Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപം തെളിയട്ടെ മനസ്സിലും...

astro-eve-mantra

ദീപാവലി വരുന്നൂ, വെളിച്ചത്തിന്റെ ഉത്സവമായ്...നാടും നഗരവും ദീപക്കാഴ്ചകള്‍ കൊണ്ട് അന്ന് പ്രകാശിതമാകും. ആയിരമായിരം വിളക്കുകള്‍ നമ്മുടെ സ്‌നേഹം പോലെ പ്രകാശിച്ചുകൊണ്ടിരിക്കും. മണ്‍ചെരാതുകളുടെ ദീപക്കാഴ്ചകളില്‍ പ്രഭാപൂരിതമായി നമ്മുടെ ജീവിതങ്ങള്‍ പ്രതിബിംബിച്ചുനിൽക്കും.

ദീപാവലിയില്‍ കൊളുത്തപ്പെടുന്ന  ഓരോ വിളക്കും ഓരോ പ്രതീക്ഷയാണ്. നന്മയുടെ പ്രതീക്ഷ... സ്‌നേഹത്തിന്റെയും നന്മയുടെയും വിജയമാണ് അവ ഓരോന്നും പറയുന്നത്.  

 ദീപങ്ങളുടെ കൂട്ടമാണ് ദീപാവലി. അതായത് വിളക്കുകളുടെ നിര. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഹിന്ദു ജൈന സിഖ് മതവിശ്വാസവുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഉത്സവം കൂടിയാണ് ദീപാവലി. 

ഹൈന്ദവിശ്വാസമനുസരിച്ച് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായാണ് ദീപാവലി കൊണ്ടാടുന്നത്. എന്നാല്‍ ശ്രീരാമന്‍ പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മ്മയായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത് എന്നും പറയപ്പെടുന്നു.

പക്ഷേ ജൈനമത വിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിന്റെ ഓര്‍മ്മയായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിലെ ബ്രാഹ്മണകുടുംബങ്ങളില്‍ മഹാബലിയുമായി ബന്ധപ്പെട്ടും ദീപാവലി ആഘോഷിക്കുന്നുണ്ട്. 

തമിഴ് നാട്ടിലെ പ്രധാനപ്പെട്ട ആഘോഷങ്ങളുടെ പട്ടികയിലാണ് ദീപാവലിയെ ചേര്‍ത്തിരിക്കുന്നത്.  നേപ്പാള്‍, ശ്രീലങ്ക, മലേഷ്യ, മൗറീഷ്യസ്, തുടങ്ങിയ രാജ്യങ്ങളിലും ദീപാവലി ആഘോഷങ്ങളുണ്ട്.ആത്യന്തികമായി ദീപാവലി നമ്മോട് പറയുന്നത് തിന്മയുടെ മേല്‍ വിജയം നേടിയ നന്മയെക്കുറിച്ചാണ്. നന്മ പരക്കണമെന്നാണ്. വെളിച്ചം  പ്രസരിപ്പിക്കണമെന്നാണ്. 

ഒടുവില്‍ ഒരു സംശയം. എത്ര ദീപം തെളിയിച്ചിട്ടും നമ്മുടെ മനസ്സിലെ ഇരുട്ടെന്താണ് അകന്നുപോകാത്തത്..അതിന് കുറവ് വരാത്തത്? ദീപങ്ങള്‍ കൊളുത്തിയാല്‍ മാത്രം പോരാ. അത് മനസ്സിലും പ്രകാശം പരത്തണം. 

നന്മയുടെയും സ്‌നേഹത്തിന്റേയുമായ ഒരു ദീപാവലിക്കാലത്തിലേക്ക്, എങ്ങും വെളിച്ചം മാത്രമുള്ള പ്രകാശപൂര്‍ണ്ണമായ ഒരു കാലത്തിലേക്ക് നമുക്ക് കൈകള്‍ കോര്‍ത്ത് നടന്നുനീങ്ങാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.