Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈനമതവും ഗുഹാ ക്ഷേത്രങ്ങളും

Maduvanpara Temple മടവൂർപ്പാറ ഗുഹാ ശിവക്ഷേത്രം

പുരാതന ഭാരതത്തിൽ  ഉടലെടുത്ത മതവിഭാഗമാണ്‌ ജൈനമതം  അഥവാ ജൈന ധർമ്മം. ജേതാവ് എന്നർത്ഥമുള്ള ജിനൻ എന്ന പദത്തിൽ നിന്നാണ്‌ ജൈനൻ എന്ന നാമം ഉണ്ടായത് . ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്ത താണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. ജൈനമതം നിലനിന്നിരുന്ന കാലത്തായിരുന്നു ഗുഹാ ക്ഷേത്രങ്ങളുടെ ഉത്ഭവം.  കേരളത്തിൽ ഇപ്പോൾ കാണുന്ന  ക്ഷേത്ര രൂപങ്ങളിൽ നിന്നു വ്യത്യസ്തമായ ക്ഷേത്രങ്ങളായിരുന്നു പണ്ടു കാലത്ത്  ഉണ്ടായിരുന്നത്.    ക്ഷേത്ര നിർമ്മാണ കലയുടെ തുടക്കം പാറ തുരന്നുണ്ടാക്കിയ ഗുഹ ക്ഷേത്രങ്ങളിലൂടെയായിരുന്നു.  ഏറെ പ്രാധാന്യ മുള്ള  ഗുഹാക്ഷേത്രങ്ങൾ പലതും കാടു പിടിച്ചു   നശിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോഴും       നശിക്കാതെ  നിൽക്കുന്ന കുറച്ചു ഗുഹാ ക്ഷേത്രങ്ങൾ   നമ്മുടെ കേരളത്തിൽ ഉണ്ട്. ഈ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ചാൽ  കേരളത്തിലെ ഏറ്റവും ചെറിയ   ഗുഹാ ക്ഷേത്രം മുതൽ ജൈന ഗുഹാ ക്ഷേത്രങ്ങളുടെ അംശങ്ങളും,  പാറയിൽ കൊത്തിവച്ച  കലാ രൂപങ്ങളും നമുക്ക്   കണ്‍കുളിർക്കെ    കാണുവാൻ  സാധിക്കും.  ഗുഹാക്ഷേത്രങ്ങളെക്കുറി ച്ചുള്ള    രസകരമായ  ഐതിഹ്യ കഥകളും  ഉണ്ട് .

  മടവൂർപ്പാറ ഗുഹാ ശിവക്ഷേത്രം

  തിരുവനന്തപുരം ജില്ലയിൽ പോത്തൻകോടിനും ചെമ്പഴന്തിക്കുമിടയിൽ  മടവൂർപ്പാറ എന്ന സ്ഥലത്തുള്ള കുന്നിന്റെ മുകളിലാണ് മടവൂർപ്പാറ ഗുഹാശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പല്ലവ കാലഘട്ടത്തിലെ കലാചാതുരിയ്ക്ക് ഉത്തമോദാഹരണമായ ഈ ക്ഷേത്രത്തിനു ഏകദേശം 1300 വർഷം പഴക്കം  ഉണ്ടെന്നു പറയപ്പെടുന്നു. പുരാതന ജൈന ഗുഹാക്ഷേത്രങ്ങളുടെ  അംശങ്ങൾ ഈ ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും.  ചതുരാകൃതിയിൽ പാറക്കുള്ളിലേക്ക് തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാനപ്രതിഷ്ഠ പരമശിവൻ.  ശിവലിംഗ പ്രതിഷ്ഠ പാറയിൽ തീർത്ത ഒരു പീഠത്തിനു മുകളിലാണ്. ഇവ രണ്ടും പ്രധാന പാറയിൽത്തന്നെയാണ്. ക്ഷേത്രത്തിനു മുകളിലേക്ക് കയറുവാൻ 33 പടികൾ പാറയിൽ തന്നെ തീർത്തിട്ടുണ്ട്. പടികൾ തീരുന്നിടത്ത് ക്ഷേത്രദർശനത്തിനായി  പാറയുടെകുറച്ചു ഭാഗം മുന്നിലേക്ക് ഒരുക്കിയിട്ടുമുണ്ട്.   ഏകദേശം 100 വർഷങ്ങൾക്കുമുൻപ് കുന്നിന് ചുറ്റുമുള്ള കാട്ടിൽ വിറകുവെട്ടുവാൻ വന്നവർ കാടുപിടിച്ചു കിടക്കുന്ന ഈ  ക്ഷേത്രം കാണുകയും അടുത്തുള്ള ഒരു ബ്രാമണമനയിൽ അറിയിക്കുകയും, മനയിലുള്ള  ബ്രന്മണർ ക്ഷേത്രം ഏറ്റെടുത്തു  പൂജകൾ ആരംഭിക്കുകയും ചെയ്തു  എന്നാണ്  പറയപ്പെടുന്നത്. ഇപ്പോൾ ഈ ക്ഷേത്രം കേരള പുരാവസ്തുവകുപ്പിന്റെ കീഴിലാണ് .

 വിഴിഞ്ഞം ഗുഹാക്ഷേത്രം

Vizhinjam Temple വിഴിഞ്ഞം ഗുഹാക്ഷേത്രം

 തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ്  ഗുഹാ ക്ഷേത്രങ്ങളിൽ ഏറ്റവും   ചെറിയ ഗുഹാക്ഷേത്രമായ  വിഴിഞ്ഞം ഗുഹാക്ഷേത്രം  സ്ഥിതി ചെയ്യുന്നത്.  2000  വർഷങ്ങൾക്കു മുന്പ് വിഴിഞ്ഞത്തിന്റെ പേര്  കുലപുരി എന്നായിരുന്നു.  ആയ് രാജ വംശത്തിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. ആയ് രാജവംശ കാലത്താണ് ഈ ക്ഷേത്രം നിർമ്മി ച്ചിരിക്കുന്നത്.     കടൽ  തീരത്തു നിന്നും വളരെ അകലെ അല്ലാതെ വലിയ ഉരുളൻ കല്ലു തുരന്നു നിർമ്മിച്ച  ഒരു ഒറ്റ മുറി മാത്രമുള്ള ഗുഹാക്ഷേത്രമാണിത്ത്. വീണാധാര ദക്ഷിണാ മൂർത്തിയുടെ ചെറിയ ഒരു ശില്പം ഗുഹയുടെ ഉള്ളിലുണ്ട്. ഗുഹയുടെ കവാടത്തിലെ ഭിത്തികളിൽ ഒരു വശത്ത് ശിവന്റെ കിരാത രൂപവും മറുവശത്ത്  ദുർഗ്ഗയുടെയും മഹിഷാസുരന്റെയും  രൂപവും കൊത്തിവച്ചിട്ടുണ്ട്.    നൂറ്റാണ്ടുകൾക്കു മുന്പ്   ഈ ക്ഷേത്രം  പ്രബലമായ ആരാധനാലയം ആയിരുന്നു.  അന്ന് ഇവിടെത്തെ ആരാധന മൂർത്തി അഭിഷ്ടദായിനിയും ഐശ്വര്യ പ്രദാനിയുമായ ദേവി യായിരുന്നു. മനമുരുകി പ്രാത്ഥിക്കുന്ന ഭക്തർക്ക്‌ വേണ്ട സഹായങ്ങൾ ദേവി ചെയ്തു കൊടുക്കുകയും  ചെയ്തിരുന്നു . ധനം വേണ്ടവർക്ക്  ധനം ആഭരണം വേണ്ടവർക്ക്  ആഭരണം നല്കു സഹായിക്കും. പക്ഷെ ഇവ കടമായിട്ടാണ് നല്കുന്നത്. ആവശ്യക്കാർ ദേവിയുടെ തിരുനടയിലെത്തി ഒരു വാഴയിലയിൽ പൂജാദ്രവ്യങ്ങൾ വച്ചു കണ്ണടച്ച് പ്രാത്ഥിച്ചാൽ വിചാരിച്ച ഏതു വസ്തുവാണോ അത് വാഴയിലയിൽ പ്രത്യക്ഷപ്പെടും. ഈ വാസ്തുക്കൾ ആവശ്യം കഴിയുമ്പോൾ തിരികെ ക്ഷേത്ര സന്നിധിയിൽ എത്തിക്കണം എന്നാണ് വ്യവസ്ഥ.

എന്നാൽ അത്യാഗ്രഹിയായ ഒരാൾ ഒരു ദിവസം കുറച്ചു ആഭരണങ്ങൾക്കായി പ്രാത്ഥിച്ച ശേഷം കണ്ണടച്ചു നില്ക്കുന്നതിനു പകരം അടുത്തുള്ള തെങ്ങിന്റെ മുകളിൽ  ഇരുന്നു ദേവിയുടെ പ്രവർത്തി വീക്ഷിച്ചുകൊണ്ടിരുന്നു. ആ സമയത്ത് പ്രായമായ ഒരു സ്ത്രീ ക്ഷേത്രത്തിനകത്ത് നിന്ന് പുറത്തേയ്ക്ക് ഇറങ്ങി നടയിൽ വച്ചിരുന്നു ഇലയിൽ ആഭരണങ്ങൾ വയ്ക്കുന്നത് കണ്ടു. തെങ്ങിൻ  മുകളിൽ  ഇരുന്നു ‘ ഞാൻ  കണ്ടേ ‘ എന്ന്  അയാൾ വിളിച്ചു കൂവി. ഇത് മനസിലാക്കിയ   ദേവി  ആയാൾ  ആവശ്യപ്പെട്ട ആഭരണങ്ങൾ നല്കിയുമില്ല അയാൾക്കും അയാളുടെ പിറക്കും സന്തതി പരമ്പരകൾക്കും  അന്ധത സംഭവിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു .  ശാപ വചനം ഏറ്റു വാങ്ങിയ കുടുംബം  ഈ പ്രദേശത്തു ഇപ്പോഴും ഉണ്ടെന്നാണ് പറയപ്പെടുന്നത്.   ഇപ്പോൾ ഈ ക്ഷേത്രം ആര്‍ക്കിയോളജിക്കൽ സര്‍വെ ഓഫ്  ഇന്ത്യയുടെ സംരക്ഷണയിൽ ആണ് .

  തൃക്കകുടി ഗുഹാക്ഷേത്രം  

Threkakudi Temple തൃക്കകുടി ഗുഹാക്ഷേത്രം

  പത്തനംതിട്ട ജില്ലയിലെ തൃക്കവിയൂർ  മഹാദേവ ക്ഷേത്രത്തിൽ  നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി ഏകദേശം അഞ്ചര ഏക്കറോളം വിസ്ത്യതിയിൽ ഉയർന്ന് മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് പാറക്കെട്ടുകളിലൊന്നിലാണ് തൃക്കകുടി ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത് . എ.ഡി. എട്ടാം നൂറ്റാണ്ടിൽ പല്ലവ രഥശില്പശൈലിയിൽ നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രമാണ്  ഇത്.  ഈ ഗുഹാക്ഷേത്രത്തിന്റെ നിർമ്മാണരീതികൾ തെക്കേയിന്ത്യ യിൽ പ്രബലമായിരുന്ന പല്ലവ വാസ്തുസൃഷ്ടികളോട് അടുത്ത സാമ്യം പുലർത്തുന്നതാണ് .  ഒറ്റ പാറയിൽ കൊത്തിയെടുത്ത  പലതരത്തിലുള്ള ശിൽപ്പങ്ങൾ  ഈ ഗുഹ ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും .   പാറതുരന്ന് 20 അടി വ്യാസത്തിൽ ഗർഭഗ്രഹവും അതിന്റെ മദ്ധ്യത്തിലായി മൂന്നരയടി പൊക്കത്തിൽ വലിയ ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവലിംഗത്തിന് പിന്നിലായി പുഷ്പാകൃതിയിലുള്ള കണ്ണാടിയും കാണാം. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുവാനായി നാല് അടി വീതിയിൽ 20 അടി നീളത്തിൽ അർദ്ധ മണ്ഡപവും മധ്യത്തിലായി കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. അർദ്ധ മണ്ഡപത്തിന്റെ ചുവരുകളിൽ ഗർഭ ഗൃഹ പ്രവേശനത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകൻമ്മാർ. വടക്കേ ചുവരിൽ ഗണപതി തെക്കേ ചുവരിൽ ജഡാധാരിയായ മുനി എന്നിവരുടെ ശില്പങ്ങളും കാണാം. ആയുധങ്ങൾ അണിയാതെ ഇരുകൈകളും കെട്ടി വീര്യബലങ്ങളടക്കി നിൽക്കുന്ന ദ്വാരപാലകശില്പവും ഗഥാധാരിയായ ദ്വാരപാലകശില്പവും കമണ്ഡലവുമേന്തി നിൽക്കുന്ന ജഡാധാരിയായ മുനിയുടെ ശില്പവും കാണാം.    പാണ്ഡവരുടെ വനവാസകാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഇതെന്ന് ഐതീഹ്യത്തിൽ പറയുന്നു. വനനിബിഡമായ തൃക്കക്കുടി ഗുഹാപരിസരത്ത് ഒളിവിൽ കഴിഞ്ഞ പാണ്ഡവർ ഈ പ്രദേശത്തിന്റെ  സൗന്ദര്യത്തിൽ ആകൃഷ്ടരായി ഇവിടെ ശിവലിംഗ പ്രതിഷ്ഠയോടുകൂടിയ ഗുഹാക്ഷേത്രം നിർമ്മിച്ചുവെന്നാണ് വിശ്വാസം. കൗരവർ പാണ്ഡവരെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ഹനുമാൻ സഹോദരനായ ഭീമനേയും മറ്റ് പാണ്ഡവരേയും കോഴിയുടെ രൂപത്തിലെത്തി അറിയിച്ചതിനാലാണ് ഇന്നും ക്ഷേത്ര നിർമ്മാണം പൂർണ്ണതയിൽ എത്താത്തതെന്ന് വിശ്വസിക്കപ്പെടുന്നു.   1967 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത ഈ ക്ഷേത്രത്തിന്റെ ഇപ്പോഴ ത്തെ  സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. 

 കോട്ടുക്കൽ ഗുഹാക്ഷേത്രം 

Kottakkal Guha Temple കോട്ടുക്കൽ ഗുഹാക്ഷേത്രം

കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിലെ  കോട്ടുക്കൽ എന്ന സ്ഥലത്താണ്   കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കല്ലിൽ കൊത്തിയെടുത്തിട്ടുള്ള ഈ ഗുഹാക്ഷേത്രത്തിന്റെ  നിർമ്മാണ കാലഘട്ടം അജ്ഞാതമാണ്. കുറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.   ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽമണ്ഡപമുണ്ട്. മണ്ഡപത്തിന്‍റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറുവശത്ത് നന്ദികേശന്‍റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂതഗണത്തിൽ ഹനുമാന്‍റെയും നന്ദികേശന്‍റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. വാസ്തു ശിൽപ്പത്തിന്‍റെ മനോഹാരിതയും, തച്ചു ശാസ്ത്രത്തിന്‍റെ തികവും ഒത്തു ചേര്‍ന്നതാണ് ഈ ഗുഹാക്ഷേത്രം.   ക്ഷേത്രത്തിന്‍റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകി പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്‍റെ പിന്നിലും സ്ഥിതിചെയ്യുന്നു.   ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശിവന്‍റെ ഭൂത ഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ ഒരു സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു എന്നതാണ് ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു  എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു. 1966 മുതൽ പുരാവസ്തു വകുപ്പിന്‍റെ അധീനതയിലാണ് ഈ ക്ഷേത്രം

   കല്ലിൽ ഭഗവതി ക്ഷേത്രം

Kallil Temple കല്ലിൽ ഭഗവതി ക്ഷേത്രം

  എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ  മേതല എന്ന ഗ്രാമത്തിൽ  ജനവാസ സ്ഥലങ്ങളിൽ നിന്നെല്ലാം അകന്നു ഒരു കുന്നിൻ മുകളിലാണ് കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കല്ല് എന്ന പദം ആദിദ്രാവിഡ ഭാഷയാണ്.  കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അർത്ഥമുള്ള  കല്ലിൽ എന്ന  പദത്തിൽ നിന്നാണ്  കല്ലിൽ ഗുഹാക്ഷേത്രം എന്ന പേരു  വന്നത് .   ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ  ഒരു പ്രശസ്തമായ ജൈന ക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം. പിന്നിട്  ജൈനമതത്തിന്റെ സ്വാധീനം കുറയുകയും ഇവിടം ഒരു ഹിന്ദു ക്ഷേത്രമായി തീരുകയും ചെയ്തു. ഈ  ഗുഹക്ഷേത്രമാണ്  കല്ലിൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്നത്  .ശാന്ത സുന്ദരമായ പ്രകൃതി  , ചരിത്ര സത്യങ്ങൾ വിളിച്ചോതുന്ന പാറക്കല്ലുകൾ  ഇവയെല്ലാം ചേർന്നതാണ്  കല്ലിൽ ഗുഹാക്ഷേത്രം.  64 ഏക്കറോളം വരുന്ന വന പ്രദേശത്തിന്റെ നടുക്ക് ഒരു വലിയ പാറയുടെ മുകളിൽ പണിത  ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. നിലം തൊടാതെ നിൽക്കുന്ന ഭീമാ കാരമായ ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ച ലോഹംകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു.    ഭീമാൻ പാറ അന്തരീക്ഷത്തിൽ ഉയർന്നു  നിൽക്കുന്നതിനെക്കുറിച്ചു   പല ഐതിഹ്യങ്ങളു  മുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവർ കൊടും കാട്ടിനുള്ളിൽ സുന്ദരിയായ സ്ത്രീ കല്ലുകൊണ്ട് അമ്മാനം ആടി കളിക്കുന്നത് കണ്ടു. അവർ അടുത്ത് ചെന്നപ്പോൾ കല്ലുകൾ മറയാക്കി സ്ത്രീ ഗുഹയിൽ ഒളിച്ചു . ആ സുന്ദരി കല്ലിൽ ഭഗവതി ആയിരുന്നു. അമ്മാനം ആടിയപ്പോൾ മുകളിലേക്ക് പോയ കല്ല്‌ മേൽക്കൂര ആയെന്നും താഴേക്ക്‌ പതിച്ച കല്ല്‌ ഇരിപ്പടം ആയെന്നുമാണ്   ഒരു ഐതീഹ്യം .   ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അദ്ഭുതപ്പെടുത്തും. പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്.

ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്. ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കുകയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്. പ്രദക്ഷിണ വഴികളിലും കല്ലിൽ തീർത്ത പടവുകളും ചെറു ഗുഹകളും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിയ്ക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ അവിടെ കാണാം.

  ഇരുനിലം കോട്  ഗുഹാക്ഷേത്രം

Irunnilakode Temple ഇരുനിലം കോട് ഗുഹാക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങളിൽ ഒന്നാണ്  തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായ്ത്തിലുള്ള  ഇരുനിലം കോട് ഗുഹാക്ഷേത്രം . ശയന രൂപത്തിൽ  പാറയിൽ രൂപപ്പെട്ടു വന്ന സ്വയംഭൂവായ വിഗ്രഹം ആണ് ഇവിടെയൂള്ളത്  . പഴയ കാലം മുതലേ ഇവിടെ ജാതി വ്യത്യാസം ഉണ്ടായിരുന്നില്ല. മത്സ്യ മാംസാദികള്‍ ഒഴിച്ച് എന്തും ഇവിടെ നേദിക്കും.കിഴങ്ങ് ,ചേമ്പ് ,ചേന,മാങ്ങ,എന്നിങ്ങനെ ഈ പ്രദേശത്തു ണ്ടാകുന്ന എന്തും ഇരുനിലം കോട് ക്ഷേത്രത്തില്‍ നേദിക്കണ മെന്നൊരു  വിശ്വാസം ഇവിടെ ഉണ്ട്. മുന്‍പ് ഈ ക്ഷേത്രത്തില്‍ പൂജാരി ഉണ്ടായിരുന്നില്ല. ജാതി വ്യത്യാസം ഇല്ലാതെ എല്ലാവരും സ്വയം കൊണ്ടുപോയി നേദിക്കുകയായിരുന്നു പതിവ് . കാലിലെ ആണി രോഗത്തിന് പപ്പടം ക്ഷേത്ര നടയിൽ കൊണ്ട് വന്ന് കാച്ചി അത് കാലുകൊണ്ട്‌ ചവിട്ടി പൊട്ടിക്കുക എന്നൊരു അപൂര്‍വ വഴിപാട് ഇവിടെ ഉണ്ട് . വയറു വേദനക്ക് മണ്ണ് കൊണ്ടോ മരം കൊണ്ടോ ഉള്ള ആമ,തേൾ ,മത്സ്യം,പഴുതാര,എന്നിവ സമര്‍പ്പിക്കും.ക്ഷേത്രം നിൽക്കുന്ന ഗുഹയുടെ മുകളിലുള്ള പാറയിൽ കരിങ്കല്ല് കൊണ്ട് പണിത ഏഴ് മുനി അറ കളുണ്ടായിരുന്നു.ഇപ്പോൾ ഒരണ്ണം മാത്രമേ അവിടെ ഉള്ളൂ .

തൃക്കൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

Thrikoor Temple തൃക്കൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പുരാതന ഗുഹാക്ഷേത്രമാണ് തൃക്കൂർ ശിവക്ഷേത്രം. തൃശൂർ ജില്ലയിലെ തൃക്കൂര്‍ ഗ്രാമത്തിൽ   മണലിപ്പുഴയുടെ തീരത്ത് 150 അടി ഉയരമുള്ള പാറയിലാണ്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ അഞ്ചാമത്തെ ഗുഹാ ക്ഷേത്രമാണിത്.

ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ഗുഹാക്ഷേത്രം മുൻപ് ജൈനക്ഷേത്രമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ഇതൊരു ശിവക്ഷേത്രമാണ്. പാറതുരന്ന് നിർമിച്ച അറയ്ക്ക് 24 അടി നീളവും 18 അടി വീതിയും അത്രതന്നെ ഉയരവുമുണ്ട്. ഏകദേശം 6 അടിയോളം ഉയരമുള്ള ശിവലിംഗത്തിന്റെ പുറകിലായി മഹാഗണപതിയുടെ രൂപം പാറയിൽ ആലേഖനം ചെയ്തിട്ടുണ്ട്. വടക്ക് ഭാഗത്താണ് ക്ഷേത്ര ദർശനം. തന്മൂലം ശിവലിംഗത്തിന്റെ വാമഭാഗമാണ് ഇവിടെ ഭക്തർക്ക് കാണുവാന്‍ പറ്റുന്നത് . പാർശ്വദർശനമുള്ള ഏക ശിവക്ഷേത്രമാണിത്.

കുന്നപ്പിള്ളി നാരായണൻ ആണ് ഈ ക്ഷേത്രം കണ്ടെത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹത്തിൻറെ കറവുപശു വീട്ടിൽ മടങ്ങിവരാതായപ്പോൾ പശുവിനെ തേടി പുറപ്പെടുകയും അവസാനം ഒരു ഗുഹയിൽ പശുവിനെ കണ്ടെത്തുകയും ചെയ്തു. ഗുഹയിൽ നിന്ന് ദിവ്യതേജസ്സ് ജ്വലിക്കുന്നതു കാണുകയും ഉടൻ തന്നെ കാരേക്കാട്ട് തിരുമേനിയേയും പെരുമ്പടപ്പ് വൈദികനേയും പാലിയത്തച്ചനേയും വിവരമറിയിച്ചു. ദേവപ്രശ്നം വെച്ചപ്പോ ൾ ദേവസാന്നിധ്യം ഉണ്ടെന്നറിഞ്ഞു. അങ്ങനെ പാലിയത്തച്ചൻറെ നേതൃത്വത്തിൽ ക്ഷേത്രം നിര്‍മ്മിക്കുകയും  ചെയ്തു. ആ ഗുഹയാണ് ഇന്നത്തെ ക്ഷേത്രം. അഗ്നിദേവനും    ശ്രീ മഹാദേവനൊപ്പം വസിക്കുന്നു എന്നു ഇവിടെ വിശ്വാസമുണ്ട്. തന്മൂലം മഴയുള്ളപ്പോഴും മഴക്കാറുള്ളപോഴും ഇവിടെ നിത്യശീവേലി സമയത്ത് ഭഗവത് വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിക്കാറില്ല.

പ്രധാന വഴിപാട് കയർ തുലാഭാരമാണ്. അത് ശ്വാസം മുട്ടലിൽ നിന്നും ആശ്വാസം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. തുലാഭാരത്തിൽ കിട്ടിയ കയറ് ഇവിടെ ഇരുന്ന് നശിച്ചുപോകണമെന്നാണ് ആചാരം. 

കല്ലുത്തിപാറ  ക്ഷേത്രം 

Kaloothipara Temple കല്ലുത്തിപാറ  ക്ഷേത്രം 

ഗുരുവായൂർ - തൃശൂർ റൂട്ടിൽ ഗുരുവായൂരിൽ കണ്ടാണിശ്ശേരി എന്ന അതിമനോഹരമായ ഗ്രാമത്തിലാണ് കല്ലുത്തിപ്പാറ സ്ഥിതി ചെയ്യുന്നത്. ഈ പാറക്കു നടുവിൽ ഒരു അമ്പലമുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ട ഈ അമ്പലം ആകെ കാടു പിടിച്ചു കിടന്നിരുന്ന അവസ്ഥയിലായിരുന്നു. ഇടിഞ്ഞു വീണു കിടക്കുന്ന കൽതൂണുകളും ശില്പങ്ങൾക്കും  കാവലായി വിഷപാമ്പുകളും മറ്റു ജീവികളും ആയിരുന്നു അവിടെ താമസിച്ചിരുന്നത്. ഈയടുത്ത കാലത്താണ് ആ അമ്പലത്തിനും അവിടുത്തെ ദൈവങ്ങൾക്കും മോക്ഷം കിട്ടിയത്.   ഈ പാറക്കു മുകളിൽ ഒരു ചെറിയ കുളം ഉണ്ട്. ഏത് കൊടും വേനലിലും വറ്റാത്ത ഒരു കുളം. ചുറ്റുപാടുള്ള കിണറുകളും കുളങ്ങളും വറ്റിയാലും ഇതിൽ നിറയെ വെള്ളമുണ്ടാകും. കാലങ്ങൾക്ക് മുന്പ് കടലിൽ ചാകര ഉണ്ടാകുന്ന സമയത്ത് കടലിലെ ചില മീനുകളെയൊക്കെ ഈ കുളത്തിലും കാണാറുണ്ടായിരുന്നു എന്നു പറയുന്നുണ്ട് .ഇതിന്റെ അടുത്ത് തന്നെയായി വലിയൊരു കാല്പാടും ഉണ്ട്. അത് ഭഗവാൻ ശ്രീകൃഷ്ണന്റെ കാല്പാദം ആണെന്നാതാണ് വിശ്വാസം. പാദത്തിന്റെ അരികിൽ ഒരു കയർ ഇഴഞ്ഞു പോയപോലെയുള്ള മാഞ്ഞു തുടങ്ങിയ പാടും കാണാം .

  ഉറവപ്പാറ സുബ്രമണ്യസ്വാമി ക്ഷേത്രം

Uravappara Temple ഉറവപ്പാറ സുബ്രമണ്യസ്വാമി ക്ഷേത്രം

പ്രകൃതി മനോഹരമായ നിരവധി സ്ഥലങ്ങൾ കൊണ്ടനുഗ്രഹീതമായ ഇടുക്കിജില്ലയിൽ ആണ് ഉറവപ്പാറ സുബ്രമണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  തൊടുപുഴ - മുട്ടം റൂട്ടിൽ  600 അടിയോളം ഉയരമുള്ള ഒരു വലിയ പാറ,  ഉറവപ്പാറ എന്ന് പ്രദേശവാസികൾ വിളിക്കുന്നു ആ പാറയുടെ നെറുകയിലാണ് ക്ഷേത്രം. മലയാള പഴനി എന്നും ഉറവപ്പാറ സുബ്രമണ്യസ്വാമി ക്ഷേത്രം അറിയപെടുന്നു.   പഞ്ചപാണ്ഡവർ അവരുടെ അജ്ഞാതവാസ കാലത്ത് ഇവിടെയും വരുവാനിടയായി. വലിയ പാറയുടെ മുകളിൽ വിശ്രമിച്ച അവർക്ക് വിചിത്രവും ദിവ്യവുമായ ഏതോ ഒരു ദേവചൈതന്യം അനുഭവപെടുന്നത്പോലെ തോന്നി. ശിവപുത്രനായ മുരുകന്റെ ആറുമുഖചൈതന്യമാണ് അത് എന്ന് അവർ തിരിച്ചറിയുകയും സ്കന്ദനു അവിടെ ഒരു മന്ദിരം അവർ പണിയുക യുമുണ്ടായി. പൂജയ്ക്കും നിവേദ്യങ്ങൾക്കും മറ്റുമായി സമീപത്തായി മൂന്ന് കല്ലുകൾ ചേർത്ത് വെച്ച് അടുപ്പ് കൂട്ടുകയും, എന്നാൽ പാറയുടെ മുകളിലെ ജല ദൗർലഭ്യം അവരെ വിഷമിപ്പിച്ചു. ഇതുകണ്ട ഭീമൻ തന്റെ കാലുകൊണ്ട് പാറയിൽ ആഞ്ഞു അമർത്തിയപ്പോൾ ചെറിയ ഒരു കുളം രൂപപെടുകയും അതിൽ നിന്നും ഉത്ഭവിച്ച ഉറവയിലൂടെ ജലം പുറത്തേക്കു വരുകയും ചെയ്തു എന്നാണ്  ഐതിഹ്യം. അഭിക്ഷേകതീർത്ഥം ആയി അത്രക്കും പവിത്രമായി ഈ തീർത്ഥത്തെ ഇപ്പോഴും കാണുന്നു. ഉറവ ഉണ്ടായ പാറ ആയതു കൊണ്ട് അവിടം പിന്നീട് ഉറവപാറ എന്നറിയപെടുകയും ചെയ്തു.   ഇപ്പോഴും പാണ്ഡവർ അടുപ്പ് കൂട്ടിയ വലിയ കല്ലുകളും ഭീമപാദം പോലെ ആകൃതിയിൽ ആ കുളവും അവിടെ കാണാം. എല്ലാ വർഷവും മകരത്തിലെ തിരുവാതിര മുതൽ പൂയം വരെ 3 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്ഷേത്രത്തിലെ ഉത്സവം. അന്നേ ദിവസം കാവടിയെടുത്തു മല കയറുവാൻ ആയിരങ്ങൾ എത്തുകയും ചെയ്യുന്നു. മുകളിൽ നിന്നും നോക്കുമ്പോൾ പ്രകൃതി രമണിയമായ കാഴ്ചയാണ് ക്ഷേത്രവും ക്ഷേത്രപരിസരവും.

  ഭ്രാന്താചലം ക്ഷേത്രം

Bradhalayam Temple ഭ്രാന്താചലം ക്ഷേത്രം

പാലക്കാട്  ജില്ലയിലെ തിരുവേഗപ്പുര പഞ്ചായത്തിലാണ്     ഭ്രാന്താചലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗ്നിഹോത്രിയും, രജകനും, ഉളിയന്നൂര്‍ പെരുന്തച്ചനും, വള്ളോനും ,വായിലാക്കുന്നിലപ്പനും ,വടുതല നായര്‍ക്കും, കാരക്കലമ്മയ്ക്കും ,ഉപ്പുകൂറ്റനും ,പാണനാര്‍ക്കും ,പാക്കനാര്‍ക്കും, അകവൂര്‍ ചാത്തനുമൊപ്പം ജന്മം കൊണ്ട പുണ്യാത്മാവായ നാറാണത്ത് ഭ്രാന്തന്‍ കുടികൊള്ളുന്നതു ഈ ക്ഷേത്രത്തിൽ  ആണ്‍. സമുദ്ര നിരപ്പിൽ   നിന്ന് അഞ്ഞൂറടി ഉയരത്തിൽ  രായിരനല്ലൂര്‍ മലമുകളിലാണ് പാറയിൽ  കൊത്തിയ അറുപത്തി മൂന്ന് പടികൾക്കു മുകളിൽ   ഒറ്റക്കല്ലിൽ  തീര്‍ത്ത   ഭ്രാന്താചലം ക്ഷേത്രം. നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുകയും പിന്നിടത് തള്ളി താഴേക്കിട്ടു  ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്നത് ഈ  മലയിലാണ്.    നാറാണത്തു ഭ്രാന്തന്‍ തപസനുഷ്ഠിചപ്പോൾ   ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളിൽ  വെച്ചാണെന്നാണ് വിശ്വാസം. ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളിൽ  ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതും . പ്രതിഷ്ഠയില്ലാത്ത ക്ഷേത്രത്തിൽ ഭഗവതിയുടെ പാദമുദ്രയിലാണ് പൂജ.   വലിയൊരു കാഞ്ഞിരമരവും അതിലൊരു വലിയ ചങ്ങലയും (നാറാണത്തിനെ ബന്ധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു)കാണാം. ഒപ്പം നാറാണത്തിന്റെ കൂറ്റന്‍ പ്രതിമയും ഉണ്ട് .നാറാണത്ത് സ്വന്തം ശക്തിയാൽ ഒരു രാത്രി കൊണ്ട് നിര്‍മ്മിച്ചു വെന്നു കരുതപ്പെടുന്ന കടുത്ത വേനലിലും വറ്റാത്ത പാറയിൽ വെട്ടിയ നീരുറവകളും അവിടെ കാണാം . ക്ഷേത്രത്തിനോട് ചേര്‍ന്നു പാറമേൽ കാണപ്പെടുന്ന മൂന്ന് ഗുഹകളും നാറാണത്ത് സൃഷ്ടിച്ചതാണെന്ന്  പറയപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.