Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐതിഹ്യപ്പെരുമയിൽ കാടമുറി

കാടമുറി നരസിംഹസ്വാമി ക്ഷേത്രം കാടമുറി നരസിംഹസ്വാമി ക്ഷേത്രം. ചിത്രം : ഹരീഷ് കുമാർ

കാടമുറി നരസിംഹസ്വാമിക്ഷേത്രത്തിൻെറ പെരുമചൊല്ലാൻ ഐതിഹ്യങ്ങളും മിത്തുകളും പരസ്പരം മത്സരിക്കുകയാണെന്നു തോന്നും. നാലമ്പലത്തിലെ കരിങ്കൽ പാകിയ പ്രദക്ഷിണവഴിയിൽ പൂത്തുനിൽക്കുന്ന പിച്ചിയും ചെത്തിയും ദേവനോടുള്ള പ്രാർഥനാ രഹസ്യം ഞങ്ങളും കേട്ടേ എന്ന മട്ടിൽ തലയാട്ടി ചിരിക്കും.

ശ്രീകോവിലേക്ക് വീശിയടിക്കുന്ന കാറ്റിൽ പരിമളം വിടർത്തുന്നതിൻെറ ഗർവോടെ അവയങ്ങനെ പടർന്നു പന്തലിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്ന് പഴമക്കാർ പറയുന്നു. ഭക്തരുടെ വഴിമുടക്കുന്ന ഒരു അവസ്ഥ വരുമ്പോൾ മാത്രമാണ് അവയെ വെട്ടിയൊതുക്കുക.

നാലമ്പലത്തിലെ കരിങ്കൽപാതയിൽ പൂത്തു നിൽക്കുന്ന പിച്ചിയും ചെത്തിയും നാലമ്പലത്തിലെ കരിങ്കൽപാതയിൽ പൂത്തു നിൽക്കുന്ന പിച്ചിയും ചെത്തിയും. ചിത്രം : ഹരീഷ് കുമാർ

ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ കണ്ണെത്തുക കൂത്തമ്പലത്തിലേക്കാണ്. അവിടെ അണയുടെ സുരക്ഷിതത്വത്തിനുള്ളിലൊളിച്ചിരിക്കുന്ന മിഴാവിലേക്ക് നോട്ടമെത്തും.മിഴാവ് സൂക്ഷിക്കാനുപയോഗിക്കുന്ന തടിക്കൂടിനാണ് അണ എന്നു പറയുക.

മിഴാവ് കൂത്തമ്പലത്തിൽ സൂക്ഷിച്ചിരിക്കുന്ന മിഴാവ്. ചിത്രം : ഹരീഷ് കുമാർ

മിഴാവുമായി ബന്ധപ്പെട്ട് മറ്റൊരു വിശ്വാസമുണ്ട്. മിഴാവിരിക്കുന്ന സ്ഥലം പാർവതിദേവിയുടെ ആസ്ഥാനമാണെന്നാണ് സങ്കൽപ്പം. അതുകൊണ്ടു തന്നെ കാലപ്പഴക്കം കൊണ്ടോ മറ്റോ മിഴാവ് നശിക്കാനിടയായാൽ അതിനെ സംസ്കരിച്ച് പിണ്ഡം വയ്ക്കണമെന്നും പറയപ്പെടുന്നു.

ആട്ടവിളക്ക് പഴമയുടെ പ്രൗഡിയുമായി ആട്ടവിളക്ക്. ചിത്രം : ഹരീഷ് കുമാർ

പിന്നെ പഴമയുടെ അടയാളം പേറി നിൽക്കുന്ന മറ്റൊരു ശേഖരം ആട്ടവിളക്കാണ്. തടിക്കാലിൽ ഓട്ടുവിളക്കിൻെറ മകുടി ചാർത്തുമ്പോൾ തലയെടുപ്പേറുന്ന ആട്ടവിളക്ക് ഇന്നും കഥകളി അരങ്ങേറുമ്പോൾ ഉപയോഗക്കാറുണ്ട്.

പ്രാചീന ലിഖിതരൂപങ്ങളായ വട്ടെഴുത്തും കോലെഴുത്തും ഈ അമ്പലത്തിൻെറ ചുവരുകളെയും ബലിക്കല്ലുകളെയും സമ്പന്നമാക്കുന്നു.സംസ്കാരത്തിൻെറയും പൈതൃകത്തിൻെറയും ബൃഹത്തായ വാതയാനങ്ങൾ തുറന്ന് തലയെടുപ്പോടെ നിൽക്കുന്ന കാടമുറി നരസിംഹസ്വാമിക്ഷേത്രക്ഷേത്രത്തിലേക്ക് ഒരു തീർഥയാത്ര.

ശ്രീകോവിലിനു സമീപം കാണപ്പെടുന്ന വട്ടെഴുത്ത് ശ്രീകോവിലിനു സമീപം കാണപ്പെടുന്ന വട്ടെഴുത്ത്. ചിത്രം : ഹരീഷ് കുമാർ

ചരിത്രമുറങ്ങുന്ന കാടമുറി

കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് കോട്ടയത്തെ വാകത്താനത്തിനടുത്തുള്ള കാടമുറി. 32 ഗ്രാമങ്ങളെ പന്നിയൂർ, പയ്യന്നൂർ,പറപ്പകർ,ചെങ്ങന്നൂർ എന്നിങ്ങനെ നാലു കഴകങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ ചെങ്ങന്നൂർ കഴകത്തിലെ ഗ്രാമമാണ് കാടമുറി. കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തിൻെറ ശ്രീകോവിലിനു ചുറ്റും കണ്ടെത്തിയ വട്ടെഴുത്തിൽ നിന്നാണ് ഗ്രാമത്തെപറ്റിയുള്ള ചരിത്രത്തിൻെറ ചുരുളഴിഞ്ഞത്. 800 വർഷത്തോളം പഴക്കമുള്ള വട്ടെഴുത്താണിതെന്നാണ് ശിലാലിഖിത പണ്ഡിതൻമാരുടെ നിഗമനം.

ഐതിഹ്യപ്പെരുമയിൽ ക്ഷേത്രം

പതിനാലാം നൂറ്റാണ്ടിൽ ശൈവ- വൈഷ്ണവ വിശ്വാസികൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ ചുറ്റിപറ്റിയാണ് ക്ഷേത്രത്തിൻെറ ഉൽപത്തികഥ ബന്ധപ്പെട്ടുകിടക്കുന്നത്.

ശുകപുരത്തെ ദക്ഷിണാമൂർത്തിയെ (ശിവനെ) വിശ്വസിച്ചിരുന്ന ഭക്തരും പന്നിയൂരിലെ വരാഹമൂർത്തിയെ ആരാധിച്ചിരുന്ന ഭക്തരും തമ്മിലുള്ള കൂറുവഴക്കിൽ മനസുമടുത്ത് ഒരു കൂട്ടം ബ്രാഹ്മണർ കാടമുറിയിലെത്തി.

ആ സമയത്ത് ഗാ‍ഡമഹർഷി എന്ന മഹർഷി യാത്രക്കിടയിൽ കാടമുറിയിൽ താമസമാക്കിയിരുന്നുവെന്നും. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമോ, സാളഗ്രാമമോ (എന്താണെന്ന് കൃത്യമായി അറിവില്ല) അവിടുത്തെ കൊക്കരണി കുളത്തിൽ ഉപേക്ഷിച്ച് അവിടെ നിന്ന് യാത്രയായി.

കാടമുറിയിലെത്തിയ ബ്രാഹ്മണർ ചൈതന്യവത്തായ ആ പ്രദേശത്ത് നരസിംഹമൂർത്തിയെ ആരാധിച്ചുവെന്നും ആ ക്ഷേത്രമാണ് ഇന്നത്തെ നരസിംഹമൂർത്തി ക്ഷേത്രമെന്നുമാണ് കഥ.

കാടമുറി നരസിംഹസ്വാമി ക്ഷേത്രം കാടമുറി നരസിംഹസ്വാമി ക്ഷേത്രം. ചിത്രം : ഹരീഷ് കുമാർ

കൂടുതൽ വിശ്വസനീയമായ മറ്റൊരു ഐതിഹ്യവും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട്നിലനിൽക്കുന്നുണ്ട്.അതെപറ്റി പഴമക്കാർ പറയുന്നതിങ്ങനെയാണ് പണ്ടുകാലത്ത് ബ്രാഹ്മണർ ശാസ്ത്രം പഠിക്കാൻ പുറംനാടുകളിൽ പോവുന്ന പതിവുണ്ടായിരുന്നു.

അപ്രകാരം പന്നിയൂരിലെ ഒരു ഉണ്ണിനമ്പൂതിരി ശാസ്ത്രം പഠിക്കാൻ തമിഴ്നാട്ടിൽ പോയി.പഠനമൊക്കെ കഴിഞ്ഞപ്പോൾ ഗുരു ദക്ഷിണയായി ആവശ്യപ്പെട്ടതു കേട്ട് ഉണ്ണിനമ്പൂതിരി വിറച്ചു പോയി.പന്നിയൂരിലെ വരാഹമൂർത്തിയെ ചുട്ടുപൊട്ടിക്കണം അതായിരുന്നു അദ്ദേഹത്തിൻെറ ആവശ്യം. കാരണം കേരളത്തേക്കാൾ കൂടുതൽ ശൈവ-വൈഷ്ണവ പോര് മുറുകിയ സ്ഥലമായിരുന്നു തമിഴ്നാട്.

ഗുരുവിൻെറ ആവശ്യം കേട്ട് ഭയന്ന ഉണ്ണിനമ്പൂതിരി സ്വന്തം ഇല്ലത്തെത്തി കാര്യങ്ങൾ അവതരിപ്പിച്ചു. ഗുരുദക്ഷിണയായി എന്താവശ്യപ്പെട്ടാലും അത് നൽകണമെന്ന് ഒരു വിഭാഗവും ഇത്രയും ദുഷ്ടത ഉള്ളിലുള്ള ഗുരുവിനെ അനുസരിക്കേണ്ട കാര്യമില്ലെന്ന് മറുവിഭാഗവും തർക്കിച്ചു.

തർക്കം മൂത്തപ്പോൾ അത് സാമൂഹികമായ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും. ഈ തക്കം മുതലെടുത്ത് ഒരു സംഘമാളുകൾ ചെമ്പുകിടാരം പഴുപ്പിച്ച് വരാഹമൂർത്തിയുടെ പ്രതിഷ്ഠയെ കുത്തിയിളക്കിയെന്നും പൊള്ളലേറ്റ വരാഹം അവിടെ നിന്ന് ചാടിയെന്നുമാണ് ആ ഐതിഹ്യം.

പൊള്ളലേറ്റ് വരാഹം ചാടിയ സ്ഥലത്ത് കുണ്ഡൽവരാഹമെന്ന പേരിൽ ഇപ്പോൾ പ്രതിഷ്ഠയുണ്ട്. ഈ ഐതിഹ്യം വിശ്വസനീയമെന്ന് പറയാൻ ഒരു കാരണമുണ്ട്. ഇപ്പോഴും പന്നിയൂർ ക്ഷേത്രത്തിൽ കരിപിടിച്ചും പൊള്ളിയടർന്നും കുറെ ഭാഗങ്ങൾ ഉണ്ട്. അന്നത്തെ സംഘർഷത്തിൻെറ ഫലമായി ഉണ്ടായതാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രവും ആചാരങ്ങളും

കാടമുറിയിലെ ഗ്രാമക്ഷേത്രമായി അറിയപ്പെടുന്നത് നരസിംഹസ്വാമി ക്ഷേത്രമാണ്. ചതുർബാഹുവായ വിഷ്ണുവിഗ്രഹത്തെ നരസിംഹമായി സങ്കൽപിച്ചാണ് പൂജ ചെയ്യുന്നത്. പണ്ട് ഇതൊരു ശിവക്ഷേത്രമായിരുന്നുവെന്നും പിന്നീടാണ് ഇത് നരസിംഹസ്വാമി ക്ഷേത്രമായി മാറിയത്എന്നും പറയപ്പെടുന്നു. നരസിംഹസ്വാമി പ്രധാനപ്രതിഷ്ഠയായ ക്ഷേത്രത്തിൽ ശ്രീകോവിലിനു തെക്കോട്ടു ദർശനമരുളി ദക്ഷിണാമൂർത്തിയും (ശിവൻ) ഉണ്ട്.

മാതൃഭാവത്തിൽ കുടികൊള്ളുന്ന മാടത്തിൻ ഭഗവതിയും ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ബാലപീഡയ്ക്ക് എണ്ണ നിവേദിക്കുകയും കൃഷിസംരക്ഷണാർത്ഥം പായസം നിവേദിക്കുകയും ചെയ്യുന്നത് ദേവിയെ പ്രീതിപ്പെടുത്തും എന്നും വിശ്വാസമുണ്ട്.

ശാസ്താവ്, യക്ഷി നാഗദൈവങ്ങൾ എന്നിവരാണ് ഈ ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. ഈ ക്ഷേത്രത്തിൽ യക്ഷിയെ പ്രതിഷ്ഠിക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ഒരു വിശ്വാസമുണ്ട്. പണ്ട് തെറ്റിദ്ധാരണ മൂലം ഭ്രഷ്ട്കൽപ്പിക്കപ്പെട്ട അന്തർജനം രക്ഷതേടി നരസിംഹമൂർത്തിയുടെ ക്ഷേത്രത്തിലെത്തിയെന്നും അവരെ അവിടെനിന്ന് പിടിച്ചുകൊണ്ടുപോകാൻ കുറെ ആളുകൾ എത്തുകയും ചെയ്തു.

അവരിൽ നിന്ന് രക്ഷപ്രാപിക്കാൻ അന്തർജനം ക്ഷേത്രത്തിലെ മേൽക്കൂരയിലുള്ള ഒരു വളയത്തിൽ തൂങ്ങിക്കിടന്നുവെന്നും ഒടുവിൽ വളയം പൊട്ടിച്ച് അവരെ പുറത്തേക്ക് വലിച്ചിഴച്ചപ്പോൾ കണ്ണീരോടെ മനം നൊന്ത് ആ അന്തർജനം മൂർത്തിയെ ശപിച്ചു. ഒരു അന്തർജനത്തിൻെറ മാനം കാക്കാൻ ത്രാണിയില്ലാത്ത മൂർത്തിയെ ഇനി ഒരു അന്തർജനങ്ങളും ആരാധിക്കില്ല എന്ന് അവർ പറഞ്ഞു.

അഥവാ ഇവരുടെ ശാപം തെററിച്ച് ഏതെങ്കിലും അന്തർജനം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാൽ മരണത്തോടെ രാക്ഷസഭാവം സ്വീകരിച്ച അഃ്തർജനത്തിൻെറ ബാധ അവരുടെ ശരീരത്തിൽ കടന്നു കൂടും.ഒടുവിൽ ഇതിനു പരിഹാരമായി ആ അന്തർജനത്തിൻെറ ആത്മാവിനെ വേണ്ടവണ്ണം പൂജചെയ്ത് പ്രസാദിപ്പിച്ച് യക്ഷീരൂപത്തിലാവാഹിച്ച് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.

ബലിക്കല്ലിൽ കാണപ്പെടുന്ന കോലെഴുത്ത് ബലിക്കല്ലിൽ കാണപ്പെടുന്ന കോലെഴുത്ത്. ചിത്രം : ഹരീഷ് കുമാർ

ഇനിയുമേറെ പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്.കുംഭമാസത്തിലെ തിരുവോണം തുടങ്ങി 10 ദിവസത്തെ ഉത്സവം ഇവിടെ അരങ്ങേറുമ്പോൾ തിടമ്പ് എഴുന്നള്ളിക്കുന്നത് പിടിയാനയാണ്. കൊമ്പനും വമ്പനും ക്ഷേത്രത്തിനുള്ളിൽ കടക്കാൻ പാടില്ല എന്നാണ് ഇതിനുകാരണമായി പറയുന്നത്.

വമ്പനെന്നാൽ രാജാവ്. അംഗരക്ഷകരും പരിവാരങ്ങളുമായി സുഖലോലുപതയിൽ കഴിയുന്ന രാജാക്കന്മാർ അവരുടെ വമ്പ് കാട്ടാൻ ക്ഷേത്രത്തിൽ വരുന്നതിനോടുള്ള വിയോജിപ്പാണ് ഈ വിശ്വാസത്തിനു പിന്നിൽ. ആചാരങ്ങളിലെന്ന പോലെ അനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട് പാനകം ആണ്.

മറ്റുക്ഷേത്രങ്ങളിലെ അപേക്ഷിച്ച് ഇവിടെ തയാറാക്കുന്ന പായസത്തിന് മധുരം കുറവായിരിക്കും. ആരാധിക്കുന്നത് ഉഗ്രമൂർത്തിയെ ആയതിനാൽ രൗദ്രഭാവം കൂടുതലുള്ള ശർക്കര പേരിനുമാത്രമേ ഉപയോഗിക്കാറുള്ളൂ.പ്രധാനമായും മൂന്ന് പൂജകളാണ് ഈ ക്ഷേത്രത്തിൽ നടക്കുന്നത് ഉഷപൂജ ഉച്ചപൂജ അത്താഴപൂജ. പാൽപായസം, മലർ, കദളിപ്പഴം, അപ്പം എന്നിവയാണ് യഥാവിധി പൂജാവേളയിൽ ദേവന് നേദിക്കുന്നത്.

ക്ഷേത്രാചാരങ്ങളെപറ്റി പറയുമ്പോൾ അതിനോട് കൂട്ടിവായിക്കപ്പെടേണ്ട മറ്റൊരു ആചാരവും ഈ ക്ഷേത്രത്തിനുണ്ട്.ഉത്സവ സമയങ്ങളിൽ സന്ധ്യകഴിഞ്ഞ് കൊമ്പ് കുഴൽ തുടങ്ങിയ അംഗവാദ്യങ്ങൾ വായിക്കപ്പെടുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുകമാത്രമല്ല പ്രകൃതിയെയും ജൈവസമ്പത്തിനെയും പരിപാലിക്കുകയും തങ്ങളുടെ കർത്തവ്യമായികരുതുന്ന ഈ ഗ്രാമവാസികളും ക്ഷേത്രജീവനക്കാരും ഭരണസമിതിയും നിറപുത്തരി ആഘോഷത്തിനുള്ള നെല്ല് ക്ഷേത്രാങ്കണത്തിൽ തന്നെ ഉൽപാദിപ്പിക്കുന്നു. അതുവഴി ക്ഷേത്രത്തിൻെറ മഹത്വത്വത്തെക്കുറിച്ചും കൃഷിയുടെ മേന്മയെക്കുറിച്ചും പുറംലോകത്തെ ബോധ്യപ്പെടുത്തുന്നു.

നിറപുത്തരിക്കായി ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിരിക്കുന്ന നെൽകൃഷി നിറപുത്തരിക്കായി ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിരിക്കുന്ന നെൽകൃഷി. ചിത്രം : ഹരീഷ് കുമാർ

നാട്ടിൻപുറങ്ങളിൽ പോലും നെൽകൃഷി അന്യംനിന്നു പോകുമ്പോൾ ഈ ക്ഷേത്രം പകർന്നുനൽകുന്നത് കാർഷികപാരമ്പര്യത്തിൻെറ ഉത്തമസന്ദേശമാണ്. നെൽകൃഷിമാത്രമല്ല ഈ ക്ഷേത്രപരിസരത്തിൻെറ പച്ചപ്പ് കാക്കുന്നത്. ക്ഷേത്രാവശ്യത്തിനുവേണ്ട കദളി, ഞാലിപ്പൂവൻ വാഴയിനങ്ങളും പൂജാവശ്യത്തിനുപയോഗിക്കുന്ന നന്ത്യാര്‍വട്ടം, തുളസി എന്നിവയും ക്ഷേത്രപരിസരത്ത് പരിപാലിക്കപ്പെടുന്നു.

നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യങ്ങളുടെ പെരുമയും ഒട്ടും ഗരിമ ചോരാതെ അടുത്തതലമുറകളിലേക്ക് പകർന്നു നൽകുന്ന ഗ്രാമവാസികളും അവരെ കാത്തരുളുന്ന കാടമുറി നരസിംഹമൂർത്തിയും. കാടമുറി എന്ന ക്ഷേത്രഗാമത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.