Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കിടകം പടിയിറങ്ങുന്നു, ഐശ്വര്യത്തിന്റെ നിറവിൽ ഇല്ലം നിറ 

illam-nira

പഞ്ഞ കര്‍ക്കിടകത്തിന് വിട, ഇനി നിറ പുത്തരിയുടെയും ഇല്ലംനിറയുടെയും കാലം. ഐശ്വര്യത്തിന്റെ പൂവിളികളുമായി ചിങ്ങം വന്നെത്തുമ്പോൾ നാടെങ്ങും ഇല്ലം നിറയുടെ തിരക്കിലാണ്. വീട്ടിൽ ഐശ്വര്യത്തിന്റെ പ്രതീകമായി സൂക്ഷിക്കാൻ കതിർക്കുലകളുമായി കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇല്ലം നിറ ആഘോഷങ്ങൾ പൊടി പൊടിക്കുന്നു. 

മലയാളികൾക്കിടയിൽ കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. ഐശ്വര്യത്തിന്റെ പര്യായമായി കാർഷിക വൃത്തിയെ കണക്കാക്കി പോന്നതിന്റെ തുടർച്ചയാണ് ഇല്ലംനിറ. നാടിനും നാട്ടുകാർക്കും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനാണ് ഇതാഘോഷിക്കുന്നത്. ദേശവ്യത്യാസമില്ലാതെ എല്ലാ ജില്ലകളിലും ഇല്ലം നിറ ആചരിച്ചു വരുന്നു. 

ഇല്ലം നിറയിങ്ങനെ..

കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം  മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയ കർഷകർ ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേവന്റെ / ദേവിയുടെ അനുഗ്രഹം കൊണ്ട് അടുത്ത ഒരു വർഷം നല്ല വിളയും സമ്പത്തും ഉണ്ടാകാനാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കൃഷിയിലേർപ്പെട്ടവർക്കെല്ലാം ഐശ്വര്യം വരും എന്നാണ് വിശ്വാസം.

ഇല്ലം നിറ, വള്ളം നിറ, പൊലിയോ പൊലി എന്ന പ്രാര്‍ഥനയോടെയാണ് ചടങ്ങുകൾ നടക്കുന്നത്. വീടും നാടും കുട്ടയും സമ്പത്തും സമൃദ്ധിയും കൊണ്ട് നിറയട്ടെ എന്നാണ് പ്രാർത്ഥനയുടെ അർത്ഥം. ഇത്തരത്തിൽ കർഷകർ ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ  നിന്നും നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിർക്കുലകൾ ഭക്തർ വീടിന്റെ മച്ചിലും ഉമ്മറത്തും മറ്റും തൂക്കിയിടും. അടുത്ത ഒരു വർഷകാലം പഞ്ഞമില്ലാത്ത തങ്ങളെ ഈ കറ്റകളുടെ ഐശ്വര്യം സംരക്ഷിക്കും എന്നാണ് വിശ്വാസം. അടുത്ത വർഷം പുതിയ കറ്റ വരുമ്പോഴായിരിക്കും ഇത് എടുത്തു മാറ്റുക.

ക്ഷേത്രാചാരത്തിന്റെ ഭാഗമാണിത്. ക്ഷേത്രങ്ങളിൽ പ്രത്യേകമായി ശുദ്ധികരിച്ച സ്ഥലങ്ങളിലാണ് ഇല്ലം നിറ ചടങ്ങുകൾ നടത്തുക. പുലർച്ചെ അഞ്ചരയ്ക്കും ആറിനും ഇടയ്ക്ക് നിറപുത്തരി ചടങ്ങുകൾനടക്കും. 

Your Rating: