Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോലം പോട തെരിയുമാ...?

deepam 2

ദീപാവലി ബ്രാഹ്‌മണ ഗൃഹങ്ങളിൽ ആഘോഷത്തിന്റെയും ആചാരത്തിന്റെയും ആഹ്ലാദം. ദീപാവലി മധുരത്തിന്റെ നിറവ്.ദീപങ്ങളുടെ ഉൽസവം. നരകാസുരവധം കഴിഞ്ഞു വരുന്ന ശ്രീകൃഷ്‌ണനെ വരവേൽക്കുന്ന ആഘോഷം. ശ്രീരാമന്റെ സ്‌ഥാനാരോഹണ ദിവസമായും ആഘോഷിക്കുന്നു. ‘ദീപാവലിയാക്കും, കുഴന്തകളാ കുളിച്ചു പൊട്ടാസ് വെയ്യുങ്കോ.’ പുലരുമ്പോഴേ എണ്ണതേച്ചു കുളി. പ്രായംചെന്ന മുത്തശ്ശിമാർ എണ്ണ തേച്ചുനൽകണമെന്ന് നിർബന്ധം. കുളിച്ചു വന്നാൽ പുതു ആടകൾതന്നെ വേണം. ടിഫിൻ മധുര പലഹാരങ്ങളോടെ. അടുത്ത വീടുകളിലും സുഹൃത്തുക്കൾക്കും മധുരം കൈമാറുന്നതാണ് ദീപാവലിയുടെ പ്രധാന വിശേഷം.

ദീപങ്ങളുടെ ഈ ഉൽസവമുൾപ്പെടെ എല്ലാ വിശേഷാവസരങ്ങളിലും, ദിനചര്യയിലും ബ്രാഹ്‌മണസമൂഹത്തിന് മായാത്ത അനുഷ്‌ഠാനമാണ് കോലമെഴുത്ത്. തലമുറ കൈമാറിവരുന്ന ഈ കോലമെഴുത്തുവിശേഷങ്ങളിലേക്ക്... അരിയുടെയോ, വെള്ളാരങ്കല്ലിന്റെയോ പൊടിയും, അരി വെള്ളംചേർത്തരച്ചെടുക്കുന്ന ദ്രവവുമുപയോഗിച്ച് കൈവഴക്കവും കലാബോധവുംകൊണ്ടു തീർക്കുന്ന സുന്ദരരൂപങ്ങൾ ബ്രാഹ്‌മണഗൃഹങ്ങളുടെ മുറ്റംതൊട്ട് പൂജാമുറിയും തുളസിത്തറയും വരെ അലങ്കരിക്കുന്നു.

ചാണകം മെഴുകിയ മുറ്റത്തെ അരിപ്പൊടിക്കോലങ്ങൾ വീടിന് ഐശ്വര്യം പ്രദാനംചെയ്യുന്നെന്നു വിശ്വാസം. ഉറുമ്പുകൾക്കും അണ്ണാനുമൊക്കെ ഇതു ഭക്ഷണമാകുമ്പോൾ അന്നദാനവും സാധ്യമാകുന്നു.

വീട്ടിൽ വിളക്കുതെളിക്കും പോലെയാണ് ബ്രാഹ്‌മണവീടിനു മുന്നിൽ കോലമെഴുത്ത്. ദീപാവലിനാളിലെ കോലമെഴുത്തിൽ ദീപങ്ങളും അണിഞ്ഞുചേർക്കും. കോലം പോട തെരിയുമാ...? വിവാഹദിവസങ്ങളിൽ വധുവിനോടു തിരക്കുന്ന ആദ്യചോദ്യം. ഏതു ബ്രാഹ്‌മണ പെൺകുട്ടിയും കുട്ടിയിലേ കോലമിടുന്നതിനു സജ്‌ജമാകുന്നു. ആദ്യം പൊടിക്കോലങ്ങളാണ്. അഭ്യാസം ഉമ്മറപ്പടിയിൽ തുടങ്ങും. താമരയുൾപ്പെടെ ചെറു കോലങ്ങളിലാണ് പരിശീലനം. ഓരോ ദിവസത്തെ കോലവും പ്രത്യേക വിശേഷങ്ങളോടെ ചെയ്യുന്നവരുണ്ടെന്ന് മഞ്ചേരിയിലെ അഡ്വ. രാജേശ്വരി ശേഷൻ. സാധാരണവീടുകളിൽ പൊടിക്കോലവും പുള്ളിക്കോലവുമാണ് പതിവ്. പൂജാമുറിയിലും കോലം വരയ്‌ക്കും.

വീടിനു ചൈതന്യം പകരുന്ന കോലങ്ങളിൽ വരച്ചിടുന്ന സ്‌ത്രീയുടെ മനസ്സു കാണാം. കോലങ്ങൾക്ക് ഓരോന്നിനും അതിന്റേതായ ശക്‌തിയുണ്ട്. കന്യാകോലം, ഐശ്വര്യകോലം,കമലത്താമ്പാളം,ഇദയകമലം, കൊടത്താമര....വിശേഷദിവസങ്ങൾക്കു മാക്കോലം.

‘ഇപ്പഴെല്ലാം നിറയെ കോലം വരച്ച പുസ്‌തകമിരുക്ക്. കോലപ്പൊടി പാക്കറ്റിലേ വാങ്കലാം.’ കല്യാണത്തിനു നാലുമൂലക്കോലം നിർബന്ധം. ഐശ്വര്യക്കോലമാണ് നവരാത്രിക്കു പ്രധാനം. ഇന്നു റെഡിമെയ്‌ഡ് കോലവും വാങ്ങാൻ കിട്ടും. ടിവിയിലും ഇന്റർനെറ്റിലും പുതിയ ഡിസൈനുകൾ ധാരാളം ചർച്ച ചെയ്യപ്പെടുന്നു.

നിരന്നു തെളിയുന്ന നിറദീപങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ചയും വൈവിധ്യമാർന്ന പലഹാരങ്ങളുടെ മധുരവും പടക്കങ്ങളുടെ കൂട്ടപ്പൊരിച്ചിലും മത്താപ്പിന്റെ വർണങ്ങളും.. ദീപാവലിയെന്ന പദം മനസ്സിലെത്തിക്കുന്ന കാഴ്‌ചകൾ ഒട്ടേറെയാണ്.

ഓർമകളുടെ ഈ വൈവിധ്യംപോലെതന്നെ ദീപാവലിയുടെ ഐതിഹ്യങ്ങൾക്കും വിവിധ വിഭാഗങ്ങളിലെ ആഘോഷങ്ങൾക്കും വ്യത്യസ്‌തതകൾ ഒട്ടേറെയുണ്ട്. ഐതിഹ്യമേതായാലും നന്മയുടെ വിജയമെന്ന മഹത്തായ ആശയത്തിലേക്കാണ് ഓരോ ദീപാവലിക്കഥകളും നീളുന്നത്. രാമരാവണയുദ്ധം കഴിഞ്ഞ് സീതാസമേതം ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിനമാണ് ദീപാവലിയായി കൊണ്ടാടുന്നതെന്നാണ് ഹൈന്ദവ വിശ്വാസം.

ശ്രീകൃഷ്‌ണൻ നരകാസുരനെ വധിച്ചു, തിന്മയിൽ നിന്നു രാജ്യത്തെയും ജനങ്ങളെയും മോചിപ്പിച്ച ദിവസമാണ് ദീപാവലിയെന്ന ഐതീഹ്യവുമുണ്ട്. തീർന്നില്ല, മഹാബലിയെ വാമനൻ പാതാള ലോകത്തിന്റെ അധിപനായി വാഴിച്ച ദിനമാണിതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. ശിവപാർവതിമാരും വിഘ്‌നേശ്വരനും മുരുകനും ചൂതാട്ടം നടത്തി വിനോദിച്ചതിന്റെ ഓർമപുതുക്കൽ ദിനമാണ് ദീപാവലിയെന്നു പറയുന്നവരും ഉണ്ട്.

ക്ഷീരസമുദ്രത്തിൽനിന്നു ലക്ഷ്‌മീദേവി മഹാവിഷ്‌ണുവിനെ വരവേൽക്കുന്ന ദിനമായി ദീപാവലിയെ കരുതുന്നവരുമേറെ. വിക്രമാദിത്യ രാജാവ് സ്‌ഥാനാരോഹണം ചെയ്‌ത ദിനമാണിതെന്നാണു മറ്റൊരു വിശ്വാസം. ഭൂമിയിലെത്തുന്ന പിതൃക്കൾക്ക് വഴികാട്ടാനായി ദീപം തെളിച്ചു കാത്തിരിക്കുന്ന ദിനമാണ് ദീപാവലിയെന്നു വിശ്വസിക്കുന്നവരെയും കാണാം. ഇങ്ങനെ ദീപാവലി സംബന്ധിച്ച് ഐതിഹ്യങ്ങൾ നിരവധിയാണ്. എന്നാൽ, തിന്മയുടെ മേൽ നന്മയും അന്ധകാരത്തിനുമേൽ പ്രകാശവും നേടുന്ന വിജയമായി ഈ ഐതിഹ്യങ്ങളെയെല്ലാം കാണാവുന്നതാണ്.

ദീപാവലി സിഖ് മതക്കാർക്ക് ‘ബന്ധ് ഛോർ ദിവസ്’ ആണ്. ജഹാംഗീർ തടവിലാക്കിയ സിഖ് ഗുരു ഹർഗോബിന്ധ് തിരിച്ച് അമൃത്സറിൽ എത്തിയ ദിവസമാണ് അവരുടെ ദീപാവലി. 1577ൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിനു തറക്കല്ലിട്ടതാണ് സിഖുകാരുടെ ദീപാവലി ആഘോഷത്തിന്റെ തുടക്കം എന്നു മറ്റൊരു ഐതിഹ്യവുമുണ്ട്.

മഹാവീരനു മോക്ഷം കിട്ടിയപ്പോൾ ലോകം മുഴുവൻ അന്ധകാരത്തിലായി. മഹാവീരൻ മോക്ഷം പ്രാപിച്ചത് അറിഞ്ഞ് അവിടെ എത്തിയവർ ദീപം തെളിയിച്ചു. അന്നു മുതലാണ് ജൈന മതക്കാർക്കിടയിൽ ദീപാവലി ആഘോഷിച്ചു തുടങ്ങിയത്. എട്ടു ദിവസം നീളുന്ന ആഘോഷമാണ് അവർക്ക് ദീപാവലി.

ദീപാവലി സംബന്ധിച്ചുള്ള ഐതിഹ്യങ്ങൾ ഏറെയാണ്. നരകാസുര നിഗ്രഹത്താൽ തിന്മയിൽ നിന്നു ജനത്തെയും രാജ്യത്തെയും മോചിപ്പിച്ച് നന്മ വീണ്ടെടുത്ത ദിനമാണെന്നതാണ് പ്രധാന ഐതിഹ്യം. മഹാബലിയെ വാമനൻ പാതാള ലോകത്തിന്റെ അധിപനായി വാഴിച്ച ദിനമാണിതെന്ന് മറ്റൊരു ഐതിഹ്യം.

ദീപാവലിയും മഹാബലിയും

ദീപാവലിയും മഹാബലിയും തമ്മിലുള്ള ബന്ധമെന്താണ്? പ്രധാനമായും ഒരു ഐതിഹ്യബന്ധം തന്നെയാണ്. മഹാബലിയെ വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ ഐതിഹ്യം പ്രസിദ്ധമാണല്ലോ. കള്ളവും ചതിവുമില്ലാത്ത, മനുഷ്യർ ഏകോദരസോദരങ്ങളെപ്പോലെ വാഴുന്ന മാവേലിനാടിന്റെ കീർത്തി എങ്ങും പരന്നപ്പോൾ വിഷ്‌ണുഭഗവാന്റെ അവതാരമായ വാമനമൂർത്തീ മഹാബലിയെ പരീക്ഷിക്കാനെത്തിയെന്നും ആ ദിവസമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്നുമാണ് ഒരു വാദം.

എന്നാൽ, നീതിമാനും ധർമ്മിഷ്‌ഠനുമായ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തേണ്ടി വന്നതിൽ വിഷ്‌ണുഭഗവാൻ പശ്‌ചാത്തപിച്ചെന്നും തുടർന്ന് മഹാബലിയെ പാതാളലോകത്തിലെ ചക്രവർത്തിയായി പ്രഖ്യാപിച്ചെന്നുമാണ് മറ്റൊരു വാദം. ഈ ദിനമാണത്രേ ദീപാവലിയായി ആഘോഷിക്കുന്നത്. മഹാബലിയുടെ ത്യാഗത്തിന്റെ സ്‌മരണയ്‌ക്കായി അശ്വിനിമാസത്തിലെ അമാവാസിയോടനുബന്ധിച്ച് ദീപാവലി ആഘോഷം വാമനൻ തന്നെ ഏർപ്പെടുത്തിയെന്ന വിശ്വാസവുമുണ്ട്.

നരകാസുര നിഗ്രഹം

ദീപാവലിയെക്കുറിച്ച് ഏറെ ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും നരകാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ് ഏറെ പ്രചാരം. പ്രാഗ് ജ്യോതിഷത്തിലെ അസുരരാജാവാ യിരുന്ന നരകൻ അതി ക്രൂരനായിരുന്നു. പതിനായിരം കന്യകമാരെ ആ രാക്ഷസൻ കാരാഗൃഹത്തിലടച്ചു. മാനവരാശിയെ ദുഷ്‌ടതകളാൽ കഷ്‌ടപ്പെടുത്തി. ദേവരാജാവായ ഇന്ദ്രൻ ശ്രീകൃഷ്‌ണനോട് നരകാസുരന്റെ ക്രൂരതകളെക്കുറിച്ചു പറഞ്ഞു. സത്യഭാമയും നരകാസുരനെ വധിക്കുന്നതിന് കൃഷ്‌ണനെ പ്രോൽസാഹിപ്പിച്ചു. അങ്ങനെ സത്യഭാമയെയും കൂട്ടി ഭഗവാൻ നരകാസുരന്റെ കോട്ടയിലെത്തി. ശത്രുക്കളെ നേരിടാൻ പലവിധ സന്നാഹങ്ങളും അസുരരാജൻ ഒരുക്കിയിരുന്നങ്കിലും കൃഷ്‌ണഭഗവാനു മുന്നിൽ അതെല്ലാം നിഷ്‌ഫലമായി.

നരകാസുരൻ വധിക്കപ്പെട്ടു. കാരാഗൃഹത്തിലടക്കപ്പെട്ട സുന്ദരിമാരെല്ലാം മോചിതരായി. ദ്വാരകയിലെത്തിയതിനു ശേഷം യുദ്ധക്ഷീണം തീർക്കാൻ ശ്രീകൃഷ്‌ണൻ നന്നായി എണ്ണ തേച്ചുകുളിച്ചു. പത്നിമാർ നൽകിയ മധുരം കഴിച്ചു. നരകാസുരന്റെ ദുഷ്‌ടതകളിൽ നിന്നു ജനങ്ങൾക്കു മോചനം ലഭിച്ചതിന്റെയും കാരാഗൃഹങ്ങളിൽ നിന്നു സ്‌ത്രീകൾ സ്വതന്ത്രരായതിന്റെയും സന്തോഷത്താൽ രാത്രിയിൽ ദീപങ്ങൾ കൊളുത്തി ആഘോഷം നടത്തി. ആ ദിവസത്തിന്റെ ഓർമ്മയ്‌ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഏറെ പ്രചാരം നേടിയ ഐതിഹ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.