Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോമ്പ്: അതിർവരമ്പുകൾ മായ്ക്കുന്ന സ്നേഹം

M. A. Yousuf Ali

ഞാൻ ഗൾഫിൽ രാജകുടുംബാംഗങ്ങളോടൊപ്പം നോമ്പു തുറക്കാറുണ്ട്. ഗൾഫിലെ വളരെ സാധാരണക്കാരായ ആളുകൾക്കൊപ്പവും നോമ്പു തുറക്കാറുണ്ട്. ഏതു നോമ്പുതുറയിലായാലും ഭക്ഷണത്തിനു മുന്നിൽ ഇരിക്കുമ്പോൾ എനിക്കോർമവരിക നാട്ടിക തറവാട്ടു വീട്ടിലെ നോമ്പുതുറയാണ്. കുട്ടികളായിരിക്കുമ്പോൾ നന്നായി വിശക്കും. മുന്നിൽ വിവിധതരം ഭക്ഷണങ്ങളുമുണ്ടാകും. പള്ളിയിൽനിന്നു ബാങ്കുവിളി കേൾക്കുന്നതു വരെ കാത്തിരിക്കണമെന്നാണു വല്യുപ്പയുടെ ഓർഡർ. അതു വളരെ കർശനവുമാണ്. നോമ്പു തുറക്കാനുള്ള സമയം വിളിച്ചറിയിക്കുന്നതാണു ബാങ്കുവിളി. എത്ര വിശന്നാലും ദൈവനിശ്ചിതമായ ആ സമയം വരുന്നതു വരെ കാത്തിരിക്കണമെന്നു വല്യുപ്പ പഠിപ്പിച്ചു. നോമ്പിന്റെ ആദ്യ പാഠവും അതാണ്. 

ഏതു കാര്യത്തിലും വേണ്ടതു ക്ഷമയാണ്. എന്റെ ജീവിതത്തിൽ എന്നും ഈ നോമ്പിന്റെ പാഠം വലിയ തുണയായിട്ടുണ്ട്. ഏതു കാര്യത്തിലും നിശ്ചിതമായ സമയം വരുന്നതു വരെ കാത്തിരിക്കുക തന്നെ വേണം. ക്ഷമയോളം വലിയ സമർപ്പണമില്ല. നമ്മെക്കുറിച്ചു പലരും പലതും പറയും. തെറ്റാണെങ്കിൽപ്പോലും നാം ക്ഷമയോടെ കേൾക്കണം. ക്ഷമയുടെ ആദ്യപാഠം പഠിപ്പിച്ചതു നോമ്പു തന്നെയാണ്. 

കുട്ടിക്കാലത്തെ നോമ്പുതുറ എന്നെ പഠിപ്പിച്ച മറ്റൊരു പാഠം സ്നേഹത്തിന്റ പാഠമാണ്. ഞങ്ങളുടെ തൊട്ട് അയൽപക്കത്തു താമസിക്കുന്നതു വടശ്ശേരി പ്രഭാകരൻ നായരായിരുന്നു. അദ്ദേഹത്തിന്റെ അമ്മ എച്ചുട്ടിയമ്മ ഓണത്തിനും വിഷുവിനുമെല്ലാം പായസവും പലഹാരവുമുണ്ടാക്കി ഞങ്ങൾക്കു കൊണ്ടുവന്നു തരും. ഒരിക്കൽപ്പോലും അതു മുടങ്ങിയിട്ടില്ല. പെരുന്നാളിനും നോമ്പിനുമെല്ലാം ഞങ്ങളുടെ വീട്ടിൽനിന്ന് അവിടേക്കും ഭക്ഷണം കൊണ്ടുപോകും. പലപ്പോഴും ഇതു ചെയ്യുന്നതു കുട്ടികളാണ്. ഉള്ളതു പരസ്പരം പങ്കിട്ടു നൽകണമെന്ന പാഠം ഇവിടെനിന്നാണു ഞാൻ പഠിച്ചത്. ഇവിടെ ഗൾഫിൽ നോമ്പുതുറയ്ക്ക് എത്തുന്നതു മുസ്‌ലിം സഹോദരന്മാർ മാത്രമല്ല. എല്ലാ സമുദായത്തിൽപെട്ടവരും വരും. 

ഇതുപോലെ ഏക സാഹോദര്യത്തോടെയുള്ളൊരു കൂട്ടായ്മ ലോകത്തു വേറെ ഒരിടത്തും കാണില്ല. ഇവിടെ നോമ്പുതുറ പോലുള്ള ചടങ്ങുകൾ എല്ലാ അതിർവരമ്പുകളും മറന്നുള്ള ഒരുമിക്കലാണ്. 

ദൈവ സമ്മാനമായ സ്നേഹം മാത്രമേ ഇത്തരം ചടങ്ങുകളിൽ നിറഞ്ഞു നിൽക്കാറുള്ളൂ. 

ഞാൻ കയറിവന്ന പടവുകൾ സ്നേഹത്തിന്റെയും ക്ഷമയുടെയുമാണ്. ഓരോ ദിവസവും അതിലൂടെയാണു ഞാൻ യാത്ര ചെയ്യുന്നതും. 

എന്റെ കുട്ടിക്കാലത്തെ നോമ്പ് എന്നെ പഠിപ്പിച്ച പാഠമാണിത്. എന്റെ ജീവിതയാത്രയിലെ വഴി വിളക്കായ പാഠം. ഇന്നും നോമ്പുതുറക്കുമ്പോൾ നാട്ടികയിലെ തറവാട്ടു മുറ്റം എന്റെ മനസിൽ തെളിഞ്ഞുവരും. ജീവിതം പിച്ചവച്ചത് അവിടെനിന്നാണല്ലോ. 

Your Rating: