Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൗനത്തിന്റെ സൗരഭ്യം പങ്കുവച്ച് ഈ ദിവ്യബലി

congregation മുംബൈ കാന്തിവ്‌ലി ഇൗസ്റ്റ് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ പള്ളിയിൽ ബധിര, മൂകർക്കായി ദക്ഷിണ കൊറിയൻ സ്വദേശിയായ ഫാ. മിൻ സിയോ പാർക്കിന്റെ നേതൃത്വത്തിൽ ആംഗ്യഭാഷയിൽ നടത്തിയ കുർബാന.

മുംബൈ ∙ ഓരോ കരചലനവും ദൈവത്തിലേക്കുള്ള കാൽവയ്പായിരുന്നു. മൗനത്തിന്റെ സൗരഭ്യം ചാലിച്ച കുർബാന. അർപ്പിച്ച വൈദികനും പങ്കുകൊണ്ട വിശ്വാസികളും സംസാര, ശ്രവണ ശേഷിയില്ലാത്തവർ. എന്നാൽ, ആംഗ്യങ്ങൾക്കൊണ്ട് അവർ കാന്തിവ്‌ലി ഈസ്റ്റ് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ പള്ളിയുടെ ആത്മീയാന്തരീക്ഷം വാചാലമാക്കി. കുർബാന അർപ്പിച്ച ദക്ഷിണകൊറിയൻ സ്വദേശി ഫാ. മിൻ സിയോപാർക്ക് ബധിരനും മൂകനുമായ ഏഷ്യയിലെ ആദ്യ വൈദികനാണ്. ഇന്ത്യയിലെവിടെയും ആംഗ്യഭാഷയിൽ കുർബാനയില്ല. അതിനുളള വൈദികരുമില്ല. ബാന്ദ്ര വെസ്റ്റ് സെന്റ് തെരേസാസ് പള്ളിയിൽ ഞായറാഴ്ച കുർബാന ആംഗ്യഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതു മാത്രമാണു മുംബൈയിൽ ബധിര, മൂകർക്കുള്ള ഏക ആശ്രയം. ഇന്നലെ നേരെ തിരിച്ചായിരുന്നു. ആംഗ്യഭാഷയിലുള്ള കുർബാന മറ്റു വിശ്വാസികൾക്കുവേണ്ടി ശബ്ദരൂപത്തിൽ പരിഭാഷപ്പെടുത്തി.

ഫാ. മിന്നിനെ ഇവിടെയെത്തിച്ച് ഇങ്ങനെയൊരു കുർബാനയ്ക്കു വേദിയൊരുക്കിയതിനു പിന്നിൽ നിശ്ശബ്ദ സാന്നിധ്യമായി ഒരു മലയാളിയുണ്ട് – തൃശൂർ തലക്കോട്ടുകര തേർമഠം തോമസിന്റെ മകൻ സ്റ്റാലിൻ. ജന്മനാ സംസാര, ശ്രവണ ശേഷിയില്ലാത്ത അദ്ദേഹം ബാങ്ക് ഒാഫ് ബറോഡ ബാന്ദ്ര ശാഖയിൽ ക്ലാർക്കാണ്. 2009ൽ റോമിൽവച്ചാണു ഫാ. മിൻ സിയോപാർക്കിനെ പരിചയപ്പെട്ടത്. ഇ–മെയിലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സൗഹൃദം തുടർന്നു. ഈയിടെ ഫാ. മിൻ ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സ്റ്റാലിൻ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു. ഇടവക വികാരി ഫാ. സിന്റോ ചാലിശ്ശേരിയോടു വിവരങ്ങൾ പറഞ്ഞപ്പോൾ അപൂർവ കുർബാനയ്ക്കു വേദിയൊരുങ്ങി. വാട്സ്ആപ് ഗ്രൂപ്പ് വഴി സ്റ്റാലിൻ വിവരം അറിയിച്ചതിനെത്തുടർന്നു മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ബധിരരും മൂകരുമായ നാൽപതിലേറെപ്പേർ കുർബാനയ്ക്കെത്തി.

സ്റ്റാലിനും കുടുംബത്തിനുമൊപ്പം ഫാ. മിൻ കേരളത്തിലുമെത്തുന്നുണ്ട്. ബുധാനാഴ്ച രാവിലെ പത്തിനു തൃശൂർ പുത്തൻപള്ളിയിൽ ആംഗ്യഭാഷയിൽ കുർബാന അർപ്പിക്കും. രണ്ടു വയസ്സുള്ളപ്പോൾ മരുന്ന് മാറിക്കഴിച്ചതിനെത്തുടർന്നാണു ഫാ. മിന്നിനു കേൾവി നഷ്ടപ്പെട്ടത്. മുതിർന്നശേഷം ബധിരർക്കും മൂകർക്കുമുള്ള സെമിനാരി തേടിയുള്ള അന്വേഷണം യുഎസിലെ ഡൊമിനിക്കൻ സെമിനാരിയിലെത്തിച്ചു. ആ സെമിനാരിയിൽ ഇപ്പോൾ ഒരു മലയാളി വൈദിക വിദ്യാർഥിയുമുണ്ട്; സ്റ്റാലിന്റെ ഇളയസഹോദരൻ ജോസഫ് തോമസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.