ഇതാ ആ 6 താരങ്ങൾ: ഇവരിൽ ആരാണ് നിങ്ങളുടെ സ്റ്റാർ?

∙ മനോരമ സ്പോർട്സ് സ്റ്റാർ 2023 പുരസ്കാര ജേതാവിനെ കണ്ടെത്താൻ വോട്ട് ചെയ്യാം

കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2023ന്റെ വിധിനിർണയം വായനക്കാരിലേക്ക്. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് മലയാളമണ്ണിന്റെ അഭിമാനമായ 6 മിന്നും താരങ്ങൾ. ‌മിന്നു മണി (ക്രിക്കറ്റ്), മുഹമ്മദ് അജ്മൽ (അത്‌ലറ്റിക്സ്), കെ.പി. രാഹുൽ (ഫുട്ബോൾ), സച്ചിൻ ബേബി (ക്രിക്കറ്റ്), സിദ്ധാർഥ ബാബു (പാരാഷൂട്ടിങ്), എം. ശ്രീശങ്കർ (അത്‌ലറ്റിക്സ്) – എന്നിവരാണ് പുരസ്കാരം നേടാൻ രംഗത്തുള്ളത്.

മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരം

മിന്നു മണി

വനിതാ ക്രിക്കറ്റ്

11 വർഷമായി കേരള വനിതാ ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗമാണ് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനി മിന്നു മണി. 2023 ജൂലൈയിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലൂടെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയ മിന്നു, ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതയായി മാറി. അരങ്ങേറ്റ മത്സരത്തിൽ 3 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയ മിന്നു, ഒരു വിക്കറ്റും നേടി തിളങ്ങി. രണ്ടാം മത്സരത്തിൽ 4 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റു വീഴ്ത്തി. സെപ്റ്റംബറിൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം ചരിത്രത്തിലാദ്യമായി സ്വർണം നേടിയപ്പോൾ ആ ടീമിലും അംഗമായി. നവംബറിൽ ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായ മിന്നു, ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി താരമായി. ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെ വീണ്ടും ഇന്ത്യൻ സീനിയർ ടീമിൽ ഇടംനേടി.

വനിതാ പ്രിമിയർ ലീഗിൽ കഴിഞ്ഞ രണ്ടു സീസണായി ഡൽഹി ക്യാപിറ്റൽസ് താരമാണ്.

മുഹമ്മദ് അജ്മൽ

അത്‌ലറ്റിക്സ്– 400 മീറ്റർ, റിലേ

പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് അജ്മൽ, ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ് ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ഇന്ത്യൻ റിലേ ടീം അംഗമായിരുന്നു. 4–400 പുരുഷ റിലേയിൽ നിലവിലെ ഏഷ്യൻ റെക്കോർഡ് ജേതാക്കളായ ഇന്ത്യൻ ടീമിലും അജ്മലുണ്ട്. ഹാങ്ചോ ഏഷ്യൻ ഗെയിംസ് മിക്സ്ഡ് റിലേയിൽ വെള്ളിയും പുരുഷ 4–400 മീറ്റർ റിലേയിൽ സ്വർണവും നേടി. ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും മത്സരിച്ച അജ്മൽ, ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ഏഷ്യൻ അത്‌‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ റിലേയിൽ വെള്ളി, ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്സിൽ 400 മീറ്ററിൽ സ്വർണം എന്നിവയാണ് മറ്റു പ്രധാന നേട്ടങ്ങൾ.

കെ.പി.രാഹുൽ

ഫുട്ബോൾ

തൃശൂർ പറപ്പൂക്കര സ്വദേശിയായ കെ.പി.രാഹുൽ ഇന്ത്യൻ ഫുട്ബോളിലെ പ്രധാന ഫോർവേഡുകളിൽ ഒരാളാണ്. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ചൈനയ്ക്കെതിരായ ആദ്യ മത്സരത്തിൽ രാഹുൽ ഗോൾ നേടിയിരുന്നു. 13 വർഷത്തിനുശേഷമാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഒരു ഇന്ത്യൻ താരം ഗോൾ നേടുന്നത്. ഐഎസ്എൽ ഫുട്ബോളിൽ കഴിഞ്ഞ ഏതാനും സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തൻ. 2017ൽ ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ, ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഏക മലയാളിയായിരുന്നു രാഹുൽ.

സച്ചിൻ ബേബി

ക്രിക്കറ്റ്

ഇടുക്കി അടിമാലി സ്വദേശിയായ സച്ചിൻ ബേബി, കഴിഞ്ഞ ഏതാനും സീസണുകളായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന താരങ്ങളിൽ ഒരാളാണ്. നിലവിലെ രഞ്ജി ട്രോഫി സീസണിൽ കേരള മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിച്ച സച്ചിൻ, ബാറ്റർ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ടൂർണമെന്റിൽ തിളങ്ങി. 3 സെഞ്ചറിയും 4 അർധ സെഞ്ചറികളുമടക്കം സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 830 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഗ്രൂപ്പ് സ്റ്റേജ് അവസാനിക്കുമ്പോൾ റൺ വേട്ടക്കാരിൽ മുൻപന്തിയിലായിരുന്നു സച്ചിൻ. ദുലീപ് ട്രോഫി ജേതാക്കളായ സൗത്ത് സോൺ ടീമിൽ അംഗമായിരുന്ന ഈ കേരള താരം, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി ഐപിഎലിലും മികവു തെളിയിച്ചിട്ടുണ്ട്.

സിദ്ധാർഥ ബാബു

പാരാ ഷൂട്ടിങ്

ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയ തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സിദ്ധാർഥ ബാബു, പാരാ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളിയായി മാറി. ഡൽഹിയിൽ നടന്ന ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ, ഒളിംപിക് താരം ചെയ്ൻ സിങ് ഉൾപ്പെടെയുള്ളവർ അണിനിരന്ന 50 മീറ്റർ റൈഫിൾ പ്രോൺ ഓപ്പൺ വിഭാഗത്തിൽ മത്സരിച്ച് ഒരു സ്വർണവും വെള്ളിയും നേടി. ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ശാരീരിക വെല്ലുവിളി നേരിടുന്നയാൾ മെഡൽ നേടുകയെന്ന അപൂർവതയ്ക്കാണ് അന്ന് മത്സരം സാക്ഷ്യം വഹിച്ചത്. പിന്നാലെ പാരിസ് പാരാലിംപിക്സിനും സിദ്ധാർഥ യോഗ്യത നേടി. 2021ലെ ടോക്കിയോ പാരാലിംപിക്സിൽ ഫൈനലിലെത്തിയിരുന്നു.

എം.ശ്രീശങ്കർ

അത്‌ലറ്റിക്സ്– ലോങ്ജംപ്

ലോക അത്‌ലറ്റിക്സ് വേദികളിൽ സമീപകാലത്തായി സ്ഥിരം സാന്നിധ്യമാണ് പാലക്കാട്, യാക്കര സ്വദേശി എം.ശ്രീശങ്കർ. പാരിസ് ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ പുരുഷ ലോങ്ജംപിൽ മൂന്നാംസ്ഥാനം നേടിയതിലൂടെ ഡയമണ്ട് ലീഗ് മീറ്റിൽ മെഡൽനേടുന്ന ആദ്യ മലയാളിയും മൂന്നാമത്തെ ഇന്ത്യക്കാരനുമായി ശ്രീ മാറി. 2023 മേയി‍ൽ യുഎസിലെ ചുലാ വിസ്റ്റയിൽ നടന്ന ഹൈ പെർഫോമൻസ് അത്‍ലറ്റിക് മീറ്റിലൂടെയാണ് സീസണിലെ ആദ്യ രാജ്യാന്തര സ്വർണം (8.29 മീറ്റർ) ശ്രീ നേടിയത്. ഈ പ്രകടനത്തോടെ ഹാങ്ചോ ഏഷ്യൻ ഗെയിംസിനും യോഗ്യത നേടുകയും പിന്നാലെ ഗെയിംസിൽ വെള്ളി (8.19 മീറ്റർ) ഉറപ്പിക്കുകയും ചെയ്തു. ഗ്രീസിലെ ആതൻസിൽ നടന്ന ഇന്റർനാഷനൽ ജംപിങ് മീറ്റ് (8.18 മീറ്റർ), ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ അത്‍ലറ്റിക്സ് (കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ– 8.41 മീറ്റർ) എന്നിവയിൽ ഒന്നാമതെത്തി. ഇതോടെ ലോക അത്‍‌ലറ്റിക്സ് ചാംപ്യൻഷിപ്പിന് തുടർച്ചയായ രണ്ടാം തവണയും യോഗ്യത ഉറപ്പിച്ചു. ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 3 സെന്റിമീറ്റർ (8.37 മീറ്റർ) വ്യത്യാസത്തിലാണ് ശ്രീശങ്കറിന് സ്വർണം നഷ്ടമായത്. ഈ പ്രകടനത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റായി ശ്രീ മാറി. ഇതിനു പിന്നാലെ അർജുന പുരസ്കാരവും ശ്രീയെ തേടിയെത്തി.