ADVERTISEMENT

ടോക്കിയോ∙ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ നിർണായക സേവുകളുടെയും അവസരത്തിനൊത്ത് ഉയർന്ന പ്രതിരോധ നിരയുടെയും മികവിൽ ഒളിംപിക്സ് പുരുഷ ഹോക്കിയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ 3–2നു കീഴടക്കി ഇന്ത്യ. ലോക റാങ്കിങ്ങിൽ 8–ാം സ്ഥാനത്താണു ന്യൂസീലൻഡ്. 

പൂൾ എയിലെ മറ്റൊരു മത്സരത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ജപ്പാനെ 5–3നു തകർത്തു. ഓസ്ട്രേലിയയ്ക്കെതിരെ നാളെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലോക റാങ്കിങ്ങിൽ 4–ാം സ്ഥാനത്താണ് ഇന്ത്യ. 

ആദ്യ ക്വാർട്ടറിൽ ഒരു ഗോളിനു പിന്നിലായ ഇന്ത്യ പിന്നീടു 3 ഗോളുകൾ നേടി വിജയം ഉറപ്പിച്ചെങ്കിലും ഒരു ഗോൾ തിരിച്ചടിച്ച ന്യൂഡീലൻഡ് അവസാന ക്വാർട്ടറിൽ സമനില പിടിക്കാൻ വീറുറ്റ പോരാട്ടംതന്നെ പുറത്തെടുത്തു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ തുടർച്ചയായി 3 പെനൽറ്റി കോർണറുകൾ നേടി ഇന്ത്യയെ സമ്മർദത്തിലാക്കാൻ കഴിഞ്ഞെങ്കിലും ഗോൾ കീപ്പർ ശ്രീജേഷിന്റെ ഉറച്ച സേവുകളെയും ഇന്ത്യയുടെ പ്രതിരോധത്തെയും ഭേദിക്കാൻ ന്യൂസീലൻഡിനു കഴി‍ഞ്ഞില്ല. പെനൽ‌റ്റി സ്ട്രോക്കിൽനിന്നു ലക്ഷ്യം കണ്ട രൂപീന്ദർ പാൽ സിങ്ങാണ് ഇന്ത്യയ്ക്കു സമനില നൽകിയത്. ഇരട്ട ഗോൾ നേടിയ ഹർ‌മൻപ്രീത് സിങ്ങും ഇന്ത്യയ്ക്കായി തിളങ്ങി. 

∙ ദീപിക– പ്രവീൺ സഖ്യം ക്വാർട്ടറിൽ

മിക്സഡ് ആർച്ചറിയിൽ ചൈനീസ് തായ്പേയിയുടെ ചി ചുൻ താങ്– ചിയ ഏൻ സഖ്യത്തിനെതിയെ പിന്നിട്ടുനിന്നതിനു ശേഷം 5–3നു വിജയം പിടിച്ചെടുത്ത ദീപിക കുമാരി– പ്രവീൻ ജാദവ് സഥ്യം ക്വാർട്ടർ ഫൈനലിൽ എത്തിയതും ആദ്യ ദിവസം ഇന്ത്യയ്ക്കു സന്തോഷത്തിനു വക നൽകി.

മിക്സഡ് ഇനത്തിൽ ദീപിക ഭർത്താന് അതാനു ദാസിനൊപ്പം മത്സരിക്കുമെന്നാണു കരുതപ്പെട്ടിരുന്നതെങ്കിലും റാങ്കിങ് റൗണ്ടിലെ പ്രകടനത്തിൽ പ്രവീൺ ജാദവ് അതാനുവിനെ മറികടന്നതോടെ ദീപികയുടെ പങ്കാളിയായി പ്രവീണിനെ ആർച്ചറി അസോസിയേഷൻ നിശ്ചയിക്കുകയായിരുന്നു. 

അതേ സമയം ടേബിൾ ടെന്നിസ് മിക്സഡ് ഡബിൾസ് പ്രീ ക്വാർട്ടറിൽ ശരത് കമൽ– മാണിക ബത്ര സഖ്യം ചൈനീസ് തായ്‌പേയിയുടെ മൂന്നാം സീഡ് ലിൻ യുൻ ജു– ചെങ് ഇ ചിങ് സഖ്യത്തോടു തോറ്റു പുറത്തായത് (4–0) ഇന്ത്യയ്ക്കു നിരാശയായി. 11–8,11–6,11–5, 11–4 നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ തോൽവി. 

English Summary: Sreejesh Heroics Help India Beat New Zealand 3-2, India reaches quarter finals in archery mixed event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com