Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപങ്ങൾ മാറ്റുന്നോരേറ്റുമാനൂരപ്പനെ കൈതൊഴുന്നേൻ 

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

എത്ര വാങ്ങിയാലും മതിയാകാതെ ഏറ്റുമാനൂരപ്പൻ ജ്വലിച്ചു നിൽക്കുന്നു. ദീപ പ്രഭയുടെ വക്കിലൂടെ നോക്കുമ്പോൾ ശോഭയാർന്നു പുഞ്ചിരിക്കുന്നതു പോലെ തോന്നും. "നീ കൊണ്ട് വന്നത് നിന്റെ മനസ്സല്ലേ, അത് മുഴുവനായി ഇവിടെ നേദിച്ചോളൂ എന്ന് പറയുന്നത് പോലെ ആ കറുത്ത ശിലാബിംബം ഇങ്ങനെ ആകർഷിച്ചു കൊണ്ടുമിരിക്കും. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പ്രശസ്തമായിരിക്കുന്നത് അവിടുത്തെ അപ്പന്റെ പേരിൽ തന്നെയാണു. അതുവഴി പോകുമ്പോൾ താണ്ഡവമാടി കോട്ടയുടെ മുന്നിൽ നിൽക്കുന്ന നടരാജനെ കണ്ടു ശിരസ്സ്‌ കുനിയ്ക്കാത്തവർ ആരുണ്ടാകും. അത്ര പൌരുഷം നിറഞ്ഞു നിൽക്കുന്ന തോന്നലാണ് ഏറ്റുമാനൂരപ്പൻ. 

പരശുരാമൻ സ്ഥാപിച്ചു എന്ന് പറയപ്പെടുന്ന നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ ക്ഷേത്രം. ഖരപ്രകാശ മഹർഷി  ബിംബ പ്രതിഷ്ഠ  നടത്തിയ മൂന്നു ശിവക്ഷേത്രങ്ങളിൽ ഒന്നുമാണ് ഇവിടെ എന്നും ഐതിഹ്യം പറയുന്നു. അതും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപാണെന്ന സത്യവും ഓർക്കണം . ഐതിഹ്യങ്ങളുടെ പെരുമകൾ ഏറെയുണ്ട് ഈ മൂന്നു ക്ഷേത്രങ്ങൾക്കും. വൈക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം എന്നിവയാണ് അവയിൽ മറ്റു രണ്ടെണ്ണം. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരു ദിവസം ഉച്ചയ്ക്ക് മുൻപ് ദർശനം നടത്തുന്നത് പുണ്യമാണെന്ന് ഭക്തർക്കിടയിൽ ആഴത്തിലുള്ള ഒരു വിശ്വാസമാണ്.  

ഏറ്റുമാനൂരപ്പന്റെ ക്ഷേത്രം 

പഴമയും ഐതിഹ്യങ്ങളും ഏറെ പറഞ്ഞു ശീലിച്ച ഒരു നാടാണ് ഏറ്റുമാനൂർ.  ശിവൻ ആഘോരമൂർത്തിയായാണ് ഇവിടെ ഇരിക്കുന്നതെന്നാണ് വിശ്വാസം. ഏറ്റവും ശക്തിയുള്ളത്, ഇതിനേക്കാൾ ശക്തിയുള്ളതായി മറ്റൊന്നില്ലാത്തത് എന്ന അർത്ഥത്തിലാണു അഘോര നാമം ഉപയോഗിയ്ക്കുന്നത്. അഘോര രൂപിയായി ഇരിക്കുന്ന ശിവൻ സംഹാര രൂപിയുമാണ്. സ്വയം സമർപ്പിക്കപ്പെടുന്ന ഭക്തനിൽ നിന്ന് നന്മകളെ വേർതിരിച്ചെടുത്തു അവനിലെ തിന്മകളെ പരിപൂർണമായും നശിപ്പിയ്ക്കാൻ ഈ അഘോര ജപം കൊണ്ട് കഴിയും എന്നത് തന്നെയാണ് അഘോര മൂർത്തിയുടെ സവിശേഷത. 

ഏറ്റുമാനൂർ - കോട്ടയം എം സി റോഡിൽ റോഡിനു അഭിമുഖമായി ദർശനമായി ആണ് മഹാദേവൻ ഇരിക്കുന്നത്. വലിയ നാലമ്പലം, ചുറ്റുമതിൽ, അതിനുള്ളിൽ തന്നെ ശ്രീകൃഷ്ണന്റെ കോവിൽ, ആനപന്തൽ, ഗോപുരം എന്നിവ ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ട്. ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് ,പാർവ്വതി എന്നീ ഉപദേവന്മാരും പ്രധാന പ്രതിഷ്ഠയ്ക്കടുത്തായി ഉണ്ട്. 

ഏഴരപ്പൊന്നാന കണി കണ്ടുണരാം...

കുംഭമാസത്തിലെ തിരുവാതിരയാണ് ഏറ്റുമാനൂരപ്പന്റെ ഉത്സവം ആഘോഷിയ്ക്കുന്നത്. ഉത്സവ നാളിന്റെ എഴാം ദിനത്തിൽ വളരെ ആഘോഷപൂർവ്വം ആചാര പൂർവ്വം ഭക്തർക്ക് ദർശനത്തിനായി കൊണ്ട് വരപ്പെടുന്ന ഒന്നാണ് എഴരപ്പൊന്നാന. ഏഴു വലിയ ആനകളും ഒരു ചെറിയ ആനയും, പൊന്നിൽ നിർമ്മിച്ച ഇവയാണ് ഇവിടുത്തെ ഏറ്റവും പ്രധാന സവിശേഷത. അഷ്ട ദിക്ക് ആനകളെയാണ് ഈ ആനകൾ പ്രതിനിധീകരിക്കുന്നതെന്ന് ഐതിഹ്യം പറയുന്നു. പണ്ട് തിരുവിതാംകൂർ മഹാരാജാവ് ഇവിടം പിടിച്ചടക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം ആക്രമിയ്ക്കുകയും നിരവധി നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തത്രേ. എന്നാൽ പിന്നീട് രാജാവിന് കഷ്ടകാലമായിരുന്നു എന്ന് കണ്ടതോടെ പരിഹാരമായി തിരുവിതാംകൂർ രാജാവ് ഏറ്റുമാനൂരപ്പനു സമർപ്പിച്ചതാണ് എഴരപ്പോന്നാനകളെ എന്നാണു ചരിത്രം. 

ഐതിഹ്യമാലയിലുൾപ്പെടെ നിരവധിയിടങ്ങളിൽ ഏറ്റുമാനൂർ ക്ഷേത്രത്തെ കുറിച്ച് കഥകൾ ഉണ്ട്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പോലെ തന്നെ ഇവിടെയും മൂല്യം അളന്നു തിട്ടപ്പെടുത്താൻ ആകാത്ത അമൂല്യവസ്തുക്കളും സ്വർണവും രത്നങ്ങളും ഉണ്ടെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ക്ഷേത്രത്തിലെ ചുമരെഴുത്തുകളും ഒരിക്കലും കെടാത്ത വിളക്കും വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായി ആദരിയ്ക്കപ്പെടുകയും ചെയ്യുന്നു. 

പാപങ്ങൾ മാറ്റുന്നോരപ്പൻ

"ഏറ്റു പറയുമ്പോൾ പാപങ്ങളൊക്കെയും മാറ്റുന്നോരപ്പനല്ലേ 

എന്റെ ഏറ്റുമാനൂരപ്പനല്ലേ..." എത്ര കേട്ടാലും മതി വരാതെ ആലാപനം മൂക്കുമ്പോൾ മുന്നിൽ നിറഞ്ഞു നിന്ന് ഘോര മൂർത്തിയായി കാരുണ്യം ചൊരിഞ്ഞു മഹാദേവൻ. കണ്ണടച്ച് നിൽക്കുമ്പോൾ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഇതു രീതിയിലുള്ളതാണോ അതേ രീതിയിൽ മാനസ പൂജ നടത്തുന്നത് ഏറ്റവും നല്ലതാണത്രേ. മനസ്സിലുള്ള നന്മ തിന്മകളെ പൂർണമായി സമർപ്പിക്കുന്നതോടെ പിന്നീടത്‌ ആഘോരമൂർത്തിയുടെത് മാത്രമായി മാറുന്നു. തിന്മകളെ ഉടച്ചെറിഞ്ഞു നന്മയുടെ വെളിച്ചം വഴി കാട്ടുന്നു. ചിലപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. 

ചരിത്രവും കഥകളും തമ്മിൽ ചിലപ്പോൾ അതിഭയങ്കരമായ ഒരു കൂടി ചേരലുണ്ട്. തിരിച്ചറിയാൻ പറ്റാത്തത് പോലെ കെട്ട് പിണഞ്ഞുള്ള കിടപ്പുമുണ്ട്. ഏറ്റുമാനൂരപ്പൻ അതുപോലെ ഒരു ചരിത്രത്തിന്റെ ഭാഗമാണ്. ആരാലും വായിക്കപ്പെടുന്നില്ല എന്നോർത്ത് ചരിത്രം ഇല്ലാതായി പോകുന്നില്ലല്ലോ, ആരാലും എഴുതപ്പെടുന്നില്ല എന്നോർത്ത് അത് നിശബ്ദമായി തീരുകയും ഇല്ല. ഒരു പ്രദേശത്തിന്റെ ശക്തിയാണ് ആരാധനാലയങ്ങൾ എന്ന് വിശ്വസിയ്ക്കപ്പെടുമ്പോൾ ഏറ്റുമാനൂരപ്പൻ ഒരു നാടിനെ ഒന്നാകെ ഉണർത്തി അനുഗ്രഹം ചൊരിയുന്നു. 

Your Rating: