Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തലക്ഷങ്ങൾ സാക്ഷി; ചെട്ടികുളങ്ങര കാഴ്ചക്കരയായി

chettikulangara

ചെട്ടികുളങ്ങര (മാവേലിക്കര) ∙ കുംഭഭരണി നാളിൽ ഗ്രാമ ദേവതയായ ചെട്ടികുളങ്ങര അമ്മയ്ക്കു കെട്ടുകാഴ്ചകൾ കൊണ്ടു തിരുമുൽക്കാഴ്ച ഒരുക്കി ഓണാട്ടുകര പ്രണാമം അർപ്പിച്ചു. കാഴ്ചക്കണ്ടത്തിൽ മണ്ണിൽ തൊട്ടും മാനം മുട്ടിയും നിന്ന കെട്ടുകാഴ്ചകൾ ഭക്ത ലക്ഷങ്ങളെ ആവേശ ഗോപുരങ്ങളിലേറ്റി. പുലർച്ചെ ജീവതയിൽ ചെട്ടികുളങ്ങര അമ്മ കെട്ടുകാഴ്ചകളെ അനുഗ്രഹിച്ചതോടെ ഓണാട്ടുകരയിൽ പുണ്യം പൂമഴയായി പെയ്തിറങ്ങി. ഓണാട്ടുകരയുടെ മണ്ണും മനസ്സും ഇന്നലെ പുലർച്ചയോടെ കെട്ടുകാഴ്ചകളെ വരവേൽക്കാൻ ഒരുങ്ങിയിരുന്നു. രാവിലെ ആറു മണിയോടെ ആദ്യ കുത്തിയോട്ട ഘോഷയാത്ര ദേവീസന്നിധിയിൽ എത്തി ദക്ഷിണ സമർപ്പണം നടത്തി.

ഉച്ചയോടെ 23 കുത്തിയോട്ട ഘോഷയാത്രങ്ങളും ദേവീസന്നിധിയിൽ സമർപ്പണം പൂർത്തിയാക്കി. നാലു മണിയോടെ ഈരേഴ തെക്കിന്റെ കുതിര ക്ഷേത്രസന്നിധിയിലെത്തി. ആർ‍പ്പുവിളികളുടെ അകമ്പടിയോടെ ഈരേഴയുടെ കുതിര എത്തിയതും ദേവീസന്നിധിയിലെ പുരുഷാരം ആർത്തുലഞ്ഞു. അമ്മേ ശരണം ദേവീ ശരണം മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ആദ്യ കെട്ടുകാഴ്ച ദേവിക്കു മുന്നിൽ പ്രണാമം അർപ്പിച്ചു കാഴ്ചക്കണ്ടത്തിൽ അണിനിരന്നു. തുടർന്ന് ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്്കക്കാവ് എന്നീ കരകളിലെ കെട്ടുകാഴ്ചകളും അമ്മയെ വണങ്ങി കാഴ്ചക്കണ്ടത്തിൽ അണിനിരന്നു.

ആറു കുതിരകളും അഞ്ചു തേരുകളും ഭീമനും ഹനുമാനും പാഞ്ചാലിയും അണിനിരന്നതോടെ കാഴ്ചക്കണ്ടം കരവിരുതിന്റെ കലാഭൂമിയായി മാറി. ആചാര ശുദ്ധിയിൽ കരവിരുതിൽ നിർമിച്ച കെട്ടുകാഴ്ചകളെ കാണിക്കയായി സമർപ്പിച്ച കരക്കാർ തൊഴുതു നിന്നു. തുടർന്നു കഥകളിയും വേലകളിയും നടന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ലക്ഷക്കണക്കിനു ഭക്തരാണു ദേവിയെ തൊഴാൻ എത്തിയത്.

Your Rating: