Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷപ്പെടുമോ നമ്മുടെ ബ്ലാസ്റ്റേഴ്സ്?! ജംഷഡ്പുർ എഫ്സിയുമായുള്ള മൽസരം നാളെ

kerala-blasters-logo

കൊച്ചി ∙ ഐഎസ്എൽ അഞ്ചാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനി 9 മൽസരങ്ങൾ. ഈയാഴ്ച രണ്ടു ഹോം മൽസരങ്ങൾ. നാളെയും 7നും. എവിടെ വരെ പോകും ഈ ബ്ലാസ്റ്റേഴ്സ്?
സാധ്യതകൾ തീരുന്നില്ല ഈ ഘട്ടത്തിൽ. ബാക്കിയുള്ള 9 കളിയിൽ 27 തരം സാധ്യതകൾ കുടുങ്ങിക്കിടക്കുന്നു. 9 കളിയിൽ പരമാവധി 27 പോയിന്റ് കിട്ടാം. ഇപ്പോഴുള്ള 8 പോയിന്റ് ചേർത്താൽ 35 ആകുമെന്നതു ഗണിതം. പക്ഷേ, അതു പറഞ്ഞാൽ കടുത്ത ആരാധകർ പോലും തലയടിച്ചു ചിരിക്കും. യാഥാർഥ്യ ബോധം അവർക്കുണ്ട്.

5 ഹോം മാച്ചിൽ 12 പോയിന്റ് കിട്ടിയാൽ നല്ലത്. 4 എവേ മാച്ചിൽ 8 പോയിന്റ് കിട്ടിയാൽ അതും മോശമല്ല. 9 മാച്ചിൽ പരമാവധി 20 പോയിന്റ്. ഇപ്പോഴത്തെ കണക്കു പുസ്തകത്തിലെ എട്ടും ചേർത്താൽ 28. പോരാ എന്നുറപ്പിച്ചു പറയേണ്ടിവരും. കാരണം, ഇപ്പോൾ ആദ്യ 6 സ്ഥാനങ്ങളിലുള്ള എല്ലാ ടീമിനും 12ൽ അധികം പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സ് ശേഷിക്കുന്ന കളികളിലെല്ലാം തിളങ്ങണം, നിലവിൽ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ തകരണം. എന്നാലേ രക്ഷയുള്ളൂ.

∙ കോച്ച് ആണോ കുഴപ്പം?

കോച്ച് ഡേവിഡ് ജയിംസിനെതിരെ തിരിഞ്ഞിട്ടുണ്ട് ആരാധകരിൽ ഒരുപക്ഷം. തന്ത്രങ്ങൾ ഫലിക്കുന്നില്ല എന്നതാണ് ആരോപണങ്ങളിൽ മുഖ്യം. ഡേവിഡ് ജയിംസിന്റെ ലോങ്ബോൾ തന്ത്രം എതിരാളികൾ പഠിച്ചെടുത്തു, ഇനി അതിനെ പേടിക്കുന്നില്ല എന്നൊരു വാദമുണ്ട്. യാഥാർഥ്യത്തിന്റെ പിൻബലമുണ്ട് അതിന്. അതു മറികടക്കേണ്ടതു ജയിംസ് തന്നെയാണ്. തന്ത്രങ്ങൾ ഫലിക്കാത്തതിൽ കോച്ചിനെ മാത്രമാണോ പഴിക്കേണ്ടത്? ചെന്നൈയിൻ എഫ്സിക്കെതിരായ മൽസരമൊഴികെ എല്ലാ കളിയിലും ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു. എല്ലാ മാച്ചിലും കൂടുതൽ അടിക്കാനുള്ള മികച്ച അവസരങ്ങളും കിട്ടി. അവസാന സ്പർശം പിഴച്ചു. ആരെയാണു പഴിക്കേണ്ടത്?

∙ പോരായ്മകൾ

എതിരാളിയുടെ മർമം പിളർത്താൻ മൂർച്ചയുള്ള ബുദ്ധികേന്ദ്രം മധ്യനിരയിൽ ഇല്ല. സെറ്റ് പീസുകളിൽ ഭീഷണി ഉയർത്താനാകുന്നില്ല. മാരകമായ ഫ്രീകിക്കുകൾക്കു പറ്റിയ കാലുകളുമില്ല. ‘ഇവനാണു ഞങ്ങളുടെ മുത്ത്’ എന്നുവിളിച്ചുപറയാൻ വിലപിടിപ്പുള്ളൊരു താരത്തിന്റെ അഭാവം. പ്രതിരോധ പ്രകടനത്തിനു സ്ഥിരതയില്ല.

∙ മാനസിക സമ്മർദം

കൂടുതൽ ആരാധകരുള്ള, ശ്രദ്ധിക്കപ്പെടുന്ന ഏതു ടീമിനും മാനസിക സമ്മർദം ഉണ്ടാകും. അതാണോ ‘മിസ്പാസുകളുടെ’ ആധിക്യത്തിനു കാരണം? ആവാം. പാർശ്വവരയ്ക്കു സമാന്തരമായുള്ള പാസുകളെല്ലാം പാളുന്നു. ഗോൾകീപ്പർമാർ മൈതാനമധ്യത്തിലേക്ക് അടിച്ചുവിടുന്ന പന്തുകൾക്കു തീരെ ലക്ഷ്യബോധമില്ല.

∙ നായകനില്ലാത്ത മധ്യനിര

ആരാണു മധ്യനിര ജനറൽ? കിസിത്തോയും പെക്കുസനുമല്ല. സഹൽ അബ്ദുൽ സമദ് നല്ല പോരാളിയാണ്. പടത്തലവനല്ല. നർസാരിയും ദുംഗലും സകല ജോലിയും ചെയ്യും. പക്ഷേ ടീമിനെ ഒന്നാകെ ഉയർത്തിയെടുക്കാനുള്ള അനുഭവസമ്പത്ത് കാണിക്കുന്നില്ല. സക്കീറിനു വേണ്ടത്ര അവസരം കിട്ടിയില്ല. നിക്കോളയുടെ ദൗത്യം പ്രതിരോധത്തെ സഹായിക്കുക എന്നതാണ്. ആക്രമണത്തിന് ആരു ചുക്കാൻ പിടിക്കും? മേൽപ്പറഞ്ഞ ഏഴു പേരിൽ നാലുപേർ ഒരുമിച്ച് ഇറങ്ങുമ്പോൾ രണ്ടുപേരെങ്കിലും പരസ്പരധാരണയോടെ, മൂർച്ചയുള്ള പാസുകൾ കൊടുത്താലേ മുൻനിരയ്ക്കു സ്കോർ ചെയ്യാനാവൂ.

ശേഷിക്കുന്ന കളികൾ‌

ഹോം: ജെഎഫ്സി, പുണെ, എടികെ, നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ.
എവേ: ബെംഗളൂരു, ഗോവ, മുംബൈ, ഡൽഹി ഡൈനമോസ്.

ഡേവിഡ് പൊസിറ്റീവ്

∙ടീമിൽ അന്തഛിദ്രങ്ങളില്ല. ആരാധകരുടെ അതൃപ്തിയോടു പരസ്യമായി പ്രതികരിക്കുന്നില്ല.

ഡേവിഡ് നെഗറ്റീവ്

∙ആവശ്യത്തിനു മൽസരങ്ങൾ ജയിക്കുന്നില്ല. സ്കോർ ചെയ്യാൻ പറ്റാതെ പതറുന്നവരെ പ്രചോദിപ്പിക്കാൻ കഴിയുന്നില്ല.

related stories