Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറ്റുകാലിൽ കുത്തിയോട്ട വ്രതാരംഭം

attukal ദേവിയുടെ കാവൽക്കാർ...ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തിൽ കുത്തിയോട്ടത്തിനുള്ള കുട്ടികൾ

തിരുവനന്തപുരം ∙ ഏഴു ദിനരാത്രങ്ങൾ മനസ്സും ശരീരവും ആറ്റുകാലമ്മയിൽ അർപ്പിച്ചു ബാലൻമാർ അനുഷ്ഠിക്കുന്ന കുത്തിയോട്ട വ്രതാരംഭത്തിനു തുടക്കമായി . ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞെത്തി ആറ്റുകാലമ്മയെ വണങ്ങി മേൽശാന്തിക്കു ദക്ഷിണ നൽകിയാണു വ്രതാരംഭത്തിലേക്കു ബാലൻമാർ കടന്നത്. പള്ളിപ്പലകയിൽ ഏഴു വെള്ളിനാണയങ്ങൾ നിക്ഷേപിച്ച് ആറ്റുകാലമ്മയുടെയും മേൽശാന്തിയുടെയും അനുഗ്രഹം നേടിയാണു ബാലൻമാർ കുത്തിയോട്ടത്തിനു തയാറെടുക്കുന്നത്. ഇനി പൊങ്കാല ദിവസം രാത്രി വരെ ക്ഷേത്രത്തിൽ ഉണ്ടുറങ്ങി ദേവീദാസൻമാരായി ബാലൻമാർ കഴിയും. 863 പേരാണ് ഇത്തവണ കുത്തിയോട്ടവ്രതം നോക്കുന്നത്. പൊങ്കാല ഉൽസവം നാലാം ദിവസത്തിലേക്കു കടക്കുമ്പോൾ എല്ലാ വഴികളും ആറ്റുകാലിലേക്ക് എന്ന സ്ഥിതിയാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്നുകൂടി ഭക്തർ ഒഴുകിയെത്തിയതോടെ നഗരം പൂർണമായും ഉൽസവപ്രതീതിയിലായി. തമിഴ്നാട്, കർണാടക തുടങ്ങിയയിടങ്ങളിൽ നിന്നുള്ളവരാണു കൂടുതലായി എത്തുന്നത്. മറ്റു ജില്ലകളിൽ നിന്നും പൊങ്കാലയ്ക്കായും ആറ്റുകാലമ്മയെ കണ്ടു നിർവൃതിയടയാനും എത്തിത്തുടങ്ങിയതോടെ തലസ്ഥാനത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും വൻതിരക്കാണ്. പൂജകളിൽ പങ്കെടുത്ത് ആറ്റുകാൽ ഭഗവതിയെ കാണാൻ എത്തുന്നവരുടെ എണ്ണം ഓരോ മണിക്കൂറിലും വർധിച്ചു. പൊലീസും വൊളന്റിയർമാരും ബുദ്ധിമുട്ടിയാണു തിരക്ക് നിയന്ത്രിക്കുന്നത്. ഇന്നലെ ആറ്റുകാലമ്മയെ ദർശിക്കാനായി എത്തിയവരുടെ ക്യൂ പ്രധാന റോഡും കഴിഞ്ഞു കിലോമീറ്ററോളം നീണ്ടു.

മണിക്കൂറുകളാണു ദേവീദർശനത്തിനായി ഭക്തർ നിരയിൽ നിൽക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആർക്കും പരാതിയോ പരിഭവമോ ഇല്ല; പകരം തികഞ്ഞ ഭക്തി മാത്രം .മണിക്കൂറുകൾ അല്ല ദിവസങ്ങൾ തന്നെ ക്യൂ നിന്നാലും അമ്മയുടെ ദർശനം ലഭിച്ചാൽ മതിയെന്ന ഭക്തിപാരമ്യതയിലാണ് ഓരോ ഭക്തരും. തോറ്റംപാട്ടിൽ ഇന്നലെ മാലപ്പുറം പാട്ടെന്നറിയപ്പെടുന്ന കോവലൻ ദേവിയെ കല്യാണം കഴിക്കുന്നതിന്റെ വർണനകളാണ് അവതരിപ്പിച്ചത്. ഇന്നു ദരിദ്രനായ കോവലൻ ദേവിയുടെ നിർബന്ധത്തിനു വഴങ്ങി നിത്യവൃത്തിക്കായി ദേവിയുടെ ചിലമ്പ് വിൽക്കാനായി കൊണ്ടുപോകുന്ന ഭാഗമാണ് അവതരിപ്പിക്കുന്നത്. 23നു നടക്കുന്ന പൊങ്കാലയ്ക്കായുള്ള കലങ്ങളുടെ വി‍ൽപനയും തകൃതിയായി. കിഴക്കേക്കോട്ടയാണു പ്രധാന വിപണനകേന്ദ്രം. കിള്ളിപ്പാലം, മണക്കാട്, കരമന തുടങ്ങിയയിടങ്ങളിലും വിൽപന പൊടിപൊടിക്കുന്നുണ്ട്.

പൊങ്കാലയ്ക്കായുള്ള ചുടുകട്ടയും മറ്റു സാധനങ്ങളും വിൽപനയ്ക്കായി നിരന്നുകഴിഞ്ഞു ആറ്റുകാലിൽ ഇന്ന് പ്രധാന പൂജകൾ പുലർച്ചെ നാലിനു പള്ളിയുണർത്തൽ, അഞ്ചിനു നിർമാല്യദർശനം, 5.30ന് അഭിഷേകം, 6.05നു ദീപാരാധന, 6.40ന് ഉഷപൂജ, 6.50ന് ഉഷശ്രീബലി, 7.15നു കളഭാഭിഷേകം, 8.30നു പന്തീരടി പൂജ, 11.30ന് ഉച്ചപൂജ, 12നു ദീപാരാധന, 12.30ന് ഉച്ചശ്രീബലി, 6.45നു ദീപാരാധന, 7.15നു ഭഗവതിസേവ, ഒൻപതിന് അത്താഴപൂജ, 9.15നു ദീപാരാധന, 9.30ന് അത്താഴ ശ്രീബലി, രാത്രി 12നു ദീപാരാധന. സ്റ്റേജ് ഒന്ന് ഭജന: (രാവിലെ അഞ്ച്, എട്ട്, വൈകിട്ട് അഞ്ച്, ആറ് ) ഭക്തിഗാനസുധ: രാവിലെ 6.30 കൂട്ടിയാട്ടം: രാവിലെ 9.30 കഥാപ്രസംഗം: 11.30 ന്യത്തം: വൈകിട്ട് ഏഴ് നൃത്തനൃത്ത്യങ്ങൾ: രാത്രി എട്ടിന് നൃത്തസന്ധ്യ: രാത്രി ഒൻപതിന് ശാസ്ത്രീയ നൃത്തസന്ധ്യ: 10 ന് സ്റ്റേജ് –2 ഭജന – രാവിലെ ഏഴിന് രാഗധാര– 8.30ന് ‌ കഥാപ്രസംഗം – 10ന് മാനസ ജപലഹരി – 5.30ന് ശാസ്ത്രീയനൃത്തം – രാത്രി 7.30ന് മ്യൂസിക് ബാൻഡ് ഷോ – രാത്രി 9.30ന്.

Your Rating: