Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മീയതീരത്തെ അജപാലകൻ

Dr. Joseph Marthoma Metropolitan

ആയിരം പൂർണചന്ദ്രൻമാരെ കണ്ടല്ലോ എന്നു ചോദിച്ചാൽ, ആയിരം അമാവാസിയും കണ്ടു എന്നു കൂട്ടിച്ചേർക്കും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സൗഭാഗ്യങ്ങളുടെ നറുനിലാവിന്റെ മറുപുറത്ത് വേദനകളുടെ കൂരിരുട്ടുണ്ടായിരുന്നെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ മറക്കുന്നില്ല. മലങ്കര സഭയിൽ നവീകരണത്തിനു തുടക്കമിട്ട ഏബ്രഹാം മൽപാന്റെയും നാലു മെത്രാപ്പൊലീത്തമാരുടെയും തറവാടായ മാരാമൺ പാലക്കുന്നത്ത് കുടുംബത്തിൽ 1931 ജൂൺ 27ന് ജനിച്ച അദ്ദേഹത്തിന് എൺപത്തിനാല് വയസ്സ്. ജൂൺ 28 പൗരോഹിത്യത്തിന്റെ 58-ാം വാർഷികവുമാണ്.

‘‘പാലക്കുന്നത്തുനിന്ന് പിതൃവഴിയിൽ ഞാൻ അഞ്ചാമത്തെ മാർത്തോമ്മാ മെത്രാപ്പൊലീത്തയാണ്. അമ്മ വഴിയിൽ മൂന്നു മെത്രാൻമാരുണ്ട്’’ - കുടുംബത്തിലെ മെത്രാൻമാരിൽ ഇളമുറക്കാരന്റെ വാക്കുകൾ. (മലങ്കര സഭയിലെ നവീകരണത്തിനു തുടക്കമിട്ട ഏബ്രഹാം മൽപാന്റെ പാലക്കുന്നത്ത് തറവാട്ടിൽ മാത്യൂസ് മാർ അത്തനാസിയോസ്, തോമസ് മാർ അത്തനാസിയോസ്, തീത്തൂസ് പ്രഥമൻ, തീത്തൂസ് ദ്വിതീയൻ എന്നിവരാണ് മെത്രാപ്പൊലീത്തമാരിൽ മുൻഗാമികൾ.) പമ്പയാറ്റിൽ ഒഴുക്കിനെതിരെ നീന്തിയും തീരത്തു ബാസ്‌കറ്റ്‌ബോൾ കളിച്ചും ആറന്മുള വള്ളംകളിയുടെ കാലത്തു വഞ്ചിപ്പാട്ടു പാടിയും വളർന്ന ബേബി ജോസഫ് എന്ന കുട്ടിയാണ് ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയായത്.

‘‘ഭാരത സംസ്‌കാരത്തിൽ ആയിരം പൂർണചന്ദ്രൻമാരെ കാണുകയെന്നത് വലിയ സൗഭാഗ്യമാണ്. ആരോഗ്യമുള്ള ദീർഘായുസ് എങ്കിൽ അനുഗ്രഹപ്രദം. എന്റെ ഷഷ്‌ടിപൂർത്തി കാലത്ത് കേരളത്തിലെ ആയുർദൈർഘ്യം ശരാശരി 44 വയസ്സായിരുന്നു. കാലം മാറി. ആധുനിക കേരളത്തെ ദൈവം ദീർഘായുസു നൽകി അനുഗ്രഹിക്കുന്നു. ആയുർദൈർഘ്യത്തിൽ കേരളം വികസിത രാജ്യങ്ങൾക്കൊപ്പമായി.’’ ‘‘പക്ഷേ, പ്രായം ചെന്നവരോടു പുതിയ തലമുറയുടെ മനോഭാവം എന്താണ്? മാതാപിതാക്കളെ ആരാധനാലയത്തിൽ ഉപേക്ഷിച്ചു കടന്നുകളയുന്നവർ ധാരാളം. മാതാപിതാക്കളോടു കടപ്പാടില്ലാത്ത തലമുറയോട് യേശുക്രിസ്‌തു കുരിശുമരണത്തിനു മുൻപു നടത്തിയ ജാഗരണം ഞാൻ ഓർമിപ്പിക്കട്ടെ: യേശു തന്റെ അമ്മയും താൻ സ്‌നേഹിച്ച ശിഷ്യനും നിൽക്കുന്നതു കണ്ടിട്ട്, ‘സ്ത്രീയേ, ഇതാ, നിന്റെ മകൻ’ എന്ന് അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട്, ‘ഇതാ, നിന്റെ അമ്മ’ എന്നും പറഞ്ഞു. ആ വൈകാരികത പുതിയ തലമുറ കാട്ടുന്നില്ല.’’

∙ ചെറുപ്പത്തിലേ നല്ല നീന്തൽക്കാരനായിരുന്നെന്നു കേട്ടിട്ടുണ്ട്. ഇപ്പോഴും പമ്പയിൽ നീന്താൻ ആഗ്രഹിക്കാറുണ്ടോ?

ഞാൻ ചെറുപ്രായത്തിലും കുളിമുറിയിലല്ല കുളിച്ചിരുന്നത്. നദിയിൽ ഒഴുക്കിനെതിരെ നീന്തിക്കയറുന്ന ആ അനുഭവമാണ് ഇന്നും നിലനിർത്തുന്നത്. എൺപതു വയസ്സുള്ളപ്പോൾ കാലിൽ ചെറിയ ബലക്കുറവുണ്ടായി. ഡോക്‌ടർമാർ പറഞ്ഞു, ഒഴുക്കിനെതിരെയുള്ള നീന്തൽ ഇല്ലാത്തതാണ് കാരണം. ഇന്നു പമ്പയുടെ അവസ്‌ഥ ദയനീയമാണ്. പണ്ട് ഞങ്ങൾ കുടിച്ചിട്ടുള്ള വെള്ളം. ഇന്ന് കുളിക്കാൻ പോലും കൊള്ളില്ല. ദേഹം ചൊറിയും. ഫുട്‌ബോൾ ഇഷ്‌ടമായിരുന്നു. പിതാവ് ഫുട്‌ബോൾ കളിച്ചു കാലിനു ക്ഷതം പറ്റിയതോടെ വിലക്കു വന്നു. അതിനാൽ ഞാൻ ബാസ്‌കറ്റ്‌ബോൾ തിരഞ്ഞെടുത്തു. ആലുവ യുസി കോളജിന്റെ ഹോസ്‌റ്റൽ ടീമിൽ കളിച്ചിട്ടുണ്ട്. ഫുട്‌ബോളും ഹോക്കിയും ക്രിക്കറ്റുമൊക്കെ ഇന്നും ആസ്വദിക്കുന്നു.

∙ ഓർമശക്‌തി സമൃദ്ധമായുണ്ട്. ഇന്നും മനസ്സിൽ തങ്ങുന്ന വളരെ പഴയ സംഭവങ്ങളുണ്ടാവും?

മറക്കാനുള്ള കഴിവു തന്നിട്ടില്ലെങ്കിലും ക്ഷമിക്കാൻ കഴിയുന്നു. സി. കേശവന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ വേദി കണ്ടത് ഏറ്റവും പഴക്കമുള്ള ഓർമയാണ്. എനിക്കന്നു പ്രൈമറി സ്‌കൂൾ പ്രായമേയുള്ളൂ. സ്‌കൂളിലേക്കുള്ള വഴിയിലാണ് വേദി കണ്ടത്. വിപുലമായ അലങ്കാരങ്ങളും മറ്റുമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ അവിടെനിന്ന് ഞാനൊരു ഖദർ നിക്കറും തൊപ്പിയും സ്വന്തമാക്കി. അടുത്ത ദിവസം അതു ധരിച്ച് സ്‌കൂളിൽ ചെന്നു. നിവർത്തന പ്രക്ഷോഭത്തെ അനുകൂലിക്കുന്ന ഒരധ്യാപകൻ രണ്ടടി കൈവെള്ളയിൽ തന്നു. കുട്ടികളെ കാര്യമില്ലാതെ അടിക്കുന്നതിന് അതോടെ നിയന്ത്രണമുണ്ടായെന്നതു വേറെ കാര്യം. മഹാത്മാ ഗാന്ധിയുടെ മരണം സന്ധ്യയ്‌ക്കു വീട്ടിലിരിക്കുമ്പോൾ റേഡിയോയിലൂടെയാണ് അറിഞ്ഞത്. ഗാന്ധിജി വെടിയേറ്റു വീണ സ്‌ഥലം വർഷങ്ങൾക്കു ശേഷം സന്ദർശിക്കാൻ ഇടയായി.

∙ അധ്യാപകനാകാനാണോ ആദ്യം ആഗ്രഹിച്ചത്?

അങ്ങനെ ഗൗരവമായി ചിന്തിക്കാനൊന്നും അവസരമുണ്ടായില്ല. സഭാധ്യക്ഷനായിരുന്ന തീത്തൂസ് ദ്വിതീയൻ എന്റെ പിതാവിന്റെ പിതാവിന്റെ അനുജനാണ്. അദ്ദേഹത്തിനു കാഴ്‌ചത്തകരാറുണ്ടായപ്പോൾ ആഴ്‌ചയറുതികളിൽ ഞാൻ തിരുവല്ലയിൽ അദ്ദേഹത്തോടൊപ്പമാണ് താമസിച്ചിരുന്നത്. അന്നൊക്കെ വൈദികർ വന്ന് വേദനിക്കുന്ന അനുഭവങ്ങൾ തിരുമേനിയോടു പറയുന്നത് കേട്ടിട്ടുണ്ട്. അതിനാൽ പട്ടമേൽക്കാൻ താൽപര്യം തോന്നിയില്ല.

ഒരു ദിവസം സഭാ സെക്രട്ടറിയുടെ കത്ത്. വൈദികരാകാൻ തിരഞ്ഞെടുക്കുന്ന കമ്മിറ്റിക്കു മുന്നിൽ വൈകാതെ ഹാജരാകണം. വൈദികനാകുന്നതിനെപ്പറ്റിയുള്ള അഭിപ്രായമാണ് ചോദിക്കുന്നത്. ഇന്റർവ്യൂ ജയിച്ചെങ്കിലും പോകുന്നില്ലെന്നാണ് ആദ്യം തീരുമാനിച്ചത്. സൗഭാഗ്യം പ്രതീക്ഷിച്ചു വൈദികനാകരുതെന്ന് പിതാമഹന്റെ ഉപദേശം. ഇപ്പോൾ പട്ടക്കാരനായി 58-ാം വർഷത്തിൽ പ്രവേശിക്കുന്നു. ലോകമെങ്ങും സഞ്ചരിച്ചു. ഒരുപാടു രാഷ്ട്രീയ, സഭാ നേതാക്കളെ കാണാൻ കഴിഞ്ഞു.

∙ ആ യാത്രകളിലുമുണ്ടാവും മറക്കാനാവാത്ത അനുഭവങ്ങൾ?

ഇന്തൊനീഷ്യയിൽ 2000 ജനുവരിയിൽ നടന്ന ഏഷ്യൻ ബിഷപ്പുമാരുടെ സമ്മേളനത്തിൽ അസുലഭമായൊരു അവസരമുണ്ടായി. പത്തൊമ്പതു രാജ്യങ്ങളിലെ 119 സഭകളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ കുർബാനയ്‌ക്കു നേതൃത്വം നൽകാനുള്ള ഭാഗ്യം. ഇരുപത്തയ്യായിരത്തിലേറെപ്പേരാണ് പങ്കെടുത്തത്. ഗുജറാത്തിൽ 2011ൽ മാർത്തോമ്മാ ഇടവകകൾ സന്ദർശിക്കാൻ പോയപ്പോഴുമുണ്ടായി മറക്കാനാവാത്ത ഒരനുഭവം. വിമാനത്താവളത്തിൽ ജില്ലാ കലക്‌ടർ പൂച്ചെണ്ടു നൽകി സ്വീകരിക്കുന്നു!
സംസ്‌ഥാന അതിഥിയായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്നു കലക്‌ടർ. സാധാരണ വിദേശ ഭരണകർത്താക്കളെയും മറ്റുമാണല്ലോ സംസ്‌ഥാന അതിഥിയായി സ്വീകരിക്കുന്നത്. മോദിയിൽനിന്ന് തികഞ്ഞ സൗഹൃദമാണ് കിട്ടിയത്. മറക്കാനാവില്ല. സബർമതി നദിയുടെ തീരത്ത് സെമിത്തേരിക്കു സ്‌ഥലവും അദ്ദേഹം അനുവദിച്ചു. വിന്നി മണ്ടേല ഇന്ത്യയിലെത്തിയപ്പോൾ എന്നെ കണ്ടിട്ടാണു പോയത്. അതു വലിയ ധന്യതയാണ്.

ജീവിതരേഖ

1931 ജൂൺ 27ന് മാരാമൺ പാലക്കുന്നത്ത് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിലും ആലുവാ യുസി കോളജിലും വിദ്യാഭ്യാസം. 1957 ജൂൺ 28ന് വൈദികനായി. 1975 ജനുവരിയിൽ റമ്പാനായി.

ഫെബ്രുവരി എട്ടിന് ജോസഫ് മാർ ഐറേനിയസ് എന്ന പേരിൽ എപ്പിസ്കോപ്പയായി അഭിഷിക്തനായി. മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്‌ഥാനത്തേക്ക്, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം ഉയർത്തപ്പെട്ടപ്പോൾ മാർ ഐറേനിയസ് സഫ്രഗൻ മെത്രാപ്പൊലീത്തയായി. മാർ ക്രിസോസ്‌റ്റം സ്‌ഥാനമൊഴിഞ്ഞപ്പോൾ 2007 ഒക്‌ടോബർ രണ്ടിന് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.