ADVERTISEMENT

ബെംഗളൂരു∙ ടിസിഎസ് വേൾഡ് 10 കിലോമീറ്റർ ഓട്ടമത്സരം 62 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയപ്പോൾ അങ്കിത ഗൗർ ഓടിക്കയറിയത് നിരവധി  പേരുടെ ഹൃദയത്തിലേക്ക് കൂടിയാണ്. അഞ്ച് മാസം ഗർഭിണിയായിരിക്കെയാണ് അങ്കിത ഗൗർ മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിനു ശേഷം നിരവധിപ്പേരാണ് അങ്കിതയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷമായി പതിവായി ഓടിക്കൊണ്ടിരിക്കുന്ന അങ്കിതയ്ക്ക് നേട്ടം വെറും ‘നിസാരം’ മാത്രം. 

‘കഴിഞ്ഞ ഒൻപത് വർഷമായി ഞാൻ ചെയ്യുന്ന ഒരു കാര്യമാണിത്. മിക്കവാറും എല്ലാ ദിവസവും. ഉറക്കത്തിൽനിന്ന് ഉണരുന്ന ഉടനെ ഓടാനായി പോകും. പരുക്കേൽക്കുകയോ അസുഖങ്ങൾ വരുകയോ ചെയ്യുന്ന സമയത്ത് മാത്രമാണ് അതിൽ മാറ്റമുള്ളത്. അതുകൊണ്ടു തന്നെ ഓടുക എന്നത് എന്നെ സംബന്ധിച്ച് ശ്വാസം പോലെയാണ്. വളരെ സ്വാഭാവികമായി സംഭവിക്കുന്നത്.’ – അങ്കിത പറയുന്നു.

ഓട്ടം യഥാർത്ഥത്തിൽ വളരെ സുരക്ഷിതമാണ്. ഗർഭകാലത്ത് െചയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല വ്യായാമമാണിത്. അമേരിക്കൻ ആരോഗ്യ കൗണ്‍സിലിന്റെ നിർദേശപ്രകാരം ഗർഭക്കാലത്ത് ഓടുന്നയാൾക്ക് ബാക്കി എല്ലാ കാര്യങ്ങളും നിഷ്പ്രയാസം ചെയ്യാൻ സാധിക്കുമെന്ന് പറയുന്നതായും അങ്കിത പറയുന്നു. എൻജിനീയറായ അങ്കിൽ ഗൗർ, 2013 മുതൽ  ടിസിഎസ് വേൾഡ് 10കെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ബെർലിൻ, ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ ഇടങ്ങളിലെ രാജ്യാന്തര മാരത്തോണുകളിലും അങ്കിത പങ്കെടുത്തിട്ടുണ്ട്.

കുടുംബത്തിന്റെയും ഡോക്ടറുടേയും പൂർണ പിന്തുണയോടെയാണ് ഗർഭസമയത്തെ മത്സരത്തിൽ പങ്കെടുത്തതെന്ന് അങ്കിത പറഞ്ഞു. അമ്മയ്ക്ക് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചു. അച്ഛനും ഭർത്താവും പൂർണമായും പിന്തുണച്ചു. കൂടുതൽ വേഗത്തിൽ ഓടാൻ ശ്രമിക്കണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. മുൻപ് ടിസിഎസ് വേൾഡിൽ മെഡൽ നേടിയിട്ടുണ്ടെങ്കിലും ഇത്തവണ ഓട്ടത്തിനിടയ്ക്ക് ഇടവേളകൾ എടുക്കേണ്ടി വന്നതിനാൽ സമയം കൂടുതൽ എടുത്തു. പക്ഷേ ആത്മവിശ്വാസത്തിന്റെ മെഡൽ, അത് അങ്കിതയ്ക്ക് മാത്രം സ്വന്തം.

English Summary: Five Months Pregnant Ankita Gaur Finishes TCS World 10K Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com