Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറഞ്ഞതൂവിയ ഭക്തിയിൽ കരിക്കകത്തമ്മയ്ക്ക് പൊങ്കാല

പൊങ്കാല

തിരുവനന്തപുരം∙ പതിനായിരക്കണക്കിനു ഭക്തർ അമ്മയ്ക്കു മുന്നിൽ ഏകമനസ്സോടെ കൈകൂപ്പി പ്രാർഥനയിൽ മുഴുകി. വായ്ക്കുരവകളും ദേവീമന്ത്രങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ അഗ്നിശുദ്ധിയിൽ തിളച്ചുതൂവിയ പൊങ്കാലക്കലങ്ങളിൽ ആത്മസമർപ്പണത്തിന്റെ തീർഥജലവും പുഷ്പവും വീണു. അമ്മയുടെ അനുഗ്രഹം നേടി മനം നിറഞ്ഞ ഭക്തർ മടങ്ങി. കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോൽസവത്തിന് ഇതോടെ സമാപനമായി. ഇനി അടുത്ത പൊങ്കാലക്കാലത്തേക്കായുള്ള കാത്തിരിപ്പ്.

ഇന്നലെ രാവിലെ 10.15നു ശ്രീകോവിലിൽ നിന്നു ദീപവുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രതന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് പൊങ്കാലക്കളത്തിലെത്തി. മന്ത്രോച്ചാരണങ്ങളോടെ പണ്ടാര അടുപ്പിലേക്ക് അഗ്നി തെളിച്ചു. പണ്ടാര അടുപ്പിൽ നിന്നു പകർന്ന അഗ്നി അടുത്തടുത്ത അടുപ്പുകളിലേക്കു കൈമാറി. ക്ഷേത്രപരിസരം ‘അമ്മേ നാരായണ...ദേവീ നാരായണ’ മന്ത്രത്താൽ മുഖരിതമായി. പിന്നീടു പ്രാർഥനകളുടെ മണിക്കൂറുകളായിരുന്നു.

ഏറെ നാളത്തെ വ്രതശുദ്ധിയോടെ ഭക്തർ തലേദിവസം മുതൽ തന്നെ പൊങ്കാലയ്ക്കായി എത്തിത്തുടങ്ങിയിരുന്നു. പൊങ്കാല സമയമാകുമ്പോഴേക്കും ക്ഷേത്രപരിസരങ്ങളിലും സമീപ പറമ്പുകളിലും ഉൾപ്പെടെ ആറു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലക്കലങ്ങൾ നിരന്നു. പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. പണ്ടാര അടുപ്പിൽ തീപകരുന്ന നേരം ക്ഷേത്ര നടപ്പന്തലിൽ കരിക്കകം ശ്രീചാമുണ്ഡി കലാപീഠത്തിലെയും പോത്തൻകോട് നന്നാട്ടുകാവ് പുളിമാത്തൂർ മഹാദേവ കായിക–കലാ കേന്ദ്രത്തിലെയും അറുപതിലധികം കലാകാരൻമാരെ അണിനിരത്തി സ്പെഷൽ പഞ്ചാരിമേളം അരങ്ങേറി.

അമ്മയെ കണ്ടു വണങ്ങാൻ രാവിലെ മുതൽ തന്നെ ക്ഷേത്രത്തിനു മുന്നിൽ ഭക്തരുടെ നീണ്ട നിരയുണ്ടായിരുന്നു. പൊങ്കാലക്കലങ്ങൾ തിളച്ചുതൂവിക്കഴിഞ്ഞു പൊങ്കാലയിടാനെത്തിയവരും ദർശനത്തിനു വന്നതോടെ വൻ തിരക്കായി. ഭക്തിയുടെ പാരമ്യത്തിൽ അതിശക്തമായ ചൂടോ പുകയോ ഒന്നും തന്നെ ഭക്തരെ ബാധിച്ചില്ല.ഉച്ചയ്ക്കു 2.15നു നൂറ്റാണ്ടുകൾ പഴക്കമുള്ള, തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ചു. തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പൊങ്കാലതർപ്പണം നടന്നു. തുടർന്നു നൂറ്റിയൻപതു ശാന്തിമാർ പൊങ്കാലക്കലങ്ങളിൽ തീർഥജലം തളിച്ചു. കരിക്കകത്തമ്മയുടെ പുണ്യവും അനുഗ്രഹവും തേടി നാളുകളായുള്ള കാത്തിരിപ്പിന്റെ സാഫല്യവുമായി മടക്കം.

രാത്രി അത്താഴപൂജയ്ക്കു ശേഷം പരമ്പരാഗത വാദ്യമേളങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അകമ്പടിയോടെ ദേവിയുടെ ഉടവാൾ ഗുരുസിക്കളത്തിൽ എഴുന്നള്ളിച്ചു താന്ത്രികവിധിപ്രകാരമുള്ള ഗുരുസിയോടെ ഏഴു ദിവസം നീണ്ടുനിന്ന ഉൽസവം സമാപിച്ചു.സുരക്ഷയുടെ ഭാഗമായി പൊലീസ്, വനിതാ പൊലീസ്, ഷാഡോ പൊലീസ്, പള്ളിപ്പുറം സിആർപിഎഫ് ക്യാംപിൽ നിന്ന് എൻസിസി കെഡറ്റുകൾ, ഫയർഫോഴ്സ്, മറ്റു സുരക്ഷാ വിഭാഗങ്ങൾ, ജലവിഭവ വകുപ്പ്, വൈദ്യുതി ബോർഡ് എന്നിവയുടെ സേവനം ലഭ്യമായിരുന്നു. ആരോഗ്യവിഭാഗവും മറ്റ് ആശുപത്രികളും ആംബുലൻസ് ഉൾപ്പെടെ സംവിധാനമൊരുക്കിയിരുന്നു.വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സംഘടനകളും പൊങ്കാല ദിവസം അന്നദാനവും കുടിവെള്ള വിതരണവും നടത്തി. പൊങ്കാലയ്ക്ക് എത്തിച്ചേരാനും മടങ്ങിപ്പോകാനുമായി കെഎസ്ആർടിസി എല്ലാ ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്കു പ്രത്യേക സർവീസ് നടത്തി.

Your Rating: