Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി..

Mookambika Temple

കുടജാദ്രി, കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു തുടം കോടമഞ്ഞ്‌ വാരി വിതറിയ സുഖത്തോടെയുള്ള പദം. ഭക്തികൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും മനുഷ്യമനസ്സ് ഏറെ കുളിർപ്പിക്കുന്ന കുടജാദ്രിക്കൊപ്പം എന്നും ചേർത്തു കേൾക്കുന്ന വാക്കാണ്‌ മൂകാംബിക ദേവിയുടേത്.  കർണാടകയിലെ  ഉഡുപ്പി ജില്ലയിലെ കൊല്ലൂരിൽ  സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ സാമിപ്യത്താലും ഏറെ ശ്രദ്ധേയമാണ്. പുണ്യനദിയായ  സൗപർണിക നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. 

കേരളത്തിലെ വിഖ്യാതമായ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി ആരാധിക്കപ്പെടുന്ന ഇവിടുത്തെ ഉപപ്രതിഷ്ഠയായ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീലകത്ത് ദീപങ്ങളുടെ അകമ്പടിയിൽ ശംഖു-ചക്ര-അഭയ-വരദഹസ്തയായി താമരയിൽ ഇരിക്കുന്ന ദേവി അഭീഷ്ടവരദായിനിയാണ്. ദേവി പ്രതിഷ്ഠയുള്ള ഇടം കോലമഹര്‍ഷിയുടെ താവളമായിരുന്നു എന്നും അദ്ദേഹത്തിന്റെ കാലശേഷം കോലപപുരമായും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കൊല്ലൂരായി മാറിയെന്നത്‌ പഴമ.

പുരാണങ്ങൾ പ്രകാരം, കൊല്ലൂർ ക്ഷേത്രോൽപത്തിയെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ, നൂറ്റാണ്ടുകൾക്കു മുൻപ്, കോലാ മഹർഷി ഇവിടെ തപസ്സ് ചെയ്തിരുന്നു. ആ സമയത്ത് തന്നെ ശിവപ്രീതിക്കായി ഒരു അസുരനും അവിടെ തപസ്സിനായി എത്തി. അസുരന്റെ തപസ്സിലാണ് ശിവാൻ പ്രീതനായത്. അദ്ദേഹം പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ പാർവതി ദേവി മൂകനാക്കി, അങ്ങനെ ആ അസുരൻ മൂകാസുരനായി. 

തന്നെ മൂകനാക്കിയതിൽ കോപിഷ്ടനായ മൂകാസുരൻ ദേവിയുടെ  ഭക്തനായ കോല മഹർഷിയെ ദ്രോഹിക്കാൻ തുടങ്ങി. ഇതറിഞ്ഞ ദേവി  മൂകാസുരനെ വധിച്ചു. ശേഷം കോലാ മഹർഷിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട  ദേവി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം  മൂകാംബിക ദേവിയായി കൊല്ലൂരിൽ കുടി  കൊണ്ടു. ശേഷം,  ആദിശങ്കരൻ ഇവിടെ  തപസ്സ് ചെയ്ത് ദേവി പ്രത്യക്ഷപ്പെട്ടു എന്നും, അന്നു ദേവി ദർശനം കൊടുത്ത സ്ഥലത്ത്, ആ രൂപത്തിൽ തന്നെ അദ്ദേഹം വിഗ്രഹ പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. ആയതിനാൽ ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടർന്നു പോരുന്നത്.

ശ്രീശങ്കരന്‍ പ്രതിഷ്ഠ നടത്തി എന്നത് തന്നെയാണ്  മൂകാംബിക ക്ഷത്രത്തിന്റെ പ്രധാന പ്രത്യേകതയായി കണക്കാക്കപ്പെടുന്നത്. ഇവിടെ ദിനവും പൂജയ്ക്കു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടാണ്‌ മേല്‍ശാന്തി രാത്രിയില്‍ നട അടയ്ക്കുക.  തുടര്‍ന്ന്‌ പൂജാരിയുടെ അസാന്നിധ്യത്തിൽ തന്നെ ദേവന്മാരുടെ പൂജകള്‍ നടക്കുന്നതായി വിശ്വസിക്കുന്നു. പിറ്റേന്ന് രാവിലെ നട തുറക്കുമ്പോള്‍ ദേവി  വിഗ്രഹത്തില്‍ അത്തരത്തിൽ പൂജ നടന്നതിന്റെ  ചില പ്രത്യേക അടയാളങ്ങൾ  കാണാം. 

ശ്രീ മൂകാംബിക ദേവിയെ ഏത്‌ ഭാവത്തില്‍ നമ്മള്‍ സങ്കല്‍പിച്ചു പ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ ദേവി നമ്മെ  അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ മൂകാംബിക ദേവിയെ അഭീഷ്ട വരദായിനിയായ അമ്മയായും, സംഹാര ദുര്‍ഗ്ഗയായും സരസ്വതീ കടാക്ഷമായും കണക്കാക്കി വരുന്നു. ദേവി പ്രധാന പ്രതിഷ്ഠയായ  ക്ഷേത്രത്തിന്റെ പിറകിലായി   ഒരു സ്ഥാനത്ത്‌ ശ്രീശങ്കരന്റെ ചിത്രം കാണാം. ശ്രീ ശങ്കരൻ പണ്ട് അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം ഒരു മുറിയാക്കിമാറ്റിയിട്ടുണ്ട്‌. ഗണപതി, വീരഭദ്രന്‍, നഞ്ചുഠേശ്വരന്‍, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു എന്നിവർ ഉപദേവതാ പ്രതിഷ്ടകളായി ഉണ്ട്. 

Your Rating: