ADVERTISEMENT

പത്തനംതിട്ട∙ മണിമലയാറിന്റെ തീരത്തെ പരിമിതമായ സൗകര്യങ്ങളോടു പടപൊരുതി നേടിയ ഊർജവുമായാണ് 9 അംഗ ജില്ലാ ടീം സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ തേഞ്ഞിപ്പലത്തേക്ക് വണ്ടി കയറിയത്. മനക്കരുത്തും കൈക്കരുത്തും കൂട്ടുചേർന്നപ്പോൾ 2 ഒന്നാം സ്ഥാനങ്ങളും 5 രണ്ടാം സ്ഥാനങ്ങളും 2 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ ഇവർ വാരിക്കൂട്ടിയത് 27 പോയിന്റുകൾ.

കോവിഡ് നിയന്ത്രണങ്ങൾക്കിടെ കായിക പരിശീലനം പൂർണമായി വഴിമുട്ടിയപ്പോൾ മണിമലയാറിന്റെ തീരമായിരുന്നു ഇവർക്ക് അഭയമൊരുക്കിയത്. ആനിക്കാട് കോമളം പാലത്തിനോടു ചേർന്നുള്ള ഭാഗത്ത് ‘എന്റെ മണിമലയാർ’ എന്ന കായിക പദ്ധതിക്ക് തുടക്കം കുറിച്ചതോടെയാണ് ഇവരുടെ പരിശീലനത്തിന് പുതുജീവൻ ലഭിച്ചത്.

അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇവരുടെ പോരാട്ട വീര്യത്തിന് മുന്നിൽ അതൊക്കെ അപ്രസക്തമായി. 

കാടും ചെളിയും നിറഞ്ഞ നദീതീരത്തെ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് ജില്ലയ്ക്കായി ഇവർ നേടിയെടുത്ത ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം.   

ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ കായിക പരിശീലകൻ അനീഷ് തോമസിന്റെ നേതൃത്വത്തിലായിരുന്നു ജില്ലാ ടീമിന്റെ പരിശീലനവും തേഞ്ഞിപ്പലത്തെ മിന്നും പ്രകടനവും.

∙ ഇവർ വിജയികൾ

ഒന്നാം സ്ഥാനം

∙ ബി. ഭരത് രാജ് (അണ്ടർ 18 ആൺകുട്ടികളുടെ ഹൈജംപ്)

∙ പി.എസ്. അജിനാസ്  (അണ്ടർ 20 ആൺകുട്ടികളുടെ ഷോട്പുട്)

രണ്ടാം സ്ഥാനം

∙ അതുൽ മനോജ് (അണ്ടർ 16 ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടം), 

∙ അതുൽ മനോജ് (അണ്ടർ 16 ആൺകുട്ടികളുടെ ഷോട്പുട്)

∙ സനോ കുര്യൻ (അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടം)

∙ വിജയ് ബിനോയി (അണ്ടർ 20 ആൺകുട്ടികളുടെ ജാവലിൻ ത്രോ)

∙ പി.എസ്. അജിനാസ്  (അണ്ടർ 20 ആൺകുട്ടികളുടെ ഡിസ്ക്കസ് ത്രോ)

മൂന്നാം സ്ഥാനം

∙ ആദിത്യൻ ജഗദ്നാഥ് (അണ്ടർ 20 ആൺകുട്ടികളുടെ ഹൈജംപ്)

∙ അലെന്റ് പ്രിൻസ് നൈനാൻ (അണ്ടർ 18 ആൺകുട്ടികളുടെ ഡിസ്ക്കസ് ത്രോ)

English Summary: Athletics News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com