Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഡിസിഎഫ് സുവർണ ജൂബിലി

christ

വിവിധ എപ്പിസ്കോപ്പൽ സഭകളിലെ അംഗങ്ങൾ, അവരവരുടെ സഭകളിലും വിശ്വാസ സത്യങ്ങളിലും ഉറച്ചു നിന്നുകൊണ്ട് കൂടിയാരാധിക്കുന്നതും, ഉപവാസ പ്രാർഥനകൾക്കു മുൻതൂക്കം നൽകുന്നതുമായ എക്യുമെനിക്കൽ ശുശ്രൂഷയായ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ഫെലോഷിപ്പ് (ഐഡിസിഎഫ്) 2016 ഓഗസ്റ്റ് 28 ന് സുവർണ ജൂബിലി ആഘോഷിക്കുന്നു. ക്രിസ്തുയേശുവിൽ നാം ഒന്നാണ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്ന ഈ ആഗോള ശുശ്രൂഷയുടെ ആസ്ഥാനം മാന്നാർ സെന്റ് ജോർ‌ജ് നഗറാണ്.

ഗവൺമെന്റ് ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് റജിസ്റ്റർ (എ 39/84) ചെയ്തു പ്രവർത്തിച്ചുവരുന്ന ഈ സംഘടന ദൈവസ്നേഹത്താൽ, ജാതിമത വ്യത്യാസം കൂടാതെയുള്ള സഹായ പദ്ധതികൾ ചെയ്തിട്ടുണ്ട്. പാർപ്പിട രഹിതരായ ദരിദ്രർക്ക് ഈ സംഘടന ഇതിനകം 85 വീടുകൾ നിർമ്മിച്ചുകൊടുക്കുകയും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരുടെ 65 പെൺമക്കളുടെ വിവാഹത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു. ഇവയ്ക്കു പുറമേ, സമൂഹത്തിലെ അടിത്തട്ടിലുള്ളവർക്ക് വിദ്യാഭ്യാസ സഹായമായി പ്രതിവർഷം മൂന്നു ലക്ഷം രൂപയും, അർഹരായവർക്ക് ആവശ്യമനുസരിച്ച് വൈദ്യസഹായവും, പ്രതിവർഷം രണ്ടു ലക്ഷം രൂപയുടെ വസ്ത്രദാനവും സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് മറ്റു സഹായങ്ങളും നൽകി വരുന്നുണ്ട്.

അതുപോലെതന്നെ ആതുര ശുശ്രൂഷയുടെ ഭാഗമായി സെന്റ് ജോർജ് ബാലികാഭവൻ, സെന്റ് ജോർജ് വൃദ്ധഭവൻ 15 വർഷമായി സൗജന്യ തയ്യൽ പരിശീലനകേന്ദ്രവും മാന്നാർ സെന്റ് ജോർജ് നഗറിൽ പ്രവർത്തിച്ചുവരുന്നു. (വർഷം തോറും തയ്യൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന അർഹതയുള്ള എല്ലാ കുട്ടികൾക്കും സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്യുന്നു.) ചുരുക്കത്തിൽ ദൈവവചനം പ്രസംഗിക്കുന്നതിൽ മാത്രമല്ല, അത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കുന്നതിനും ഈ സംഘടനയെ ദൈവം ഉപയോഗിക്കുന്നു. അങ്ങനെ സമസൃഷ്ടിയുടെ ആത്മീകവും ലൗകികവുമായ കാര്യങ്ങളിൽ ബദ്ധശ്രദ്ധമായി ദൈവസ്നേഹത്തിൽ അടിയുറച്ചു പ്രവർത്തിക്കുന്ന ഈ സംഘടന ലോകത്തിന്റെ ക്ഷേമഐശ്വര്യങ്ങൾക്കായി എല്ലായ്പ്പോഴും പ്രാർഥിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നു.

ഇന്റർ ഡിനോമിനേഷനൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സ്ഥാപകനും പ്രസിഡന്റും ദൈവദാസൻ ബാബു ഉപദേശിയാണ്. 1966 സെപ്റ്റംബർ അഞ്ചുപേരുമായി മാവേലിക്കര പടനിലത്ത് ആരംഭിച്ച പ്രാർഥനാശുശ്രൂഷയെയാണ് ഇന്ന് 50 വർഷം പിന്നിടുമ്പോൾ ആഗോള എക്യുമെനിക്കൽ പ്രസ്ഥാനമായി ദൈവം വളർത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഈപ്പൻ പറമ്പിൽ ജി നൈനാന്റെ ഏകമകനായിരുന്ന ബാബു (ഗീവർഗീസ്), സ്കൗട്ട് ഡിസ്ട്രിക്ട് ഓർഗനൈസറായി ജോലി ചെയ്യുമ്പോൾ തന്റെ ഗുരുവായ യോഹന്നാൻ ഉപദേശിയിലൂടെ ദൈവവിളി സ്വീകരിക്കുകയും ജോലി ഉപേക്ഷിച്ച് ദൈവവേലയ്ക്കായി ഇറങ്ങിത്തിരിക്കുകയുമാണ് ഉണ്ടായത്. തന്റെ മുൻഗാമിയായിരുന്ന യോഹന്നാൻ ഉപദേശി സ്ഥാപിച്ച പ്രാർഥനകൂട്ടത്തെ, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ ദർശനങ്ങളെ ഉൾക്കൊണ്ട് അതിനെ ഒരു പ്രസ്ഥാനമാക്കി രൂപപ്പെടുത്തി നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ബാബു ഉപദേശി മലങ്കര ഓർത്തഡോക്സ് സഭാംഗമാണ്. ഉപവാസ പ്രാർഥനയിലൂടെ ദൈവത്തിന്റെ വലിയ അനുഗ്രഹങ്ങൾ ജനത്തിനു പകർന്നുകൊടുക്കുന്ന ഐഡിസിഎഫിൽ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ, സിഎസ് ഐ, ഇവാഞ്ചലിക്കൽ കത്തോലിക്ക തുടങ്ങി എല്ലാ എപ്പിസ്കോപ്പൽ സഭാംഗങ്ങളും അംഗങ്ങളായിട്ടുണ്ട്.

Your Rating: