Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറയനാര്‍കുളം എന്ന ഏറണാകുളവും നഗരത്തിന്റെ അപ്പനും 

Eranakulathappan

"നിറയുന്നു പ്രണവം ഉതിർന്ന ശിവ നാമങ്ങൾ നിറയുന്നു ഹൃദയത്തിലെല്ലാം

എറണാകുളത്തപ്പ സവിധത്തിലണയവേ മറയുന്നു ദുഖങ്ങളെല്ലാം 

അടിയനറിയുന്നു സൌഖ്യങ്ങളെല്ലാം..."

അത്ര പ്രശസ്തമൊന്നും ആയിരുന്നില്ലാ ഈ ഭക്തി ഗാനം. പക്ഷേ എന്നോ ഒരിക്കൽ കേട്ടപ്പോൾ മുതൽ പാട്ടിന്റെയോ വരികളുടെയോ ഒക്കെ സ്വാധീനം ബാധിച്ചു തുടങ്ങി. ഒടുവിൽ എറണാകുളത്തപ്പന്റെ മുന്നിലെത്തിയപ്പോഴും കണ്ണടച്ച് നിൽപ്പിന്റെ നിശബ്ദതയിൽ ഉള്ളിലുറച്ചു പോയ ഈ വരികളല്ലാതെ മറ്റൊന്നുമില്ലാത്തത് പോലെ.അത്രയധികം എറണാകുളത്തപ്പൻ വരികളിൽ വന്നു ഉള്ളുലച്ചത് പോലെ. 

എറണാകുളം നഗരത്തിന്റെ മധ്യത്തിൽ നഗര സംരക്ഷൻ ആയാണ് എറണാകുളത്തപ്പൻ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പക്ഷേ വലിയ കോട്ട കടന്നു ഉള്ളിലേയ്ക്ക് കയറിയാൽ എറണാകുളം നഗരത്തിന്റെ തിരക്കോ ബഹളമോ ഒന്നും ബുദ്ധിമുട്ടുണ്ടാക്കാതെ ഭസ്മഗന്ധത്തിന്റെയും ദീപങ്ങളുടെ ചെറു ചൂടിന്റെയും നിർവൃതിയോടെ അവനവനിലെയ്ക്ക് എത്തി നോക്കാനാകും. അതുകൊണ്ട് തന്നെ നഗരവാസികളുടെ ഇഷ്ട കേന്ദ്രവും കൂടിയാണിത്. ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ ഇവിടെ എത്തിയാൽ എളുപ്പം കഴിയുമെന്ന തിരിച്ചറിവ് തന്നെ അതിനു കാരണം. 

തമിഴില്‍ ഇറയനാര്‍ എന്നാല്‍ ശിവന്‍ എന്നാണു അർത്ഥമത്രേ. ആ പേരിൽ നിന്നാണു കേരളത്തിന്റെ പ്രധാന നഗരമായ എറണാകുളം വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഇറയനാര്‍ കുളമെന്നു വിളിക്കപ്പെട്ടു ഒടുവിൽ കാലക്രമത്തിൽ അത് പഴകി എറണാകുളം ആയതാണെന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. അങ്ങനെ സംസ്ഥാനത്തെ പ്രധാന നഗരങ്ങൾക്കെല്ലാം ഒരു ആരാധനാലയത്തിന്റെ പേര് കഥ പറയാനുന്ടെന്നത് പോലെ ഏറണാകുളവും അത് നഷ്ടപ്പെടുത്തുന്നില്ല. പേര് പോലെ തന്നെ മഹാദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി, അയ്യപ്പൻ, എന്നിവർ ഉപദേവന്മാരായി ഉണ്ട്. ശ്രീപാർവ്വതിയ്ക്ക് മഹാദേവന്റെ തൊട്ടു പുറകിൽ സങ്കല്പ്പിച്ചു ആരാധനയുമുണ്ട്. പണ്ട്  ചേരാനെല്ലൂർ കർത്താക്കന്മാരുടെ ആരാധനാ മൂർത്തിയായിരുന്ന എറണാകുളത്തപ്പൻ ക്ഷേത്രം ഇപ്പോൾ കൊച്ചി കായലിലേയ്ക്ക് ദർശനം നടത്തുന്ന രീതിയിലാണുള്ളതു. പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നുമാണിത്.

പടിഞ്ഞാറ്‌ കൊച്ചിക്കായല്‍. അടുത്ത്‌ നാഗക്കുളം ബോട്ട്‌ ജട്ടി, സായന്തനങ്ങളില്‍ കാറ്റുകൊള്ളാന്‍ പറ്റിയ ഒരു പാര്‍ക്ക്‌. കിഴക്ക്‌ ഹനുമാന്‍ ക്ഷേത്രവും വടക്ക്‌ സുബ്രഹ്മണ്യക്ഷേത്രവും, ക്ഷേത്രത്തോട് ചേർന്ന് വിശാലമായ മൈതാനം, ഏറണാകുളത്തിന്റെ നഗര മധ്യത്തിൽ ക്ഷേത്രം ആഡംബരത്തിൽ തന്നെയാണു നില്ക്കുന്നത്. അഞ്ചു പൂജകളുള്ള ഈ മഹാക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുന്നത്‌  അതിവിശേഷം എന്ന് കരുതപ്പെടുന്നു. ആയിരത്തി ഒന്നു കുടം ജലധാരയാണു ഇവിടുത്തെ പ്രധാന വഴിവാട്. എല്ല്, മലർ, അരി, നെല്ല് എന്നിവ കൊണ്ട് പറയും ഉണ്ട്. കിഴക്കേനടയില്‍ വിളക്കുവച്ചാല്‍ മംഗല്യഭാഗ്യസിദ്ധിയ്ക്ക് നല്ലതെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിനു വടക്കുകിഴക്കായി ഉള്ള കുളത്തിന് ഋഷിനാഗക്കുളം എന്നാണു പേര്. പുരാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഈ ക്ഷേത്രത്തിനും കുളത്തിനുമുണ്ടായത് കൊണ്ടാണ് ഈ പേര് കൈവന്നത്. ദേവലൻ എന്നൊരു മുനികുമാരനും അദ്ദേഹത്തിന്റെ ആശ്രമത്തിലെ മറ്റു കൂട്ടുകാരും ഒന്നിച്ചു പൂജാദ്രവ്യങ്ങൾ ശേഖരിക്കാൻ കാട്ടിലേയ്ക്ക് പോയപ്പോൾ കണ്ട പാമ്പിനെ ദേവലൻ കൊന്നെന്നും അതറിഞ്ഞ ആശ്രമ മുനി ദേവലനെ ശപിച്ചു ഭീകര ജീവി ആക്കിയെന്നും കഥ പറയുന്നു. മോക്ഷം ആഗ്രഹിച്ചു ദേവലന് കിഴക്ക് ഒരിടത്ത് നാഗം പൂജ ചെയ്യുന്ന വിഗ്രഹമുണ്ടെന്നും അത് അപേക്ഷിച്ച് വാങ്ങി പോകുന്നവഴിയിൽ ഒരിടത്ത് വച്ച് പൂജ ചെയ്യാൻ അവസരം വരുമെന്നും അവിടെ വച്ച് ദേവലന് ശാപമോക്ഷം ലഭിക്കുമെന്നും അനുഗ്രഹിച്ചു. ശിവലിംഗം കണ്ടെത്തിയ ദേവലൻ അതുകൊണ്ട് എത്തിച്ചേർന്ന സ്ഥലമാണത്രേ എറണാകുളം. അന്ന് അതൊരു ദ്വീപായിരുന്നുവെന്നു വിശ്വസിക്കുന്നു. അന്ന് ദേവലൻ കുളിച്ച കുളമാണ്  ഋഷിനാഗക്കുളം. ഐതിഹ്യപ്രകാരം ആദ്യം ഇവിടത്തെ ശിവൻ കിഴക്കോട്ട്  ആയിരുന്നു ദർശനം എന്ന് പറയപ്പെടുന്നു. പിന്നീട് ഉഗ്രകോപിയായ മഹാദേവന്റെ കോപം താങ്ങാനാകാതെ വന്നപ്പോൾ വിലമംഗലം സ്വാമിയാരുടെ നിർദ്ദേശ പ്രകാരമാണ് ശിവൻ സ്വയം പടിഞ്ഞാറോട്ട് ദർശനമായതത്രേ.

ക്ഷേത്രങ്ങളുടെ അടിസ്ഥാന ധർമ്മം സാമൂഹിക പരിപാലനവും മാനുഷിക ധാർമ്മികതയുമാണു. ഒരു നഗരത്തിന്റെ സ്ഥാപകനും സംരക്ഷനുമായി മാറുന്ന ദേവ ചൈതന്യം അവിടുത്തെ അനുഗ്രഹമായി തന്നെ നിലകൊള്ളും. മകര മാസത്തിലെ എറണാകുളത്തപ്പന്റെ ഉത്സവം പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ്. തിരുവാതിര ദിവസത്തെ ആറാട്ടോടുകൂടി അതിനു പരിസമാപ്തിയാകുന്നു. നഗരത്തിന്റെ കോലാഹലങ്ങൾക്കിടയിൽ നിശബ്ദമായി മനസ്സിനെ സന്തോഷത്തിലെത്തിയ്ക്കാനുള്ള മാർഗ്ഗമെന്ന നിലയിൽ എറണാകുളത്തപ്പൻ ക്ഷേത്രം നിലകൊള്ളുന്നു. 

Your Rating: