Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂവാകം ഉത്സവം ഇവരുടേതു മാത്രമാണ്

Koovakam Festival

വർഷത്തിൽ മിക്ക മാസങ്ങളിലും ഉറങ്ങിക്കിടക്കുന്ന തമിഴ്നാട്ടിലെ കൂവാകം എന്ന ഗ്രാമം മിഴിചിമ്മാതെയിരിക്കുന്നത് ഏപ്രിൽ,മെയ് മാസങ്ങളിലാണ്. വില്ലുപുരം ജില്ലയിലെ കൂതാണ്ഡവർ ക്ഷേത്രത്തിൽ വച്ചു നടക്കുന്ന കുവാകം ഉത്സവമാണ് നിശബ്ദമായിരിക്കുന്ന കൂവാകം ഗ്രാമത്തെ വാചാലയാക്കുന്നത്. ഭിന്നലിംഗക്കാർ അവർക്കു പ്രിയ്യപ്പെട്ട ദൈവത്തെ ഭർത്താവായി സങ്കൽപ്പിച്ച് വിവാഹം കഴിക്കാനുള്ള പ്രത്യേക ദിവസമാണത്. എന്നാൽ ഇന്ന് ശരീരദാഹികളായ സാമൂഹിക വിരുദ്ധരെ ഭയന്ന് തങ്ങൾക്കു വേണ്ടി മാത്രമുള്ള പ്രത്യേക ദിവസം പോലും പുറത്തിറങ്ങാതെ ഭയന്നു കഴിയുകയാണ് ഇവരിൽ പലരും.

മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ആചാരാനുഷ്ഠാനമാണ് കൂവാകം ഉത്സവം. സ്ത്രീവേഷം പ്രാപിച്ച കൃഷ്ണനും പഞ്ചപാണ്ഡവരിലെ അർജുനന്റെ പുത്രനായ അരാവൺ എന്ന കൂതാണ്ഡവരുമായുള്ള വിവാഹമാണ് ഇൗ ആചാരത്തിന്റെ എതെിഹ്യമായി പറയപ്പെടുന്നത്. കൗരവർക്കെതിരായ വിജയത്തിനായി തന്റെ ജീവൻ ത്യജിക്കാൻ തയ്യാറാകുന്ന അരാവണിന്റെ ഏകആഗ്രഹം മരണത്തിനു മുമ്പായി ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ആ രാത്രി ഒന്നിച്ചു കഴിയുകയുമാണ്. അടുത്ത ദിവസം മരിക്കുമെന്നുറപ്പുള്ള അരാവണിനെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയ്യാറാകാത്തതിനാൽ ശ്രീകൃഷ്ണൻ മോഹിനീ രൂപത്തിൽ എത്തുകയും ആഗ്രഹം സാധിച്ചു കൊടുക്കുകയുമാണ്. തൊട്ടടുത്ത ദിവസം അരാവൺ മരിക്കുന്നതോടെ മോഹിനി താലി പൊട്ടിച്ചെറിഞ്ഞ് വിധവാ വേഷം പ്രാപിക്കുന്നതിനെ പുനരവതരിപ്പിക്കുകയാണ് ചൈത്ര-പൗർണമി മാസത്തിലെ ദിവസങ്ങളിൽ കൂവാകത്തെ മൂന്നാംലിംഗക്കാർ.

സമൂഹത്തിൽ എല്ലാ വിഭാഗക്കാരും പങ്കെടുക്കുന്ന പല ആചാരാനുഷ്ഠാനങ്ങളിലും പരിഹാസ പാത്രങ്ങളാവുകയും അവഗണിക്കപ്പെടുകയും ചെയ്യുമ്പോൾ ആൺ,പെൺ,ഹിജഡ മാറ്റിനിർത്തലുകളില്ലാത്ത ഇൗ ദിവസങ്ങൾ പോലും അവർക്കിന്ന് അന്യമാവുകയാണ്. സാമൂഹിക വിരുദ്ധരുടെ ഉപദ്രവം എന്നത്തേതിലും അധികമാകുന്ന ദിവസം കൂടിയായിരിക്കുകയാണ് കൂവാകം ഫെസ്റ്റിവൽ ദിനങ്ങൾ. ഭിന്നലംഗക്കാർക്കു വേണ്ടിയുള്ള സംഘടനയുടെ പ്രവർത്തക കൂടിയായ കൽക്കി കഴിഞ്ഞ രണ്ടുവർഷമായി കൂവാകം ആചാരത്തിൽ പങ്കെടുത്തിട്ട്. ലതയ്ക്കും ശിൽപ്പയ്ക്കും കാജലിനുമൊക്കെ പറയാനുള്ളത് ആചാര ദിവസമായ രാത്രിയിൽ അതിക്രമിച്ചുവരുന്ന യുവാക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന ശാരീരിക പീഡനങ്ങളാണ്. ശരിയായ ഗതാഗതമോ താമസ സൗകര്യമോ വൃത്തിയുള്ള ചുറ്റുപാടോ ഇല്ലെങ്കിൽ പോലും ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇവരുടെ പ്രതീക്ഷ തകർക്കുന്നതിൽ പ്രധാന ഉത്തരവാദികൾ മതിയായ സുരക്ഷ ലഭ്യമാക്കാത്ത പോലീസുദ്യോഗസ്ഥർ ആണെന്നതിൽ യാതൊരു സംശയവുമില്ല. സുപ്രീംകോടതി മൂന്നാംലിംഗക്കാർ എന്ന് ഔദ്യോഗികമായി അംഗീകരിച്ചെങ്കിലും സമൂഹം ഇന്നും ഇവരെ പരിഹാസത്തോടെ വീക്ഷിക്കുന്നതും അസഹ്യം തന്നെയാണ്. യഥാർഥത്തിൽ ഔദ്യോഗിക രേഖകളിൽ ഇടം നൽകുന്നതിനേക്കാൾ മനുഷ്യർ എന്ന പരിഗണന മാത്രമേ ഇവർ ആഗ്രഹിക്കുന്നുള്ളു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.