Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഗ്രഹങ്ങൾ തെരുവിലേക്കിറങ്ങി... ഇനി ഗണപതി ബപ്പ മോർയാ

ganapathi2

വിഘ്നങ്ങളകറ്റാൻ ഉത്തരേന്ത്യൻ നഗരങ്ങളിലെ വഴിയോരങ്ങളിലേക്ക് വിഘ്നേശ്വരൻ ഇറങ്ങിയിരിക്കുന്നു. കളിമണ്ണിൽ മെനഞ്ഞ് മഴവില്ലിന്റെ ശോഭയാർന്ന, വിവിധ വലുപ്പത്തിലുള്ള ഗണപതി വിഗ്രഹങ്ങളാൽ നിറഞ്ഞിരിക്കുകയാണ് പട്ടണങ്ങൾ. വിനായക ചതുർഥി(ചവിതി) നാളിൽ തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന പൂജാഘോഷങ്ങളെ ഉൽസവപൂരിതമാക്കാൻ വഴിയോരങ്ങളിൽ ദൈവത്തിന് വേണ്ടി വിലപേശലും തുടങ്ങിക്കഴിഞ്ഞു.

ganapathi5

കേരളത്തിൽ വിനായക ചതുർത്ഥി പൂജകൾ ക്ഷേത്രങ്ങളിൽ മാത്രമായൊതുങ്ങുമ്പോൾ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും ചതുർഥിയിൽ തുടങ്ങുന്ന ഒരാഴ്ച ഗണേശോത്സവമാണ്. കുടിൽ ആയാലും കൊട്ടാരം ആയാലും ഓരോ കുടുംബവും ഗണേശപൂജയ്ക്കായി വർഷാവർഷം വിഗ്രഹങ്ങൾ വാങ്ങുന്നു. ഒരടി പൊക്കമുള്ള ഗണേശവിഗ്രഹത്തിന് കുറഞ്ഞവില ആയിരം രൂപയാണ്. എട്ടു മുതൽ പത്തടിവരെ വലുപ്പമുള്ള വിഗ്രഹങ്ങളാണ് വിൽപനയ്ക്കായി നിരന്നിരിക്കുന്നത്. വലുപ്പം ഓരോ അടി കൂടുന്തോറും ആയിരം രൂപയും കൂടുന്നു. രാജസ്ഥാൻകാരാണ് വിഗ്രഹങ്ങളെ മൊത്തക്കച്ചവടത്തിനായി നിർമ്മിക്കുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിക്കുന്ന ഈ വിഗ്രഹങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ ഇടനിലക്കാർ വാങ്ങി അതതു പ്രദേശത്തുള്ളവരെകൊണ്ട് പെയിന്റ് ചെയ്യിപ്പിക്കുകയാണ് പൊതുവേ ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ വിവിധ പട്ടണങ്ങളിൽ രാജസ്ഥാനികൾ താൽക്കാലിക ഷെഡുകൾ കെട്ടി താമസിച്ച് വൻതോതിൽ വിഗ്രഹങ്ങൾ നിർമ്മിച്ച് വിൽക്കുകയും ചെയ്യുന്നുണ്ട്.

ganapathi3

വിനായക വിഗ്രഹങ്ങൾക്ക് ഏറെ ആവശ്യക്കാരുള്ള ഈ സമയത്ത് ചില്ലറ വിൽപനയ്ക്കായി മാത്രം മൺവിഗ്രങ്ങൾ പണിതു നൽകുന്ന ശിൽപിയായ അഗുരു രാംബാബുവിനെ സംബന്ധിച്ച് ഇത് മനസും ശരീരവും സമർപ്പണം ചെയ്തുകൊണ്ടുള്ള തൊഴിലാണ്. ആന്ധ്രയിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഉണ്ടിയെന്ന ഗ്രാമത്തിലെ രാംബാബുവിന്റെ ഓടുമേഞ്ഞ ചെറിയ വീടിനോട് ചേർന്ന് കെട്ടിയുണ്ടാക്കിയ ഓലയും ഷീറ്റും മേഞ്ഞ ഷെഡിലും വീട്ടുവരാന്തയിലുമൊക്കെയായി മൺവിഗ്രഹങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഏറെയും വിനായക വിഗ്രഹങ്ങൾ. മഴ കാരണം കൂടുതൽ നിർമ്മിക്കാനും സാധിക്കില്ല. വെള്ളം വീണാൽ തീരാവുന്നതേയുള്ളൂ ഏതൊരു മൺവിഗ്രഹത്തിന്റേയും ആയുസ്. ഫോട്ടോ നോക്കി ഏതൊരാളുടേയും രൂപം കളിമണ്ണിൽ മെനയാൻ കഴിവുള്ള രാംബാബു, തന്റെ വിനായക ശിൽപങ്ങളുടെ നിർമ്മിതിയെപ്പറ്റി വാചാലനായി.

ganapathi6

വയലുകളി‍ൽ നിന്നും കളിമണ്ണ് കൊണ്ടുവന്ന് ഒരു ദിവസം മുഴുവൻ വെള്ളത്തിൽ കുതിർത്തിവച്ച്, അതിലെ പുല്ലും കല്ലുകളുമൊക്കെ കളഞ്ഞ് വെയിലത്തിട്ട് നന്നായുണക്കി പൊടിരൂപത്തിലാക്കുന്നു. കളിമണ്ണുകൊണ്ട് മാത്രം നിർമിക്കുന്ന ശിൽപങ്ങൾ എളുപ്പത്തിൽ പൊട്ടിപ്പോകുന്നതിനാൽ ആവശ്യക്കാർ കുറവാണ്. അതിനാൽ കളിമൺപൊടിയിൽ തുല്യ അളവിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൂടി ചേർത്താണ് നിർമ്മാണം. ഫോട്ടോ നോക്കി പ്രതിമയുടെ രൂപത്തെ (മാതൃക) കളിമണ്ണിൽ ഉണ്ടാക്കുകയെന്നതാണ് ശിൽപിയുടെ ആദ്യപണി. ചകിരി വിരിച്ച പ്രതലത്തിലേക്ക് പ്ലാസ്റ്റർ ഓഫ് പാരീസ് ഒഴിച്ച് നിരപ്പ് സെറ്റാക്കുന്നു. അതിന്റെ മീതേയ്ക്ക് നിർമ്മിച്ച പ്രതിമയുടെ രൂപത്തെ കുത്തിവച്ച് അതിന്റെ വശങ്ങളിലേക്ക് കളിമണ്ണും പ്ലാസ്റ്റർ ഓഫ് പാരീസും വെള്ളം ചേർത്ത് കുഴച്ച മിശ്രിതം ഒഴിച്ച് ആറു മണിക്കൂറോളം സെറ്റാകാൻ വയ്ക്കും. ശേഷം രൂപത്തെ അതിൽനിന്നു മാറ്റി ഫിനിഷിങ് വരുത്തിയിട്ടാണ് മൂശ/ അച്ച് വാർത്തെടുക്കുന്നത്. ഈ അച്ചിലേക്ക് പ്ലാസ്റ്റർ ഓഫ് പാരീസും കളിമണ്ണും ചേർന്ന മിശ്രിതം ഒഴിച്ച് ഒരു പകൽ ഉണക്കിയതിനുശേഷം ശിൽപങ്ങളെ പുറത്തെടുത്ത് ഇരുവശവും യോജിപ്പിക്കുന്നു (പ്രതിമയുടെ മുൻവശത്തിന്റേയും പുറകുവശത്തിന്റേയും അച്ചുകൾ പ്രത്യേകമായി നിർമിക്കണം)

ganapathi4

ഒരു അച്ചിൽ നിന്നും ഇരുപത്തഞ്ചോളം പ്രതിമകൾ നിർമ്മിക്കാനാകും. ആവശ്യമായ മിനുക്കുപണികൾക്കു ശേഷം വിവിധ വർണങ്ങളിലുള്ള സ്പ്രേപെയിന്റിങ് ചെയ്ത് വിനായക വിഗ്രഹത്തിന്റെ ആടയാഭരണങ്ങളിലും വസ്ത്രത്തലപ്പുകളിലുമൊക്കെ ഗോൾഡൻ, സിൽവർ, ഗ്ളിറ്ററിംങ് പൗഡർ പൂശുന്നു. ഗോൾഡൻ പെയിന്റിന് ആകർഷണീയത കുറവായതിനാൽ ദേവ വിഗ്രഹങ്ങളിൽ ഉപയോഗിക്കുന്നത് ഗ്ളിറ്ററിംങ് പൗഡറാണ്. കിരീടം വച്ചത്, തലപ്പാവ് വച്ചത്, ചരിഞ്ഞു കിടക്കുന്നത്, നൃത്തം വയ്ക്കുന്നത്, അനുഗ്രഹം ചൊരിയുന്നത്. ആലിലയിൽ കിടക്കുന്നത് തുടങ്ങി നിരവധി തരത്തിലാണ് വിനായക വിഗ്രഹങ്ങളുടെ നിർമ്മാണം. ഗജമുഖനായതുകൊണ്ട് വിനായക വിഗ്രഹത്തിന്റെ നിർമ്മിതി തന്നെയാണ് ഏറ്റവും പ്രയാസകരമെന്ന് ശിൽപി പറയുന്നു.

വിനായക പൂജ ഉത്തരേന്ത്യക്കാർക്ക് ഒഴിവാക്കാനാകാത്തതാണ് എത്ര ദരിദ്രനായാലും വാങ്ങും.. അപ്പാർട്ട്മെന്റികളിലേക്ക് പൊതുവായ പൂജയ്ക്കായി വലിയ വിഗ്രഹങ്ങളാണ് ആളുകൾ വാങ്ങുക. വൻ വ്യവസായികൾ അവരുടെ സ്ഥാപനങ്ങളിൽ പൂജിക്കാനായി പതിനായിരങ്ങൾ വിലവരുന്ന വൻ പ്രതിമകൾ വാങ്ങും. ഒന്നോ മൂന്നോ അ‍ഞ്ചോ ഏഴോ(ചിലർ പത്ത്) ദിവസം ഈ ഗണേശവിഗ്രഹത്തെ പൂജിച്ച് മധുരപലഹാരങ്ങളും പഴ വർഗ്ഗങ്ങളും കൊണ്ട് വിഗ്രഹത്തെ അഭിഷേകം ചെയ്ത് സമാപന ദിവസം ഗണപതി ബപ്പ മോർയാ എന്നുറക്കെ വിളിച്ചുകൊണ്ട് ജാത്രയായി (ഘോഷയാത്ര) വിഗ്രഹത്തെ നിമഞ്ജനം ചെയ്യാനായി കൊണ്ടുപോകും. ടെമ്പോയിൽ നീങ്ങുന്ന അലങ്കരിച്ച ഗണേശ വിഗ്രഹത്തിന് അകമ്പടിയായി വാദ്യഘോഷങ്ങളും ഭക്തരുടെ ആട്ടവും പാട്ടും ഉണ്ടാകും. സ്ത്രീകൾ പൊതുവേ ജാത്രയിൽ പങ്കെടുക്കാറില്ല. ചതുർഥി മുതൽ വിഘ്നേശ്വര പൂജയിൽ സമർപ്പിച്ചതും അലങ്കരിച്ചതുമായ മാലയും ഫലവർഗ്ഗങ്ങളുമെല്ലാം വിഗ്രഹത്തോടൊപ്പം പുഴയിലോ സമുദ്രത്തിലോ ഒഴുക്കും. അകമ്പടി സേവിച്ചവർ നിമഞ്ജനത്തോടൊപ്പം സ്നാനം ചെയ്ത് മടങ്ങുന്നതോടെ ഗണേശോൽസവത്തിന് വിരാമമാകും.

നിമഞ്‍‍ജനം ചെയ്യുന്നതിനാൽ വർഷാവർഷം മൺവിഗ്രഹങ്ങൾ എല്ലാവർക്കും ആവശ്യമാണ്. എത്ര പതിനായിരങ്ങൾ ചെലവാക്കിയാലും ഈ ഗണേശ വിഗ്രഹങ്ങളുടെ ആയുസ് ഒരാഴ്ചയേയുള്ളൂ. വിഗ്രഹം ജലത്തിലാഴുന്നതോടെ തങ്ങളുടെ വിഘ്നങ്ങൾ ഒഴിയുമെന്ന പ്രതീക്ഷയിൽ അകമ്പടി സേവിച്ചവർ തിരിച്ചുപോകുമ്പോൾ തീരത്തടിയുന്ന അഭിഷേകം ചെയ്ത ആപ്പിളും മാതളനാരങ്ങായും പഴവുമൊക്കെ പെറുക്കിയെടുക്കാൻ വിഘ്നങ്ങൾ അകലാത്തവർ നിരന്നിട്ടുണ്ടാകും. ഗണപതിയോട് ‘അടുത്തവർഷം വേഗം വരണേ’യെന്നു പറഞ്ഞുകൊണ്ട് അവരും ജയ് വിളിക്കും.

ഗണപതി ബപ്പ മോർയാ... പുദ്ച്യവർഷി ലവ്ക്കർയാ 

Your Rating: