Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദ്യം ഇതാണ്, (ഡൽഹിക്കെതിരെ) കേരള ബ്ലാസ്റ്റേഴ്സ് – ഇയാൻ ഹ്യൂം = ???

Hume

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഐഎസ്എൽ നാലാം സീസണിൽ മറക്കാൻ പറ്റുന്ന ദിനമല്ല ജനുവരി 10. അന്നാണ് ഡൽഹി ഡൈനാമോസിനെ അവരുടെ മടയിൽചെന്ന് മലർത്തിയടിച്ച് ജിങ്കാനും സംഘവും നാലാം സീസണിലെ രണ്ടാം ജയം കുറിച്ചത്. വിജയം നേടിയെന്നതിനൊപ്പം തന്നെ ആരാധകരെ സന്തോഷിപ്പിച്ചത് അവർക്കേറ്റവും പ്രിയപ്പെട്ട ഹ്യൂമേട്ടന്റെ ബൂട്ടുകൾ പ്രഹരശേഷി വീണ്ടെടുത്തായിരുന്നു. എട്ടു മൽസരങ്ങൾ നീണ്ട ഗോള്‍ വരൾച്ചയ്ക്ക് ഒൻപതാം മൽസരത്തിന്റെ 12–ാം മിനിറ്റിൽ വിരാമമിട്ട ഹ്യൂം പക്ഷേ അവിടം കൊണ്ടും നിർത്തിയില്ല. ഐഎസ്എല്ലിൽ തന്റെ മൂന്നാം ഹാട്രിക്കും ഈ സീസണിലെ നാലാം ഹാട്രിക്കും സ്വന്തം പേരിലാക്കിയാണ് താരം തിരിച്ചുകയറിയത്.

എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ വലയിലാക്കിയ ഇയാൻ ഹ്യൂം അർഹിക്കുന്ന നേട്ടം തന്നെയാണ് ഡൽഹിക്കെതിരെ സ്വന്തമാക്കിയതെന്നത് നൂറുവട്ടം. കഴിഞ്ഞ എട്ടു മൽസരങ്ങളിലും ഗോളൊന്നും നേടാനായില്ലെങ്കിലും അധ്വാനിച്ചു കളിക്കുന്ന ഹ്യൂം എന്നും ആരാധകരുടെ പ്രിയ താരമായിത്തന്നെ തുടർന്നു. ഇനിയും ഇരുപതു പിന്നിട്ടിട്ടില്ലാത്ത മാർക്ക് സിഫ്നിയോസിനെപ്പോലുള്ള താരങ്ങൾ കിതച്ചുനിൽക്കുമ്പോൾ സമാനതകളില്ലാത്തവിധം മൈതാനം നിറഞ്ഞുകളിക്കുന്ന 34 പിന്നിട്ട ഹ്യൂമിനെ ആരാധകർ ഇഷ്ടപ്പെടാതെ പോകുന്നതെങ്ങനെ!

ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാകും, മൈതാനമധ്യത്തിൽ പന്ത് പോകുന്ന സ്ഥലങ്ങളിലെല്ലാം ഓടിയെത്തുന്ന ഒരേയൊരു താരമാണ് ഹ്യൂം. പന്ത് എതിരാളികളുടെ പകുതിയിലോ ബോക്സിലോ ആണെങ്കിലും അവിടെ ഹ്യൂമുണ്ടാകും. ഇനി പന്ത് സ്വന്തം ബോക്സിനുള്ളിലാണെങ്കിൽ അവിടെയും കാണും ആ ‘മൊട്ടത്തലയൻ’. വർഷങ്ങൾക്കു മുൻപ്, ഐഎസ്എൽ എന്ന ആശയം റിലയൻസ് അധികൃതരുടെ ശിരസിൽ ഉദിക്കുന്നതിനും മുൻപ്, എതിർ ടീമിലെ താരവുമായി കൂട്ടിയിടിച്ച് മാസങ്ങളോളം മരണവുമായി മല്ലിട്ടു കഴിഞ്ഞ താരമാണ് ഹ്യൂമെന്നത് അറിയാത്ത ആരാധകരുണ്ടാകില്ല.

മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്കും അവിടെനിന്ന് അവിശ്വസനീയമായ സമയംകൊണ്ട് കളിക്കളത്തിലേക്കും തിരിച്ചെത്തി അതിജീവനത്തിന്റെ മറുവാക്കായി മാറിയ ഹ്യൂം, ഐഎസ്എൽ നാലാം സീസണിൽ അതിജീവനത്തിനായി പൊരുതുന്ന മഞ്ഞപ്പടയുടെ രക്ഷകനാകില്ലെന്നാരു കണ്ടു! തുടർച്ചയായ രണ്ടാം മൽസരത്തിലും എതിരാളിയുമായി കൂട്ടിയിടിച്ച് ചോരയൊലിപ്പിച്ച് മൈതാനത്ത് കിടക്കുന്ന ഹ്യൂമിനെ ഡൽഹിക്കെതിരായ മൽസരത്തിൽ കണ്ടു. മെഡിക്കൽ ടീമിനൊപ്പം മൈതാനം വിട്ട ഹ്യൂം ജഴ്സിക്കു ചേരുന്ന നിറമുള്ള തലയിൽക്കെട്ടുമായി അതിവേഗം കളിക്കളത്തിലേക്കു തിരിച്ചെത്തുമ്പോൾ ആരാധകർ അദ്ഭുതപ്പെട്ടില്ല. കാരണം, അവർക്കതൊരു പതിവു കാഴ്ചയായിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മൽസരത്തിനിടെ പരുക്കേറ്റു വീണ ഹ്യൂം മഞ്ഞ നിറമുള്ള തലയിൽക്കെട്ടുമായി മൈതാനത്ത് മടങ്ങിയെത്തിയത് അവർ കണ്ടതാണല്ലോ.

കേരള ബ്ലാസ്റ്റേഴ്സ് – ഇയാൻ ഹ്യൂം = ???

ഇയാൻ ഹ്യൂമെന്ന താരത്തിന്റെ പ്രകടനവും ഡ‍ൽഹിക്കെതിരായ വിജയവും സമ്മാനിക്കുന്ന ആശ്വാസത്തിനിടയിലും ടീമെന്ന നിലയിലുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആശങ്കപ്പെടുത്തുന്നതാണ്. ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിന് മുൻപു കളിച്ച എട്ടു മൽസരങ്ങളിൽ ആറും തോറ്റ ടീമാണ് ‍ഡൽഹി ഡൈനാമോസ് എന്നതാണ് സത്യം. സീസണിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത ‘നേട്ടം’. ഈ ടീമിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം ജയം കുറിച്ചിരിക്കുന്നത്. ആദ്യ ജയം കുറിച്ച ടീമും അത്ര വമ്പൻമാരല്ല. ഈ സീസണിൽ ഇനിയും ഫോം കണ്ടെത്താനാകാതെ ഉഴറുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡാണത്.

ഇതുവരെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സിനു പിന്നിലുള്ള സ്ഥിരം ടീമുകളാണ് ഡൽഹിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമെന്നും ഓർക്കുക. എന്നിട്ടുപോലും ടീമെന്ന നിലയിൽ ഡൽഹിക്കെതിരെ ബ്ലാസ്റ്റേഴ്സിന് ഒത്തിണക്കം കാട്ടാനായില്ല. പെകൂസന്റെ വേഗമേറിയ നീക്കങ്ങളും പോസ്റ്റിനു മുൻപിൽ അസാധാരണ മികവിലേക്കുയർന്ന ഹ്യൂമിന്റെ അധ്വാനവും ഫിനിഷിങ് പാടവവും ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ മൽസരം ബ്ലാസ്റ്റേഴ്സ് തോറ്റേനെ എന്നു കരുതിയാൽപ്പോലും തെറ്റില്ല. അത്രയ്ക്ക് മോശമായിരുന്നു ടീമിന്റെ പ്രകടനം. നല്ല ഫുട്ബോൾ കളിച്ചിട്ടും ഞങ്ങൾ തോറ്റു എന്ന ഡൽഹി ഡൈനാമോസ് പരിശീലകൻ മിഗുവേൽ പോർച്ചുഗലിന്റെ വിലാപത്തിലും കാര്യമുണ്ടെന്നു ചുരുക്കം.

മധ്യനിരയിലെ വിടവ് ആരു നികത്തും?

എതിർ ടീമിന് നീക്കങ്ങൾ മെനയാൻ മൈതാനമധ്യത്തിൽ ഇഷ്ടംപോലെ സ്ഥലം അനുവദിക്കുന്നുവെന്നതാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. ആ പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡൽഹിക്കെതിരായ മൽസരം തെളിയിച്ചു. പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്ന കാര്യത്തിലുമെല്ലാം മുന്നിട്ടുനിന്നത് ഡൽഹിയായിരുന്നുവെന്ന് മനസിലാക്കാൻ കണക്കുകൾ പോലും ഉദ്ധരിക്കേണ്ട, കളി കണ്ടാൽ മാത്രം മതി. ജെറോൺ ലുമുവിന്റെ നേതൃത്വത്തിൽ മധ്യനിരയിൽ ഡൽഹി കളി മെനയുന്ന കാഴ്ച അതീവ സുന്ദരമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനമാകട്ടെ കറേജ് പെകൂസനും ലാൽറുവാത്താരയും ഉൾപ്പെടെയുള്ളവർ കളിച്ച ഇടതുവിങ്ങ് കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ സമയവും.

പുണെയ്ക്കെതിരായ കഴിഞ്ഞ മൽസരത്തിലെ രണ്ടാം പകുതിയിൽ പുറത്തെടുത്ത പ്രകടനം സമ്മാനിച്ച അമിത പ്രതീക്ഷകൾ കൊണ്ടാണോ എന്നറിയില്ല, കെസിറോൺ കിസീത്തോയെന്ന യുഗാണ്ടൻ വിസ്മയം ഇത്തവണ അത്ര കണ്ട് അദ്ഭുതപ്പെടുത്തിയില്ല. കഴിഞ്ഞ മൽസരം മുതൽ കൂടുതൽ ‘ടീം മാനാ’യി മാറിയ കറേജ് പെകൂസന്റേത് ഭേദപ്പെട്ട പ്രകടനമായിരുന്നു. ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളിലൂടെ ആരാധകരുടെ കണ്ണിലെ കരടായെങ്കിലും ഓടിക്കളിക്കുന്ന കാര്യത്തിൽ ഹ്യൂമിനൊപ്പം പിടിച്ചുനിൽക്കാൻ സാധിക്കുന്ന പെകൂസനാണ് മൽസരത്തിലെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയത് എന്നത് എന്തുകൊണ്ടും കാവ്യനീതിയായി. സിയാം ഹംഗൽ പതിവുപോലെ ആർക്കോ വേണ്ടി കളിച്ചപ്പോൾ, ജാക്കിചന്ദ് സിങ് പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ നിരാശപ്പെടുത്തി.

ആദ്യപകുതിയിൽത്തന്നെ പരുക്കേറ്റ് കയറിയ ദിമിതർ ബെർബറ്റോവ് വീണ്ടും നിരാശപ്പെടുത്തിയപ്പോൾ പകരമിറങ്ങിയ മാർക്ക് സിഫ്നിയോസ് അതിലേറെ നിരാശപ്പെടുത്തി. 34കാരനായ ഇയാൻ ഹ്യൂമിനെയൊക്കെ സിഫ്നിയോസ് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും 20 വയസ് തികഞ്ഞിട്ടില്ലാത്ത സിഫ്നിയോസ് എത്ര ഉദാസീനമായ കളിയാണ് കളത്തിൽ പുറത്തെടുക്കുന്നത്. പ്രത്യേകിച്ചും ഡൽഹിക്കെതിരായ മൽസരത്തിന്റെ രണ്ടാം പകുതിയിൽ. എന്നും ബ്ലാസ്റ്റേഴ്സിന്റെ ബലമായ പ്രതിരോധവും ഈ മൽസരത്തിൽ കെട്ടുറപ്പില്ലാത്ത പ്രകടനത്തിലൂടെ ആശങ്കപ്പെടുത്തി.  ഈ മൽസരത്തിൽ ഡൽഹി നേടിയ ഗോൾ പോലും പ്രതിരോധവും ഗോൾകീപ്പറും തമ്മിലുള്ള ആശയക്കുഴപ്പത്തിന്റെ ഫലമായിരുന്നു.

മൽസര ഫലം നിർണയിച്ചത് ഹ്യൂം, ഹ്യൂം മാത്രം!

കഴിഞ്ഞ മൽസരത്തിൽ പുണെയ്ക്കെതിരെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കളിച്ച കളിക്ക് സമാനമായിരുന്നു ഈ മൽസരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡൽഹിയുടെ കളി. ഗോളിനായി ഡൽഹി താരങ്ങൾ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയതോടെ ബ്ലാസ്റ്റേഴ്സ് ഏതു നിമിഷവും ലീഡ് വഴങ്ങാമെന്ന സ്ഥിതിയായിരുന്നു കളത്തിൽ. ആരാധകരിൽ പ്രതീക്ഷ ജനിപ്പിക്കുന്ന ഒരു മുന്നേറ്റം പോലും സംഘടിപ്പിക്കാനാകാതെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉഴറിനിന്നു.

