Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോറ്റാനിക്കരയമ്മയുടെ തിരുദർശനം പുണ്യം 

ചോറ്റാനിക്കര ക്ഷേത്രം ചോറ്റാനിക്കര ക്ഷേത്രം

പണ്ട് ടിവിയിൽ വരുന്ന ദൈവീക സിനിമകൾ കാണാൻ എന്തിഷ്ടമായിരുന്നു. ബുദ്ധിമുട്ടുകളിലും സങ്കടങ്ങളിലും വിളിച്ചാൽ വരാൻ അങ്ങനെയൊരാൾ ഉണ്ടാകുമെന്ന ആശ്വാസമായിരുന്നു ഏറെ അനുഭവിച്ചിട്ടുണ്ടാവുക എന്ന് തോന്നുന്നു. മലയാള സിനിമകളിൽ അത്തരത്തിൽ ഏറെ ഉണ്ടായിട്ടുണ്ടാവുക ഭഗവതിമാരുടെ സിനിമകൾ തന്നെയായിരുന്നു. സ്വാഭാവികമായും ഒരപകടം വന്നാൽ നിലവിളിയ്ക്കുന്നത് അമ്മേ എന്നായത് കൊണ്ടാവാം. അത്തരത്തിൽ ചോറ്റാനിക്കര അമ്മ എന്ന സിനിമ ഏറെ കൗതുകം നൽകിയതാണെന്ന് പറയാതെ വയ്യ. പലപ്പോഴും സിനിമയ്ക്കപ്പുറത്തേയ്ക്ക് ചരിത്രം വളർന്നു കിടക്കുന്നു. അഭയവും കാരുണ്യവും സാന്ത്വനവും നല്കുന്ന ദൈവീക ചൈതന്യത്തിലേയ്ക്ക് എത്തിപ്പെടുന്ന ഓരോ ഭക്തനും അറിയുന്ന ശാന്തതയുടെ ഒരു തുരുത്തുണ്ട് ചോറ്റാനിക്കരയിൽ . 

മൂകാംബിക ക്ഷേത്രവുമായി ഏറെ അടുപ്പം ഉള്ള ക്ഷേത്രമാണ് ചോറ്റാനിക്കര. തെക്കേ ഇന്ത്യയിലെ ഭഗവതി ക്ഷേത്രങ്ങളിലെ ദേവീ ചൈതന്യങ്ങളെല്ലാം തന്നെ ആവാഹിക്കപ്പെട്ടത്‌ മൂകാംബികയിൽ നിന്നാണെന്നു പറയപ്പെടുന്നുമുണ്ട്. അവയിൽ ഏറെ പ്രാധാന്യമുള്ളതും മൂകാംബികയിലെ പൂജാ രീതികൾ പിന്തുടരുകയും ചെയ്യുന്ന ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര. ദേവിയെ മൂന്നു രൂപത്തിൽ ,രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകിട്ട് ദുർഗയായും ആണ് ഇവിടെ ആരാധിക്കുന്നത്. ഈ മൂന്നു നേരവും ദേവിയുടെ ഭാവത്തിനനുസരിച്ചുള്ള വസ്ത്ര സങ്കൽപ്പവും വൈവിധ്യവും ഇവിടെ കാണുവാനും കഴിയും. 

ചോറ്റാനിക്കരയിൽ ചെന്നാൽ നിരവധി ആളുകളെ ചുറ്റുമതിലിനുള്ളിൽ കാണാം. അവരിൽ പലരും ഒരുപക്ഷേ മറ്റു മനുഷ്യരെ തിരിച്ചറിയുകയോ, സാധാരണ മനുഷ്യന്റെ ചിന്തകൾ ഉള്ളവരോ ആയിരിക്കില്ല. മാനസികമായ ബുദ്ധിമുട്ടുകൾക്കും, വിശ്വാസങ്ങളിൽ പറയപ്പെടുന്ന ബാധാ ഉപദ്രവങ്ങൾക്കും ചോറ്റാനിക്കര അമ്മ മികച്ച മരുന്നാണെന്നാണ് വിശ്വാസം. അമ്മയുടെ അടുത്തെത്തുമ്പോൾ ബാധയൊക്കെ തനിയെ മാറുമെന്നു വിശ്വാസികളും ആണയിടുന്നു. ഒരിക്കൽ മേപ്പാഴൂർ മനയിലെ നമ്പൂതിരി ദുഷ്ടശക്തികളേയും ബാധകളെയും ഓടിയ്ക്കാൻ തന്റെ പരദേവതയായിരുന്ന അയ്യപ്പനെ ചോറ്റാനിക്കരയിലേയ്ക്ക് അയച്ചുവെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ബാധോപദ്രവം ഉള്ളവർ ശാസ്താവിന്റെ നടയ്ക്കപ്പുറം പോകുന്നതിനു മുൻപ് തന്നെ അസുഖം മാറുമത്രേ. പിന്നെയും മാറാത്തവർക്ക് കുറച്ചു കൂടി കഠിന പരീക്ഷണമുണ്ട്‌.  ശാസ്താവിന്റെ ക്ഷേത്രത്തിനു താഴെയായുള്ള കീഴ്ക്കാവിലമ്മയുടെ അടുത്തേയ്ക്കാണ് പിന്നീട് ബാധയുള്ളവരെ കൊണ്ട് പോവുക. ഇവിടെ എത്തുന്നതോടെ ബാധ എന്നെത്തേയ്ക്കുമായി അകന്നു പോകും. ഇത്തരത്തിൽ ഉള്ള ബാധകളെ ഇതിനടുത്തുള്ള പാല മരത്തിൽ ആണി അടിച്ചു വയ്ക്കുന്നു. പണ്ട് കേട്ട വിശ്വാസങ്ങളെ ഒക്കെ സാധൂകരിക്കുന്ന നിരവധി തെളിവുകളും ചോറ്റാനിക്കര വിശ്വാസികൾക്ക് ഇക്കാര്യത്തിൽ പറയാനുണ്ട്. 

ചോറ്റാനിക്കരയിൽ ഭഗവതി രണ്ടു ഭാവത്തിൽ രണ്ടു ക്ഷേത്രങ്ങളിലായി നിലകൊള്ളുന്നു. മേൽക്കാവും കീഴ്ക്കാവും. ഇതിൽ മേൽക്കാവാണ് പ്രധാനം. കിഴക്കേ നടയിൽ ഉള്ള സിംഹാരൂഢമായ സ്വർണ്ണക്കൊടിമരം,  അതിനുമുന്നിൽ വലിയ ആനക്കൊട്ടിൽ, തെക്കുപടിഞ്ഞാറേമൂലയിലെ  ശ്രീമൂലസ്ഥാനം, പവിഴമല്ലി മരം എന്നിവ ഈ ക്ഷേത്രത്തെ ഒരു മഹാക്ഷേത്രമാക്കി മാറ്റുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. രുദ്രാക്ഷശിലയിൽ തീരത്താണ് ഇവിടെ മൂല പ്രതിഷ്ഠ ഇത് സ്വയംഭൂ വിഗ്രഹമാണെന്ന് കരുതപ്പെടുന്നു. ദേവിയുടെ ശക്തി തെളിയിക്കുന്ന എത്രയോ കഥകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. സ്ത്രീലമ്പടനായ ഒരു കഥകളി ഭ്രാന്തനെ യക്ഷിയിൽ നിന്ന് ദേവി രക്ഷിച്ച കഥയാണു ഇതിൽ പ്രശസ്തം. എന്നാൽ കൊല ചെയ്യപ്പെട്ടവൾക്ക് പോലും മാന്യമായ സ്ഥാനമാണു ക്ഷേത്രത്തിൽ ദേവി നൽകിയത്. ത്രിശൂലം കൊണ്ട് വകവരുത്തിയ യക്ഷിയെ തനിയ്ക്കടുത്തു ഇരുത്തുക കൂടി ദേവി ചെയ്തു. 

വില്വമംഗലം സ്വാമിയാരാണ് കീഴ്ക്കാവിലെ ഭദ്രകാളി സങ്കൽപ്പത്തിലുള്ള കുടിയിരുത്തൽ നടത്തിയത്. ഈ വിഗ്രഹം തീർത്ഥക്കുളത്തിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചതാണ്. കുളിക്കുന്ന സമയത്ത് കാലിൽ തടഞ്ഞ ഈ വിഗ്രഹം സ്വാമിയാർ അവിടെ അടുത്ത് തന്നെ കുടിയിരുത്തുകയായിരുന്നു. മേൽക്കാവിനും കീഴ്ക്കാവിനും മധ്യത്തിലായാണു ശാസ്താ ക്ഷേത്രം. ഇവിടെ ശാസ്താവ് ഭാര്യമാരോടോപ്പമാണ് ദർശനം നടത്തുന്നത്. ശ്രീമൂലസ്ഥാനത്തിനടുത്തായി ശിവന്റെ ഒരു ചെറിയ ശ്രീകോവിലുണ്ട്. സ്വയംഭൂവായ ശിവലിംഗമാണ് ഇതും. ശിവന്റെ കോവിലിൽത്തന്നെയാണ് ഗണപതിയുടെ പ്രതിഷ്ഠയും. തൊട്ടടുത്ത നാഗദേവതകളും ബ്രഹ്മരക്ഷസ്സും യക്ഷിയും വാസമുറപ്പിച്ചിട്ടുണ്ട്. കൊച്ചി രാജകുടുംബത്തിന്റെ വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ ദേവസ്വം ബോർഡിന്റെ കീഴിലാണ്. തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ് തന്ത്രത്തിനുള്ള അധികാരം. കുംഭമാസത്തിലെ രോഹിണിനാളിൽ ആണ് ഉത്സവം ആരംഭിക്കുക. ഒൻപത് ദിവസത്തെ ഉത്സവത്തിനിടയിലാണ് ഇവിടെ പ്രശസ്തമായ മകം തൊഴൽ നടക്കുന്നത്. അന്നത്തെ ദിവസംക്ഷേത്രത്തിൽ കാലു കുത്താൻ ആകാത്ത വിധം ജനനിബിഡമായിരിക്കും. മംഗല്യ ഭാഗ്യത്തിനായാണ് ഈ വിശേഷ ദിവസം ആഘോഷിക്കുന്നത്,. ഇവിടെ മകം തൊഴൽ സ്ത്രീകൾക്കും തൊട്ടടുത്ത ദിവസമായ പൂരം പുരുഷനും സവിശേഷ ദിനമായി പറയപ്പെടുന്നു. എറണാകുളം ജില്ലയിലെ ഈ ക്ഷേത്രം മഹാക്ഷേത്രങ്ങളിൽ ഒന്നായി തന്നെ കരുതപ്പെടുന്നു. നിത്യവും നിരവധി ഭക്തരാണ് മാനസികവും ആത്മീയവുമായി സുഖത്തിനു വേണ്ടി ഇവിടെയെത്തുന്നത്. വരുന്നവരെയൊന്നും ദേവി വെറുതെ തിരിച്ചയക്കാറുമില്ലെന്നു ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. 

Your Rating: