ഗെയിം വിട്ടു വളരെ കരുതലോടെ കളിച്ചതിലുണ്ട് ആ പ്രതിപക്ഷ ബഹുമാനം. രണ്ടാം പകുതിയിൽ പെനൽറ്റിയിലൂടെ ലീഡെടുത്ത ശേഷമേ ബെംഗളൂരുവിന്റെ കളിയിലെ പിരിമുറുക്കം അയഞ്ഞുള്ളൂ. ഒരു ടീമെന്ന നിലയിൽ ഇനിയും ഒത്തിണക്കം കാട്ടാത്തതാണു ബ്ലാസ്റ്റേഴ്സിന്റെ വഴിമുടക്കുന്നത്.

ഇതുവരെ കിട്ടിയതിൽ ഏറ്റവും മികച്ച താരനിരയുണ്ട്. പക്ഷേ, കളത്തിൽ പഴയ ആ സ്പിരിറ്റ് കാണാനാകുന്നില്ല. ലീഗിൽത്തന്നെ ഏഴു മൽസരം കഴിഞ്ഞു. സന്നാഹമൽസരങ്ങൾ വേറെയും. എന്നിട്ടും ഒത്തിണക്കം കൈവന്നിട്ടില്ലെങ്കിൽ അതിനു ഡോസ് കൂടിയ മരുന്നിലുള്ള ചികിൽസ തന്നെ അനിവാര്യം.

∙ മധ്യനിര എന്ന സങ്കൽപം

എവിടെ ടീമിന്റെ മധ്യനിര? ലൈനപ്പിൽ അല്ലാതെ കളത്തിൽ ഇതേവരെ മധ്യനിരയുടെ സാന്നിധ്യം തോന്നിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. മിഡ്ഫീൽഡിലൊരു പടനായകന്റെ അഭാവം പ്രകടം. മധ്യനിരയിലെ ക്ഷീണം ടീമിന്റെ മുന്നേറ്റത്തിൽ മാത്രമല്ല, പ്രതിരോധത്തിലും തിരിച്ചടിയാകുന്നുണ്ട്. ജിങ്കാനും റുവാത്താരയും റിനോയും പോലുള്ള പ്രതിരോധക്കാർക്ക് ഇരട്ടി ഭാരമുണ്ടാക്കുന്നു ഈ ‘സങ്കൽപ മധ്യനിര’.

ആക്രമിച്ചു കളിക്കുന്ന വിങ് ബാക്കുകൾ ഏതൊരു ടീമിന്റെയും സ്വപ്നമാണ്. ഫുട്ബോളിന്റെ സൗന്ദര്യവുമാണ്. പക്ഷേ, വിങ് ബാക്കുകൾ മാത്രമുണ്ടായാൽ ഗോൾ വരില്ലല്ലോ. ബെംഗളൂരുവിന്റെ പാർത്താലുവും പുണെയുടെ ജൊനാഥൻ ലൂക്കയും ചെയ്യുന്നതിനു സമാനമായൊരു റോൾ ഏറ്റെടുക്കൻ ബ്ലാസ്റ്റേഴ്സിന്റെ മധ്യത്തിലൊരാൾ വന്നേ തീരൂ. 

∙ ഗോൾവല കുലുക്കണ്ടേ?

പിന്നോട്ടിറങ്ങിച്ചെന്നു പന്തു പിടിച്ചെടുത്തു തളികയിലെന്നവണ്ണം മുന്നേറ്റക്കാർക്ക് എത്തിക്കുന്നൊരു  മധ്യനിര അല്ലെങ്കിൽ കിട്ടുന്ന അവസരം മുതലെടുത്തു പ്രതിരോധനിരയെ കീറിമുറിക്കാൻ കെൽപുള്ള മുന്നേറ്റനിര –ഇതിലൊന്നു മാത്രം മതി ടീമിന്റെ പേരിൽ ഗോൾ നിറയാൻ. ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ഈ അഭാവം മറികടക്കാനുള്ള ശ്രമവും ടീമിൽ നിന്നുണ്ടാവുന്നില്ല.

മുന്നേറ്റനിരക്കാർക്കു ലോങ് ബോളിലൂടെ പന്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ പോലും തന്ത്രം മാറ്റിപ്പിടിക്കുന്ന ലക്ഷണം കണ്ടില്ല. വിങ്ങുകളിലൂടെ ജാക്കിചന്ദും റുവാത്തരയും നടത്തിയ നീക്കങ്ങൾ ബോക്സിനു സമീപം സ്വീകരിക്കാനാളില്ലാതെ പാഴാകുന്നതും കാണികൾ തലയിൽ കൈവച്ചാണു കണ്ടിരുന്നത്. ഒരു നല്ല കളി മതിയാകും ഈ കുറവുകളിൽനിന്നു ടീം കരകയറാൻ. ബ്ലാസ്റ്റേഴ്സ് ഇതിനു മുൻപതു തെളിയിച്ചിട്ടുമുള്ളതാണ്. ഇക്കുറി അതെപ്പോൾ സംഭവിക്കും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

related stories