അതിനിടെയായിരുന്നു വ്യക്തിഗത മികവുകൊണ്ടു മാത്രം നേടിയ മികച്ചൊരു ഗോളിലൂടെ ഹ്യൂം ടീമിന് അപ്രതീക്ഷിതമായി ലീഡ് സമ്മാനിച്ചത്. ഇടതുവിങ്ങിൽനിന്ന് കറേജ് പെകൂസന്റെ ത്രോയിൽനിന്ന് ലഭിച്ച പന്തുമായി മൂന്ന് ഡൽഹി താരങ്ങളെ ഡ്രിബ്ലിങ് പാടവത്തിലൂടെ കടന്നുകയറി തടയാനെത്തിയ രണ്ട് ഡൽഹി പ്രതിരോധനിരക്കാരെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്ത് ഹ്യൂം നേടിയ ഈ ഗോളാണ് അന്തിമഫലം ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കിയത്.

അപ്രതീക്ഷിതമായി ലീഡ് വഴങ്ങേണ്ടി വന്നതോടെ വിരണ്ടുപോയ ഡൽഹിയുടെ തളർച്ച മുതലെടുത്ത ഹ്യൂം മൂന്നാം ഗോളും ഹാട്രിക്കും തികച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന് വിജയമുറപ്പായത്. 3–1ന് ലീഡ് നേടിയശേഷവും ഡൽഹി മുന്നേറ്റങ്ങൾക്കു മുന്നിൽ പതറി നിൽക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആശങ്ക ശരിവയ്ക്കുന്ന കാഴ്ചയായി.

ഇനി എല്ലാം ഡേവിഡ് ജയിംസിന്റെ കയ്യിൽ

മ്യൂലൻസ്റ്റീൻ പാതിവഴിക്ക് പെട്ടിമടക്കിയതോടെ ടീമിന്റെ ചുമതലയേറ്റ ഡേവിഡ് ജയിംസിന് ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിനെ ഒരുക്കാൻ മതിയായ സമയം ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഡൽഹിക്കെതിരായ മൽസരത്തോടെ ബ്ലാസ്റ്റേഴ്സ് ലീഗിൽ പാതിദൂരം പിന്നിട്ടു കഴിഞ്ഞു. ഒൻപതു മൽസരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞ ബ്ലാസ്റ്റേഴ്സിനു മുന്നിൽ ഇനിയുള്ളത് കൃത്യം ഒൻപത് മൽസരങ്ങളാണ്. ആകെയുള്ള ഒരു പോരായ്മ കഴിഞ്ഞുപോയ ഒൻപതു മൽസരങ്ങളിൽ ഏറെയും ഹോം മൽസരങ്ങളായിരുന്നു എന്നതാണ്.

David-James ഡേവിഡ് ജയിംസ് സി.കെ. വിനീതിനും റിനോ ആന്റോയ്ക്കുമൊപ്പം. (ചിത്രം: ഐഎസ്എൽ)

ഇനിയുള്ള ഒൻപതു മൽസരങ്ങളിൽ ഏറെയും എതിരാളികളുടെ മൈതാനത്താണ്. കൃത്യമായി പറഞ്ഞാൽ ഇനി മൂന്നു മൽസങ്ങളിൽ മാത്രമേ സ്വന്തം കാണികള്‍ക്കു മുന്നിൽ പന്തു തട്ടാൻ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിക്കൂ. എങ്കിൽക്കൂടി, ഡേവിഡ് ജയിംസിന്റെ രണ്ടാം വരവിലെ ആദ്യ മൽസരത്തിൽ ‘സമനില’ വീണ്ടെടുത്ത ബ്ലാസ്റ്റേഴ്സ് തൊട്ടടുത്ത മൽസരത്തോടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ശുഭലക്ഷണവുമാണ്. പരുക്കേറ്റു വിശ്രമിക്കുന്ന സി.കെ. വിനീതും നെമാഞ്ച പെസിച്ചിനെപ്പോലുള്ള താരങ്ങളും മടങ്ങിവരാന‍് തയാറെടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിനായി നല്ലൊരു ഫോർമേഷൻ കണ്ടെത്താൻ ജയിംസിന് സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കാം.

ഇനി 14 ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം. ചുരുക്കത്തിൽ, നോക്കൗട്ട് റൗണ്ടിന്റെ വീറും വാശിയും ഇനിയങ്ങോട്ട് ബ്ലാസ്റ്റേഴ്സ് കളത്തിൽ കാട്ടേണ്ടിയിരിക്കുന്നു.

related stories