Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തെ പ്രതിരോധിക്കാൻ ദീപങ്ങൾ

deepam 3

ബൊമ്മക്കൊലു ഒരുക്കിയാണ് ആന്ധ്രക്കാരുടെ ദീപാവലി ആഘോഷം. അവിടുത്തെ പ്രധാനപ്പെട്ട ഏഴു ഉൽസവങ്ങളിലൊന്നാണു ദീപാവലി. പാവപ്രതിമകൾ ഒരുക്കിവെക്കലാണ് ബൊമ്മക്കൊലു എന്നു പറയുന്നത്. ബൊമ്മല കൊലുവു എന്നാണ് തെലുങ്കിലെ പേര്. ബൊമ്മല എന്നാൽ പാവ കൊലുവു എന്നാൽ ഒരുക്കുക എന്നർഥം. ആന്ധ്രയുടെ തീരപ്രദേശങ്ങളിലാണ് ബൊമ്മക്കൊലു ആഘോഷം കൂടുതലായും നടക്കുന്നത്.

ആഘോഷം അഞ്ചു ദിവസം നീളും. ആദ്യ ദിവസം അശ്വയുജ ബഹുല ത്രയോദശി (ധൻതെരസ്) എന്നറിയപ്പെടുന്നു. ജീവിതത്തിൽ സമ്പത്തിനുള്ള വിലയെന്തെന്നാണ് ഈ ദിവസം ഓർമിപ്പിക്കുന്നത്. സമ്പത്തിന്റെ ദേവനായ കുബേരന്റ ചിത്രത്തിന്റെയോ കുബേരയന്ത്രത്തിന്റെയോ മുന്നിൽ ദേവനെ പ്രസാദിപ്പിക്കാനായി പൂജ ചെയ്യും.

ഗണേശ ഭഗവാനെയാണ് ആദ്യമേ ആരാധിക്കുന്നത്. പിന്നെ കുബേര ഭഗവാനെ പൂജിക്കും. അപ്രതീക്ഷിതമായി വരുന്ന മരണത്തെ പ്രതിരോധിക്കാൻ സന്ധ്യയാകുമ്പോഴേ ഉമ്മറപ്പടിയിൽ ദീപങ്ങൾ കത്തിച്ചു വയ്‌ക്കും. നിനച്ചിരിക്കാതെയുണ്ടാവുന്ന അപകടങ്ങളെ ഈ ആചാരത്തിലൂടെ തടയാനാവുമെന്നാണ് ആന്ധ്രാക്കാരുടെ വിശ്വാസം.രണ്ടാം ദിവസം നരക ചതുർദശിയാണ്. തിന്മയുടെ മരണത്തെയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. നരകാസുരന്റെ പ്രതിമകൾ വഹിച്ചു ജാഥ നടത്തി പട്ടണത്തിന്റെ വെളിയിലെത്തിച്ചു കത്തിച്ചുകളയും.

മൂന്നാം ദിവസം കൗമുദി മഹോൽസവം. പണ്ടു കാലങ്ങളിൽ രാജാക്കന്മാരായിരുന്നു ആഘോഷങ്ങൾക്കു മേൽനോട്ടം നടത്തിയിരുന്നത്. ഉഴുന്നു കൊണ്ടുള്ള വിഭവങ്ങളാണ് ഈ ദിവസങ്ങളിൽ ആളുകളുടെ മുഖ്യ ആഹാരം. അമാവാസി ദിനത്തിൽ ലക്ഷ്‌മി ദേവി എള്ളെണ്ണയിൽ ഉണ്ടാവുമെന്നാണ് വിശ്വാസം. ഗംഗാദേവി ജലത്തിലും. ദേഹം മുഴുവൻ എള്ളെണ്ണ തേച്ചു പിടിപ്പിക്കും. മരങ്ങൾക്കു ചുറ്റും എള്ളെണ്ണ ഒഴിക്കും. കുന്നുകളിലും അമ്പലങ്ങളിലും ശ്‌മശാനങ്ങളിലും ദീപങ്ങൾ തെളിയിക്കും.

നാലാം ദിവസം ബാലിപദ്യമി. ഈ ദിവസം കർഷകർ കന്നുകാലികളെ അലങ്കരിച്ചു അവയെ ആരാധിക്കും. ഈ പൂജ ഗൗരമ്മ പൂജ എന്നാണ് അറിയപ്പെടുന്നത്. അഞ്ചാം ദിവസം നേരം പുലരും മുമ്പേ ഉണർന്നു പ്രത്യേക രീതിയിലുള്ള പൂജാ കർമങ്ങളോടെയുള്ള കുളിക്കു ശേഷം പുതിയ വസ്‌ത്രങ്ങളണിയും. മക്കളേയും മരുമക്കളെയും വീട്ടിലേയ്‌ക്കു ക്ഷണിച്ച് അവർക്കു പുതുവസ്‌ത്രങ്ങളും സമ്മാനങ്ങളം നൽകും. കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഇന്നേ ദിവസം ലക്ഷ്‌മി പൂജ നടത്തും. ദീപാവലിയുടെ അവസാന ദിനമായ ഇത് ദിവേല പാണ്ഡുഗ അല്ലെങ്കിൽ യമദ്വിധേയ എന്നും അറിയപ്പെടുന്നു.

മറാത്തക്കാർ മാതൃത്വത്തോടുള്ള ആദരവു പ്രകടിപ്പിച്ചു പശുവിനെ ആദരിക്കുന്ന വസു ബരസ് കർമത്തോടെയാണു ദീപാവലി ആഘോഷം തുടങ്ങുക. ഭാഗ്യവും സമ്പത്തും വർഷം മുഴുവൻ നിലനിൽക്കാൻ വേണ്ടി ഈ ദിനത്തോടനുബന്ധിച്ചു സ്വർണ്ണം വെള്ളി ആഭരണങ്ങൾ വാങ്ങിക്കുന്നത് മറാത്തികളുടെ പരമ്പരാഗതമായ ആചാരമാണ്. ഈ ദിവസം തന്നെ ധൻതെരസ്സ് ആഘോഷവും നടത്തും. അന്നു ദീപം തെളിക്കുന്നത് കുടുംബത്തിലെ പുരുഷൻമാരുടെ ആയുരാരോഗ്യത്തിനു വേണ്ടിയാണ്. രണ്ടാം ദിവസമായ നരകചതുർദശി ചോട്ടി ദീവാലി എന്നാണ് അറിയപ്പെടുന്നത്. ദീവാലീച്ച പദ്വ എന്ന ആഘോഷമാണ് മൂന്നാം ദിവസം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.