ADVERTISEMENT

‘പ്രായത്തിന്റെയാ.!’ ഫോർമുല വൺ കരിയർ ആരംഭത്തിൽ റെഡ് ബുൾ താരം മാക്സ്‌ വെർസ്റ്റാപ്പനെ പറ്റി ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ഈ വാക്കായിരിക്കും. ഏറ്റവും പ്രായം കുറഞ്ഞ ഫോർമുല വൺ ഡ്രൈവർ എന്ന പദവി കൊടുത്ത് വെർസ്റ്റാപ്പനെ ഡ്രൈവിങ് സീറ്റിൽ പിടിച്ചിരുത്തിയ റെഡ് ബുള്ളിന് ഇങ്ങനെ തന്നെ വേണമെന്ന് ആരാധകരും പറഞ്ഞു. ഒടുവിൽ റെഡ് ബുൾ ടീമും പറഞ്ഞു വെർസ്റ്റാപ്പൻ ക്ഷമ പഠിക്കണം, തെറ്റുകൾ ആവർത്തിക്കാതെ ഇരിക്കണം.

തുടർച്ചയായി തെറ്റുകൾ വരുത്തുന്നവനെന്നും ഓവർ റേറ്റഡ് എന്നു മുദ്രകുത്തപ്പെട്ടപ്പോഴും ടീം കൈവെടിയാഞ്ഞത് അയാളുടെ കഴിവിലുള്ള അവരുടെ വിശ്വാസമായിരുന്നു. വെർസ്റ്റാപ്പൻ അതു തെളിയിച്ചു. തെളിയിച്ചുകൊണ്ടിരിക്കുന്നു. ഫോർമുല വൺ ഇതിഹാസം സാക്ഷാൽ മൈക്കൽ ഷൂമാക്കറിന്റെ റെക്കോർഡ് തകർക്കാൻ എത്തിയ ലൂയിസ് ഹാമിൽട്ടൻ വെർസ്റ്റാപ്പന്റെ വേഗത്തിനു മുന്നിൽ കിതയ്ക്കുന്നത് ഈ സീസണിൽ പലവട്ടം ഇതിനോടകം കണ്ടു കഴിഞ്ഞു.

∙സംഭവബഹുലം ഈ കരിയർ

2015ൽ ഫോർമുല വൺ ലോകത്തേക്ക് വെർസ്റ്റാപ്പൻ എത്തുമ്പോൾ പ്രായം വെറും 17. റെഡ് ബുൾ ജൂനിയർ ടീമായ ടൊറോ റോസോയുടെ ഡ്രൈവറായി അരങ്ങേറ്റം. ആ വർഷം മലേഷ്യൻ ഗ്രാൻപ്രിയിൽ 7–ാം സ്ഥാനത്തെത്തി ഫോർമുല വണ്ണിൽ പോയിന്റ്‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ്. ഒന്നര വർഷം കൊണ്ടു സീനിയർ ടീമിലേക്കു സ്ഥാനക്കയറ്റം. ആക്രമണകാരിയായ ഡ്രൈവർ.! ഇതായിരുന്നു വിളിപ്പേര്.

എന്നാൽ അതെ ആക്രമണ സ്വഭാവം അദ്ദേഹത്തിനു വിനയായി. തുടർച്ചയായി അപകടങ്ങൾ നേരിട്ടു. പലവട്ടം മത്സരങ്ങൾ പൂർത്തിയാക്കാൻ പോലും പറ്റിയില്ല. ലോകചാംപ്യൻ ആക്കുവാൻ കൊണ്ടുവന്ന ചെക്കൻ ലോകദുരന്തം ആയോ എന്നുപോലും റെഡ് ബുൾ സംശയിച്ചു. 2018 മൊണാക്കോ ഗ്രാൻപ്രിയിൽ പരിശീലനതിനിടെ പറ്റിയ തെറ്റിൽ നിന്നു മറ്റൊരു വെർസ്റ്റാപ്പനെയാണു പിന്നീടു ഫോർമുല വൺ കണ്ടത്. ആക്രമണാത്മകത ഒട്ടും കുറയ്ക്കാതെ റെഡ് ബുൾ കാറിൽ വെർസ്റ്റാപ്പൻ പറന്നു.

marxvestapan1

∙ ഹീയ്യോ..ഹോണ്ട

റെനോൾട്ടിൽ നിന്നും എൻജിൻ വാങ്ങുന്നത് നിർത്തി ‘ഹോണ്ട പരീക്ഷണം’ റെഡ് ബുൾ ആരംഭിച്ചത് 2018 ലാണ്. റെഡ് ബുൾ കാറിലെ ഹോണ്ടയുടെ എൻജിൻ വെർസ്റ്റാപ്പനുമായി പെട്ടെന്നു തന്നെ ഇണങ്ങി. വേഗതയില്ലെന്ന സ്ഥിരം കുറ്റപ്പെടുത്തലിൽ നിന്നും ടീം അങ്ങനെ കരകയറി. 2019ലും 2020ലും മറ്റൊരു വെർസ്റ്റാപ്പനെ ഫോർമുല വൺ കണ്ടു. ചാംപ്യൻ ഡ്രൈവർ എന്ന പരിഹാസം അയാൾ അലങ്കാരമാക്കി. കോവിഡ് കാരണം വെട്ടിക്കുറച്ച കഴിഞ്ഞ സീസണിൽ കപ്പ്‌ അടിച്ച ഹാമിൽട്ടന് ഈ സീസൺ കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന് ഫോർമുല വൺ ആരാധകർ വിധിയെഴുതി.

∙ഇജ്ജാതി സീസൺ

'ഇപ്പോഴത്തെ നിലയിൽ വെർസ്റ്റാപ്പനെയോ റെഡ് ബുള്ളിനെയോ മറികടക്കാൻ എനിക്കോ മെഴ്സിഡീസിനോ ആവില്ല.' 8–ാം ലോക ചാംപ്യൻ പട്ടം കൊതിച്ചു വന്ന സാക്ഷാൽ ലൂയിസ് ഹാമിൽട്ടൻ സ്റ്റിറിയൻ ഗ്രാൻപ്രിക്കു ശേഷം പറഞ്ഞതാണിത്. ഹാമിൽട്ടനും വെർസ്റ്റാപ്പനും തമ്മിലുള്ള മത്സരം ഫോർമുല വൺ കണ്ടിരിക്കുന്ന ഏറ്റവും വലിയ നേർക്കുനേർ പോരാട്ടമായി മാറുകയാണ്. ഈ സീസണിൽ പലതവണ ഇരുവരുടെയും ടയറുകൾ കൂട്ടിമുട്ടി.

കഴിഞ്ഞ ആഴ്ച നടന്ന ബ്രിട്ടീഷ് ഗ്രാൻപ്രിയിൽ ഹാമിൽട്ടന്റെ കാറിൽ തട്ടി വെർസ്റ്റാപ്പന്റെ കാർ നിയന്ത്രണം വിട്ട് ബാരിയറിൽ ഇടിച്ചു കയറി.10 സെക്കൻഡ് പിഴ ലഭിച്ചിട്ടും ഹാമിൽട്ടൻ ഒന്നാമതു മത്സരം പൂർത്തിയാക്കിയപ്പോൾ വെർസ്റ്റാപ്പൻ ആശുപത്രിയിൽ കിടന്ന് അതു കാണുന്നുണ്ടായിരുന്നു. അനാദരവ് എന്നാണ് മത്സരശേഷം ഹാമിൽട്ടൻ നടത്തിയ ആഘോഷത്തിനെതിരെ വെർസ്റ്റാപ്പൻ ട്വിറ്ററിൽ കുറിച്ചത്.

ബഹ്റൈനിൽ സീസണിലെ ആദ്യ ഗ്രാൻപ്രിയിൽ ഹാമിൽട്ടൻ തന്നെ ജേതാവ്. വെർസ്റ്റാപ്പൻ രണ്ടാമത്.! എമിലിയ ഗ്രാൻപ്രിയിൽ അതു നേരെ തിരിഞ്ഞു. സീസണിൽ വെർസ്റ്റാപ്പന്റെ ആദ്യ ജയം. പോർച്ചുഗലിലും സ്പെയിനിലും ഹാമിൽട്ടൻ ജയിച്ചപ്പോൾ വെർസ്റ്റാപ്പൻ രണ്ടാം സ്ഥാനം നിലനിർത്തി. മൊണാക്കോയിലെ വിജയം ആദ്യമായി ചാംപ്യൻഷിപ് പോയിന്റിൽ വെർസ്റ്റാപ്പനെ ഒന്നാമതെത്തിച്ചു.

ബാക്കുവിൽ നടന്നത് നാടകീയ രംഗങ്ങൾ. മുന്നിൽ നിന്ന വെർസ്റ്റാപ്പന്റെ ടയർ പൊട്ടിയതിനാൽ ഹാമിൽട്ടൻ ജേതാവ് ആകുമെന്ന് ഉറപ്പിച്ചു. എന്നാൽ ട്രാക്കിൽ നിന്നു നിയന്ത്രണം വിട്ടു പുറത്തേക്കു പോയതിനാൽ മത്സരത്തിൽ ഹാമിൽട്ടനു പോയിന്റൊന്നും ലഭിച്ചില്ല. വെർസ്റ്റാപ്പന്റെ സഹതാരം സെർജിയോ പെരസാണ് അന്നു ജേതാവായത്. ഇതുവരെ 10 ഗ്രാൻപ്രികൾ നടന്നതിൽ വെർസ്റ്റാപ്പനും ഹാമിൽട്ടനുമല്ലാതെ ഒന്നാമതെത്തുന്ന ഏക താരം.

marxverstapan4
വെർസ്റ്റാപ്പൻ.

പിന്നീടങ്ങോട്ടു വെർസ്റ്റാപ്പന്റെ തേരോട്ടം ആയിരുന്നു. ഹാമിൽട്ടൻ നോക്കി നിൽക്കെ റെഡ് ബുൾ കാർ കുതിച്ചു. മെഴ്‌സിഡീസ് ടീം കാഴ്ചക്കാരായി നോക്കി നിന്നു. പലവട്ടം ഹാമിൽട്ടനെ മറികടന്നു വെർസ്റ്റാപ്പൻ. ഒടുവിൽ സ്വന്തം രാജ്യത്ത് മത്സരത്തിന്റെ ആദ്യ ലാപ്പിൽ പുറത്തായ വെർസ്റ്റാപ്പന്റെ അഭാവത്തിൽ ഹാമിൽട്ടൻ ഒന്നാമതെത്തി. എന്നിട്ടും നേരിയ മുൻതൂക്കം പോയിന്റ് നിലയിൽ വെർസ്റ്റാപ്പനു തന്നെ. 185 പോയിന്റാണ് വെർസ്റ്റാപ്പനുള്ളത് . 177– ഹാമിൽട്ടൻ. 5 മത്സരങ്ങളിൽ വെർസ്റ്റാപ്പനും നാലിൽ ഹാമിൽട്ടനും ജേതാവ്. നിർമാതാക്കളുടെ പോരാട്ടത്തിൽ റെഡ് ബുൾ 289 പോയിന്റു നേടി മെഴ്സിഡീസിനെക്കാൾ 4 പോയിന്റിനു മുന്നിലാണ്.

∙ എങ്ങനെ സാധിക്കുന്നു?

റെഡ് ബുള്ളിന് എങ്ങനെ മെഴ്സിഡീസിനെക്കാൾ വേഗം ലഭിക്കുന്നു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇതിനൊക്കെയുള്ള വിശദീകരണം വെർസ്റ്റാപ്പന്റെ കയ്യിലുണ്ട്. കളി അവസാനിക്കുന്നതു വരെ ടയർ അവശേഷിപ്പിക്കാൻ സാധിക്കുന്നതാണു ജയിക്കാനുള്ള കാരണമായി പറയുന്നത്. ടീമിന്റെ ടയർ മാനേജ്മെന്റ് സിസ്റ്റത്തിൽ വന്ന മാറ്റമാണു കാരണം.

താൻ ഓടിക്കുന്ന കാറിനെപ്പറ്റി വിശദമായി അറിയുന്ന താരം. സ്ഥിരമായി ടീമിലെ എൻജിനീയർമാരുമായി സംവാദത്തിൽ ഏർപ്പെടും. വാഹനത്തെ കൂടുതൽ മനസിലാക്കും. പോരായ്മകൾ ചൂണ്ടിക്കാട്ടും. വായുസഞ്ചാരം കൂടുതൽ ബാധിക്കാത്ത തരത്തിൽ എയ്റോഡൈനാമിക്സിലും മാറ്റം വരുത്തി.

marxverstapan2
വെർസ്റ്റാപ്പൻ.

∙വെർസ്റ്റാപ്പൻ പൊന്നപ്പനാകുമോ ?

വെർസ്റ്റാപ്പന്റെ മുന്നേറ്റത്തിലും ഒരിക്കൽപോലും മാറ്റി നിർത്താൻ കഴിയാത്ത താരമാണ് ലൂയിസ് ഹാമിൽട്ടൻ. അതിനാൽ ഇനിയുള്ള മത്സരങ്ങൾ തീപാറുമെന്നുറപ്പ്. ബ്രിട്ടിഷ് ഗ്രാൻപ്രിയിൽ സംഭവിച്ചതിനു പകരം ചോദിക്കാനാവും വെർസ്റ്റാപ്പനും റെഡ് ബുള്ളും ഹംഗറിയിൽ ഇറങ്ങുക. സീസൺ പകുതി പോലും ആയിട്ടില്ലാത്തതിനാൽ ഇനിയുള്ള പോരാട്ടം പ്രവചനാതീതമാണ്.

English Summary: Marx Verstappan challanges Luis Hamilton, all set to win F1 title this time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com