Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാല്‍വരി കുന്നിലെ കാരുണ്യം

Easter Representative Image

യേശുക്രിസ്തുവിനെ കുരിശില്‍ വധിച്ച സ്ഥലമാണ് കാല്‍വരി മല. ഗാഗുല്‍ത്താ, ഗൊല്‍ഗോഥാ, ഗോല്‍ ഗോഥാ, ഗോഗുല്‍ത്താ എന്നൊക്കെ കാല്‍വരി വിളിക്കപ്പെടുന്നു. തലയോട് എന്നര്‍ഥം വരുന്ന കാല്‍വരി എന്ന ലത്തീന്‍ പദത്തിന്റെ അരമായ രൂപമാണ് ഗോല് ഗോഥാ. ബെബിളില്‍ നാലു സുവിശേഷകരും ഗാഗുല്‍ത്താ മലയെ കുറിച്ച് എഴു തിയിട്ടുണ്ട്. ''തലയോടിന്റെ സ്ഥലം എന്നര്‍ഥമുള്ള ഗാഗുല്‍ത്താ എന്ന സ്ഥലത്തേക്ക് അവര്‍ അവിടുത്തെ കൊണ്ടുപോയി. (മര്‍ക്കോസ് 15:22) ''തലയോട്ടിയുടെ സ്ഥലമെന്നു വിളിക്കപ്പെടുന്ന ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍, അവര്‍ അവിടുത്തേക്ക് കയ്പുകലര്‍ത്തിയ വീഞ്ഞു കുടിക്കാന്‍ കൊടുത്തു(മത്തായി 27:32)''അവര്‍ തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി. അവിടെ അവര്‍ യേശുവിനെ കുരിശില്‍ തറച്ചു(ലൂക്കാ 23: 33) ''അവിടുന്ന് സ്വന്തം കുരിശും വഹിച്ചുകൊണ്ട് തലയോട്ടിയുടെ സ്ഥലം, എബ്രായഭാഷയില്‍ ഗൊല്‍ഗോത്താ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. (യോഹന്നാന്‍ 19:17)

ജറുസലേം നഗരത്തില്‍ തന്നെയുണ്ടായിരുന്ന ഒരു ചെറിയ കുന്നായിരുന്നു ഗാഗുല്‍ത്താ എന്നു കരുതപ്പെടുന്നു. കുറ്റവാളികളെ കുരിശില്‍ തറച്ചുകൊല്ലുവാനായി ഈ സ്ഥലമായിരിക്കാം യഹൂദന്മാര്‍ ഉപയോഗിച്ചിരുന്നത്. തലയോട്ടിയുടെ സ്ഥലം എന്നു പേരു വന്നതും അങ്ങനെയാവാം. എന്നാല്‍, തലയോട്ടി എന്ന പേരു വരാന്‍ മറ്റൊരു കാരണം കൂടിയുണ്ടെന്ന് ചില പാരമ്പര്യവിശ്വാസങ്ങളുണ്ട്. യേശുവിന്റെ കുരിശു നാട്ടിയപ്പോള്‍ അത് ഇളകാതിരിക്കാന്‍ കല്ലിനു പകരമായി ഉപയോഗിച്ചത് ഒരു തലയോട്ടിയായിരുന്നുവെന്നതാണത്. ആ തലയോട്ടം ആദിപിതാവായ ആദത്തിന്റേതായിരുന്നുവത്രേ. യേശുവിന്റെ രക്തം ആ തലയോട്ടിയിലേക്ക് ഇറ്റുവീണപ്പോഴാണ് ആദം സ്വര്‍ഗത്തിലേക്ക് പ്രവേശിക്കപ്പെട്ടതെന്ന് ഈ കഥ പറയുന്നു.

കൂടുതൽ ഈസ്റ്റർ വിശേഷങ്ങൾക്കായി ലോഗിൻ ചെയ്യാം

മധ്യപൂര്‍വദേശത്ത് കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ ശിക്ഷ നടപ്പാക്കിയിരുന്നത് കുരിശില്‍ തറച്ചുകൊന്നായിരുന്നു. കൊലപാതകം പോലുള്ള വലിയ കുറ്റങ്ങള്‍ക്കു മാത്രമാണ് ഈ ശിക്ഷ നല്‍കിയിരുന്നത്. കുരിശുമരണത്തിനു ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ് ചമ്മട്ടികൊണ്ടുള്ള മര്‍ദനം പതിവായിരുന്നു. റോമന്‍ ശിക്ഷാരീതിയുടെ ഭാഗമായിരുന്നു ഈ ചമ്മട്ടിയടി. ചാട്ടയടിയേറ്റ് തളര്‍ന്ന് അവശനായി രക്തം ഒഴുകുന്ന ശരീരവുമായാണ് യേശു ഗാഗുല്‍ത്താ മല കുരിശുംവഹിച്ചുകൊണ്ട് കയറുന്നത്.

ശിക്ഷിക്കപ്പെട്ട വ്യക്തി തന്നെ ക്രൂശിക്കുവാനുള്ള കുരിശും ചുമന്നുകൊണ്ടു വേണം വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്കു പോകാന്‍. ഇപ്രകാരം യേശു കുരിശു ചുമന്നുകൊണ്ടു പോയെന്നും അവിടന്ന് തളര്‍ന്നു വീണപ്പോള്‍ ശിമയോന്‍ എന്നൊരാള്‍ യേശുവിനെ കുരിശു ചുമക്കാന്‍ സഹായിച്ചുവെന്നും ബൈബിളിലുണ്ട്.

യേശുവിന്റെ കുരിശുമരണത്തോടെ ഗാഗുല്‍ത്താ മലയും കുരിശും മഹത്വവത്ക്കരി ക്കപ്പെട്ടു. ഭീതിയുടെയും മരണത്തിന്റെയും നിഴല്‍ മാറി. ഉയര്‍പ്പിന്റെയും പ്രത്യാശയുടെയും പുതിയ പ്രതീകങ്ങളായി ഗാഗുല്‍ത്താ മല മാറി.

Your Rating: