Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യനും ദൈവവും തമ്മിലുള്ള ദൂരമെത്രെ;ഒരു കൈയകലമെന്ന് സുമേഷ് പെരുവണ്ണാൻ

Theyyam വീണ്ടും തെയ്യം കലയുടെ തീച്ചൂളയിലേക്ക് തന്നെ കാലൂന്നാനാണ് ഈ കണ്ണൂരുകാരന്റെ ആഗ്രഹം. എത്രയും പെട്ടെന്ന് അതു സാധ്യമാകുമെന്ന് തന്നെയാണ് ഡോക്ടർമാരും പറഞ്ഞിട്ടുള്ളത്... ചിത്രം: സുമൽ കെ.വി

ദൈവത്തോട് ഏറ്റവും അടുത്തിരിക്കുന്നത് ഉത്തര കേരളമാണെന്ന് പൊതുവെ മലയാളികൾ പറയാറുണ്ട്. ചുവന്ന തെയ്യങ്ങൾ നൃത്തം ചെയ്യുന്ന മണ്ണായത് കൊണ്ടാണ് അത്തരമൊരു വിശേഷണം മലബാറിന് ലഭിച്ചത്. എന്നാൽ മനുഷ്യനും ദൈവവും തമ്മിലുള്ള ദൂരമെത്രയെന്ന് ചോദിച്ചാൽ ഒരു കൈയകലം മാത്രമാണെന്നാണ് കണ്ണൂരിലെ തെയ്യം കലാകാരനായ സുമേഷ് പെരുവണ്ണാൻ പറയുന്നത്. കാരണം ഒരു കൂട്ടം നല്ല മനുഷ്യരുടെ നൂറു കൈകൾ ചേര്‍ന്നാണ് അയാൾ വീണ്ടും ദൈവമാകുന്നതെന്നത് കൊണ്ട് തന്നെ.

മാസങ്ങൾക്ക് മുമ്പ് തെങ്ങില്‍ നിന്ന് താഴേക്ക് വീഴുന്നൊരു തെയ്യക്കോലത്തെ കണ്ട് കേരളമാകെ നെടുവീർപ്പിട്ടതാണ്. ഉത്തര മലബാറിന്റെ തെയ്യാട്ട ഭൂമിയിൽ ഇത്തരം സംഭവങ്ങൾ പക്ഷെ ആദ്യത്തെതല്ല. പുറംലോകം അറിഞ്ഞും അറിയാതെയും ഓരോ തുലാം പത്തുമുതലുള്ള തെയ്യാട്ടക്കാലത്തിലും പരുക്കേൽക്കുന്ന തെയ്യക്കാർ‌ നിരവധി. അവരിൽ കഴിഞ്ഞ തവണത്തെ ഉദാഹരണം മാത്രമാണ് കണ്ണൂർ തളിയിൽ സ്വദേശി സുമേഷ് പെരുവണ്ണാന്റെ ജീവിതം. കേരളം കണ്ട തെങ്ങില്‍ നിന്ന് വീണ ബപ്പിരിയൻ തെയ്യം കെട്ടിയത് ഇയാളായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ സുമേഷ് പെരുവണ്ണാൻ മംഗലാപുരത്ത് ഗുരുതരാവസ്ഥയിലാണെന്നും പിന്നീട് വാർത്തകൾ വന്നു. എന്നാൽ പിന്നീടയാൾ എങ്ങോട്ടു പോയി, ഇനിയുള്ള കാലമാകെ എഴുന്നേറ്റ് നിൽക്കാൻ കഴിയാതെ ഒറ്റപ്പെട്ടുപോകുമോ ആ മനുഷ്യൻ. ഈ അന്വേഷണമാണ് കണ്ണൂർ തളിയിലെ രണ്ടര സെന്റിലുള്ള കൊച്ചു വീടിന്റെ വരാന്തയിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നത്. 

theyyam-1 സീതയെ കണ്ടെത്താത്ത കോപത്തിൽ തെങ്ങിലെ സകല തേങ്ങകളും ബപ്പിരിയന്‍ ചവിട്ടി താഴെയിടണം. കൽപ്പക വൃക്ഷമാകെ അലങ്കോലമാക്കിയെ അടങ്ങുവെന്നാണ് തെയ്യക്കാർ പറയുന്നത്... ചിത്രം: സുമൽ കെ.വി

പരുക്കിൽ നിന്ന് പൂർണമായും മുക്തനായിട്ടില്ലെങ്കിലും ഒരിക്കൽ കൈവിട്ടുപോയ ജീവിതം പതുക്കെ പതുക്കെ തിരിച്ചു പിടിക്കുകയാണ് അയാളിപ്പോൾ. തെങ്ങിൽ നിന്ന് വീണതിനെതുടർന്ന് വലത്തെ തുടയെല്ലിനും താടിയെല്ലിനുമാണ് ഏറ്റവും പരുക്കേറ്റത്. ചികിത്സകൾ തുടരുന്നുണ്ടെങ്കിലും പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാനും പതുക്കെയാണെങ്കിലും നടക്കാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വീണ്ടും തെയ്യം കലയുടെ തീച്ചൂളയിലേക്ക് തന്നെ കാലൂന്നാനാണ് ഈ കണ്ണൂരുകാരന്റെ ആഗ്രഹം. എത്രയും പെട്ടെന്ന് അതു സാധ്യമാകുമെന്ന് തന്നെയാണ് ഡോക്ടർമാരും പറഞ്ഞിട്ടുള്ളത്.

തെങ്ങിൽ കയറുന്ന ബപ്പിരിയൻ

സീതാന്വേഷണത്തിന് പോകുന്ന ഹനുമാന്റെ പ്രതീകമായാണ് കണ്ണൂർ ജില്ലയിൽ ബപ്പിരിയൻ തെയ്യം കെട്ടിയാടുന്നത്. കണ്ണൂരിൽ തന്നെ ചുരുക്കം കാവുകളിൽ മാത്രമാണ് ബപ്പിരിയൻ തെയ്യമുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അഴീക്കോട് മുച്ചിരിയൻ വയനാട്ട് കുലവൻ ക്ഷേത്രം. കഴിഞ്ഞ പത്ത് തവണയും ഈ കാവിൽ ബപ്പിരിയൻ തെയ്യം കെട്ടിയാടിയത് സുമേഷ് പെരുവണ്ണാനായിരുന്നു. ഈ വർഷമാദ്യം പതിനൊന്നാം തവണ തെയ്യം കെട്ടാനായി അടയാളം വാങ്ങിയപ്പോഴും നേരത്തെയുള്ളതിനെക്കാളും ആവേശത്തോടെയാണ് പെരുവണ്ണാൻ അത് സ്വീകരിച്ചത്. 

theyyam-4 ദൈവത്തോട് ഏറ്റവും അടുത്തിരിക്കുന്നത് ഉത്തര കേരളമാണെന്ന് പൊതുവെ മലയാളികൾ പറയാറുണ്ട്. ചുവന്ന തെയ്യങ്ങൾ നൃത്തം ചെയ്യുന്ന മണ്ണായത് കൊണ്ടാണ് അത്തരമൊരു വിശേഷണം മലബാറിന് ലഭിച്ചത്... ചിത്രം: സുമൽ കെ.വി

ലങ്കാധിപനായ രാവണൻ സീതയെ അപഹരിച്ച് കൊണ്ടുപോയപ്പോൾ ഹനുമാൻ സീതയെ അന്വേഷിച്ചിറങ്ങുന്ന രാമായണ ഭാഗമാണ് ബപ്പിരിയൻ തെയ്യത്തിന്റെ കഥാതന്തു. സീതയെ കണ്ടെത്താനാകാത്തതിനാൽ വലിയ മരങ്ങളിൽ കയറിയും ബപ്പിരിയൻ ദൂരപ്രദേശങ്ങളിലേക്ക് കണ്ണയക്കും. ഇതിനാണ് തെയ്യം തെങ്ങുകളിലേക്ക് കയറുന്നത്. സീതയെ കണ്ടെത്താത്ത കോപത്തിൽ തെങ്ങിലെ സകല തേങ്ങകളും ബപ്പിരിയന്‍ ചവിട്ടി താഴെയിടണം. കൽപ്പക വൃക്ഷമാകെ അലങ്കോലമാക്കിയെ അടങ്ങുവെന്നാണ് തെയ്യക്കാർ പറയുന്നത്. ആ ചടങ്ങിനിടെയാണ് സുമേഷ് പെരുവണ്ണാൻ പിടിവിട്ട് തെങ്ങിൽ നിന്ന് താഴെ വീഴുന്നത്. പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതിനാലാണ് രക്ഷിക്കാനായതെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ എട്ട് ദിവസമാണ് ബോധമില്ലാതെ ഇയാൾ കിടന്നത്. അപകടത്തെക്കുറിച്ച് ചോദിച്ചപ്പോൾ തെങ്ങില്‍ കയറി പകുതിയെത്തിയത് വരെയുള്ള കാര്യങ്ങൾ മാത്രമാണ് ഓർമയിലുള്ളതെന്നും സുമേഷ് പെരുവണ്ണാൻ പറയുന്നു.

കണ്ണൂരിലെ തെയ്യം കലാകാരൻമാരിൽ പ്രധാനി

കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന തെയ്യം കലാകാരൻമാരിൽ ഒരാളാണ് സുമേഷ് പെരുവണ്ണാൻ.കീഴാറ്റൂരെ  കണ്ണൻ വൈദ്യരുടെയും മാധവി അമ്മയുടെ മകനായ ഇയാൾ നാലാം വയസിൽ വേടൻ തെയ്യം കെട്ടിയാണ് തെയ്യം കലയിലേക്കെത്തുന്നത്.പുതിയ ഭഗവതി, ഇളംകോലം, ചോന്നമ്മ ഭഗവതി, പടക്കത്തി ഭഗവതി, വയനാട്ട് കുലവൻ, തോട്ടുങ്കര ഭഗവതി, കണ്ടനാര്‍ കേളൻ തുടങ്ങി വണ്ണാൻ വിഭാഗത്തിന് അവകാശമുള്ള തെയ്യക്കോലങ്ങളെല്ലാം സുമേഷ് പെരുവണ്ണാൻ കെട്ടിയാടിയിട്ടുണ്ട്. 27ാം വയസിൽ ആന്തൂർ കാവിൽ പുതിയ ഭഗവതി കെട്ടിയാണ് കോടല്ലൂർ തമ്പുരാനിൽ നിന്ന് പട്ടുംവളയും വാങ്ങി ആചാരപ്പെടുന്നത്.

theyyam-3 27ാം വയസിൽ ആന്തൂർ കാവിൽ പുതിയ ഭഗവതി കെട്ടിയാണ് കോടല്ലൂർ തമ്പുരാനിൽ നിന്ന് പട്ടുംവളയും വാങ്ങി ആചാരപ്പെടുന്നത്... ചിത്രം: സുമൽ കെ.വി

ഒരു ജനതയുടെ കൈപിടിച്ച് തിരികെ യാത്ര

അപകടം ഉണ്ടായത് മുതല്‍ ജീവിതം തിരികെപ്പിടിക്കാൻ സഹായിച്ചവർ നിരവധിയാണ്. തെയ്യപ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സഹായം ഒരിക്കലും മറക്കാനാകില്ലെന്ന് സുമേഷ് പെരുവണ്ണാന്റെ കുടുംബം ഓർക്കുന്നു. തെയ്യക്കാഴ്ചകൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പംഗങ്ങൾ ചേർന്ന് ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയാണ് നൽകിയത്. ഉപജീവനമാർഗ്ഗത്തിനായി ഓട്ടോ റിക്ഷയും വാങ്ങി നൽകി. ആ വാഹനത്തിന് സുമേഷ് പെരുവണ്ണാനിട്ട പേരും തെയ്യക്കാഴ്ചകൾ എന്നുതന്നെ. 

ഇതിന് പുറമെ മഞ്ഞൾ പ്രസാദം, മഞ്ഞള്‍കുറി, അണിയറ, മുച്ചിലോട്ട് തുടങ്ങി നിരവധി തെയ്യപ്രേമികളുടെ സംഘങ്ങൾ സഹായവുമായി മുന്നോട്ടു വന്നു. അപകടം സംഭവിച്ച മുച്ചിറിയൻ കാവ് ഭരണസമിതിയും സമുദായ സംഘടനകളും കൈകോർത്തപ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ടേതുമറിയാതെ ആ ഇടത്തരം കുടുംബം ചികിത്സാച്ചെലവുകളെല്ലാം മറികടന്നു. താടിയെല്ലിനും തുടയെല്ലിനും ശസ്ത്രക്രിയ നടത്തിയ ശേഷം അപ്രതീക്ഷിതമായി ചിക്കൻപോക്സും പിടികൂടിയെങ്കിലും പുതിയ ഭഗവതി അല്ലലൊന്നുമില്ലാതെ കാത്തെന്നാണ് ഇയാൾ പറയുന്നത്.

theyyam-2 സീതാന്വേഷണത്തിന് പോകുന്ന ഹനുമാന്റെ പ്രതീകമായാണ് കണ്ണൂർ ജില്ലയിൽ ബപ്പിരിയൻ തെയ്യം കെട്ടിയാടുന്നത്. കണ്ണൂരിൽ തന്നെ ചുരുക്കം കാവുകളിൽ മാത്രമാണ് ബപ്പിരിയൻ തെയ്യമുള്ളത്... ചിത്രം: സുമൽ കെ.വി

വീണ്ടും അരങ്ങത്തേക്ക്

കുമ്പിട്ട ദൈവങ്ങൾ ജീവിതം തകർത്തെന്ന് വിശ്വസിക്കുന്നതിനെക്കാൾ ജീവൻ തിരികെ തന്നത് അവരാണെന്ന് പറയാനാണ് സുമേഷ് പെരുവണ്ണാൻ ഇഷ്ടപ്പെടുന്നത്. എന്നേക്കുമായി ചിലമ്പഴിക്കേണ്ടി വരുമെന്ന് കരുതിയിടത്ത് നിന്നും വീണ്ടും ചിലമ്പണിയാനൊരുങ്ങുന്നത് അതിന്റെ തുടർച്ചയാണ്. പതുക്കെ പതുക്കെ വീണ്ടും കളിയാട്ടക്കാവുകളിൽ സജീവമാകുകയാണ് സുമേഷ് പെരുവണ്ണാനിപ്പോൾ.അതിന്റെ ഭാഗമായി മുത്തപ്പൻ വെള്ളാട്ടത്തെ ഒരുക്കുന്നതിനായി കഴിഞ്ഞ ദിവസം ഇയാൾ ഒരു കളിയാട്ടവേദിയിലെത്തിയിരുന്നു. ഒരു മാസത്തിനകം തന്നെ ദൈവമായി അരങ്ങത്തേക്ക് പ്രവേശിക്കാനാകുമെന്ന ഉറപ്പ് ഡോക്ടര്‍മാരും നൽകിയിട്ടുണ്ട്. നവംബർ മാസത്തിൽ കണ്ണൂർ അരോളിയിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിക്കൊണ്ടാണ് സുമേഷ് പെരുവണ്ണാൻ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ ശാരീരികാധ്വാനം കുറഞ്ഞ തെയ്യങ്ങൾ കെട്ടിയാടാനാണ് തീരുമാനം. പിന്തുണയുമായി കുടുംബവും നാടും കൂടെയുള്ളപ്പോൾ എന്തും സാധ്യമെന്ന് ഈ കണ്ണൂരുകാരൻ വിശ്വസിക്കുന്നു.

theyyam-5 പതുക്കെ പതുക്കെ വീണ്ടും കളിയാട്ടക്കാവുകളിൽ സജീവമാകുകയാണ് സുമേഷ് പെരുവണ്ണാനിപ്പോൾ.അതിന്റെ ഭാഗമായി മുത്തപ്പൻ വെള്ളാട്ടത്തെ ഒരുക്കുന്നതിനായി കഴിഞ്ഞ ദിവസം ഇയാൾ ഒരു കളിയാട്ടവേദിയിലെത്തിയിരുന്നു...

തുലാം പത്ത് പിറന്ന് ഉത്തര കേരളത്തിൽ തെയ്യമിറങ്ങാൻ ഇനി അധിക കാലമില്ല. അതോടൊപ്പം തന്നെ വെള്ളോട്ടുചിലമ്പും തലപ്പാളിയും കെട്ടി മുത്തപ്പനാവാനുള്ള ഒരുക്കത്തിലാണ് സുമേഷ് പെരുവണ്ണാനിപ്പോൾ.

Read more: Lifestyle Malayalam Magazine