Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയികൾക്കിടയിൽ ഒരു മിണ്ടാപ്പൂച്ച !

വിനോദ് നായർ
Author Details
Penakathi വാതിലിലിനു കുറുകെ ഒരു റിബൺ കെട്ടിയതുപോലെ അവൾ നിൽക്കുന്നു. കടന്നു പൊയ്ക്കോളൂ എന്റെ കൈ തട്ടിമാറ്റിയിട്ട് എന്നു പറയാതെ പറയുന്നുണ്ട് അവൾ...

രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ ലഡ്ഡു തിന്നാൻ കൊതി.

ബോംബെയിലെ സിദ്ധി വിനായക മന്ദിറിൽ  നിന്നു വജ്രലക്ഷ്മിയമ്മായി കൊണ്ടു വന്ന ലഡ്ഡുവാണ്. പത്തെണ്ണം ഒരു പായ്ക്കറ്റിൽ.  ഓരോന്നിനും ഒരു ക്രിക്കറ്റ് ബോളിന്റെ വലുപ്പമുണ്ട്.  പൂജാമുറിയിലെ കലണ്ടറിൽ ഗണപതി കൈയിൽ പിടിച്ചിരിക്കുന്നതും ഇതേ ആന ലഡ്ഡു !

കഴിക്കുന്നതിനെക്കാൾ രസമാണ് അതെടുത്ത് മുന്നിൽ വച്ച് എവിടെ കടിക്കണം, എങ്ങനെ കടിക്കണം, ഓരോ അല്ലിയും ചവയ്ക്കണോ, അതോ അലിയിക്കണോ എന്നൊക്കെ ആലോചിച്ച് നോക്കിയിരിക്കാൻ... !

വജ്രലക്ഷ്മിയമ്മായി ബോംബെയിൽ ദാദറിൽ നഴ്സാണ്.  ഓപ്പറേഷൻ തീയറ്ററിൽ ഡ്യൂട്ടിയുള്ള ദിവസം അതിരാവിലെ എഴുന്നേറ്റ് അമ്മായി സിദ്ധി വിനായക മന്ദിറിൽ പോയി പ്രാർഥിക്കും. 

കാരണം വജ്രലക്ഷ്മി അമ്മായിയെ ഓപ്പറേഷൻ തീയറ്ററിൽ കണ്ടാലുടനെ ഡോക്ടർ സുനീത് ഗംഗോപാധ്യായ പറയും..  വജ്രാ,  ആജ് ആപ് ഓപ്പറേഷൻ കീജിയേ.. മുഝെ നീംദ് ആതാ ഹേ.. സബ് പൂരാ കർകെ ബാദ് മുഝെ ബുലായിയേ.. മേ ആവൂംഗാ, ഔർ അച്ഛാ  കഹൂംഗാ.. ധന്യവാദ്.. 

ഇങ്ങനെ പറഞ്ഞിട്ട് ഡോക്ടർ അടുത്ത മുറിയിൽ പോയി റിലാക്സ് ചെയ്യും. പിന്നെ ഓപ്പറേഷന്റെ ചുമതല ഹെഡ് നഴ്സ് വജ്രലക്ഷ്മിക്കാണ്. 

അമിതാഭ് ബച്ചൻ, ശ്രീദേവി, ഷമ്മി കപൂർ, ലതാ മങ്കേഷ്കർ ഇങ്ങനെ ഒട്ടേറെ ആളുകളെ ഓപ്പറേഷൻ നടത്തിയ കഥ വജ്രലക്ഷ്മി അമ്മായി പറയും. 

ലതാ മങ്കേഷ്കറുടെ ഓപ്പറേഷനായിരുന്നു സംഭവം. ഓപ്പറേഷൻ കഴിഞ്ഞ് തീയറ്ററിൽ ഇങ്ങനെ കിടക്കുമ്പോൾ ലതാജിയുടെ ചുണ്ടുകൾ മെല്ലെ ചലിക്കുന്നു. 

പനിച്ചു വിറയ്ക്കുന്നതാണോ എന്നു നോക്കാൻ വജ്രലക്ഷ്മി ഒരു തെർമോമീറ്ററുമായി ഓടിവന്നു. 

അതു പനിയായിരുന്നില്ല, പാട്ടിന്റെ പനിനീർപ്പൂവായിരുന്നു. 

ശസ്ത്രക്രിയയുടെ മയക്കം മാറുംമുമ്പ് ലതാ മങ്കേഷ്കർ അറിയാതെ പാട്ടുമുളുകയായിരുന്നു..

കഭീ.. കഭീ.. മേരെ ദിൽ മേ.. ഖയാല് ആ..താ.. ഹേ..

ഡോക്ടർ സുനീത് ഗംഗോപാധ്യായ ഓടി വന്നു. പിന്നെ ഡോക്ടറും വജ്രലക്ഷ്മി അമ്മായിയും ഓപ്പറേഷൻ തീയറ്ററിലുള്ള എല്ലാവരും ലതാജിയുടെ കൂടെ ആ പാട്ടു പാടി. 

അമ്മായി പറയുന്ന കഥകളൊക്കെ സത്യമാണോയെന്ന് ആരും ചോദിക്കാറില്ല. ചോദിക്കുന്നത് അമ്മായിക്ക് ഇഷ്ടവുമല്ല. 

താൻ ഓപ്പറേഷൻ ചെയ്ത രോഗികൾ ആശുപത്രി വിട്ടു പോകുന്ന ദിവസം വജ്രലക്ഷ്മി അമ്മായി അവർക്ക് ഒരു സമ്മാനം കൊടുക്കുക പതിവുണ്ട്. സിദ്ധി വിനായക മന്ദിറിലെ ഒരു പാക്കറ്റ് ലഡ്ഡു!  

അവധിക്ക് നാട്ടിൽ വന്നപ്പോൾ പത്തെണ്ണം ഞങ്ങൾക്കും കൊണ്ടു വന്നു.  അടുക്കളയിലെ  ഒരു കുപ്പിയിൽ അതുണ്ട്. 

അമ്മ ഏതായാലും  ഫ്രിജിൽ വയ്ക്കില്ല. കാരണം കരിമീൻ ഫ്രൈയും അമ്പലത്തിലെ ലഡ്ഡുവും അടുത്തു വയ്ക്കാൻ പാടില്ല, ദോഷമാണ് !

ശബ്ദമുണ്ടാക്കാതെ നടന്ന് ഊണുമുറിയിലെ തീൻമേശയെ വലം വച്ചുതൊഴുത് അടുക്കളയുടെ വാതിൽ തുറന്നു ലൈറ്റിട്ടു.

രാത്രിയിൽ അടുക്കളകൾ അമ്മയെപ്പോലെയാണ്. ആരെങ്കിലും വന്നു ലൈറ്റിട്ടാലുടനെ ചാടിയെണീറ്റ് ആരാണെന്നു നോക്കും. 

അലമാരിയുടെ തട്ടിൽ ‌മല്ലി, മുളക്, ഉപ്പ്, കടുക്, പഞ്ചസാര, കൽക്കണ്ടം, പെരുംജീരകപ്പൊടി എന്നൊക്കെ പേരുള്ള കുറെ പാത്രങ്ങൾ നിരന്നിരിക്കുന്നു. അമ്മ അധ്യാപികയായതിന്റെ ദോഷമാണ്. എല്ലാത്തിനും പേരെഴുതി വയ്ക്കും.  അമ്മൂമ്മയുടെ ഒടിഞ്ഞ പല്ലിന്റെ കഷണം പോലും ഇതുപോലെ കുപ്പിയിലിട്ടു വച്ചിട്ടുണ്ട്. അതിന്റെ മുകളിലെ പേര്.. നാണിക്കുട്ടിയമ്മ ദന്തം !

അമ്മയുടെ മൂന്നാമത്തെ കൈയും നാലാമത്തെ കണ്ണും അഞ്ചാമത്തെ ചെവിയുമാണ് ജാനുച്ചേച്ചി.  അടുക്കളയിലും പുറത്തും അമ്മയുടെ സഹായി.  ഏതു കുപ്പിയിലാണ് ലഡ്ഡു എന്ന കാര്യം അമ്മയ്ക്കും ജാനുച്ചേച്ചിക്കും മാത്രമേ അറിയാൻ പറ്റൂ. അതിനു പേരെഴുതി വച്ചിട്ടില്ല.

അടുപ്പിനോടു ചേർന്ന് ഒഴിച്ചിട്ട സ്ഥലത്ത് തുണി വിരിച്ച് പതിവുപോലെ ശിങ്കാരിപ്പൂച്ച കിടന്നുറങ്ങുന്നുണ്ട്.  അമ്മയും ജാനുച്ചേച്ചിയും കഴിഞ്ഞാൽ പിന്നെ വീട്ടിലെ എല്ലാ കാര്യങ്ങളും അറിയാവുന്നത് ഇവൾക്കാണ്. 

ഞാൻ അവളുടെ വാലിൽ ഒന്നു തൊട്ടു. പൂച്ചകൾക്ക് വാല് വളരെ പ്രധാനമാണ്. അതിൽ തൊട്ടാൽ അവർ ഒരു പഞ്ഞിപ്പന്തുപോലെ കുറുകും. 

ശിങ്കാരിപ്പൂച്ച ചോദിച്ചു.. എന്നാടാ ഈ രാത്രീല് അടുക്കളേല് ?

എന്നെക്കാൾ 16 വയസ്സു കുറവാണ് ഇവൾക്ക് ! എന്നാലും എന്നെ പേരു വിളിക്കും ! അഹങ്കാരി. അച്ഛൻ പോലും ഇവളെ സോപ്പിട്ടാണ് ഇവിടെ കഴിയുന്നത്. 

എല്ലാ മാസവും ഒന്നാംതീയതി അച്ഛനു ശമ്പളം കിട്ടും. അന്ന് ഓഫിസിൽ നിന്നു വന്നാൽ അമ്മയുടെ മടിയിൽ കിടന്ന് അച്ഛൻ നോട്ടുകൾ എണ്ണിയെണ്ണി നോക്കും.  എന്നിട്ട്, രാധേ ഇതാ ആയിരം.. ഇതു നീ വച്ചോ.. പാലിനും പത്രത്തിനും കൊടുക്കാം. ഈ അഞ്ഞൂറു കൂടി വച്ചോ, നിനക്ക് സാരിക്കു ചേർന്ന ബ്ളൗസ് വാങ്ങിക്കാം എന്നൊക്കെ പറഞ്ഞാണ് പൈസ എണ്ണുന്നത്. 

എല്ലാ ഒന്നാം തീയതിയും ശിങ്കാരിപ്പൂച്ച അമ്മയുടെ പിന്നാലെ മാറാതെ നടക്കും. അമ്മ എവിടെയങ്കിലും ഇരുന്നാലുടനെ മടിയിൽ കയറി കിടക്കും. 

അമ്മയ്ക്ക് അവളെ ഇറക്കിവിടാൻ മടിയാണ്. നീലക്കണ്ണും പഞ്ഞിപോലുള്ള പാദങ്ങളും ഒരു ചെളി പോലും പറ്റാത്ത ഉടലുമൊക്കെയായിട്ട് ശ്രീപാർവതിയുടെ അവതാരമാണ് ശിങ്കാരിയെന്നാണ് അമ്മ പറയുന്നത്. 

അച്ഛൻ ബിസ്കറ്റ് ഒക്കെ കൊടുത്ത് മയക്കിയാണ് അവളെ ഒരുവിധം അമ്മയുടെ മടിയിൽ നിന്ന് ഇറക്കി വിടുന്നത്. ആധാർ കാർഡില്ലെന്നേയുള്ളൂ. അത്രയും അധികാരമുണ്ട് ശിങ്കാരിപ്പൂച്ചയ്ക്ക് ഞങ്ങളുടെ വീട്ടിൽ. 

ലഡ്ഡു ഇരിക്കുന്ന കുപ്പി ഏതാണെന്ന് ശിങ്കാരി പറഞ്ഞു തന്നു. പകരം മൂന്നു ബിസ്കറ്റാണ് അവൾ ഈടാക്കിയത്. 

ലഡ്ഡുവുമായി പുറത്തു വരുമ്പോൾ പെട്ടെന്ന് ശ്രീലക്ഷ്മി മുന്നിൽ.. 

വാതിലിലിനു കുറുകെ ഒരു റിബൺ കെട്ടിയതുപോലെ അവൾ നിൽക്കുന്നു. കടന്നു പൊയ്ക്കോളൂ എന്റെ കൈ തട്ടിമാറ്റിയിട്ട് എന്നു പറയാതെ പറയുന്നുണ്ട് അവൾ. 

വജ്രലക്ഷ്മി അമ്മായിയുടെ മകളാണ് ശ്രീലക്ഷ്മി. അമ്മായി  മുംബൈയ്ക്കു പോയെങ്കിലും ഒരാഴ്ച കൂടെ നാട്ടിൽ നിൽക്കണമെന്നു പറഞ്ഞ് ശ്രീലക്ഷ്മി നാട്ടിൽ നിന്നതാണ്. 

ഇവൾ എന്താണ് ഈ രാത്രിയിൽ ഉറങ്ങാതെ എന്റെ പിന്നാലെ !  

ശ്രീലക്ഷ്മി പറഞ്ഞു.. കള്ളൻ..

ഞാൻ‌ തിരുത്തി.. അല്ല, ശ്രീക്കുട്ടൻ.

അവൾ ചിരിച്ചു.. കള്ളശ്രീക്കുട്ടൻ..

എന്താ കൈയിൽ ?

സിദ്ധി വിനായക മന്ദിറിലെ ആനലഡ്ഡു ! 

രാത്രിയിൽ പല്ലു തേച്ചു കഴിഞ്ഞ് പിന്നെ ഇതൊക്കെ കട്ടു തിന്നുന്നതു ശരിയാണോ ശ്രീക്കുട്ടാ  ?

നീ അമ്മയോടു പറയ്വോ ?

പറയും, പറയും, പറയും എന്ന് ശ്രീലക്ഷ്മി. 

എനിക്കു സന്തോഷം തോന്നി.  പെൺകുട്ടികൾ പലപ്പോഴും പറയുന്നതിന് എതിരായിരിക്കും ചെയ്യുക.  പാല് ഇഷ്ടമല്ലെന്നു പറഞ്ഞിട്ട് കണ്ണടച്ചു കുടിക്കും.  ലഡ്ഡുവിന്റെ കാര്യം അവൾ ആരോടും പറയില്ലെന്ന് എനിക്കുറപ്പായി. 

ശ്രീലക്ഷ്മി ചോദിച്ചു.. ഒരിടം വരെ എന്റൂടെ വര്വോ?

വാതിൽ തുറന്ന് ഞങ്ങൾ രണ്ടാളും മുറ്റത്തേക്കിറങ്ങി.  മുറ്റം കടന്നാൽ കമുകും തെങ്ങും തലപ്പൊക്കം നോക്കാൻ മൽസരിക്കുന്ന തൊടി. പിന്നെ കാറ്റ് ഊഞ്ഞാലിടുന്ന പയ്യാനിമരങ്ങൾ.

ഞാൻ ചോദിച്ചു.. രാത്രീല് എങ്ങോട്ടാ നമ്മൾ ?

അവൾ പറഞ്ഞു..  സന്ധ്യയ്ക്കു നോക്കുമ്പോൾ നിശാഗന്ധിച്ചെടിയിൽ 30 മൊട്ടുണ്ടായിരുന്നു. അതൊക്കെ വിരിഞ്ഞോയെന്നു നോക്കാമെന്നേ.. 

ഞാൻ പറഞ്ഞു... പേടിയുണ്ടെങ്കിൽ എന്റെ കൈയിൽ പിടിച്ചോളൂ.. 

അവൾ പറഞ്ഞു... പേടിയൊന്നൂല്ല. 

എന്നിട്ട് എന്റെ കൈ ചേർത്തു പിടിച്ചു. കൈത്തണ്ടയിൽ ഹൃദയം തുടിച്ചു. 

ഞങ്ങൾ നിശാഗന്ധികൾ പൂക്കുന്നിടത്തേക്കു ചേർന്നു നടന്നു. 

തണുത്ത കാറ്റു വീശി. 

തൊടിയിൽ വീണ നിലാവു പാലാണെന്നു തെറ്റിദ്ധരിച്ച് കുടിക്കാനിറങ്ങിയ ശിങ്കാരിപ്പൂച്ച അവരെ കണ്ട് പിന്നാലെ പമ്മിപ്പമ്മി നടന്നു. 

പിന്നെ പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യമെന്നോർത്ത് അടുക്കളയിലേക്ക് തിരിച്ചു നടന്നു.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam