Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഗ്രഹം ചൊരിഞ്ഞ്‌ ഗുരുവായൂരപ്പൻ‌

guruvayoorappan

കുചേലനെ കുബേരനാക്കുന്നു ഗുരുവായൂരപ്പൻ. രാവിലെ ഏഴു നാഴിക പുലരാനുളളപ്പോൾ ഉണ്ണിക്കണ്ണന്റെ ക്ഷേത്രനട തുറക്കുന്നു. മഹാക്ഷേത്രങ്ങളിൽ ആചരിക്കുന്ന പൂജകളും ശിവേലിയും നവകാഭിഷേകവും നിത്യവും നടത്തുന്നു എന്നത്‌ ഇവിടത്തെ പ്രത്യേകതയാണ്. പ്രകൃതിക്ക് എന്തു സംഭവിച്ചാലും ഇവിടൊരു മാറ്റവും ഉണ്ടാകുന്നില്ല. വെളുപ്പാൻ കാലം മൂന്നു മണിക്കാണു മഹാപ്രഭുവിന്റെ തിരുനട തുറക്കുന്നത്. ശ്രീശങ്കരാചാര്യർക്കു 16 വയസ്സു വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുളളൂ. വേദവ്യാസമുനിയുടെ കൃപാകടാക്ഷത്താൽ 32 വയസ്സു വരെ ജീവിച്ചിരുന്നതായും കഥ. അദ്ദേഹം ചിട്ടപ്പെടുത്തിയ പൂജാകർ‌മങ്ങളാണ് ഇന്നും ഉണ്ണിക്കണ്ണനു മാറ്റമില്ലാതെ തുടരുന്നതാണെന്നാണു പറയുന്നത്.

പുലർകാലെ മന്നു മണിക്കു ഭക്തരെ അനുഗ്രഹിക്കുന്നതിനായി ഉണ്ണിക്കണ്ണന്റെ തിരുനട തുറന്നു നിർമാല്യദർശനം നടക്കുന്നു. കഴിഞ്ഞ ദിവസം ഭഗവാൻ ഏതു വിധത്തിലാണോ അലങ്കരിച്ചിരുന്നത് അതേ രൂപത്തിലും ഭാവത്തിലും ഹംസസ്വരൂപികളായ ഗുരുവായൂരപ്പഭക്തരുടെ മനസ്സിൽ തോന്നുന്ന വിധത്തിൽ അനുഗ്രഹം നൽകുന്നു. (ഇതു പത്തു മിനിറ്റു മാത്രം). തുടർന്ന് ഭഗവദ് വിഗ്രഹത്തിൽ നിന്ന്‌ അലങ്കാരങ്ങളായ വസ്തുക്കൾ മാറ്റുന്നു. ഇതോടെ നിർമാല്യദർശനം കഴിയും.

തുടർന്ന് എളളാട്ടിയ എണ്ണയിൽ തൈലാഭിഷേകം നടക്കും. ആ തിരുഉടൽ കാണാൻ കഴിയുന്നതു ഭാഗ്യം തന്നെ. ഈ എണ്ണ ഏതു മാറാരോഗങ്ങൾക്കും ദിവ്യ ഔഷധമായി ഭക്തജനങ്ങൾ ഉപയോഗിക്കുന്നു. ഈ അഭിഷേകത്തിനു ശേഷം വാകച്ചാർത്ത്. പിന്നെ ശംഖാഭിഷേകം വേദമന്ത്രങ്ങൾകൊണ്ടും സപ്തശുദ്ധി മന്ത്രം കൊണ്ടും നടത്തുന്നു. 3.30 നു കഴിയും. ശേഷം മലർനിവേദ്യവും അലങ്കാരവുമാണ്. ഈ സമയം നടയടച്ചിരിക്കും. ദർശനസൗകര്യമില്ലെങ്കിലും നാലമ്പലത്തിനകത്തു നിൽക്കാം. ഈ നിവേദ്യം സ്വീകരിച്ച ശേഷം ഉണ്ണിക്കണ്ണൻ പട്ടുകോണകവും ഒരു കയ്യിൽ ഓടക്കുഴലും ഒരു കയ്യിൽ കദകളിപ്പഴവുമായി നിൽക്കുന്ന കാഴ്ച. നാലു മണി മുതൽ ഭക്തരെ അനുഗ്രഹിക്കാനായി നിൽക്കുന്നു. 4.30 വരെ ഇതു തുടരും. തുടർന്ന് ഉഷനിവേദ്യമാണ്– 4.30 മുതൽ 4.50 വരെ. നെയ്‌പായസം നേർച്ച സമയമായിരിക്കും. ഭക്തർക്ക് ഈ സമയത്ത് അകത്ത് പ്രവേശനമുണ്ടായിരിക്കുകയില്ല. നെയ്‌പായസം കുടിച്ചു സന്തോഷവാനായിരിക്കുന്ന മഹാപ്രഭു 5.45 വരെ ഭക്തരെ കണ്ടനുഗ്രഹിക്കുന്നു. 5.45 നു മേൽശാന്തി ശുദ്ധനായി വന്നു പൂജയാരംഭിക്കും. ഗണപതിഹോമം നടത്തും. ക്ഷേത്രത്തിലെ തിടപ്പളളിയിലാണിതു നടക്കുന്നത്. 6.15നു പൂജ കഴിയും. 20 മിനിറ്റ് ഭഗവാൻ‌ ഭക്തരെ അനുഗ്രഹിക്കും. തുടർന്ന് ശീവേലി. ശീവേലി സമയത്ത് ആരെയും നാലമ്പലത്തിനകത്തു കടത്തുകയില്ല. ഭക്തരെ അനുഗ്രഹിക്കാനായി ഉണ്ണിക്കണ്ണൻ ശീവേലി പ്രദക്ഷിണത്തിനെത്തുന്നു. തിടമ്പു പിടിക്കുന്നതു കീഴ്ശാന്തി ഏറ്റ നമ്പൂതിരിയാണ്. തിടമ്പുമായി ആനപ്പുറത്തു കയറി രാജകീയ പ്രൗഢിയോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുകളിലിരിക്കുന്ന ചക്രവർത്തിയെ കാണേണ്ടതാണ്. ഭക്തന്മാരെ നേരിൽക്കണ്ട്‌ അനുഗ്രഹിക്കുകയാണ്‌. തുടർന്ന് ഏകദേശം 7–45 വരെ ഭക്തരെ അനുഗ്രഹിക്കുന്നു. തുടർന്ന് പന്തീരടിപൂജയാരംഭിക്കും. പാലഭിഷേകവും നവകാഭിഷേകവും അപ്പോഴും നടക്കും. തുടർന്ന് 11.30 വരെ ഭക്തർക്കു ദർശനം നൽകുന്ന സമയമാണ്. 11.30 നു മഹാപ്രഭുവിന്റെ ഉച്ചയൂണ് സമയമാണ്. കണ്ണന്റെ എല്ലാ പൂജകളും വിശേഷപ്പെട്ടതാണെങ്കിലും ഉച്ചപൂജ അതിവിശിഷ്ടമാണ്. മേൽശാന്തിയാണു ഉച്ചപൂജ കഴിക്കുന്നത്. ഉദയാസ്തമന പൂജ, ഉത്സവം, മണ്ഡലകാലം ഈ ദിവസങ്ങളിൽ ഓതിക്ക‌ൻമാരാണ് ഉച്ചപൂജ നടത്തുന്നത്. കലശം, പുത്തരി നിവേദ്യം എന്നിവയിൽ‌ തന്ത്രിയാണ് ഉച്ചപൂജ നടത്തുന്നത്. ഉണ്ണിക്കണ്ണൻ ഉച്ച ഊണ് കഴിക്കുന്നതു വരെ പൂജ നടത്തുന്ന വ്യക്തികൾ ജലപാനം പോലും ചെയ്യാൻ പാടില്ല. എത്ര വൈകിയാലും ഈ വ്യവസ്ഥ പാലിച്ചിരിക്കണം. എങ്കിലേ ഉണ്ണിക്കണ്ണൻ ഉച്ച ഊണ് സ്വീകരിക്കുകയുളളൂ. വെളളി ഉരുളിയിൽ വെളള നിവേദ്യവും നാലു കറിയും വേണം.

പാൽപ്പായസ്സം, തൈര്, വെണ്ണ, പാൽ പഴം, ശർക്കര, നാളികേരപ്പൂള്, കദളിപ്പഴം ഇത്രയുമാണ് ഉണ്ണിക്കണ്ണന്റെ വിഭവങ്ങൾ. തുടർന്ന് വേദപണ്ഡിതനായ ബ്രാഹ്മണശ്രേഷ്ഠനെ കാലുകഴുകിച്ച്‌ ഊട്ട് നൽകുന്നു. ഭഗവാന്റെ പ്രതിനിധിയായി ബ്രാഹ്മണശ്രേഷ്ഠനെ ആദരിച്ച് തിടപ്പളളിയിലോ വാതിൽമാടത്തിോ ആവണപ്പലകേൽ‌ ഇരുത്തി ഇല വച്ചു നിവേദ്യ സാധനങ്ങൾ വിളമ്പും. ഭഗവാനു നേദിക്കുന്ന സാധനങ്ങളാു ബ്രാഹ്മണശ്രേഷ്ഠനും നൽകുന്നത്. മേൽശാന്തി ബ്രാഹ്മണന കുടിനീർ നൽകും. തുടർന്ന് നടയടച്ചു പൂജയും അലങ്കാരവുമാണ്. ഭക്തന്റെ ആഗ്രഹത്തിനനുസരിച്ചും മേൽ‌ശാന്തിയുടെ മനസ്സിൽ തോന്നുന്ന രീതിയിലും ഓരോ ദിവസവും ഓരോ രൂപത്തിലും ഭാവത്തിലുമാണു കണ്ണന്റെ കളഭാലങ്കാരം. 12.30 നാണു നട തുറക്കുന്നത്. 1.30 വരെ ഭക്തരെ അനുഗ്രഹിക്കുന്നു. തുടർന്ന് നട അടയ്ക്കുന്നു. വൈകുന്നേരം 4.30 നു ദർശനസമയമാണ്. 15 മിനിറ്റാണു ദർശനസമയം. ഉച്ചശീവേലിയില്ല. 4.45 നു ശിവേലി. അതിനുശേഷം ദീപാരാധന വരെ ദർശനമുണ്ടായിരിക്കും. ദീപാരാധനയ്ക്കു ശേഷം 7.30 വരെ ദർശനസമയമാണ്. 7.30 മുതൽ 8.15 വരെ അത്താഴപൂജ. വെളള നിവേദ്യം, അവൽ, പാൽപായസം, അപ്പം, അട, വെറ്റില, അടയ്ക്ക, കദളിപ്പഴം എന്നിവയും നിവേദ്യത്തിലുൾപ്പെടും. ഇവ എത്ര തന്നെ ഉണ്ടെങ്കിലും ശ്രീകോവിലിനുളളിൽ കൊണ്ടുപോയി നിവേദിക്കുമെന്നതൊരു പ്രത്യേകതയാണ്. തുടർന്ന് അത്താഴശീവേലിയാണ്. മൂന്നു പ്രദക്ഷിണമാണെങ്കിലും മറ്റു രണ്ടു ശീവേലിയിൽ നിന്നു വ്യത്യസ്തമായി രണ്ടാമത്തെ ഇടയ്ക്ക കൊട്ടിയാണ്‌ എന്നൊരു പ്രത്യേകതയുണ്ട്. ചുറ്റുവിളക്കുളള ദിവസങ്ങളിൽ വിളക്കാചാരമെന്നൊരു ചടങ്ങു കൂടിയുണ്ട്. ശീവേലിയും വിളക്കെഴുന്നളളിപ്പും കൂടി അഞ്ചു പ്രദക്ഷിണമുണ്ടായിരിക്കും. നാലാമത്തേത് മൂന്നു ഗജവീരന്മാരോടും പ്രത്യേക നാഗസ്വരം എന്നിവയോടും കൂടിയായിരിക്കും. ശീവേലിക്കു ശേഷം ഭഗവാനെ ശ്രീലകത്തേക്ക് എഴുന്നളളിച്ച്‌ ഉടനെ തൃപ്പുക എന്ന ചടങ്ങാണ്. ഈ സമയത്താണു ക്ഷേത്രത്തിലെ ബാലൻസ് ഷീറ്റ് പത്തുക്കാരൻ വാരിയർ ഓലയിൽ എഴുതി ഭഗവാന്റെ മുന്നിൽ സമർപ്പിക്കുന്നത്. അതുകഴിഞ്ഞ് ശ്രീകോവിൽ അടയ്ക്കുന്നു. മഹാപ്രഭു ഭക്തരുടെ മനസ്സാകുന്ന ശ്രീകോവിലിൽ വസിക്കുന്നു. തുടർന്ന് അടുത്ത ദിവസം രാവിലെയും ദർശനത്തിനെത്തുന്നവരെ അനുഗ്രഹിക്കുന്നു.

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.