Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് എട്ടാംവിളക്ക് ഉൽസവം ആഘോഷിച്ചു

പഞ്ചവാദ്യം പഞ്ചവാദ്യം

ചെർപ്പുളശ്ശേരി∙ താന്ത്രിക ക്രിയകളുടെയും വാദ്യമേളമഹിമയുടെയും നിറവിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ എട്ടാംവിളക്ക് ഉൽസവം ആഘോഷിച്ചു. പ്രാർഥനാ നിരതരായ ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ രാവിലെ വിശേഷാൽപൂജകളോടെയായിരുന്നു തുടക്കം. പൊന്നണിഞ്ഞ ഗജവീരന്റെ അകമ്പടിയിൽ രാവിലെ നടന്ന ശീവേലിക്ക് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ പ്രാമാണികത്വത്തിൽ അരങ്ങേറിയ പഞ്ചാരിമേളം ചെണ്ടയുടെ വാദനസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ മികവുറ്റതായി. ഉൽസവബലിക്ക് തന്ത്രി അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സഹകാർമികനായി.

തുടർന്ന് നടന്ന കഞ്ഞിസദ്യക്ക് സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് ഭക്തർ പങ്കാളികളായി. രാവിലെ ഒൻപതരയ്ക്ക് തുടങ്ങിയ കഞ്ഞിപ്പാർച്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ നീണ്ടു. ഉച്ചയ്ക്കു ശേഷം കാലപ്രമാണത്തിലൂന്നിയ എട്ടാംവിളക്കിന്റെ കാഴ്ചശീവേലിയുടെ പഞ്ചവാദ്യം പതിവു നിലവാരം പുലർത്തി. കുനിശ്ശേരി അനിയൻ മാരാർ, കുട്ടനെല്ലൂർ രാജൻമാരാർ, കോങ്ങാട് മധു, ചെർപ്പുളശ്ശേരി ശിവൻ, പുലാപ്പറ്റ തങ്കമണി, കുണ്ടുവംപാടം രാമൻകുട്ടി, കാട്ടുകുളം ബാലകൃഷ്ണൻ, ജയൻ, മംഗലം മണി, കുണ്ടലശ്ശേരി ബ്രദേഴ്സ്, തിച്ചൂർ മോഹനൻ, തിരുവില്വാമല ഹരി, തിരുവാലത്തൂർ ശിവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചവാദ്യം അരങ്ങേറിയത്. രാത്രിയിൽ കൽപ്പാത്തി ബാലകൃഷ്ണന്റെയും പോരൂർ ഹരിദാസിന്റെയും തായമ്പക വാദ്യകലാപ്രേമികൾക്കു കാതിനു വിരുന്നായി. പള്ളിവേട്ട ഇന്ന് ആഘോഷിക്കും.

രാത്രി എട്ടിന് പള്ളിവേട്ടയുടെ തിരിച്ചെഴുന്നള്ളിപ്പിന് കാഞ്ഞങ്ങാട് മുരളീധരമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറും. നാളെ ആറാട്ട് ആഘോഷിക്കും. പുലർച്ചെ 5.30ന് തൃക്കാരമണ്ണ ഭട്ടതിരിപ്പാടിന്റെ പുരാണ പാരായണത്തോടെ പള്ളിയുണർത്തലോടെയാണ് തുടക്കം. രാവിലെ ഒൻപതിന് തിറ–പൂതൻ കളി നടക്കും. രാത്രി 7.30ന് തീർഥക്കുളത്തിൽ ആറാട്ടിനു ശേഷം പനമണ്ണ ശശിയുടെ നേതൃത്വത്തിൽ മേളത്തിന്റെ അകമ്പടിയിൽ തിരിച്ചെഴുന്നള്ളിപ്പ് പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെയാണ് സമാപനം.

Your Rating: