Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരമ്പാല അടവി ഉത്സവം

adavi-utsav

പന്തളം ∙ കുരമ്പാല പുത്തൻകാവിൽ ദേവീക്ഷേത്രത്തിലെ അടവിയോടനുബന്ധിച്ചുള്ള നരബലിക്കു സമാനമായ ചൂരൽ ഉരുളിച്ച ഇന്നു നടക്കും. ദേവിയുടെ അനുഗ്രഹത്തിനായി അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം ഭക്തർക്കു ലഭിക്കുന്ന അവസരമാണ് ഇന്ന്. പടയണി തുള്ളി ഒൻപതാം ദിവസമാണ് അടവി. ഇന്നു നടക്കുന്ന ചൂരൽ ഉരുളിച്ചയിൽ ആയിരത്തോളം പേർ പങ്കെടുക്കുമെന്നു കണക്കാക്കുന്നതായി ഭരണസമിതി പ്രസിഡന്റ് ഡി. പ്രകാശ്, സെക്രട്ടറി ആർ. പ്രകാശ് അനിഴം എന്നിവർ പറഞ്ഞു. ഇതിനുള്ള വിപുലമായ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ഇരുവരും പറഞ്ഞു.

ചൂരൽ ഉരുളിച്ചയ്ക്കു മുന്നോടിയായി രാവിലെ ഒൻപതിനു തെങ്ങ്, പന, കമുക്, മുള, ചൂരൽ എന്നിവ ക്ഷേത്രമുറ്റത്തു കളിപ്പിക്കും. രാത്രി ഒൻപതിനു തപ്പുകാച്ചിക്കൊട്ട്, താവടിതുള്ളൽ, പന്നത്താവടി, പടയണിവിനോദം, വൈരാവി എന്നിവയ്ക്കു ശേഷം ശീതങ്കൻ തുള്ളലും നടക്കും. 12ന് ചൂരൽ ഉരുളിച്ചയ്ക്കു മുൻപു പാനയടി ചടങ്ങു നടത്തും. തേങ്ങ, മരഉരലിൽ വച്ചു പാനക്കുറ്റി കൊണ്ട് അടിച്ചു പൊട്ടിക്കുന്നതാണ് ചടങ്ങ്. ബലിപീഠത്തിൽ ബലിമൃഗത്തിന്റെ തല വെട്ടുന്നു എന്നതാണ് പാനയടിയുടെ സങ്കൽപം. ഉഗ്രമൂർത്തിയായ അടവി വേലന്റെ ഉപാസനമൂർത്തിയായതിനാൽ അടവി ഉത്സവത്തിന്റെ പൗരോഹിത്യം വേലനാണ്. മൂലസ്ഥാനത്തിരുന്നു വേലൻ പറ ചാറ്റുമ്പോൾ മാത്രമെ ചൂരലുരുളാൻ പാടുള്ളു എന്നാണ് വിശ്വാസം. വേലന്റെ ചാറ്റുപാട്ടിന് ഏതു ബാധയെയും ഒഴിപ്പിക്കാൻ കഴിയുമത്രെ. പാനയടി കഴിഞ്ഞാൽ ചൂരൽ ഉരുളാൻ വ്രതമെടുത്തവർക്കു വെളിച്ചപ്പാട് കളപ്പൊടി (ഭസ്മം) നൽകും. കളപ്പൊടി പൂശിയ ഭക്തർ തങ്ങൾ കണ്ടു വച്ചിരിക്കുന്ന ചൂരൽ (എത്ര ദൂരെയായിരുന്നാലും) അവിടെയെത്തി മൂടോടെ പിഴുതു കൊണ്ടുവന്നു ക്ഷേത്രത്തിനു പ്രദക്ഷിണം വച്ചു ദേവിയുടെ മുന്നിൽ വിരിച്ച് അതിൽ കിടന്നു വടക്കോട്ട് ഉരുളും.

ചൂരലിന്റെ മുള്ളുകൾ തറഞ്ഞു കയറുമ്പോൾ ശരീരത്തിൽ നിന്നു പൊടിക്കുന്ന ചുടുചോരയാണ് ദേവിക്കുള്ള ഭക്തരുടെ നിവേദ്യം. ചടങ്ങ് തുടങ്ങുമ്പോൾ മുതൽ നേരം പുലർന്ന് ഉരുളിച്ച അവസാനിക്കുന്നതു വരെ ദേവീസ്തുതികൾ പാടി ആയിരങ്ങളാണ് ചടങ്ങിനു സാക്ഷ്യം വഹിക്കുക. ചൂരൽ ഉരുളിച്ചയ്ക്കു ശേഷവും പിറ്റേന്നും ആരും ക്ഷേത്രത്തിൽ പ്രവേശിക്കില്ല. കാരണം അന്നേ ദിവസം അവിടം പിശാചുക്കളുടെ വിഹാരരംഗമാണെന്നാണ് വിശ്വാസം. ഞായറാഴ്ച ഏഴരനാഴിക ഇരുട്ടുമ്പോൾ തപ്പുകാച്ചിക്കൊട്ടി താവടിയും പന്നത്താവടിയും തുള്ളി പടയണി വിനോദവും ഗണപതി ഉൾപ്പടെയുള്ള കോലങ്ങളും തുള്ളി ക്ഷേത്രം വീണ്ടും സജീവമാകും. അന്നു നായാട്ടും പടയുമാണ് നടക്കുക.

29ന് കാലൻ കോലവും മാർച്ച് ഒന്നിനു 101 പാളയിൽ തീർത്ത ഭൈരവിക്കോലവും കളത്തിലെത്തും. തുടർന്നു ഭൈരവികോലം തുളളി ഒഴിപ്പിക്കലായി. ഒടുവിൽ ‘ഞാൻ വസിച്ചീടുമീ കൈതപ്പൂത്തോട്ടത്തിൽ ഞാനിതാപോകുന്നേ തോഴിമാരേ....’ എന്നു പാടി കരയുടെ സർവദുരിതങ്ങളും അകറ്റി തന്റെ കൂളിപ്പടകളെയും കൊണ്ടു ഭൈരവി ചിറമുറിയിലെ കൈതപ്പൂത്തോട്ടിലേക്കു യാത്രയാവും. അവിടെയെത്തി പാലമരച്ചുവട്ടിൽ കോലം ഉപേക്ഷിച്ചു ഗുരുതിയും നടത്തി കരക്കാർ തിരിഞ്ഞു നോക്കാതെ നടക്കും. അതാണ് അടവി ഉത്സവത്തിന്റെ അവസാന ചടങ്ങ്.

പടയണിയുടെ എട്ടാം ദിവസമായ ഇന്നലെ കേരളവും അറബിനാടുകളുമായുണ്ടായിരുന്ന പഴയ വ്യാപാരബന്ധത്തിന്റെ തെളിവുകൾ വെളിപ്പെടുത്തുന്ന കുതിരക്കോലമാണ് തുള്ളിയത്. കുരുത്തോലമടലിന്റെ നടുഭാഗം കീറി പാള കൊണ്ടു കുതിരമുഖവും പിടിപ്പിച്ചു ഉടുത്തു കെട്ടി തലേൽക്കെട്ടും കയ്യിൽ ചമ്മട്ടിയുമായി മടലിനുള്ളിൽ കയറി കോലപ്പാട്ടിനൊപ്പം തപ്പുതാളത്തിന്റെ മേളത്തിനൊത്തു ചുവടുവച്ചാണ് കുതിരക്കോലങ്ങൾ കളത്തിലെത്തിയത്. മുതലാളിത്തത്തിന്റെ അനാരോഗ്യ പ്രവണതകൾ വിവരിക്കുന്ന ശർക്കരക്കുടം, ആദ്യകാലത്തെ കരം പിരിവിലെ അഴിമതികളുടെ ഹാസ്യാവിഷ്കാരമായ മാസപ്പടിയും പ്രവർത്ത്യാരും, കുഭ ഇടിച്ചു പാട്ട് എന്നീ പടയണി വിനോദങ്ങളും അവതരിപ്പിച്ചു.

Your Rating: