ADVERTISEMENT

റോം ∙ മാറ്റിയോ പെലികോൺ റാങ്കിങ് ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനു സ്വർണം. 53 കിലോ വിഭാഗത്തിൽ കാനഡയുടെ ഡയാന മേരി ഹെലനെ തോൽപിച്ചാണു വിനേഷ് സ്വർണം നേടിയത്. ജയത്തോടെ 53 കിലോ വിഭാഗം ലോക റാങ്കിങ്ങിൽ വിനേഷ് ഒന്നാം സ്ഥാനത്തേക്കെത്തി.

ഇരുപത്താറുകാരിയായ വിനേഷ് ടോക്കിയോ ഒളിംപിക്സിന് ഇതുവരെ യോഗ്യത നേടിയ ഒരേയൊരു ഇന്ത്യൻ വനിതാ ഗുസ്തി താരമാണ്. 4–0നാണു ഫൈനലിൽ വിനേഷിന്റെ ജയം. ആദ്യ പീരിഡിൽതന്നെ 4 പോയിന്റുകളും സ്വന്തമാക്കിയ വിനേഷ് രണ്ടാമത്തേതിൽ ഒരൊറ്റ പോയിന്റ്പോലും വഴങ്ങാതെ സ്വർണത്തിലെത്തി.

phogat-sisters
ഗീത, റിത്തു, ബബിത, വിനേഷ് ഫോഗട്ട്, പ്രിയങ്ക എന്നിവർ (ഫയൽ ചിത്രം).

കഴിഞ്ഞ ഓഗസ്റ്റിൽ കോവിഡ് ബാധിച്ചശേഷം ഏറെ ബുദ്ധിമുട്ടി പരിശീലനം നടത്തിയാണു വിനേഷ് ഫോമിലേക്കു തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച യുക്രെയ്നിൽ നടന്ന ചാംപ്യൻഷിപ്പിൽ സ്വർണത്തിലെത്തിയ വിനേഷിനു റോമിലെ ജയം ഇരട്ടിമധുരമായി. ഇവിടെ മത്സരിക്കുമ്പോൾ ലോക റാങ്കിങ്ങിൽ 3–ാം സ്ഥാനത്തായിരുന്നു. ജേതാവായതിലൂടെ 14 പോയിന്റുകൾ സ്വന്തമാക്കിയ വിനേഷ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു. വെള്ളി നേടിയ ഡയാന മേരി ഹെലൻ 2–ാം റാങ്കിലേക്കെത്തി.ചാംപ്യൻഷിപ്പിൽ ഒരൊറ്റ പോയിന്റ് പോലും വഴങ്ങാതെയാണു വിനേഷിന്റെ ജൈത്രയാത്ര. 

ഗോദയിലെ ഫോഗട്ട്  സിസ്റ്റേഴ്സ്

ലോക ഗുസ്തിയിൽ ഇന്ത്യയുടെ വീരനായികമാരാണു ഹരിയാനയിലെ ഫോഗട്ട് സഹോദരിമാർ. ഫോഗട്ട് കുടുംബത്തിലെ 3 പേർ ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടി ചരിത്രത്തിന്റെ ഗോദയിൽ ഇടംപിടിച്ചവരാണ്. 2019ലെ ലോക ഗുസ്തി ചാംപ്യൻഷിപ്പിലാണു വിനേഷ് വെങ്കലം (53 കിലോ വിഭാഗം) നേടിയത്. വിനേഷിന്റെ പിതൃസഹോദര പുത്രിമാരായ ഗീതയും (55 കിലോ) ബബിതയും (51 കിലോ) 2012ലെ ലോക മീറ്റിൽ വെങ്കലം നേടി. ഗുസ്തി താരം മഹാവീർ സിങ് ഫോഗട്ടിന്റെ മക്കളാണു ഗീതയും ബബിതയും. മഹാവീറിന്റെ സഹോദരന്റെ മകളാണു വിനേഷ്. മഹാവീറിന്റെ മക്കളിൽ ഗീതയ്ക്കും ബബിതയ്ക്കും പുറമേ റിത്തു, സംഗീത എന്നിവരും ഗോദയിലുണ്ട്. വിനേഷിന്റെ സഹോദരി പ്രിയങ്കയും ഗുസ്തിതാരമാണ്. ‘ദംഗൽ’ എന്ന ഹിന്ദി സിനിമയിലൂടെ രാജ്യം ആസ്വദിച്ചതു ഫോഗട്ട് കുടുംബത്തിന്റെ ഗുസ്തി വിശേഷങ്ങളാണ്.

‘ഒളിംപിക്സിനുള്ള തയാറെടുപ്പിൽ ഈ ജയം ഏറെ ആത്മവിശ്വാസം നൽകുന്നു.’

വിനേഷ് ഫോഗട്ട്

Content Highlights: Vinesh Phogat wins gold, reclaims number one rank

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com