Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം വരവിൽ പെരിയ ചെന്നൈ

CH-FC

പോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ചെന്നൈയിൻ എഫ്സി. ആ ശ്രമം പാഴാകില്ലെന്നു വിളിച്ചുപറയുന്നുണ്ട് ടീമിന്റെ ലൈനപ്പ്. പുതിയ പരിശീലകനും തന്ത്രങ്ങളുമായെത്തുന്ന ചെന്നൈപ്പടയിൽ രണ്ടാം കിരീടത്തിനു വേണ്ട സന്നാഹങ്ങൾ തെളിഞ്ഞുകാണാം.

പടയൊരുക്കം

പോയ സീസണിൽ ഏഴാം സ്ഥാനത്തേക്കു വീണതിന്റെ ആഘാതം ഈ വർഷത്തെ ടീം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുണ്ട്. ടീമിന്റെ മുഖമായിരുന്ന മാർക്കോ മറ്റെരാസി കളമൊഴിഞ്ഞു. അതോടെ ഇറ്റാലിയൻ ശൈലിയും ടീം കൈയൊഴിഞ്ഞു. ഇംഗ്ലിഷിലാണ് പുതിയ തന്ത്രം. ജോൺ ഗ്രിഗ‌റിയെന്ന ഇംഗ്ലിഷ് ചാണക്യനെ ദൗത്യമേൽപ്പിച്ചെത്തുന്ന ചെന്നൈ പഴയ ടീമിലെ തിളക്കങ്ങളെ നിലനിർത്താനും ശ്രദ്ധിച്ചു. എടുത്തുപറയാവുന്ന വിദേശമുഖങ്ങളിലാണ് പ്രതീക്ഷ. പരിചയവും പ്രകടനവും ഒത്തുനോക്കിയാണ് ആ തിരഞ്ഞെടുപ്പ്. ഇന്നത്തെ താരങ്ങളും നാളെയുടെ താരങ്ങളുമായി ഇന്ത്യയിലെ മിന്നും താരങ്ങളുടെ സാന്നിധ്യം ചെന്നൈയുടെ കരുത്തേറ്റുന്നു. ജയവും തോൽവിയും നേരിട്ട തായ്‌ലൻഡിലെ പ്രീ–സീസണോടെയാണ് ടീമിന്റെ ഒരുക്കം.

പ്രതിരോധനിര

പ്രതിരോധത്തിലെ ഊർജപ്രവാഹമായിരുന്ന ഫ്രഞ്ച് താരം ബെർണാഡ് മെൻഡി കളമൊഴിഞ്ഞതിന്റെ വിടവ് പ്രതിഫലിക്കാത്ത വിധമാണ് ഗ്രിഗറി ടീമിന്റെ കാവൽ അഴിച്ചു പണിതിട്ടുള്ളത്. അത്‌ലറ്റിക്കോ കൊൽക്കത്തയുടെ ഭാഗമായിരുന്ന പോർചുഗീസ് താരം സെറെനോ ഫോൻസേക്കയാണ് പ്രതിരോധത്തിലെ നായകൻ. ഇംഗ്ലിഷ് ലീഗുകളിൽ കളിച്ചേറെ പരിചയമുള്ള സ്പാനിഷ് റൈറ്റ് ബാക്ക് ഇനിഗോ കാൽഡെറനും ബ്രസീലിയൻ ഡിഫൻഡർ മെയ്ൽസൺ ആൽവസുമാണു സെറേനോയുടെ വിദേശ കൂട്ടാളികൾ.

പോയ സീസണിൽ സൂപ്പർ ലീഗിന്റെ കണ്ടെത്തലായ കൗമാരതാരം ജെറി ലാൽറിൻസുവാലയും പരിചയസമ്പന്നനായ ധനചന്ദ്ര സിങ്ങും ലെഫ്റ്റ് ബാക്കാകാൻ തയാറെടുക്കുന്ന ടീമിനു ഗോവൻ ജോടികളായ കീനൻ അൽമേഡയും കർഡോസോയും എഫ്സി ഗോവ വിട്ടെത്തുന്ന സഞ്ജയ് ബൽമൂചും ചേരുന്നതോടെ പഴുതടഞ്ഞ പ്രതിരോധം സ്വന്തമാകും. ഇന്ത്യൻ താരം കരൺജിത് സിങ് തന്നെ ഗോൾ വല കാക്കും. പവൻ കുമാറിനും മലയാളി താരം ഷഹിൻലാൽ മേലൊളിയുമാണ് പകരക്കാർ.

മുന്നേറ്റനിര

സ്റ്റീവൻ മെൻഡോസയെന്ന ഗോൾവേട്ടക്കാരന്റെ മിന്നലാട്ടമായിരുന്നു ചെന്നൈയുടെ കിരീട വിജയത്തിന്റെ രഹസ്യം. പോയ സീസണിൽ ടീമിനു നഷ്ടമായതും ആ മികവ്. അതു തിരിച്ചറിഞ്ഞിട്ടാവണം ആക്രമണനിരയിൽ ഇക്കുറി രണ്ട് അജ്ഞാത ആയുധങ്ങളെ ചെന്നൈ ചേർത്തത്. നെതർലൻഡ് താരം ഗ്രിഗറി നെൽസണും നൈജീരിയൻ താരം ജൂഡ് ന്വോറഹുമാണ് മുന്നേറ്റത്തിലെ പുത്തൻ സാന്നിധ്യങ്ങൾ. ഇരുവിങ്ങുകളിലും ഭീഷണി വിതയ്ക്കാൻ കെൽപ്പുള്ളയാളാണ് ‍ഡച്ച് താരം. ജൂഡ് ആകട്ടെ ഡാനിഷ് ലീഗിൽ ഗോൾ മെഷീനെന്നു പേരെടുത്ത സ്ട്രൈക്കറും. ഇന്ത്യയിൽ ഇന്നുള്ള ഏറ്റവും മികച്ച ഫോർവേഡുകളിലൊരാളായ ജേജെ ലാൽപെഖ്‌ലുവയും നാളെയുടെ താരമെന്നു പ്രവചിക്കപ്പെടുന്ന കൗമാരതാരം ബവോറിങ്ദോ ബോദോയും ബൂട്ടണിയുന്ന മുന്നണിയിൽ ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫിയും അവസരം കാത്തുണ്ട്.

മധ്യനിര

മികവ് തെളിയിച്ചു കഴിഞ്ഞ വിദേശ – സ്വദേശ താരങ്ങളുടെ കൂട്ടായ്മയാണ് ചെന്നൈയിൻ മധ്യം. സ്പാനിഷ് താരം ഹൈമി ഗാവിലനും ബ്രസീലിൽ നിന്നുള്ള റാഫേൽ അഗസ്റ്റോയും ഐഎസ്എലിൽ പലവട്ടം മിന്നിത്തിളങ്ങിയവർ. വലൻസിയ, ഗെറ്റാഫെ, ലെവാന്റെ പോലുള്ള ലാലിഗ ക്ലബ്ബുകളുടെ താരമായിരുന്ന ഗാവിലൻ എടികെയ്ക്കു വേണ്ടിയാണ് ആദ്യം ഇന്ത്യയിലെത്തിയത്. മുൻ സീസണിൽ ചെന്നൈയുടെ മിഡ്ഫീൽഡ് ജനറലായിരുന്നു അഗസ്റ്റോ. സ്ലൊവേനിയൻ ഇന്റർനാഷനൽ റെനി മിഹെലിച്ച് കൂടി ചേരുന്നതാണ് വിദേശത്രയം. ഇന്ത്യൻ താരങ്ങളെ കാണുക– ബിക്രംജിത് സിങ്, അനിരുദ്ധ് ഥാപ്പ, ധൻപാൽ ഗണേഷ്, ജർമൻപ്രീത് സിങ്, ഫ്രാൻസിസ് ഫെർണാണ്ടസ്.

ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങിയവരാണ് ഇവരെല്ലാം. ഇവർക്കൊപ്പം മധ്യത്തിലെ പടക്കുതിരയെന്നു വിശേഷണം നേടിയ തോയ് സിങ് കൂടി ചേരുന്നതോടെ തമിഴക ടീമിന്റെ മധ്യം പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തും.

ടോപ് സ്റ്റാർ - ഹൈമി ഗാവിലൻ

ഒരു പതിറ്റാണ്ടിലേറെ കാലം സ്പാനിഷ് ലാലിഗയുടെ മുഖങ്ങളിലൊന്നായി വാണ താരമാണ് ഹൈമി ഗാവിലൻ. സ്പെയിൻ ജൂനിയർ ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ മധ്യനിരക്കാരൻ. അരഗോണിസിന്റെ സ്പാനിഷ് സംഘത്തിൽ ഇടം നേടിയെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. സീനിയർ ടീമിലെ പ്രതിഭാ ധാരാളിത്തം ഒന്നു മാത്രമായിരുന്നതിനു കാരണം. വലെൻസിയയുടെ അക്കാദമിയിലൂടെ കളി തുടങ്ങിയ ഗാവിലനു ലാലിഗയിൽ ഇരുന്നൂറിലേറെ മൽസരങ്ങളുടെ അനുഭവസമ്പത്തുണ്ട്. വലൻസിയ, ഗെറ്റാഫെ, ലെവാന്തെ പോലുള്ള ക്ലബ്ബുകളുടെ മധ്യനിര എൻജിനായി പേരെടുത്ത മുപ്പത്തിരണ്ടുകാരന് ഐഎസ്എലിൽ ഇതു രണ്ടാമൂഴം.

വാർ റൂം ലീഡർ - ജോൺ ഗ്രിഗറി

കളിക്കാരനായും കളിയൊരുക്കുന്നവനായും പേരെടുത്ത ഫുട്ബോൾ പഴ്സനാലിറ്റി. ഇംഗ്ലിഷ് ഫുട്ബോളിൽ ജോൺ ചാൾസ് ഗ്രിഗറിയുടെ പേരു പതിഞ്ഞിട്ടുള്ള ക്ലബ്ബുകളുടെ പട്ടിക അൽപം നീളും. നോർതാംപ്ടൺ, ആസ്റ്റൺവില്ല, ക്യൂൻസ് പാർക്ക് റേഞ്ചേഴ്സ്...എന്നിങ്ങനെ പോകുന്നു അത്. ഇംഗ്ലണ്ട് ടീമിന്റെ വെള്ളക്കുപ്പായത്തിലും കളിച്ചിട്ടുണ്ട് ഈ മിഡ്ഫീൽ‍ഡർ. കാൽനൂറ്റാണ്ടിനു മുൻപ് പോർട്സ്മൗത്തിന്റെ ടീമിനെയൊരുക്കിയാണ് കോച്ചിങ് കരിയറിന്റെ തുടക്കം. ആസ്റ്റൺവില്ലയും ക്യുപിആറും അടക്കമുള്ള ക്ലബ്ബുകൾ പരിശീലകനായും ഈ അറുപത്തിമൂന്നുകാരന്റെ സേവനം തേടിയിട്ടുണ്ട്.

ടോപ് 3 ഇന്ത്യൻ സ്റ്റാർസ്

ജെജെ ലാൽപെഖ്‌ലുവ(26) - ഫോർവേഡ്

അനിരുദ്ധ് ഥാപ്പ(19) - മിഡ്ഫീൽഡർ ജെറി 

ലാൽറിൻസുവാല(19) - ലെഫ്റ്റ് ബാക്ക്