Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർധനാരീശ്വരം

Ardhanareeswaram

സ്‌ത്രീ പീഡനങ്ങളുടെ കാലമാണല്ലോ ഇത്. മനുഷ്യൻ മണ്ണിനേയും പെണ്ണിനേയും ഒരു പോലെ ഉപഭോഗവസ്‌തുവായി കാണുന്ന കാലം. പ്രകൃതിയെ സ്‌ത്രീയായും സ്‌ത്രീയെ പ്രകൃതിയായും കണ്ട് ആദരിക്കാൻ പഠിപ്പിച്ച സംസ്‌കാരത്തിനു വന്നൊരു കാലക്കേട്! കലികാല ദോഷമെന്നു പേരിട്ട് മനുഷ്യൻ അതിനൊക്കെ കാരണം കണ്ടെത്തുന്നു. പിഴച്ച കാലമെന്ന് ശപിക്കുന്നു.

സത്യത്തിൽ പിഴച്ചതു കാലത്തിനല്ല, മനുഷ്യന്റെ മനസ്സിനാണ്. അതിനിടെ സ്ത്രീശാക്തീകരണത്തിന്റെ കാലം വന്നു. സ്‌ത്രീയെ ശാക്‌തീകരിക്കേണ്ട കാര്യമില്ല. അവൾ എന്നും ശക്‌തയായിരുന്നു. സ്‌ത്രീ കഥാപാത്രങ്ങളിലൂടെ രാമായണം അതു കാണിച്ചു തരുന്നുമുണ്ട്– സീതയിലൂടെയും ഊർമിളയിലൂടെയുമൊക്കെ.

സ്‌ത്രീപുരുഷൻമാരെ ശാരീരികമായും മാനസികമായും ബൗദ്ധികമായും പ്രകൃതി വേർതിരിച്ചിട്ടുണ്ടെന്നതു സത്യം. അതിനർഥം സ്‌ത്രീയ്‌ക്കു ബുദ്‌ധിയും മനശ്ശക്‌തിയും ഇല്ലെന്നല്ല. ചിന്തകൾക്കു വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീ അബലയാകുന്നതു ശാരീരികമായി മാത്രമാണ്. മനശ്ശക്‌തിയിലും ഇന്ദ്രിയ ശക്‌തിയിലും അവർ അബലകളല്ല.

രാമന്റെ യാത്രകൾക്കൊപ്പം എന്നും സീതയുണ്ടായിരുന്നു. ആ സാന്നിദ്ധ്യം രാമന് മനശ്ശക്‌തി പകർന്നിട്ടുമുണ്ടാവും. ഒപ്പം, രാമന്റെ തണലിൽ കാനനത്തിൽപ്പോലും സീതയ്‌ക്കു സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുമുണ്ടാകും. ലക്ഷ്‌മണന്റെ കാര്യമോ? വനവാസകാലത്തു ലക്ഷ്‌മണൻ കാട്ടിൽ ഒറ്റയ്‌ക്കായിരുന്നില്ലേ? അല്ലെന്നു പറയേണ്ടിവരും. ഇവിടെയാണ്, സീതയുടെ നിഴലിൽ മറഞ്ഞുപോയ ഒരു ശക്‌തയായ സ്‌ത്രീ കഥാപാത്രം തെളിഞ്ഞുവരുന്നത്. അകലെയിരുന്നു മനസ്സുകൊണ്ട് ലക്ഷ്‌മണനെ പിന്തുടർന്ന ഭാര്യ ഊർമിള. ഓരോ ചുവടിലും ലക്ഷ്‌മണനൊപ്പം ഊർമിള ഉണ്ടായിരുന്നു. രാമായണത്തിലെ ഏറ്റവും ശക്‌തയായ സ്‌ത്രീ കഥാപാത്രം ഊർമിളയല്ലേ എന്നു സംശയം തോന്നിപ്പോകും. സീതയ്‌ക്ക് കാട്ടിലും ഭർത്താവിന്റെ സാമീപ്യവും സംരക്ഷണവുമുണ്ടായിരുന്നു. അയോധ്യയിൽ മാണ്ഡവിക്കും ശ്രുതകീർത്തിയ്‌ക്കും ഭർത്താക്കൻമാരായ ഭരതനും ശത്രുഘ്‌നനും തൊട്ടടുത്തുണ്ടെന്ന ആശ്വാസമുണ്ടായിരുന്നു. ഊർമിളയുടെ കാര്യമോ? കൊട്ടാരത്തിൽ ഒറ്റയ്‌ക്കായിരുന്നു. നിറഞ്ഞു തുളുമ്പുന്ന യൗവനം. ജ്വലിച്ചു നിൽക്കുന്ന സൗന്ദര്യം. എന്നിട്ടും മനസ്സു കടുകിട പതറിയില്ല. സുഖസൗകര്യങ്ങളും സമ്പൽസമൃദ്ധിയും മാറ്റിവച്ച് തപസ്സിനു തുല്യമായ ജീവിതം നയിച്ച ഊർമിളയുടെ ശരീരം മാത്രമായിരുന്നു അന്തപ്പുരത്തിലും തേവാരപ്പുരയിലും മറ്റും സഞ്ചരിച്ചത്. മനസ്സും ആത്മാവും ഓരോ നിമിഷവും കാട്ടിൽ ഭർത്താവിനൊപ്പമായിരുന്നു. ആധുനിക ശാസ്‌ത്രം ടെലിപ്പതിയെന്നോ ബൈലൊക്കേഷൻ എന്നോ ഒക്കെ വിശേഷിപ്പിക്കുന്ന പ്രതിഭാസം.

ഊർമിള തന്റെ തപശ്ശക്‌തി മുഴുവൻ ഉപയോഗിച്ചതു ഭർത്താവിന്റെ രക്ഷയ്‌ക്കായിരുന്നു. ജ്യേഷ്‌ഠന്റേയും ജ്യേഷ്‌ഠപത്നിയുടേയും സംരക്ഷണത്തിനായി 14 വർഷം രാപ്പകൽ കാവൽ നിന്നിട്ടും ലക്ഷ്‌മണൻ ക്ഷീണമറിഞ്ഞില്ല. ഊർമിളയുടെ തപശക്‌തി ലക്ഷ്‌മണനിൽ ഊർജം നിറച്ചുകൊണ്ടിരുന്നു. ഇന്ദ്രജിത്തുമായുള്ള ജീവൻമരണ പോരാട്ടമാണ് ആ യാത്രയിൽ ലക്ഷ്‌മണൻ നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം. നൂൽപാലത്തിലൂടെയുള്ള യാത്രയായിരുന്നു അത്. ആ പോരിൽ ലക്ഷ്‌മണന് പടച്ചട്ടയേക്കാൾ ശക്‌തമായ സംരക്ഷണം നൽകിയത് ഊർമിളയുടെ തപശ്ശക്‌തി നൽകിയ കവചമായിരിക്കണം. ഓർത്തു നോക്കൂ. സീത നിഴൽ പോലെ രാമനെ പിൻതുടർന്നു. ഊർമിള മനസ്സുകൊണ്ട് അതു ചെയ്‌തു. അങ്ങനെ രാമന്റേയും ലക്ഷ്‌മണന്റേയും വിജയങ്ങൾ സീതയുടേയും ഊർമിളയുടേയും വിജയം കൂടിയായി. അർധനാരീശ്വര സങ്കൽപം എത്ര അർഥപൂർണം! എത്ര മഹത്തരം!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.