Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയലുങ്കൽ വിളഞ്ഞ ആത്മീയ പൊൻകതിർ

മെത്രാഭിഷേക ചടങ്ങ്

മോൺസിഞ്ഞോർ കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങിൽ നിന്ന്

ചേറ്റാഴമുള്ള നിലമാണു വയൽ. വയലിൽ വിതച്ചതൊന്നും പാഴാകാതെ തഴച്ചുവളരും, ആഴത്തിൽ വേരുപിടിക്കും. റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയും പാപുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി അഭിഷേകം ചെയ്യപ്പെടുന്ന മോൺ. കുര്യൻ മാത്യു വയലുങ്കലിന്റെ ജീവിതം ദൈവവിശ്വാസത്തിന്റെ ചേറ്റാഴത്തിൽ വീണു പതംവന്ന വിത്തുപോലെയാണ്. ലോകമെമ്പാടും വിശ്വാസത്തിന്റെ പൊൻകതിരുകൾ വിളയിക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം.  അൻപതാം വയസ്സിന്റെ പടിവാതിലിൽ എത്തിയപ്പോഴാണു പുതിയ അജപാലന ദൗത്യത്തിനായി മോൺ. കുര്യൻ മാത്യു വയലുങ്കൽ വിളിക്കപ്പെടുന്നത്. പരിപൂർണമായി ദൈവത്തിൽ ആശ്രയിച്ച് ഇരുകൈകളും നീട്ടി തലതാഴ്ത്തി ആ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് അദ്ദേഹം. മോൺ. കുര്യൻ മാത്യു വയലുങ്കൽ തന്റെ പുതിയ ദൗത്യത്തെക്കുറിച്ചു സംസാരിക്കുന്നു. 

consecration3 മോൺസിഞ്ഞോർ കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങിൽ നിന്ന്

പുതിയ ദൗത്യം 

17 വർഷമായി സഭയുടെ നയതന്ത്ര മേഖലയിൽ പ്രവർത്തിക്കുകയാണ്. അതുകൊണ്ടു സ്ഥലംമാറ്റം ഒരു വെല്ലുവിളിയല്ല. എന്നാൽ, ഏൽപിച്ചിരിക്കുന്ന ദൗത്യത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്. വാക്കും പ്രവൃത്തിയും ചിന്തയുമെല്ലാം രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കുന്നതാണെന്ന ബോധ്യമുണ്ട്. ദൈവം ഇൗ ഒരു അവസ്ഥയിലെത്തിച്ചതിനു പിന്നിൽ മാതാപിതാക്കളുടെ പ്രാർഥനയുണ്ട്. ദൈവം സഹായിക്കാൻ എപ്പോഴുമുണ്ടെന്ന കാര്യം ജീവിതത്തിൽ ഒട്ടേറെ തവണ അനുഭവിച്ചിട്ടുള്ള ആളാണു ഞാൻ. അതുകൊണ്ട് ആശങ്കകളുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ദൈവത്തിനു വേണ്ടിയാണു ഞാൻ ജോലി ചെയ്യുന്നത്. അതുകൊണ്ടു ദൈവം നടത്തിക്കൊള്ളും. ആദ്യമാണു പാപുവ ന്യൂഗിനിയിലേക്കു പോകുന്നത്. ഒട്ടേറെ മിഷനറിമാരുണ്ട് അവിടെ. വളരുന്ന സഭയാണു പാപുവ ന്യൂഗിനിയിലേത്. 15 രൂപതകളും നാല് അതിരൂപതകളുമുണ്ട്. അവയോടനുബന്ധിച്ചു സ്ഥാപനങ്ങളുമുണ്ട്. വിവിധ സ്ഥാപനങ്ങൾ വഴി സാമൂഹികമായി സഭ ഇടപെടുന്ന മേഖലയാണത്. ഒരു ആർച്ച്ബിഷപ് എന്നതിലുപരി, നല്ലൊരു മിഷനറിയായി പ്രവർത്തിക്കാനാണു ഞാൻ എന്നെത്തന്നെ ഒരുക്കുന്നത്. 

മാറുന്നുണ്ടോ വിശ്വാസം...? 

കാലത്തിന് അനുസരിച്ചു സഭയ്ക്കോ പൗരോഹിത്യത്തിനോ അടിസ്ഥാനപരമായി മാറ്റമൊന്നും ഉണ്ടാകില്ല. പക്ഷേ, പ്രായോഗികതയ്ക്കു മാറ്റം വന്നിട്ടുണ്ട്. സാങ്കേതിക വിദ്യ വളർന്നു. അവയുടെ ഉപയോഗം എങ്ങനെ എന്റെ ദൗത്യത്തെ സഹായിക്കും എന്നതാണു ശ്രദ്ധിക്കുന്നത്. സഭ എന്നും ഒന്നുതന്നെയാണ്. ആളുകൾക്കാണു മാറ്റം. അടിസ്ഥാനപരമായ  കാര്യങ്ങൾക്കു  മാറ്റമില്ല. 

മനുഷ്യന്റെ ആവശ്യത്തിനനുസരിച്ചു കാലോചിതമായ മാറ്റങ്ങൾ സഭയിലും ഉണ്ടാകുന്നുണ്ട്. പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണം നോക്കിയിട്ടല്ല വിശ്വാസം കൂടിയോ കുറഞ്ഞോ എന്നു കണക്കാക്കുന്നതെന്ന അഭിപ്രായക്കാരനാണു ഞാൻ. മനുഷ്യർ അടിസ്ഥാനപരമായി വിശ്വാസമുള്ളവരാണ്. പക്ഷേ, പല സാഹചര്യങ്ങൾമൂലം അവർക്കു ചിലപ്പോൾ അതു  പ്രകടിപ്പിക്കാൻ പറ്റുന്നുണ്ടാകില്ല. അതിനു ദൈവത്തിലുള്ള വിശ്വാസം മനുഷ്യർക്കു കുറയുന്നു എന്ന് അർഥമില്ല. 

consecration2 മോൺസിഞ്ഞോർ കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങിൽ നിന്ന്

പുതിയ തലമുറ...

പുതിയ തലമുറയെക്കുറിച്ചും അവരുടെ സാഹചര്യങ്ങളെക്കുറിച്ചും സഭയ്ക്കു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. സാങ്കേതികവിദ്യ ഇപ്പോൾ എല്ലാവർക്കും കയ്യെത്തുന്ന ദൂരത്തുണ്ട്. പക്ഷേ, അതെങ്ങനെ ഉപയോഗിക്കണം എന്നുള്ള മാർഗനിർദേശമാണ് അവർക്കു നൽകേണ്ടത്. കുടുംബമാണ് ആദ്യത്തെ സഭ. കുടുംബങ്ങൾക്കാണ് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം. കുട്ടികൾ ആധുനിക സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കണമെന്നതിൽ ആദ്യം പരിശീലനം കൊടുക്കേണ്ടതു മാതാപിതാക്കളാണ്. പക്ഷേ, ശിഥിലമാകുന്ന കുടുംബങ്ങൾ സഭയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പരസ്പരം സംസാരമില്ലാതെ മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകത്തേക്കു കുടുംബാംഗങ്ങൾ ഒതുങ്ങിപ്പോവുകയാണ്. ഒരു മണിക്കൂറെങ്കിലും മൊബൈൽ ഫോൺ ഒന്നു മാറ്റിവച്ചു പച്ച മനുഷ്യരായി ഇരിക്കാൻ കഴിയണം. എല്ലാവരോടും സംസാരിക്കണം.

മുൻപു ഞാനും എന്റെ കുടുംബവും എന്ന ചിന്തയായിരുന്നെങ്കിൽ ഇപ്പോൾ ‘ഞാൻ’ എന്നു മാത്രമായി ആളുകളുടെ ചിന്ത. ഒറ്റപ്പെട്ട തുരുത്തുകളായി ആളുകൾ മാറുന്നതു വേദനാജനകമാണ്. സമൂഹത്തിന്റെ തന്നെ കെട്ടുറപ്പിനെ ഇതു ബാധിക്കുമെന്നു ഞാൻ പേടിക്കുന്നു.

സഭാംഗങ്ങളോട്...

എന്റെ കഴിവുകൊണ്ടോ ഗുണംകൊണ്ടോ ലഭിച്ചതല്ല ഇൗ ഉത്തരവാദിത്തം. ദൈവത്തിന്റെ ദാനമാണിത്. നന്ദിയോടെ സ്വീകരിച്ചു ദൈവത്തിനുവേണ്ടിയും മനുഷ്യർക്കുവേണ്ടിയും എങ്ങനെ ഉപയോഗിക്കാം എന്നതാണു ശ്രദ്ധിക്കുന്നത്. ദൈവം എന്നെ അങ്ങോട്ടേക്കു വിളിച്ചിരിക്കുകയാണ്. 100 ശതമാനം വിശ്വസ്തതയോടെ ഇൗ ദൗത്യം പൂർത്തിയാക്കാനാണു ശ്രമിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ വേണ്ടത് എന്നെ അറിയുന്ന ജനത്തിന്റെ പ്രാർഥനയാണ്.

കുടുംബം

വടവാതൂർ വയലുങ്കൽ എം.സി.മത്തായിയുടെയും അന്നമ്മയുടെയും നാലു മക്കളിൽ മൂത്തയാളാണ്. സഹോദരങ്ങൾ: ജോസഫ് വയലുങ്കൽ, ജോൺ വയലുങ്കൽ, മാത്യു വയലുങ്കൽ.

Your Rating: