Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18 കൂട്ടം കറികളുമായി എന്നും 20,000 പേർക്ക് അടിപൊളി അന്നദാനം

record

തിരുവനന്തപുരം ∙ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്കു നടന്നുകയറാൻ തയാറെടുത്തു കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ അന്നദാനം. അന്നദാനം മഹാദാനമെന്ന വചനം ഓർമിച്ചു ക്ഷേത്ര ട്രസ്റ്റും മറ്റുള്ളവരും ഒന്നിച്ച് അണി ചേരുമ്പോൾ, ദിവസവും ഭക്ഷണം കഴിച്ചു മടങ്ങുന്നത് ഇരുപതിനായിരത്തിനട‌ുത്ത ജനസഞ്ചയം. ക്ഷേത്രത്തിനു മുൻവശത്തെ പന്തലിലും ചാമുണ്ഡി വിദ്യാപീഠത്തിലെ ഹാളിലുമായി ഒരുക്കിയിരുന്ന ഊട്ടുപുരയിൽ ഒരേസമയം 1350 പേർക്കു ഭക്ഷണം കഴിക്കാനാണു സൗകര്യം ഒരുക്കിയിട്ടുള്ളത്. ദിനംപ്രതി 19 തവണയാണു ഭക്ഷണം വിളമ്പുന്നത്. ഇങ്ങനെ വരുമ്പോൾ ദിവസവും ഇരുപതിനായിരത്തിനടുത്ത് ആളുകൾ ഇവിടെ നടക്കുന്ന അന്നദാനത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ടോ മൂന്നോ കറികൾ ചേർത്തുള്ള സാധാരണ അന്നദാനമല്ല ഇവിടെ നൽകുന്നത്. കല്യാണസദ്യകളെ വെല്ലുന്ന ഉഗ്രൻ സദ്യയാണ്.

പഴം, പപ്പടം, ഉപ്പേരി, പായസങ്ങൾ, മോര്, പുളിശേരി, രസം തുടങ്ങി 18 ഇനം കറികളോടെയാണു സദ്യ നൽകുന്നത്. രാവിലെ പത്തര മുതൽ ആരംഭിക്കുന്ന അന്നദാനം വൈകിട്ട് മൂന്നര–നാലോടെയാണു സമാപിക്കുന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽ ഉൾപ്പെടെ പാചകം പുണ്യം വിതറിയ വട്ടിയൂർക്കാവ് ഉദയനും 58 സഹായികളും ചേർന്നാണു സദ്യവട്ടങ്ങൾ ഒരുക്കുന്നത്. രാവിലെ മൂന്നു മുതൽ തുടങ്ങും ഇവരുടെ അധ്വാനം. കരിക്കകം ചാമുണ്ഡി സ്കൂളിലെ ഹാളിലാണു പാചകം. രണ്ടു പന്തലും ദിവസവും താൽപര്യമുള്ളവർക്ക് ഒരു ലക്ഷം രൂപ വീതം സ്പോൺസർ ചെയ്യാം. ഇതു കൂടാതെ അന്നദാനത്തിനായി നാൽപ്പതു ലക്ഷം രൂപ ക്ഷേത്ര ട്രസ്റ്റും നൽകുന്നുണ്ട്. ഇത്രയും വലിയ പന്തലുകളിൽ വിളമ്പുന്നതിനായി കരിക്കകം പ്രദേശത്തെ വിവിധ സംഘടനകളിലെ യുവാക്കളാണു രംഗത്തുള്ളത്. പ്രത്യേക പൂജകൾ നടക്കുന്ന ഇന്ന് 25,000 പേർ എത്തുമെന്നാണു പ്രതീക്ഷയെന്നു ക്ഷേത്രം സെക്രട്ടറി അശോക് കുമാർ പറഞ്ഞു.

Your Rating: