Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ശ്രീധരന്‍ മുതൽ ഇ ശ്രീധരൻ വരെ !

 വിനോദ് നായർ
Author Details
E.Sreedharan

ഉറങ്ങിപ്പോയപ്പോഴാണ്  നമ്പ്യാരുടെ മനസ്സിൽ ആദ്യം തുള്ളലുണ്ടായത്.

ഇറങ്ങിപ്പോയപ്പോഴാണ് നമ്പീശന്റെ മകൻ തുള്ളൽ കലാകാരനായത്.

നമ്പീശൻ വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ.. !

തുള്ളൽ ക്ളാസിൽ കലാമണ്ഡലം ഗോപിയാശാന്റെ സഹപാഠിയായിരുന്നു മഠത്തിൽ പുഷ്പകം കേശവൻ നമ്പീശൻ. ഒരുപാടു വേദികളിൽ തിളങ്ങിയ കലാകാരൻ. ജീവിതത്തിൽ ഒന്നും നേടിയില്ല. എത്ര തുള്ളിയിട്ടും വിയർപ്പുതുള്ളിയും കണ്ണുനീർത്തുള്ളിയും മാത്രം ബാക്കി.. 

അങ്ങനെ ഒരു ദിവസം ഏഴുമക്കളെയും ഭാര്യ സാവിത്രി ബ്രാഹ്മണിയമ്മയെയും ഉപേക്ഷിച്ച് അയാൾ നാടുവിട്ടു. 

നമ്പീശൻ പടിയിറങ്ങുമ്പോൾ വീട്ടിൽ ആകെയുള്ള സമ്പാദ്യം ഒരു പറ നെല്ലാണ്.  പിന്നെ ഏഴു കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മുഖങ്ങളും. 

തനിച്ചായതോടെ പാലായും മോരായും ചോറായും വസ്ത്രങ്ങളായും മഴയായും വെയിലായും കടങ്ങളായും ജീവിതം അതിന്റെ എല്ലാ ആവശ്യങ്ങളോടും കൂടി സാവിത്രി എന്ന ആ പാവം വീട്ടമ്മയെ വേട്ടയാടാൻ തുടങ്ങി.

വല്ലാതെ കഷ്ടപ്പെട്ടാണ് സാവിത്രി കുട്ടികളെ വളർത്തിയത്.  അങ്ങനെ മൂത്തമകൻ വാസുദേവൻ ഹൈസ്കൂളിലും നാലാമൻ ആനന്ദൻ പ്രൈമറി ക്ളാസിലുമെത്തി നിൽക്കെ..  

ഒരു ദിവസം ഉച്ചയ്ക്ക് കേശവൻ നമ്പീശൻ മടങ്ങിയെത്തി. അത്രയും കാലം മധുരയിൽ ഹോട്ടലുകളിൽ പണിയെടുക്കുകയായിരുന്നു അയാൾ. 

ഇറങ്ങിപ്പോയ പടവുകൾ തിരിച്ചു കയറി മുറ്റത്തു വന്നു നിൽക്കെ അയാളുടെ മുന്നിൽ കഴിഞ്ഞുപോയ കാലങ്ങൾ കരിയിലകളായി കൊഴിഞ്ഞു വീണു കിടന്നു. അവയിൽ ചവിട്ടാതെ മാറി നടന്ന് ഉമ്മറത്തേക്കു കയറുമ്പോൾ നമ്പീശൻ കേട്ടത് വീട്ടിനുള്ളിൽ നിന്നു തുള്ളൽപ്പാട്ടാണ്.

‘കല്യാണശീലനാം കാർമുകിൽ വർണന്റെ

കല്യാണസൗഗന്ധികാഖ്യം കഥാഭാഗ

മുല്ലാസകാരണം ഭാരതസത്തമം

ചൊല്ലേറുമിക്കഥാശേഷം ചുരുക്കി ഞാൻ...

മകൻ ആനന്ദൻ തുള്ളൽപ്പാട്ട് പഠിക്കുകയാണ്. കേശവൻ നമ്പീശന് സങ്കടവും ദേഷ്യവും സഹിക്കാൻ കഴി‍ഞ്ഞില്ല. സ്കൂളിൽ പഠിക്കേണ്ട സമയത്ത് തുള്ളൽ ! മകനും ജീവിതം തന്റെ വഴിയിലേക്ക് തിരിച്ചുവിടുകയാണോ ? മധുരയിലെ ഹോട്ടലുകളുടെ അടുക്കളകളുടെ മുഷിഞ്ഞ നിറം അയാൾക്ക് എളുപ്പം മറക്കാൻ പറ്റുന്നതല്ല. 

ആനന്ദന്റെ ഓട്ടൻതുള്ളൽ കമ്പം വീട്ടിൽ ചർച്ചയായി. വഴക്കായി. 

അയാളോടു ഭാര്യ സാവിത്രി പറഞ്ഞു..  ഞാൻ പറഞ്ഞിട്ട് ആനന്ദൻ കേൾക്കുന്നില്ല. അവന് ഓട്ടൻതുള്ളൽ പഠിക്കണമെന്ന് ഒരേ വാശി. 

ഇതാണ് ജീവിതാനന്ദം എന്ന മട്ടിൽ നിൽക്കുകയാണ് ആനന്ദൻ. ഒടുവിൽ അടിച്ച വഴിയേ പോയില്ലെങ്കിൽ മകനെ പഠിച്ച വഴിയേ തെളിക്കാമെന്ന് നമ്പീശനും വഴങ്ങി. 

അങ്ങനെ ആനന്ദൻ ഓട്ടൻതുള്ളൽ പഠിച്ചു തുടങ്ങി.  ഇനി കലാമണ്ഡലത്തിൽ ചേരണം.  പ്രവേശന ഫീസിന്റെ കാര്യം വന്നപ്പോൾ പിന്നെയും തടസ്സം.  ഫീസ് 85 രൂപ വേണം.  എട്ടു രൂപ പോലുമില്ല കൈയിൽ എന്ന സ്ഥിതിയിലാണ് നമ്പീശൻ.

ഒന്നോ രണ്ടോ ദിവസം കരഞ്ഞപ്പോൾ ആനന്ദൻ തന്നെ വഴി കണ്ടെത്തി.  അവൻ നമ്പീശനോടു പറഞ്ഞു.  അച്ഛൻ ഒരു കത്ത് എഴുതിത്തരാമോ? ഇവൻ എന്റെ മകനാണ്, കലാമണ്ഡലത്തിൽ പഠിക്കാൻ ആഗ്രഹമുണ്ട്. എന്റെ കൈയിൽ പണമില്ല, ഇവനെ സഹായിക്കണം.. അച്ഛനെഴുതിയ ആ കത്തുമായി ആനന്ദൻ നാട്ടിലെ വീടുകൾ‌ കയറിയിറങ്ങി. ആളുകളുടെ മുന്നിൽ കൈനീട്ടി..

കത്തു വായിച്ച് ചിലരൊക്കെ ചെറിയ സഹായങ്ങൾ ചെയ്തു. അൽപം മുമ്പ് ഒറീസയിൽ വെള്ളപ്പൊക്കമെന്നു പറഞ്ഞ് ഒരു ചെക്കൻ വന്നു പോയതേയുള്ളൂ എന്ന മട്ടിൽ ചിലർ പരിഹസിച്ചു.  മറ്റു ചിലർ ഒന്നുംമിണ്ടാതെ വേറെവിടെയോ നോക്കിയിരുന്നു. 

ഒരു വീട്ടിൽ ചെന്നപ്പോൾ കത്തു വായിച്ചിട്ട് വീട്ടുടമസ്ഥൻ ആനന്ദനെ നോക്കി പറഞ്ഞു..  ഇനി ഈ കത്തുമായി നീ ആരുടെ അടുത്തും പോകരുത്. അഡ്മിഷൻ ഫീസ് ഞാൻ തരാം. 

ആനന്ദന്റെ ജീവിതാഭിലാഷത്തിനു പച്ചക്കൊടി കാട്ടിയ ആ മനുഷ്യൻ തീവണ്ടിയിലെ എൻജിനീയറായിരുന്നു.  കലാമണ്ഡലത്തിലെ പഠനകാലത്ത് മുഴുവൻ ഫീസും അയാൾ തന്നെ കൊടുത്തു.

ആനന്ദൻ പഠിച്ചു വലുതായി കലാമണ്ഡലം ഗീതാനന്ദനായി. വലിയ പേരായി, നീനാ പ്രസാദിനെയും കാവ്യാ മാധവനെയും പോലെ പേരുള്ളവരുടെ ഗുരുവായി. പ്രഫസറും സിനിമാ നടനുമായി. ഈയിടെ ജോലിയിൽ നിന്നു വിരമിച്ചു.

കലാമണ്ഡലത്തിന്റെ പടിയിറങ്ങുന്ന ദിവസം ഗീതാനന്ദൻ നിറമനസ്സോടെ പറഞ്ഞു.. ഞാൻ ഇന്ന് വിരമിക്കുന്നു.  ഈ കല പഠിക്കാൻ എന്നെ സഹായിച്ച ശ്രീധരേട്ടനെന്ന ആ വലിയ മനുഷ്യൻ ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു.

ആ ശ്രീധരേട്ടനാണ് ഇന്നത്തെ മെട്രോമാൻ ഇ. ശ്രീധരൻ ! വിശ്രമമറിയാതെ കുതിച്ചുപായുന്ന തീവണ്ടി മനുഷ്യൻ !

കൊച്ചി മെട്രോയുടെ വേദിയിലാണോ സദസ്സിലാണോ ഇ. ശ്രീധരനു കസേരയിടേണ്ടത് എന്ന തർക്കം നടക്കുമ്പോൾ ഒരുകാര്യത്തിൽ മാത്രം തർക്കമില്ല–  ഒരുപാടു ഹൃദയങ്ങളിൽ കസേരയിട്ട് ഇരിക്കുകയാണ് ഈ ശ്രീധരൻ !

Read more: Penakathy, Trending