ADVERTISEMENT

ന്യൂഡൽഹി ∙ ‘പി.വി. സിന്ധു, നിങ്ങൾ എക്കാലത്തെയും മികച്ച താരമാണ്. അഭിനന്ദനങ്ങൾ...’ സ്വിറ്റ്സർലൻഡിലെ ബാസലിൽ പി.വി. സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയപ്പോൾ ആദ്യം അഭിനന്ദന ട്വീറ്റ് ചെയ്തവരിലൊരാൾ ഗുജറാത്തിലെ രാജ്കോട്ടുകാരിയായ മാനസി ജോഷിയായിരുന്നു. അതിനു തൊട്ടു മുകളിൽ മാനസി ഇങ്ങനെയും എഴുതി: ‘ടോക്കിയോ പാരാലിംപിക്സിനു കൃത്യം ഒരു വർഷം മുൻപ് പാരാബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ ഞാൻ സ്വർണം നേടിയിരിക്കുന്നു ..’.

രാജ്യത്തിനു വേണ്ടിയുള്ള സുവർണനേട്ടത്തിൽ സിന്ധുവിനു മുൻപേ പറന്ന പക്ഷിയായിരുന്നു മാനസി എന്ന കാര്യം പക്ഷേ അധികമാരും ശ്രദ്ധിച്ചില്ല. വീരോചിത സ്വീകരണത്തോടെ സിന്ധു ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മാനസിയുടെയും ആകെ 12 മെഡലുകൾ നേടിയ പാരബാഡ്മിന്റൻ ടീമിന്റെയും നേട്ടങ്ങൾ അതിൽ മുങ്ങിപ്പോയി.

പക്ഷേ, വൈകിയാണെങ്കിലും മാനസിക്കും മറ്റു ടീം അംഗങ്ങൾക്കും ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. ഇന്നലെ, ദേശീയ കായികദിനത്തിനു തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. മാനസിയും മുൻപ് രണ്ടു വട്ടം ലോക ചാംപ്യനായ പാരുൾ പാർമറും ഉൾപ്പെടുന്ന ടീമിനും ഉചിതമായ പാരിതോഷികങ്ങൾ നൽകുമെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജ്ജു പ്രഖ്യാപിക്കുകയും ചെയ്തു.

പാരബാഡ്മിന്റൻ വിഭാഗത്തിലെ ഇതിഹാസ താരമായ പാരുളിനെ തന്നെയാണ് ഫൈനലിൽ മാനസി തോൽപിച്ചത്. മുൻപ് മൂന്നു തവണ പാരുളിനോട് ഏറ്റുമുട്ടിയപ്പോഴും തോൽവിയായിരുന്നു ഫലം. ഇത്തവണ കഥ മാറി. ടോപ് സീഡായ പാരുളിനെ മാനസി വീഴ്ത്തി. ബാഡ്മിന്റൻ താരമാകണമെന്ന മോഹവുമായി പരിശീലിച്ചിരുന്ന മാനസിയെ 2011ൽ സംഭവിച്ച ഒരു അപകടമാണ് പാരബാഡ്മിന്റൻ താരമാക്കിയത്. അൻപതു ദിവസം ആശുപത്രിയിൽ കഴിഞ്ഞ മാനസിയുടെ ഇടതുകാൽ മുറിച്ചു നീക്കിയിരുന്നു.

എന്നാൽ ബാഡ്മിന്റനോടുള്ള പ്രണയം മാനസി കൈവിട്ടില്ല. പാരബാഡ്മിന്റനിൽ പരിശീലനം തുടങ്ങിയ മാനസി പെട്ടെന്നു തന്നെ രാജ്യാന്തര നിലവാരമുള്ള താരമായി. സിന്ധുവും സൈനയുമെല്ലാം പരിശീലിക്കുന്ന പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റൻ അക്കാദമിയിൽ തന്നെയാണ്, ബെംഗളൂരുവിൽ ഇലക്ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്യുന്ന മാനസിയും പരിശീലനം നടത്തുന്നത്.

∙ പാരാ ബാഡ്മിന്റൻ

ഭിന്നശേഷിയുള്ളവരുടെ ബാഡ്മിന്റൺ മത്സരങ്ങളാണ് പാരാ ബാഡ്മിന്റൻ. ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) നേതൃത്വത്തിലാണ് പാരാബാഡ്മിന്റൻ മത്സരങ്ങൾ നടത്തുന്നത്. 6 വിഭാഗങ്ങളിലാണു മത്സരങ്ങൾ. വീൽചെയർ ഉപയോഗിച്ചുളള മത്സരങ്ങളും ഇതിൽപെടും. 2020 ടോക്കിയോ പാരലിംപിക്സിൽ (ഭിന്നശേഷിക്കാരുടെ ഒളിംപിക്സ്) പാരാബാഡ്മിന്റനും ഇനമാണ്.

English Summary: Manasi Joshi Quietly Won Her First Gold at BWF Para Badminton Championships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com