Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓം ആദിത്യായ നമ

adithyapuram-2

പ്രാചീനകാലം മുതൽ സൂര്യനെ ആരാധിക്കുന്നവരാണ് ഭാരതീയർ. ഒറീസ്സയിലെ കൊണാർക്ക് സൂര്യക്ഷേത്രം ഇതിനു മകുടോദാഹരണമാണ്. സൂര്യാരാധനയും സൂര്യനമസ്ക്കാരവും നമ്മുടെ ജീവിതരീതിയുടെ ഭാഗമാണ്. ശാരീരികവും മാനസികവുമായ ഉന്മേഷമാണ് സൂര്യനമസ്ക്കാരം കൊണ്ട് ലഭിക്കുന്നത്.

adithyapuram

കേരളത്തിന്റെ കാർഷിക സംസ്ക്കാരത്തിൽ സൂര്യനു വളരെയേറെ പ്രാധാന്യമുണ്ട്. പത്താമുദയവും ഞാറ്റുവേലയും എല്ലാം സൂര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചിങ്ങത്തിൽ പൂക്കളം ഇടേണ്ടത് സൂര്യനുദിച്ചു വരുന്നതിനു മുമ്പാവണം എന്നൊരു പഴമൊഴിയുണ്ട്. ദശാകാലങ്ങൾ ഉൾപ്പെടെ സൂര്യനുമായി ബന്ധപ്പെടുത്തി നിരവധി ആചാരരീതികൾ നമ്മുടെ ജീവിതശൈലിയിലും വന്നതുകൊണ്ടാവാം സൂര്യനെ നമ്മൾ ഈശ്വരസങ്കൽപത്തിൽ ആരാധിക്കുന്നത്.

ആദിത്യപുരം സൂര്യക്ഷേത്രം

adithyapuram-1

ഗ്രഹാധിപനായ സൂര്യനെ ആരാധിക്കുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് അതിപുരാതനമായ ആദിത്യപുരം സൂര്യക്ഷേത്രം. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏകസൂര്യക്ഷേത്രമെന്ന ഖ്യാതി ആദിത്യപുരത്തിനുണ്ടെങ്കിലും മറ്റൊരു സൂര്യക്ഷേത്രവും കോട്ടയത്തു സ്ഥിതിചെയ്യുന്നു. സൂര്യനാരായണപുരം എന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. പ്രസിദ്ധമായ മള്ളിയൂർ ഗണപതിക്ഷേത്രത്തിനു സമീപ പ്രദേശമാണ് ആദിത്യപുരം. മള്ളിയൂരിൽ തൊഴുതു മടങ്ങുന്ന ഭക്തർ ഇവിടെയും വന്നുതൊഴുന്നു. സൂര്യക്ഷേത്രത്തിനടുത്തുള്ള മരങ്ങാട്ടു മനയ്ക്കാണ് ക്ഷേത്രത്തിന്റെ ഊരാണ്‌മസ്ഥാനമുള്ളത്.

ഐതീഹ്യം

പണ്ട് ദൈവീകശക്തിയുള്ള ഒരു മഹാതപസ്വി ജീവിച്ചിരുന്നു. അദ്ദേഹം സൂര്യഭഗവാന്റെ വലിയ ഭക്തനായിരുന്നു. വർഷങ്ങളോളം തപസ്സനുഷ്ഠിച്ച അദ്ദേഹത്തിനു മുന്നിൽ സൂര്യഭഗവാൻ പ്രത്യക്ഷപ്പെട്ടനുഗ്രഹിക്കുകയും ചെയ്തു. ആ മഹാതപസ്വിയാണ് ഇന്ന് ക്ഷേത്രം ഇരിക്കുന്നിടത്ത് സൂര്യദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് എന്നു പറയുന്നു. തന്റെ പിന്തുടർച്ചക്കാരെ പൂജാവിധികൾ പഠിപ്പിക്കുകയും ആരാധന നടത്തുകയും ചെയ്തു. മറ്റൊരു ഐതീഹ്യം ഇപ്രകാരമാണ്.

പ്രപഞ്ചസൃഷ്ടി നടക്കുന്ന സമയത്ത് സൂര്യദേവനുമാത്രം പ്രത്യക്ഷരൂപവും, ശക്തി മറ്റു ദേവീദേവന്മാരെപ്പോലെയുമായിരുന്നു. എന്നാൽ ഇതിൽ തൃപ്തിയാകാത്ത സൂര്യദേവൻ തപസ്സു ചെയ്തു ദേവിയെ പ്രത്യക്ഷപ്പെടുത്തി. ആറുനാഴിക പുലരുന്നതുവരെ മറ്റു ദേവീദേവന്മാർക്കുള്ള ശക്തികൂടി സൂര്യദേവനുണ്ടാകട്ടെ എന്നു ദേവി അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ തപസ്സനുഷ്ഠിക്കുന്ന അതേ ഭാവത്തിലാണ് സൂര്യഭഗവാന്റെ ആദിത്യപുരത്തെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

പടിഞ്ഞാറോട്ടു ദർശനമേകുന്ന ഭഗവാൻ

ഏറ്റുമാനൂരപ്പനെപ്പോലെ സൂര്യഭഗവാനും പടിഞ്ഞാറോട്ടു ദർശനമേകിയാണ് ഇരിക്കുന്നത്. ക്ഷേത്രത്തിലേക്ക് പടികളിറങ്ങി ചെല്ലുമ്പോൾ ആദ്യം കാണുന്നത് കിഴക്കോട്ടു ദർശനമായിരിക്കുന്ന ദേവിയുടെ ശ്രീകോവിലാണ്. ദേവിയേയും ഉപദേവതകളേയും തൊഴുത് പടിഞ്ഞാറുവശത്ത് വരുമ്പോഴാണ് സൂര്യഭഗവാന്റെ തിരുസന്നിധിയിലെത്തുന്നത്. തിരുനടയിലെ ആനക്കൊട്ടിലിനു മുമ്പിലായി ക്ഷേത്രക്കുളവും സ്ഥിതിചെയ്യുന്നു.

വൃത്താകാരമായ ശ്രീകോവിലിൽ പടിഞ്ഞാറോട്ടു ദർശനമായാണ് സൂര്യഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ത്രേതായുഗത്തിലാണ് ഭഗവാന്റെ പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നു. ശംഖും ചക്രവും ഓരോ കൈയ്യിലും മറ്റു കൈ രണ്ടും മടിയിൽ വച്ചും തപസ്സനുഷ്ഠിക്കുന്ന ഭാവത്തിലുമാണ് സൂര്യദേവന്റെ പ്രതിഷ്ഠ. ഇവിടുത്തെ വിഗ്രഹത്തിന് ഒരു പ്രത്യേകതയുണ്ട്. എണ്ണ കൊണ്ടുള്ള അഭിഷേകം കഴിഞ്ഞാൽ ജലാഭിഷേകം മതി എന്നതാണ്. എണ്ണമയം ഇല്ലാതാക്കാൻ കഴിയുന്ന വിഗ്രഹമാണിത്. രക്തചന്ദനം അരച്ചതാണ് ഇവിടെ പ്രസാദമായി നെറ്റിയിൽ തൊടുന്നത്. ശ്രീകോവിലിനു തൊട്ടുമുമ്പിൽ വലിയൊരു പാത്രത്തിൽ രക്തചന്ദനം വച്ചിരിക്കുന്നതു കാണാം. ആദിത്യഭഗവാനെ വണങ്ങി കിഴക്ക് ഭൂമിദേവിയേയും തൊഴുതാണ് പ്രദക്ഷിണം പൂർത്തിയാകുന്നത്.

രവിവാരവ്രതം അല്ലെങ്കിൽ ഞായറാഴ്ച വ്രതം

ഞായറാണ് സൂര്യന് പ്രധാനപ്പെട്ട ദിവസമായി കാണുന്നത്. ഞായർ എന്ന വാക്കിനർത്ഥം സൂര്യൻ എന്നാണ്. നേത്രരോഗം, ത്വക്‌രോഗം എന്നിവ മാറാൻ ഞായറാഴ്ചവ്രതം നോൽക്കുന്നു. വ്രതം അനുഷ്ഠിക്കുന്നവർ ഉപ്പ്, എണ്ണ തുടങ്ങിയവ ഉപയോഗിക്കില്ല. ആദിത്യദശാകാലമുള്ളവർക്ക് ഞായറാഴ്ചവ്രതം ഉത്തമമെന്നു പറയുന്നു. ചുവന്ന പുഷ്പവും രക്തചന്ദനവുംകൊണ്ട് ആദിത്യപൂജ നടത്തുന്നു. സർവ്വപാപങ്ങൾ അകലാനും ഐശ്വര്യമുണ്ടാകാനും  ഉത്തമമായാണ് ഞായറാഴ്ച വ്രതത്തെ കാണുന്നത്.

വൃശ്ചിക മാസത്തിലേയും മേടമാസത്തിലേയും ആദ്യത്തേയും അവസാനത്തേയും ഞായറാഴ്ച ആദിത്യപുരത്ത് വിശേഷദിവസങ്ങളാണ്. ഞായറാഴ്ചവ്രതം എടുക്കുന്നവർ ഇവിടെ സൂര്യക്ഷേത്രത്തിൽ വന്നും തൊഴുന്നു. കാവടി മഹോത്സവവും ഇവിടുത്തെ പ്രധാന അനുഷ്ഠാനമാണ്.

ശാന്തമായ ഗ്രാമീണതയുടെ നടുവിൽ കുടികൊള്ളുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം. ഞായറാഴ്ച ഒഴികെ മറ്റു ദിവസങ്ങളിൽ ക്ഷേത്രവും ചുറ്റുപാടും ശാന്ത അന്തരീക്ഷമാണ്. നവഗ്രഹങ്ങളോടുകൂടിയ സൂര്യദേവനെ ചില ക്ഷേത്രങ്ങളിൽ ഉപദേവസ്ഥാനത്ത് കാണാറുണ്ട്. എന്നാൽ ഇവിടെ നവഗ്രഹങ്ങളില്ല. സൂര്യദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായി കുടികൊള്ളുന്നത്.

Your Rating: