Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരയൻകാവിൽ ഗരുഡൻമാരുടെ പൂരം

Arayankavu Bhagavathy Temple അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിൽ നിന്ന്

മീനമാസത്തിലെ പൂരം നാളിൽ വന്നെത്തുന്ന ഗരുഡൻമാരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു അരയൻകാവ് ഭഗവതി ക്ഷേത്രം. ഏറ്റവുമധികം ഗരുഡൻ തൂക്കങ്ങൾ വഴിപാടായെത്തുന്ന ഉൽസവമാണ് അരയൻകാവ് പൂരം. നൂറിലേറെ ഗരുഡൻ തൂക്കങ്ങളുടെ സാന്നിധ്യം അരയൻകാവ് പൂരത്തിനു മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. ഗരുഡൻ തൂക്കത്തിന് മുന്നോടിയായി ഇരൂന്നൂറിലേറെ ഒറ്റത്തൂക്കങ്ങളും ദാരികൻ തൂക്കങ്ങളും ഭഗവതിയുടെ സന്നിധിയിലെത്തും.

Arayankavu Bhagavathy Temple അരയൻകാവ് ഭഗവതി ക്ഷേത്രം

ദാരികാസുരനെ നിഗ്രഹിച്ചെത്തിയശേഷം വിശ്രമിക്കുന്ന ദേവിയെ വണങ്ങി ഗരുഡൻ സ്വന്തം രക്‌തം സമർപ്പിക്കുന്നുവെന്നതാണു ഗരുഡൻ തൂക്കത്തിന്റെ ഐതിഹ്യം. പൂരം നാളിൽ ത്രിസന്ധ്യക്ക് ക്ഷേത്രാങ്കണത്തിൽത്തന്നെയുള്ള ഇളംകാവിലേക്കുള്ള എഴുന്നള്ളിപ്പോടെ തൂക്കത്തിന്റെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഇളംകാവിൽ നിന്നു ഒറ്റത്തൂക്കങ്ങളുടെ ക്ഷേത്രപ്രദക്ഷിണം തുടങ്ങും. താലപ്പൊലികളും ഒറ്റത്തൂക്കങ്ങളും തീർക്കുന്ന ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തിൽ അർധരാത്രിയോടെയാണു ക്ഷേത്രത്തിലേക്കു ഗരുഡൻ തൂക്കങ്ങളെത്തുക. തൂക്കച്ചാടുകളിലും അലങ്കരിച്ച വാഹനങ്ങളിലുമായാണു ഗരുഡൻമാരുടെ വരവ്. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നും അരയൻകാവ് ക്ഷേത്രത്തിലേയ്ക്ക് ഗരുഡൻ തൂക്കം വന്നെത്താറുണ്ട്.

Arayankavu Bhagavathy Temple അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിൽ നിന്ന്

ഗരുഡൻ തൂക്കങ്ങളെല്ലാം ഒരുമിച്ച് ഒരു താളവട്ടം പയറ്റിയ ശേഷം ദേവീദർശനത്തിനായി ക്ഷേത്രനടയിലേക്കു പ്രയാണം നടത്തും. വിശാലമായ ക്ഷേത്രമൈതാനത്ത് നിര തീർക്കുന്ന തൂക്കങ്ങൾ ഒരുമിച്ചു പയറ്റുന്നതു അരയൻകാവ് പൂരത്തിന്റെ അവിസ്‌മരണീയ കാഴ്‌ചയാണ്. ഒരേസമയംആയിരത്തിലധികം വരുന്ന ചെണ്ടമേളക്കാരുടെ ശബ്‌ദഗാംഭീര്യത്തിന്റെ അകമ്പടിയോടെയാണു ഗരുഡൻമാർ ഒരുമിച്ചു പയറ്റുക. ഇരുപതോളം വരുന്ന മേളക്കാരുടെ സംഘമാണ് ഓരോ തൂക്കത്തിനൊപ്പവും അണിനിരക്കുന്നത്.

Arayankavu Bhagavathy Temple അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിൽ നിന്ന്

കണ്ണഞ്ചിപ്പിക്കുന്ന വർണപ്രപഞ്ചവും കാതടപ്പിക്കുന്ന അസുരവാദ്യഘോഷവും സമ്മേളിക്കുന്ന വിസ്‌മയമുഹൂർത്തത്തിനു സാക്ഷിയാകാൻ ഈ സമയം പതിനായിരങ്ങളാണു ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുക. ആവേശം ആകാശത്തോളമുയർത്തുന്ന കൊട്ടിക്കയറലിനൊടുവിൽ ചൂണ്ടകൊത്തൽ ചടങ്ങോടെ ഗരുഡൻ തൂക്കത്തിനു സമാപനമാകും. പുലർച്ചെ നാലിനാണു ഗരുഡൻ തൂക്കങ്ങളുടെ ചൂണ്ടകുത്തൽ ചടങ്ങ് തുടങ്ങുക. കോട്ടയം – എറണാകുളം റൂട്ടിൽ തൃപ്പൂണിത്തുറയിൽ നിന്നു 12 കിലോമീറ്റർ അകലെയായാണു അരയൻകാവ് ക്ഷേത്രം.

Your Rating: