Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമത്തെ ആദ്യരാത്രി

വിനോദ് നായർ
penakathy-may02

ആദ്യരാത്രിയിലും അമ്മയുടെ കൂടെത്തന്നെ ഉറങ്ങാൻ സമ്മതിക്കണം !

കല്യാണത്തിനു മുന്നെ വർഷ ഈയൊരു കണ്ടിഷനേ വച്ചുള്ളൂ. 

രവി മറുത്തൊന്നും പറഞ്ഞില്ല. കാരണം പിഞ്ഞിപ്പോയ പട്ടുതൂവാലയായിരുന്നു വർഷ. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് രവി അവളെ വിവാഹം കഴിച്ചത്. 

രണ്ടോ മൂന്നോ ദിവസം നീണ്ട ആ സംഭവത്തെത്തുടർന്ന് വർഷ ഉടുപ്പിടാത്ത ആണുങ്ങളെ വല്ലാതെ പേടിച്ചിരുന്നു. 

അന്ന് അവൾ ബാംഗ്ളൂരിലായിരുന്നു.  കൂട്ടുകാരെല്ലാം കൂടി ഒരു ട്രിപ്പ്,  മൈസൂർക്ക് എന്നു പറഞ്ഞു പുറപ്പെട്ടതാണ്. മൊബൈൽ ഫോണിൽ കിട്ടുമെന്നതിനാൽ ഒരാളും വീട്ടിലൊന്നും അങ്ങനെ പറഞ്ഞുമില്ല. 

മൈസൂറിൽ ദസറ ഉൽസവം നടക്കുന്ന കാലമാണ്. ആണുങ്ങളെല്ലാം കിരീടമൊക്കെ വച്ച് രാജാക്കന്മാരെപ്പോലെയും പെൺകുട്ടികൾ അലുക്കും കിലുക്കുമുള്ള സാരിയൊക്കെ ഉടുത്ത് രാജകുമാരികളെപ്പോലെയും വേഷമിട്ട് റോഡിലൂടെ രാത്രിയും പകലും നടക്കുന്ന ഉൽസവമാണെന്നൊക്കെ ചില ഫ്രണ്ട്സ് പറഞ്ഞതു കേട്ടാണ് എല്ലാവരും ചാടിപ്പുറപ്പെട്ടത്. 

യാത്ര തുടങ്ങി രാത്രിയായപ്പോൾ ആൺകുട്ടികളിൽ ചിലർ വണ്ടിയിലിരുന്നു തന്നെ ഉടുപ്പുകളഴിച്ച് പുറത്തേക്ക് എറിയാൻ തുടങ്ങി. 

ആദ്യമൊക്കെ അതൊരു ഫൺ ആയിട്ടേ എല്ലാവരും എടുത്തുള്ളൂ.  

ഉടുപ്പില്ലാത്തവരുടെ കൂടെ നിന്ന് സെൽഫിയെടുത്തും കൂവിയും പലരും അന്നേരം തന്നെ പടങ്ങൾ അപ്ഡേറ്റ് ചെയ്തു.  തൊപ്പിയെറിഞ്ഞു കളിക്കുന്ന  മങ്കീസ് എന്നൊക്കെയായിരുന്നു വർഷയുടെ ചില കൂട്ടുകാരികൾ ഇട്ട അപ്ഡേറ്റ്സ്. 

വണ്ടി നഗരംവിട്ട് ഓടാൻ തുടങ്ങിയതോടെ കളിയുടെ സ്വഭാവം മാറി. 

പിന്നെ നടന്നതൊന്നും വർഷയ്ക്കും ഓർക്കാൻ ഇഷ്ടമല്ല.

ഒന്നോ രണ്ടോ ദിവസത്തെ യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ മറ്റാരുടെയോ ഒരു കുർത്തിയാണ് തനിക്ക് ധരിക്കാൻ കിട്ടിയതെന്നു മാത്രം വർഷ ഓർക്കുന്നുണ്ട്. വിയർപ്പിന്റെ ഇഴുക്കുള്ള ആ വേഷമാകട്ടെ അവൾക്ക് ഒട്ടും ചേരാത്തതായിരുന്നു. മുരിക്കിൻപൂവിന്റത്ര ചുവപ്പു നിറമുള്ള ആ ഉടുപ്പിനുള്ളിൽ അവളുടെ ഉടൽ വെള്ളത്തിലിട്ട സ്പഞ്ച് പോലെയും മനസ്സ് നനഞ്ഞു പിഞ്ഞിയ കടലാസു പോലെയും വിങ്ങി ചീർത്തിരുന്നു.

യാത്രയ്ക്കിറങ്ങുമ്പോൾ അവളുടെ ഉടലിലുണ്ടായിരുന്ന പ്രിയപ്പെട്ട കോട്ടൺ ടോപ്പാകട്ടെ തിരിച്ചെത്തുമ്പോൾ ആൺകുട്ടികളിൽ ആരുടെയോ ഉടലിൽക്കണ്ടു !

പിന്നീട് ആൺകുട്ടികൾ ഉടുപ്പഴിച്ചു നിൽക്കുന്നതു കാണാനിഷ്ടമല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് അവൾ എത്തിച്ചേർന്നു. അമ്പലത്തിലൊന്നും പോകാതെയായി. 

വില്ലേജ് ഓഫിസറായിരുന്നു അവളുടെ അച്ഛൻ. വൈകുന്നേരം വീട്ടിലെത്തിയാൽ അദ്ദേഹം ആദ്യം ചെയ്തിരുന്നത് കൈ മടക്കിയ വെളുത്ത ഷർട്ട് ഊരിക്കളഞ്ഞ് പാവൽ, വെള്ളരി തോട്ടങ്ങളിലൂടെ വെറുതെ നടക്കുകയാണ്. മകളെയോർത്ത് ഉള്ളു വിയർത്ത് അദ്ദേഹം ചൂടുകാലത്തും വീട്ടിൽ ടിഷർട്ട് ഇട്ടു നടക്കാൻ തുടങ്ങി. 

എല്ലാമൊന്നു തണുത്തപ്പോഴാണ് വർഷ വിവാഹത്തിനു സമ്മതിച്ചത്. രവിയോടു വിവരങ്ങളൊക്കെ പറഞ്ഞിരുന്നു. 

കല്യാണം കഴിഞ്ഞാലും അമ്മയുടെ കൂടെത്തന്നെ ഉറങ്ങാൻ അനുവദിക്കണം. അതായിരുന്നു വിവാഹത്തിനു മുന്നെ വർഷയുടെ ഒരേയൊരു റിക്വസ്റ്റ്. കുറച്ചു ദിവസം മതി. മനസ്സൊന്ന് സെറ്റിൽ ആകുന്നതുവരെ.

ആദ്യം അതിനു സമ്മതിച്ചെങ്കിലും വിവാഹദിവസം തന്നെ രവി കാലുമാറി.  ആദ്യരാത്രി വരനും വധുവും ഒരുമിച്ച് തന്നെ വേണം. 

നവവധു നിലവിളക്കു കൊളുത്തിക്കൊണ്ട്  ബെഡ്റൂമിലേക്കു പ്രവേശിക്കണം. അതാണ് വിശ്വാസം. അല്ലെങ്കിൽ ആ ബന്ധം ഒരിക്കലും ഉറപ്പുള്ളതാവില്ല മോളെ എന്നൊക്കെ അമ്മ പറഞ്ഞെങ്കിലും അവൾ ഒന്നു മടിച്ചു.  

ഒരു ദിവസം കഴിഞ്ഞ് വേണമെങ്കിൽ വീണ്ടും അമ്മയുടെ കൂടെ കിടന്നുറങ്ങിക്കോളൂ. രവി അതിനു സമ്മതിക്കും എന്ന് അച്ഛൻ കൂടി നിർബന്ധിച്ചപ്പോൾ വർഷ പാതി മനസ്സോടെ സമ്മതിച്ചു.  അങ്ങനെ വിവാഹം കഴിഞ്ഞ് രവി അവളെ ആദ്യ രാത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്.

അധികം ആർ‌ഭാടങ്ങളൊന്നുമില്ലാത്ത ബെഡ്റൂം.  ടീപ്പോയിയിൽ വർഷയുടെ അമ്മയുടെ ഫോട്ടോ വയ്ക്കാമെന്നൊക്കെ ആദ്യം തോന്നിയെങ്കിലും രവി അതും ചെയ്തില്ല. പകരം വർഷയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ സംഘടിപ്പിച്ചു.  യൂണിഫോം ഷർട്ടും മുട്ടുവരെ സ്കർട്ടും ഷൂസും ടൈയുമൊക്കെയായി വർഷ. അതിന്റെ കൂടെ രവിയുടെ സ്കൂൾ ഫൈനൽ ക്ളാസിലെ ഒരു ഫോട്ടോയും ചേർത്ത് ഫ്രെയിം ചെയ്തു ടീപ്പോയിൽ വച്ചിരുന്നു. അതു കണ്ടാൽ മുതിർന്ന ഒരു ആൺകുട്ടി കുറെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെ അരികിൽ നിർത്തി ഫോട്ടോയെടുത്തതുപോലെ തോന്നിച്ചു. 

വർഷയ്ക്ക് ടെൻഷൻ വേണ്ടന്നു കരുതി രവി ജനാലകൾ തുറന്നിട്ടിരുന്നു. 

അഞ്ചാറു മുല്ലപ്പൂക്കൾ വിതറിയിട്ടിരുന്ന കട്ടിലിൽ രണ്ടായി മടക്കി വിരിച്ച വെളുത്ത പുതപ്പ് ചുളിയാതെ സൂക്ഷിച്ച് കൈയൂന്നി ഇരിക്കുകയായിരുന്നു വർഷ.

കല്യാണ മേക്കപ്പിന്റെ നിറങ്ങളൊക്കെ കഴുകിക്കളഞ്ഞപ്പോൾ അവളെ കണ്ടാൽ സ്കൂളിൽ നിന്നെത്തി കുളി കഴിഞ്ഞതോടെ പ്രായം കുറഞ്ഞുപോയ പെൺകുട്ടിയെപ്പോലെയുണ്ടെന്ന് രവിക്കു തോന്നി.

കസേര വലിച്ചിട്ട് അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് രവി ചോദിച്ചു... വർഷയാണോ അമ്മയാണോ എന്നും ആദ്യം ഉറങ്ങുക ?

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.. എന്താ സംശയം..? എന്നും വർഷ തന്നെ...

രവി ചോദിച്ചു..  ഇന്ന് ഞാനോ വർഷയോ ആദ്യം ഉറങ്ങുക ?

അവൾ കുസൃതിയോടെ പറഞ്ഞു..  ഞാൻ.. !  

രവി ആദ്യമൊന്നു സംശയിച്ചു... ഞാനോ.. ? അതെന്താ ?

വർഷ പറഞ്ഞു.. അമ്മ എന്നും കഥ പറഞ്ഞു തരും. ഞാനുറങ്ങിക്കഴിഞ്ഞിട്ടേ കഥ നിർത്തൂ.. ഇന്നിപ്പോൾ കഥ പറയാൻ ആരുമില്ലല്ലോ.. 

രവി ചിരിച്ചു... ഇന്ന് ആരാണ് ആദ്യം ഉറങ്ങുക എന്നു നോക്കാം. ആദ്യം ഉറങ്ങുന്നയാൾ രണ്ടാമത് ഉറങ്ങുന്നയാൾക്ക് സമ്മാനം കൊടുക്കണം. 

വർഷ പറഞ്ഞു..  എങ്കിൽ നാളെ വൈകി ഉണരുന്നയാൾ ആദ്യം ഉണരുന്നയാൾക്കും കൊടുക്കണം ഒരു സമ്മാനം. 

തുറന്നിട്ട ജനാലയ്ക്കപ്പുറം ഇരുളിലേക്ക് അവൾ നോക്കുന്നതു കണ്ട് രവി പറഞ്ഞു.. ജനാലയ്ക്കപ്പുറത്ത് കൊയ്തൊഴിഞ്ഞ് വിജനമായ നീണ്ട പാടങ്ങളാണ്.  അതിനുമപ്പുറം കാടാണ്. കുന്നിൻ മുകളിൽ ആനകൾ നൃത്തം ചെയ്യുന്ന കാട്.

ആനകളുടെ നൃത്തം ! ആദ്യമായാണ് വർഷ അത് കേൾക്കുന്നത്. 

അവൾ പറഞ്ഞു..  കുട്ടിക്കാലത്ത് സർക്കസിൽ ആനകൾ ഗുഡാൻസ് കളിക്കുന്നതു കണ്ടിട്ടുണ്ട്. ഒരിക്കൽ വൃത്തത്തിലുള്ള സ്റ്റൂളിനു മുകളിൽ ഒറ്റക്കാലിൽ ബാലൻസ് ചെയ്യാൻ പറ്റാതെ ഒരു കുട്ടിയാന കാൽതെറ്റി വീണത് ഒരു കോമാളിയുടെ മുകളിലേക്കാണ്.  ആനയുടെ അടിയിൽ കിടക്കുമ്പോഴും ആ പാവം അലറിച്ചിരിച്ചു കൊണ്ടിരുന്നു. എല്ലാവരും കൂടെച്ചിരിച്ചു. കാണികൾ ചിരി നിർത്തുന്നതുവരെ അയാളെ ആനയുടെ അടിയിൽ നിന്ന് എടുത്തു മാറ്റാൻ സർക്കസ് മാനേജർ സമ്മതിച്ചതേയില്ല.. !

ആനകളെക്കുറിച്ച് രവി പറയാൻ തുടങ്ങി.  മഴക്കാലത്താണ് സാധാരണ ആനകളുടെ നൃത്തം.  കാട്ടിന്റെ നടുവിൽ തെളിഞ്ഞ സ്ഥലത്ത് രാത്രിയിൽ ആനകളെല്ലാം ഒത്തു കൂടും.  കൊമ്പനാനകൾ മാത്രമേ നൃത്തം ചെയ്യൂ. കൊമ്പുകുലുക്കിയും കാലുകളുയർത്തിയും തുമ്പിക്കൈ ചുഴറ്റിയും നാലുകാലുകളും മേലേക്കുയർത്തിയും ഒക്കെയാണ് നൃത്തം.

ഏറ്റവും നന്നായി നൃത്തം ചെയ്യുന്ന ആനക്കുട്ടനെ ആനപ്പെണ്ണ് കല്യാണം കഴിക്കുന്നു. എന്നിട്ട് അവർ കാട്ടിലേക്കു കയറിപ്പോകുന്നു.

വർഷയ്ക്കു സംശയം തോന്നി..  ഒന്നിലധികം ആനക്കുട്ടന്മാർ നന്നായി നൃത്തം ചെയ്താലോ ?  ആനപ്പെണ്ണ് ഏതു ചെറുക്കനെ വിവാഹം കഴിക്കും ?

രവി പറഞ്ഞു.. വീണ്ടും നൃത്തം... ഒരാൾ മാത്രം ജയിക്കുന്നതു വരെ..  അതാണ് കാട്ടിലെ നിയമം.   ചില കൊമ്പനാനകൾ വലിയ പിടിയാനകളെ പുറത്തു കയറ്റി നൃത്തം ചെയ്തുകാണിക്കും.  മറ്റു ചിലർ നൃത്തത്തിനിടെ കുട്ടിയാനകളെ വാലിൽ‌ ചുഴറ്റി ആകാശത്തേക്ക് എറിയും.  ആനക്കുട്ടി താഴെ എത്തുന്നതുവരെ ന‍ൃത്തം തുടരും ! പിന്നെ തുമ്പിക്കൈ വല പോലെ ചുരുട്ടി ആനക്കുട്ടികളെ പൂ പോലെ പിടിച്ചെടുക്കും ! 

രവി പറഞ്ഞു.. വിവാഹം കഴിഞ്ഞാൽ ആനകൾക്കും ആദ്യരാത്രിയുണ്ട്..!

വർഷയ്ക്കു ചിരി വന്നു.. 

രവി ചോദിച്ചു.. ഉറക്കം വരുന്നുണ്ടോ ?

അവൾ പറഞ്ഞു..  ആനകളുടെ ആദ്യരാത്രിയെപ്പറ്റി പറയൂ..

അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കി. ഇരുളിൽ ദൂരെ എവിടെയാണ് ആനകൾ നൃത്തം ചെയ്യുന്ന ആ കാട്.. !  

രവി ആ കഥ പറയാൻ തുടങ്ങി. 

പിറ്റേന്നു രാവിലെ ആദ്യം ഉണർന്നത് വർഷയായിരുന്നു.  ജനാല തുറന്നു തന്നെ കിടന്നു.  

ജനലിന്റെ അപ്പുറം വലിയൊരു മതിലായിരുന്നു. പച്ച ക്രീപ്പറുകൾ പടർന്നു കിടന്ന മതിൽ. അതിൽ നിറയെ വെള്ളയും ചുവപ്പും പൂക്കൾ ! 

രണ്ടാമത് ഉണരുന്ന ആൾ തരുന്ന സമ്മാനത്തിനായി അവൾ കാത്തുകിടന്നു.